നമ്മുടെ അഡ്വ: ജയശങ്കർ വരെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ " സ്റ്റാലിൻ ചെയ്ത ക്രൂരതകൾ " എന്ന മട്ടിൽ ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് ലേഖന പരമ്പര തന്നെ എഴുതുകയുണ്ടായി.
എന്നാൽ ഇത്തരം പ്രചരണങ്ങളുടെ സത്യാവസ്ഥയറിയാൻ 1940-50തുകളിൽ ആരെങ്കിലും സോവിയറ്റ് യൂണിയൻ സന്ദർശിച്ച് തയ്യാറാക്കിയ യാത്രാ വിവരണങ്ങളോ മറ്റോ മലയാളത്തിൽ കിട്ടുമോ എന്നന്വേഷിക്കുന്നതിനിടയിലാണ് നാട്ടിലെ ലൈബ്രറിയിൽ ഒരു പുസ്തകം കണ്ണിൽ പെട്ടത്. കേരളത്തിൽ ഒരു കാലത്ത് അറിയപ്പെട്ടിരുന്ന പത്രപ്രവർത്തകയും ,എഴുത്തുകാരിയുമായ ശ്രീമതി ആനി ജോസഫ് എഴുതിയ യാത്രാ വിവരണം . പുസ്തകത്തിൻ്റെ പേര് " റഷ്യയിൽ '' എന്നാണ്.
1952ൽ യൂറോപ്പിൽ നടന്ന ഒരു അഖിലലോക വനിതാ കോൺഫ്രൻസിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധിയാണ് ആനി ജോസഫ്.
സമ്മേളനം കഴിഞ്ഞ് റഷ്യയിൽ നിന്നും വന്ന വനിതാ പ്രതിനിധികളുടെ ക്ഷണം സ്വീകരിച്ച് സോവിയറ്റ് യൂനിയൻ സന്ദർശിച്ച യാത്രാ വിവരണമാണ് പുസ്തകം.
ഈ പുസ്തകം ശരിക്കും ഒരു കാലഘട്ടത്തിൻ്റെ മലയാള പരിച്ഛേദമാണെന്ന് പറയാവുന്നതാണ്. അവർ റഷ്യയിലേക്ക് പോകാനുള്ള ഒരു പ്രധാന കാരണം തന്നെ സ്റ്റാലിനെ കുറിച്ചും, സോവിയറ്റ് യൂണിയനെ കുറിച്ചും കേട്ട സംഭ്രമജനകമായ വാർത്തകളിൽ ആകൃഷ്ടരായിട്ടായിരുന്നു.
അങ്ങിനെ അവർ അവിടെ എത്തി. സന്ദർശനം ആരംഭിച്ചു. കത്തോലിക്കാ വിശ്വാസിയായ അവർക്ക് ആദ്യം വേണ്ടിയിരുന്നത്
പള്ളി സന്ദർശിക്കലായിരുന്നു.അവർ പള്ളിയിലെത്തി. കുർബാനയൊക്കെ കണ്ടതിന് ശേഷം പള്ളി അച്ഛനെ കാണുകയുണ്ടായി.
അച്ഛനോട് സംസാരിച്ചതിൽ പ്രധാന ഉദ്ദേശ്യം കമ്മ്യൂണിസ്റ്റ് ഭരണകൂടം കൈക്കൊള്ളുന്ന സമീപനങ്ങൾ അറിയാനായിരുന്നു. മതസ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റ് ഭരണകൂടം അനുവദിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ആദ്യമേ തന്നെ അച്ഛനോട് ചോദിക്കുന്നത്.
"മതപരമായ കാര്യങ്ങൾ നടത്തുന്നതിന് ഇവിടെ യാതൊരു സ്വാതന്ത്ര്യക്കുറവുമില്ല. ഏത് ചടങ്ങും നടത്താം. പള്ളി കാര്യങ്ങൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യമാണ്. പക്ഷെ സർക്കാരുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. സർക്കാരിനെ ഞങ്ങൾക്ക് തൊട്ടുകൂടാ.സർക്കാര് - സർക്കാര്. പള്ളി - പള്ളി. ഞങ്ങൾക്ക് പള്ളിക്കാര്യം. പള്ളിക്കാര്യം മാത്രം."
