സനാതന ധർമ്മ'വുമായി ബന്ധപ്പെട്ട് ഇപ്പോൾ പൊതുമണ്ഡലത്തിൽ നടക്കുന്ന ഇടപെടലുകളിൽ ജൽപനങ്ങൾ വളരെയധികവും കഴമ്പുള്ള ചർച്ചകൾ വളരെ കുറവുമാണെന്ന് തോന്നുന്നു. എന്താണ് 'സനാതന ധർമ്മം' ? സനാതനം എന്ന വാക്കിന്റെ ഒന്നാമത്തെ അർത്ഥം 'നിത്യമായത്'എന്നാണ്. നാശമില്ലാത്തത്, പരമ്പരാഗതമായത് എന്നീ അർത്ഥവുമുണ്ട്. ധരിക്കുന്നതാണ് ധർമ്മം. ഏതിനേയും നിലനിറുത്തുന്ന ശക്തിയും ധർമ്മമാണ്. അത് മനുഷ്യനിർമ്മിതമല്ല, പ്രപഞ്ച വ്യവസ്ഥയുടെ ഭാഗമാണ്. മനുഷ്യനിയമങ്ങളുടെ അടിസ്ഥാനം സനാതന ധർമ്മമാകുമ്പോൾ അവയും ധാർമ്മികമാകും; അല്ലെങ്കിൽ അധർമ്മമായി മാറും. ജനനവും വളർച്ചയും പരിണാമവും അപചയവും മരണവും പ്രപഞ്ച വ്യവസ്ഥയുടെ ഭാഗമാണ്. ഓരോ ജീവിയിലും ഗർഭകാലം നിജപ്പെടുത്തിയിരിക്കുന്നതും പ്രകൃതി തന്നെയാണ്. മനുഷ്യരിൽ അത് പത്തമാസമെന്ന് തീരുമാനിച്ചതും മനുഷ്യനല്ല. ഗുരുത്വാകർഷണത്തിന്റെ നിയമങ്ങൾ ആവിഷ്‌കരിച്ചത് ഐസക് ന്യൂട്ടനാണ്. എന്നാൽ ഗുരുത്വാകർഷണം വ്യവസ്ഥ ചെയ്തുവച്ചത് ന്യൂട്ടനോ മറ്റേതെങ്കിലും ശാസ്ത്രജ്ഞനോ അല്ല. അതൊരു പ്രപഞ്ച വ്യവസ്ഥയാണ്; അതുകൊണ്ട് തന്നെ സനാതന ധർമ്മവുമാണ്. ആധുനികശാസ്ത്രം മനുഷ്യരാശിയെ ബോദ്ധ്യപ്പെടുത്തിയ മറ്റൊരു സനാതനധർമ്മം ആപേക്ഷിക സിദ്ധാന്തമാണ്. അത് കണ്ടുപിടിച്ച ആൽബർട്ട് ഐൻസ്റ്റൈനും അതിന്റെ പിടിയിൽനിന്ന് മോചിതനാകാൻ കഴിയില്ല.
നാരായണഗുരുവിന്റെ ജീവിതത്തിന്റെ അന്തർധാരയും സനാതന ധർമ്മം തന്നെയാണ്. 'ധർമ്മം തന്നെയാണ് പരമമായ ദൈവം; ധർമ്മം തന്നെയാണ് പരമമായ ധനം; ധർമ്മം സർവത്ര വിജയിയായി മനുഷ്യർക്ക് ശ്രേയസ്സിന് ഉപകരിക്കുമാറാകട്ടെ എന്നർത്ഥം വരുന്ന ധർമ്മം' എന്ന ശ്ലോകവും ഗുരു രചിച്ചു. സനാതന ധർമ്മത്തിന്റെ പ്രാധാന്യം ഗുരു എടുത്തു പറഞ്ഞ സന്ദർഭങ്ങളുമുണ്ട്. ധർമ്മത്തിന്റെ ചെങ്കോലേന്തിയ രണ്ടാം സുഗതൻ'' എന്നാണ് മഹാകവി ജി. ശങ്കരക്കുറുപ്പ് ഗുരുവിനെ വിശേഷി പ്പിച്ചത്.
