Monday, January 6, 2025

ഗുരു ദർശനം സോദരത്വം

ഡോ. ടി എസ് ശ്യാംകുമാർ

വർണാശ്രമ ധർമം തന്നെയാണ് സനാതനധർമ്മമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഹിന്ദുത്വവാദികൾ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവാക്കാൻ ശ്രമിക്കുന്നതിലെ അനീതി ചോദ്യം ചെയ്തതും ഹിന്ദുത്വവാദികളെ ആകുലപ്പെടുത്തിയിരിക്കുന്നു. സനാതനധർമം ചോദ്യം ചെയ്യലുകൾക്ക് അതീതമായ വിശുദ്ധ വസ്തുവാണെന്ന മട്ടിലാണ് ബ്രാഹ്മണ്യവാദികളുടെ പ്രചാരണം. അതിനാൽ തന്നെ സനാതന ധർമത്തിൻ്റെതെന്ന് കരുതപ്പെടുന്ന ഗ്രന്ഥപാഠങ്ങളിൽ വിവരിക്കുന്ന ധർമ്മസങ്കൽപ്പം എന്തെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്

ധർമമെന്ന സങ്കൽപ്പം ബ്രാഹ്മണഗ്രന്ഥ പാഠങ്ങളിൽ

വർണാശ്രമങ്ങളുടെ കടമകളും കർത്തവ്യങ്ങളുമെന്നാണ് ധർമത്തെ മീമാംസാചാര്യനായ കുമാരിലട്ടൻ നിർവ്വചിക്കുന്നത്. 'ബ്രാഹ്മണാദി നാലു വർണങ്ങളെ നാലംഗങ്ങളിൽ നിന്ന് ഈശ്വരൻ സൃഷ്ടിച്ചു.അവർക്ക് ഓരോ ധർമവും നിശ്ചയിച്ചു. അവരിൽ നിന്ന് ബാഹ്യന്മാരായി ചില ജാതിക്കാർ കർമ്മം ദോഷം കൊണ്ടും, പ്രതിലോമ സങ്കല്പം കൊണ്ടും ഉണ്ടായി വന്നു’ എന്ന്  തിരുവിതാംകൂർ ക്ഷേത്രപ്രവേശന കമ്മിറ്റി റിപ്പോർട്ടിൽ (1934) പുന്നശേരി നമ്പി നീലകണ്ഠ ശർമ എഴുതി. 'ശ്രേയാൻ സ്വധർമോ വിഗുണ' എന്ന ഗീതാവാക്യം ഉദ്ധരിച്ച് പുന്നശേരി ഇപ്രകാരം പ്രസ്താവിച്ചു: 'ഈ ഗീതാവാക്യം കൊണ്ട് അന്യധർമത്തെ വളരെ നന്നായി അനുഷ്ഠിക്കുന്നതിനേക്കാൾ ചീത്തയാണെങ്കിലും സ്വധർമത്തെ അനുഷ്ഠിക്കുകയാണ് അധികം നല്ലത്. ഈ തത്വം മനസ്സിലാക്കാതെ ദുരഭിമാനം കൊണ്ടോ മറ്റോ അതിരു ലംഘിച്ച് പ്രവേശിക്കാൻ ആഗ്രഹിച്ച് പ്രക്ഷോഭം നടത്തുന്നതായാലതിന് അനുകൂലിപ്പാൻ പാടില്ല' (Temple Entry Report, p. 108). വർണാശ്രമ ധർമങ്ങളെ യഥോചിതം രക്ഷിക്കുന്നത് രാജ ധർമമാണെന്നും ശാസ്ത്രത്തിനും സദാചാരത്തിനും വിരുദ്ധമായി അവർണർക്ക് ക്ഷേത്രപ്രവേശം കൊടുക്കുന്നത് ആ ധർമവ്യവസ്ഥയ്ക്കും സദാചാരത്തിനും മൂലകുഠാരമായിത്തീരാതിരിക്കുന്നതല്ല' എന്നും പുന്നശേരി എഴുതി. വേദേതിഹാസ പുരാണ പാഠങ്ങളിൽ നിന്ന് നിരവധി ശ്ലോകങ്ങൾ ഉദ്ധരിച്ച് അവർണരുടെ ക്ഷേത്ര പ്രവേശത്തെ തടയുന്ന പുന്നശേരി നീലകണ്ഠശർമയുടെ അഭിപ്രായത്തിൽ 'ധർമം'എന്നത് ചാതുർവർണ്യവും, വർണാശ്രമവുമാണെന്ന് വ്യക്തമാകുന്നുണ്ട്. ബാലരാമവർമയുടെ ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് തവനൂർ പരമേശ്വരൻ നമ്പൂതിരി "ക്ഷേത്ര പ്രവേശന വിളംബരവിമർശം' എന്നൊരു ലഘുഗ്രന്ഥം എഴുതുകയുണ്ടായി ധർമരാജ്യമെന്ന് സുപ്രസിദ്ധി നേടിയ തിരുവിതാംകൂറിൽ ഉണ്ടായ ക്ഷേത്രപ്രവേശന വിളംബരം ഏറ്റവും ധർമദ്രോഹകരമായ ഒന്നാണെന്നാണ് തവനൂർ പരമേശ്വരൻ നമ്പൂതിരി പറയുന്നത്. എന്താണ് സനാതനധർമമെന്ന് തവനൂർ നമ്പൂതിരി വിശദമാക്കുന്നുണ്ട്. 'ഹിന്ദുമതത്തിന്റെ അടിസ്ഥാനങ്ങൾ സനാതനധർമങ്ങളും വിശേഷാചരണങ്ങളുമാകുന്നു' എന്ന് തവനൂർ വ്യക്തമാക്കുന്നു.