അച്ഛൻ വീണ്ടും തുടർന്നു.
" പക്ഷെ നിങ്ങളുടെ പള്ളിയും ഞങ്ങളുടെ പള്ളിയും തമ്മിൽ ഒരു അന്തരമുണ്ട്.
നിങ്ങളുടെ പള്ളികൾ സർക്കാർ കാര്യങ്ങളിൽ കുറെയൊക്കെ ഇടപെടാറുണ്ട്.ഇവിടെ അത് നടപ്പില്ല. ഒട്ടും നടപ്പില്ല"
വിശ്വാസ കാര്യങ്ങളിൽ രാഷ്ട്രീയത്തെയും മതത്തെയും പൂർണ്ണമായും വേർപെടുത്തി കൊണ്ടുള്ള ഒരു സെക്കുലർ സ്റ്റേറ്റിൻ്റെ ചിത്രമാണിത്.
ആനി ജോസഫ് ഇതു പോലെ ഒരു പാട് കാര്യങ്ങൾ ചോദിക്കുന്നതിനിടെ
"പള്ളിയുടെ സ്വത്തൊക്കെ സർക്കാർ പിടിച്ചെടുത്തുവല്ലോ? പ്രയാസമുണ്ടായില്ലെ എന്ന് ചോദിച്ചതിന് അച്ഛൻ പറഞ്ഞു;
" ഉണ്ടായി .എന്തു ചെയ്യാം? പക്ഷെ ഒന്നു പറയാം .പള്ളി സ്വത്തുക്കൾ മാത്രമല്ല പിടിച്ചെടുത്തത്.വ്യക്തികളുടെ സ്വത്തും പിടിച്ചെടുത്തു. പള്ളിയെന്നുള്ള പേരിൽ ഒരു പ്രത്യേക പിടിച്ചു പറി ഉണ്ടായിട്ടില്ല. എല്ലാവരുടെയും എടുത്തു. ഞങ്ങളുടെയും എടുത്തു. പക്ഷെ സാധുക്കൾക്കത് കൊണ്ട് പ്രയോജനം കിട്ടി. ഞങ്ങൾക്കതു കൊണ്ടിപ്പോൾ സന്തോഷമേ ഉള്ളു"
വീണ്ടും ആനി ചോദിച്ചു: " പള്ളികൾ കാഴ്ചബംഗ്ലാവുകൾ ആക്കി മാറ്റി എന്ന് കേട്ടിട്ടുണ്ടല്ലോ ,ശരിയാണോ?"
അതിന് അച്ഛൻ മറുപടി പറയുന്നത് " ക്രെംലിൻ കൊട്ടാരം കണ്ടോ" എന്നായിരുന്നു.
അങ്ങിനെ അതറിയാൻ ആനി ക്രെംലിൻ കൊട്ടാരക്കോട്ടക്കകം മുഴുവൻ സന്ദർശിക്കുകയാണ്.
ആനി വിവരിച്ചു " ക്രെംലിൻ കൊട്ടാരക്കോട്ടക്കകം മുഴുവൻ നടന്നു. എൻ്റെ ശ്രദ്ധയിൽ ഏറ്റവും ഊന്നിപ്പതിഞ്ഞത് അവിടെക്കണ്ട പള്ളികളാണ്. മൂന്ന് പള്ളികളുണ്ടകത്ത്. പതിനാറാം നൂറ്റാണ്ടിൽ പണിതതാണവ. മൂന്നും ചക്രവർത്തി പണിയിച്ചതാണ്. ഞങ്ങൾ മൂന്ന് പള്ളികളിലും കയറി നോക്കി. ചെറിയ കെട്ടിടങ്ങളാണ്. പക്ഷെ ഓരോന്നിൻ്റെയും മതിൽ കനം കണ്ടാൽ അത്ഭുതപ്പെട്ടുപ്പോകും. ആന വലിപ്പത്തിലങ്ങനെ തട്ടിപ്പൊത്തിക്കെട്ടിക്കയറ്റിയിരിക്കുകയാണ്. അകത്ത് ചെന്ന് നോക്കണം കാഴ്ച കാണണമെങ്കിൽ. ചക്രവർത്തി തൻ്റെ സ്വന്തം ഉപയോഗത്തിന് പണി ചെയ്തിട്ടുള്ളതായത് കൊണ്ട് വലിപ്പം വളരെ കുറവാണ്. പക്ഷെ ഉള്ള് മുഴുവൻ സ്വർണ്ണമയം. ചുമരിന്മേൽ സ്വർണ്ണത്തകിടു അടിച്ചു പരത്തിയിരിക്കുന്നു. അതിന്മേൽ രത്നങ്ങളും.