1101 (1925) കന്നി 23 ന് കേരളകൗമുദി പ്രസിദ്ധപ്പെടുത്തിയ ഒരു സംവാദത്തിൽ, മതസംഹിതകൾക്ക് അടിസ്ഥാനം സനാതന ധർമ്മമാ ണെന്ന് ഗുരു വ്യക്തമാക്കിയിട്ടുണ്ട്. സംവാദം നടത്തിയത് സി.വി. കുഞ്ഞുരാമനാണ്. അതിൽ ഗുരു ഇങ്ങനെ പറയുന്നു: "സനാതനമായ ഏതെങ്കിലും ഒരു ധർമ്മത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനിൽക്കുവാൻ
കഴിയുന്നതല്ല.'' - ( ശ്രീനാരായണ ഗുരു വൈഖരി - ഡോ. ടി . ഭാസ്‌കരൻ - പേജ് - 179 ) സനാതനധർമ്മം ഹിന്ദുമതത്തിന്റെ മാത്രം അടിസ്ഥാനമല്ല, മറ്റ് മതങ്ങൾ നിലനിൽക്കുന്നതും സനാതന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ തന്നയാണെന്നല്ലേ ഇതിനർത്ഥം. ഇവിടെ 'സനാതന ധർമ്മം' എന്ന പ്രയോഗമല്ല പ്രധാനം; ആ പ്രയോഗം പ്രതിനിധാനം ചെയ്യുന്ന ആശയമാണ്. സംസ്‌കൃതത്തിലും ഭാരതത്തിലെ മറ്റ് ചില ഭാഷകളിലും സനാതനധർമ്മം എന്ന പ്രയോഗം കൊണ്ട് വിവക്ഷിക്കുന്ന ആശയം തമിഴ് ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ മറ്റേതെങ്കിലും പ്രയോഗം കൊണ്ട് വെളിപ്പെടുത്തുന്നോ എന്ന് നോക്കിയാൽ മാത്രമേ ആ ഗ്രന്ഥങ്ങൾ ശാശ്വതമായ ഏതെങ്കിലും സത്യത്തെയോ തത്വത്തെയോ അടിസ്ഥാനമായി സ്വീകരിക്കുന്നോ എന്നറിയാൻ കഴിയൂ. ഹീബ്രൂ ഭാഷയിലും അറബി ഭാഷയിലും എഴുതിയിട്ടുള്ള വിശുദ്ധഗ്രന്ഥങ്ങളുടെ കാര്യത്തിലും ഇങ്ങനെയൊരു പരശോധന നടത്തിയാൽ മാത്രമേ നാരായണഗുരുവിന്റെ നിരീക്ഷണത്തിന്റെ വാസ്തവികത ബോദ്ധ്യപ്പെടുകയുള്ളൂ.
മതങ്ങളുടെ അടിസ്ഥാനം സനാതനമായ ഒന്നാണെന്ന് പറഞ്ഞതിനു ശേഷം ഗുരു ഒന്നുകൂടി കൂട്ടിച്ചേർത്തു: "സനാതന ധർമ്മങ്ങൾ തുല്യപ്രധാനങ്ങളാണ്. ദേശകാലാവസ്ഥകളാൽ നേരിടുന്ന ആവശ്യങ്ങൾ അനുസരിച്ച് അവയിലേതെങ്കിലും ഒന്നിന് മുഖ്യത കൽപിക്കേണ്ടതായി വരും." ബുദ്ധമതത്തിൽ അഹിംസയ്ക്കും ക്രിസ്തുമതത്തിൽ സ്‌നേഹത്തിനും ഇസ്ലാം മതത്തിൽ സാഹോദര്യത്തിനും എങ്ങനെ ഊന്നൽ വന്നു എന്നതിന്റെ വിശദീകരണം കൂടിയാണ് ഈ ഗുരുവചനം.