മഹാഭാരതത്തിൽ പരീക്ഷിത്തിൻ്റെ ഭരണത്തെക്കുറിച്ച് പറയുമ്പോൾ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും വർണാശ്രമ ധർമമനുസരിച്ച് അവരവർക്ക് വിധിച്ച വർണധർമങ്ങൾ അനുസരിച്ചാണ് ജീവിക്കേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ട് (പരീക്ഷിദ് അഭവത് തേന സൗഭദ്രസ്യാത്മജോ ബലി/ ബ്രാഹ്മണാ: ക്ഷത്രിയാ വൈശ്യാ: ശൂദ്രാശ്ചൈവ സ്വകർമ്മ സു..)

ബ്രാഹ്മണർ ശ്രേഷ്ഠ വർണ്ണമാണെന്ന് പറയുന്ന മഹാഭാരതം, നിഷാദന്മാരെ ഹീനരായി സ്ഥാനപ്പെടുത്തുകയും ചെയ്യുന്നു ( സമുദ്രാ കുക്ഷാവേകാന്തേ…ഭൂതാനാം അഗ്രഭുഗ് വിപ്രോ വർണ്ണശ്രേഷ്ഠ: പിതാ ഗുരു: ) മഹാഭാരതത്തിൽ ധർമ്മമായി വെളിപ്പെടുന്നത് വർണധർമമാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ' 'ചാതുർവർണ്യം സൃഷ്‌ടം’ എന്ന് രേഖപ്പെടുത്തിയ ഗീത, വർണധർമപ്രത്യയബോധത്തിന്റെ് കോയ്മാപാഠമാണ്’ ഗീത ഉപദേശിച്ച കൃഷ്ണൻ പിന്നീട് ദുഃഖിച്ചിരിക്കാം' എന്ന നാരായണഗുരു സ്വാമികളുടെ കരുണാർദ്ര വചനങ്ങൾ ഏറ്റവും ശക്തമായ  സനാതന വിമർശവും ഗീതാ വിമർശവുമാണ്. സനാതനധർമമെന്നത് വർണാശ്രമധർമമല്ലാതെ മറ്റൊന്നല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൂർണമായും ശരിയാണെന്ന് വേദ ഇതിഹാസ പുരാണപാഠങ്ങളിലൂടെ കടന്നുപോയാൽ കൃത്യമായി ബോധ്യപ്പെടും..

ധർമത്തെ ഗുരു കണ്ടതെങ്ങനെ

'ധർമം, ധർമം എന്നു വർണാശ്രമധർമ്മത്തെ ഉദ്ദേശിച്ചാണ്. അതുകൊണ്ട്, യഥാർഥ ധർമ്മം പറയുന്നതിന് ബുദ്ധൻ സദ്ധർമം എന്ന് പേരിടേണ്ടി വന്നു' എന്ന് 1950ൽ ശിവഗിരിയിൽ സഹോദരൻ അയ്യപ്പൻ തൻ്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി. സഹോദരനുശേഷം ശിവഗിരിയിൽ സനാതനധർമ്മമെന്നത് വർണാശ്രമധർമമാണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുചിന്തിതവും സുദൃഢവുമായ ചരിത്രപ്രസ്താവന നാരായണ ഗുരുവിന്റെയും സഹോദരൻ അയ്യപ്പന്റെയും പാത പിന്തുടർന്നു കൊണ്ടുള്ളതാണ്. ഗുരു സനാതനമായി കണ്ടത് സ്നേഹം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെയായിരുന്നു. ക്രിസ്തുമതത്തിൻ്റെ സാരമായി സ്നേഹത്തെയും മുഹമ്മദ് മതത്തിൻ്റെ സാരമായി സാഹോദര്യത്തെയും ഗുരു ദർശിച്ചു. 'നാം ജാതിമതഭേദങ്ങൾ വിട്ടിരിക്കുന്നു എന്ന് പ്രഖ്യാപിച്ച ഗുരുവിനെ ഏതെങ്കിലും മതത്തിൻ്റെ ആചാര്യനാക്കുന്നതും സനാതനധർമത്തിൻ്റെ വക്താവാക്കുന്നതും ഗുരുവിനോട് ചെയ്യുന്ന അനീതിയും കുറ്റകൃത്യവുമാണ്. 'ശങ്കരന് തെറ്റ് പറ്റി' എന്ന് വ്യക്തമാക്കിയ ഗുരുവിനെ ശങ്കരൻ്റെ പിൻഗാമിയായും ശാങ്കരാദ്വൈതിയാക്കി ചുരുക്കുന്നതും മറ്റൊരു കുറ്റകൃത്യം. ശങ്കരന്റെ അദ്വൈത ഭാഷ്യത്തിലെ ചാതുർവർണ്യ ന്യായീകരണം കണ്ടിട്ടാണ് ഗുരു ശങ്കരന് തെറ്റുപറ്റി എന്ന് രേഖപ്പെടുത്തിയത്. "ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ എന്ന് 1925ൽ സി വി കു ഞ്ഞിരാമനോട് ഗുരു പറയുകയുണ്ടായി. ഇങ്ങനെ ഗഹനവിചാരം ചെയ്ത് ഹിന്ദുത്വസ്വത്വത്തെ നിരാകരിച്ച ഗുരുവിനെയാണ് സനാതനിയാക്കാൻ ചിലർ കഠിനമായി പരിശ്രമിക്കുന്നത്. ക്ഷേത്രങ്ങൾ നിർമിച്ചതു പോലെ മോസ്‌ക്കുകൾ നിർമിക്കാൻ തനിക്ക് സമ്മതമാണ് എന്ന് അരുളിയ ഗുരുവിനെ സങ്കുചിതമായി സ്ഥാനപ്പെടുത്തുന്നത് ചരിത്രത്തോട് ഉള്ള വഞ്ചനയാണെന്നും പറയാതെ വയ്യ.