വൈദികന് കുർബാന ചൊല്ലാനുള്ള പീഠം ,ചക്രവർത്തിക്ക് ഇരിക്കാനുള്ള സ്ഥലവും . ഇത്രയെയുള്ളു കാര്യമായിട്ടവിടെ . തൊട്ടൊരു ചെറിയ എടുപ്പുണ്ട്. ചക്രവർത്തിമാരുടെയും അവരുടെ കുടുംബത്തിലുള്ളവരുടെയും ശവം വെച്ചിരിക്കുകയാണവിടെ. കുഴിമാടങ്ങൾ കെട്ടിപ്പൊക്കി മാർബ്ൾ വിരിച്ച് പേര് കൊത്തിയിട്ടുണ്ട്. ഭരിക്കുന്ന ചക്രവർത്തിമാരുടെ ശവം വെക്കലേ പണ്ടവിടെ പതിവുണ്ടായിരുന്നുള്ളു . സ്ത്രീകളുടെയും കുട്ടികളുടെയും മറ്റും വേറെ ഒരിടത്തായിരുന്നു വെച്ചിരുന്നതത്രെ. പക്ഷെ ആ കെട്ടിടത്തിനെന്തോ കേടു പറ്റി.അപ്പോൾ ആ കുഴിമാടങ്ങൾ തുറന്നു അവരടെ എല്ലും കോലുമെല്ലാം എടുത്തു കൊണ്ടു വന്നീപ്പള്ളിയിൽ തന്നെ സ്ഥാപിച്ചു.അങ്ങിനെ ചക്രവർത്തിയുടെ കുടുംബത്തിൻ്റെ പ്രാർത്ഥനാലയവും ശവക്കോട്ടയുമാണത്. കാഴ്ചക്ക് കെട്ടിടം ചെറുതാണെങ്കിലും അതിൽ ചെയ്തിട്ടുള്ള ചിലവ് കണ്ടാൽ നാം മൂക്കത്ത് കൈ വെച്ച് പോകും.ചുവരിന്മേൽ പുണ്യവാളന്മാരുടെ രൂപങ്ങൾ മാത്രമല്ല ചക്രവർത്തിമാരുടെ ഛായകളും കാണാം. ചില ചരിത്ര സംഭവങ്ങളും ചിത്രണം ചെയ്തിട്ടുണ്ട്. എത്രയോ വിലപ്പെട്ട കൊത്തുപണികളും പടങ്ങളുമാണെന്നോ അവിടെ പുറം ചുമരുകളിൽ കാണാനുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ
ചിത്രങ്ങളും കൂടി വെച്ചിട്ടുണ്ട്. ക്രിസ്തുവിൻ്റെ ശിഷ്യന്മാരുടെ ചിത്രങ്ങൾ പുണ്യവാന്മാരുടെ തിരുശേഷിപ്പുകൾ ഇവയെല്ലാം ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്. ചക്രവർത്തിക്ക് വേണ്ടി കുർബാന ചൊല്ലുന്ന സമയത്ത് വൈദികർ ഉപയോഗിക്കാറുള്ള ഉടുപ്പുകൾ, വേദപുസ്തകം വെക്കാനുള്ള സ്വർണ്ണ സ്റ്റാൻ്റ്, പൊന്നിൻ്റെ മെഴുകുതിരിക്കാലുകൾ ഇങ്ങനെ പലതും പലതും കാണാം.
ഈ മൂന്ന് പള്ളികളും മ്യൂസിയമാണിന്ന്!