1102 (1927) മേടം 26ന് പള്ളാത്തുരുത്തിൽ വച്ചു കൂടിയ എസ്.എൻ.ഡി.പി. യോഗത്തിന്റെ 24-ാം വാർഷികയോഗത്തിലും ഗുരു സനാതന ധർമ്മത്തെ ഉയർത്തിക്കാട്ടുന്നുണ്ട്. മതം മനുഷ്യരെ ഉത്തമമായ ആദർശത്തിലേക്കു നയിക്കുന്നതായിരിക്കണമെന്ന് ഉപദേശിച്ചതിനുശേഷം ഗുരു പറയുന്നു: " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നുള്ള സനാതനധർമ്മം അങ്ങനെയുള്ള ഒരു മതമാകുന്നു. ഈ സനാതന ധർമ്മത്തിൽ വിശ്വസിക്കുന്നവരെയെല്ലാം ഒന്നായി ചേർക്കുന്നത് സംഘടനയ്ക്ക് ഏറ്റവും ഉത്തമരീതിയായിരിക്കുമെന്ന് നമുക്കു തോന്നുന്നു.'' ( ശ്രീനാരായണഗുരു വൈഖരി - പേജ് - 278 )
എസ്.എൻ.ഡി.പി. യോഗം സനാതനധർമ്മത്തെ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമായി മാറണമെന്നാണല്ലോ ഗുരു ഉപദേശം. സനാതന ധർമ്മത്തിന്റെ ആധുനികകാലത്തെ സൂക്തരൂപമായി ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന തന്റെ നിലപാടിനെ ഗുരു അവതരിപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ ഈ സൂക്തത്തിന് പ്രത്യേക പ്രാധാന്യം കൈവരുന്നു. മനുസ്മൃതിപോലുള്ള ചില ഗ്രന്ഥങ്ങളിൽ സനാതനധർമ്മത്തിന് നിരക്കാത്ത ചില ആശയങ്ങൾ കടന്നു കൂടിയിരുന്നു. അതിന്റെ ഫലമായി ദുഷിച്ച ജാതിവ്യവസ്ഥയും ഇന്ത്യയുടെ ശാപമായി. സനാതനധർമ്മത്തിന് നിരക്കാത്ത ജാതിക്കോട്ട ഇടിച്ചുനിരത്താൻ ഗുരു ഉപയോഗിച്ചത് സനാതനധർമ്മത്തിന്റെ ആവിഷ്‌കാരമായ ഒരു ജാതി ഒരു മതം ഒരു ദൈവം'' എന്ന സൂക്തമാണ്. അങ്ങനെ വരുമ്പോൾ, ജാതിവ്യവസ്ഥയെ ഉന്മൂലനം ചെയ്യാനുള്ള ദാർശനിക ആയുധമായ സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരുടെ ഉള്ളിലിരിപ്പ് എന്താണ്? ജാതിവ്യവസ്ഥ എക്കാലവും നില നിറുത്തണമെന്നാണോ? മാനവികതയ്ക്കും ധാർമ്മികതയ്ക്കും നിരക്കാത്ത ദുഷ്പ്രവണതകൾ ഏത് മതത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ടാലും എതിർക്കപ്പെടേണ്ടതു തന്നെയാണ്. എന്നാൽ എല്ലാ മതങ്ങൾക്കും അടിസ്ഥാനമായിരിക്കുന്ന സനാതന ധർമ്മം ഇല്ലാതാക്കണമെന്നു പറഞ്ഞാൽ അതെങ്ങനെയിരിക്കും. ഇത്രയും പറഞ്ഞതിന് ഒരു മറുവശവുമുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ നാട്ടിലെ സാമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ സംസാരിച്ചാൽ അത് ഗൗരവമായി കാണേണ്ട വിഷയം തന്നെയാണ്. അതിനെ നേരിടേണ്ടത് നിയമത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് വേണമെന്നു മാത്രം. അതിനു പകരം സനാതനധർമ്മം ഉന്മൂലനം ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞാൽ, നിയമം കൈയിലെടുത്ത്, അവരെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനം നടത്തുന്നതും സനാതന ധർമ്മത്തിന് എതിരാണ്. അത്തരക്കാർക്കും സനാതന ധർമ്മത്തിന്റെ വക്താക്കളാകാൻ കഴിയില്ല.
No comments:
Post a Comment