ഇവ മ്യൂസിയമാക്കുകയല്ലാതെ പിന്നെ എന്ത് ചെയ്യും? ഒന്നാമത് ആർക്കും എളുപ്പത്തിൽ പ്രവേശനമുള്ള സ്ഥലമല്ല. ക്രെംലിൻ കൊട്ടാരക്കോട്ടക്കകത്താണ്. കൊട്ടാരത്തിൻ്റെ വലിയൊരു ഭാഗം ,ഞാൻ പറഞ്ഞില്ലെ ഇന്നൊരു മ്യൂസിയമാണുതാനും. ചക്രവർത്തിമാരുടെ ജീവിത രീതിയും ,ആഡംബരക്കമ്പവും കാണിക്കാനാണിത് വെച്ചിരിക്കുന്നത്. കൂട്ടത്തിലീപ്പള്ളികളും. ഈ പള്ളികൾ മനുഷ്യരുടെ ഉപയോഗത്തിന് വിട്ടുകൊടുക്കുക സാദ്ധ്യമല്ല. രണ്ട് കാരണം കൊണ്ട്. ഒന്നാമത് പൊതു ജനങ്ങക്ക് മാത്രമായി ഉപയോഗിക്കാൻ വലിപ്പമില്ല. ഉണ്ടെന്ന് തന്നെ വെക്കൂ . ഇത്ര മാത്രം രത്നങ്ങളും വിലപ്പെട്ട സാധനങ്ങളും ഉള്ള ഈ സ്ഥാപനം പൊതു ജനങ്ങൾക്കെങ്ങിനെ തുറന്നിട്ടു കൊടുക്കും?
.......... .......
നാം ആരെയും കുറ്റപ്പെടുത്തുകയാണെങ്കിൽ അതിലൊരർത്ഥം വേണം. ക്രെംലിൻ കൊട്ടാരം കണ്ടോ ? എന്ന് അന്നച്ഛൻ ചോദിച്ചില്ലെ? പള്ളി മ്യൂസിയമാക്കിയതിനെ പറ്റി ഞാൻ അന്വേഷിച്ചപ്പോൾ . അതിൻ്റെ അർത്ഥം എനിക്കത് കണ്ടപ്പോഴെ മനസ്സിലായുള്ളു.
പള്ളി മ്യൂസിയമാക്കി എന്ന് ശക്തിയായ ആക്ഷേപമുണ്ട്. ശരിയാണ്. പള്ളി മ്യൂസിയമാക്കിയില്ലെ. ഉവ്വ്. പക്ഷെ ഏത് പള്ളി? എങ്ങിനെയുള്ള പള്ളി ? ഇതാരും പറയുകയില്ല.സത്യത്തെ വ്യഭിചരിക്കുന്നതിന് പറ്റിയ ഒരു ഉദാഹരണമാണിത്. യാഥാർത്ഥ്യങ്ങൾ മന:പ്പൂർവ്വം മറച്ചുവെച്ച് എന്തായാലും കുറ്റപ്പെടുത്തുക തന്നെ വേണം എന്നുള്ള വാശിയോടു കൂടി കുപ്രചരണത്തിന് മുതിരുന്നുണ്ടെല്ലോ, ചെറ്റത്തരമാണത്. "
ഇവിടെ ആനി ജോസഫിൻ്റെ വിവരണം അങ്ങിനെ തന്നെ കൊടുക്കുന്നത് കമ്മ്യൂണിസത്തിന്നെതിരായി ഒരു കാലത്ത് ബഹുഭൂരിപക്ഷം വരുന്ന ( ഇപ്പഴും) മത വിശ്വാസികളെ എതിരായി തിരിക്കാൻ ഉപയോഗിച്ച വ്യാപകമായ പ്രചരണമായിരുന്നു റഷ്യയിൽ പള്ളികളൊക്കെ സ്റ്റാലിൻ സ്വേച്ഛാധിപത്യ മുറകളിലൂടെ മ്യൂസിയങ്ങളാക്കി മാറ്റി വിശ്വാസികളെ അടിച്ചമർത്തി എന്ന തൊക്കെ .
നമ്മുടെ ജയശങ്കർമാർ ഇന്നും ആ ലോകത്താണുള്ളത്.
മതത്തെയും, വിശ്വാസത്തെയും കേവല യുക്തിവാദ നിലപാടിലൂടെ ഇല്ലാതാക്കുവാൻ സാധ്യമല്ലെന്നും, മതം നിലനിൽക്കുന്ന ( സൃഷ്ടിക്കുന്ന) സാഹചര്യത്തിന്നെതിരായ വർഗ്ഗ സമരത്തിൻ്റെ പദ്ധതിയിലൂടെ മാത്രമേ അത് ദൂരീകരിക്കാനാവു എന്നത് കൂടി റഷ്യൻ പ്രായോഗിക അനുഭവത്തിലൂടെ വ്യക്തമാവും ഈ പുസ്തകാനുഭവത്തിലൂടെ. ആനി ഇത്തരം കാര്യങ്ങൾ മനസിലാക്കാൻ സാധാരണ ജനങ്ങളെയാണ് ആശ്രയിച്ചത്. അവർക്ക് മിക്കവർക്കും പള്ളിക്കാര്യത്തിൽ താല്പര്യങ്ങൾ കുറവാണെന്നതും ആനി പറയുന്നുണ്ട്.
ഈ യാത്രാ വിവരണം യഥാർത്ഥത്തിൽ സോഷ്യലിസ്റ്റ് ലോകത്തിൻ്റെ സത്യമെന്തായിരുന്നുവെന്നും ,അവിടത്തെ ജനങ്ങൾ പുതിയ ലോകക്രമത്തെ എങ്ങിനെ സ്വീകരിച്ചു എന്നതിൻ്റെ നഗ്നമായ യാഥാർത്ഥ്യങ്ങൾ നൽകുന്നുണ്ട്. അതായത് സ്റ്റാലിനും മലങ്കോവും ,ബുൾഗാനിനും ലോകത്ത് കത്തിനിന്ന കാലത്താണ് 1950തുകളിൽ ആനി ജോസഫ് ഈ യാത്രാ വിവരണം എഴുതിയത്. പള്ളിയെയും , ജനത്തെയും ഇല്ലാതാക്കിയും, കൊന്നു തള്ളിയുമാണ് സ്റ്റാലിനും മറ്റും ,സോവിയറ്റ് യൂണിയനെന്ന 'ഇരുമ്പുമറ' നിലനിർത്തിയത് എന്ന പ്രചരണാന്തരീക്ഷം നിൽക്കുമ്പോഴാണ് ആനി ജോസഫ് ഇത് എഴുതുന്നത്. ജനങ്ങളെ നേരിട്ട് കണ്ട് അവിടുത്തെ സ്ഥിതിഗതികൾ മനസ്സിലാക്കി എഴുതിയ താണ്.
സ്റ്റാലിനെ കുറിച്ച് ഒരു സാധാരണ മധ്യവയസ്കയായ തൊഴിലാളിയോട് ആനി ചോദിക്കുന്നുണ്ട്.
അതിന്നവർ പ്രതികരിച്ചത്
"ഇന്നത്തെ നേതാക്കന്മാർക്കെന്താ ? കാരണവർ സാമ്പാദിച്ചിട്ടതു എടുത്തു സുഖിച്ചാൽ പോരെ? സ്റ്റാലിനാണ് വാസ്തവത്തിൽ പണി മുഴുവൻ എടുത്തത്. പാതവെട്ടി പാകപ്പെടുത്തിയത് ആ കൈകളാണ്. സോവ്യറ്റ് ജനതക്കൊരിക്കലും അദ്ദേഹത്തെ മറക്കാനാവില്ല "
ഇതാണ് അവിടുത്തെ ജനഹൃദയങ്ങളിൽ സ്റ്റാലിൻ്റെ സ്ഥാനം.
ഈ പുസ്തകം പഴക്കം ചെന്ന ലൈബ്രറികളിലേ ഇന്ന് കാണാനാവൂ. ഇത് വായിക്കപ്പെടണം. ആനി ജോസഫ് ഒരു കമ്മ്യൂണിസ്റ്റല്ല. സോഷ്യലിസത്തിൻ്റെ റഷ്യൻ അനുഭവങ്ങൾ നേരിട്ട് രേഖപ്പെടുത്തുകയാണവർ ഈ പുസ്തകത്തിലൂടെ. മാനവരാശിക്ക് അത് നൽകിയ സംഭാവനകളും.
(വിനോദ്കുമാർ രാമന്തളി)
No comments:
Post a Comment