സനാതന ധർമ്മം ഭരണഘടനക്കെതിര്

1951ൽ ശിവഗിരി തീർഥാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സഹോദരൻ ഇപ്രകാരം പ്രസ്താവിച്ചു: 'ജീവശാസ്ത്രപരമായും സാമൂഹ്യമായും മനുഷ്യരെല്ലാം ഒന്നാണ്. അത് അംഗീകരിക്കുകയും അതു പ്രകാരം പ്രവർത്തിക്കുകയും ചെയ്യേണ്ടത് ആധുനിക മനുഷ്യൻ്റെ ഒന്നാമത്തെ ആവശ്യമായിരിക്കുകയാണ്'. സഹോദരൻ്റെ ഈ പ്രസ്താവന മാനവികമായ നീതിബോധ്യത്തിൻ്റെ ഉന്നതമായ പ്രകാശനസ്ഥാനമാണ്. ജീവശാസ്ത്രപരമായും സാമൂഹ്യമായും മനുഷ്യരെല്ലാം ഒന്നാണെന്ന തത്വം വർണാശ്രമധർമ്മം അംഗീകരിക്കുന്നില്ല. ചാതുർവർണ്യ വ്യവസ്ഥ മനു ഷ്യരെ ശ്രേണീകരിക്കുകയും വിഭജിക്കുകയും പരസ്പരം വെറുക്കാൻ അനുശീലിപ്പിക്കുകയും ചെയ്യുന്നു. 'മനുഷ്യാണാം മനുഷ്യത്വം ജാതി' എന്നരുളിയ ഗുരു, സനാതന ധർമത്തിൻ്റെ ചാതുർവർണ്യവ്യവസ്ഥയെ നിരാകരിച്ചു. വിരാട് പുരുഷന്റെ അംഗോപാംഗങ്ങളിൽനിന്ന് വ്യത്യസ്ത വർണങ്ങളിൽപ്പെട്ടവർ ഉണ്ടായി എന്ന സിദ്ധാന്തത്തെ, 'അതെന്താ മരം പൊട്ടി മുളയ്ക്കുംപോലെയോ' എന്ന് ഗുരു മൈത്രിയിലാണ്ട വിമർശം ഉന്നയിച്ചു. ഗുരു മുന്നോട്ടുവച്ച സോദരത്വേന വാഴുന്ന മാതൃകാസ്ഥാന സങ്കൽപ്പമാണ് ഭരണഘടനയിലെ സാഹോദര്യമായി തെളിഞ്ഞു വിളങ്ങുന്നത്. ബ്രാഹ്മണസാഹിത്യങ്ങളിൽ എത്ര പരതിയാലും സാഹോദര്യമെന്ന ആശയം കണ്ടുകിട്ടുകയില്ല. സനാതനധർമം സാഹോദര്യത്തിനും സമത്വത്തിനും എതിരായ ഹിംസാപ്രത്യയ ബോധമാണ്. അതു കൊണ്ടുതന്നെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാനാശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ മൂല്യങ്ങളുടെ എതിർ സ്ഥാനത്താണ് സനാതനധർമം വർത്തിക്കുന്നത്. ഇന്ത്യൻ ഭരണഘടന അയിത്തം നിരോധിക്കുമ്പോൾ വർണാശ്രമധർമത്തിൻ്റെ കാതലായിരിക്കുന്നത് അയിത്തമാണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ഭരണഘടനയുടെ പതിനേഴാം വകുപ്പ് അയിത്തം നിരോധിച്ച് സാമൂഹ്യസമത്വത്തെ ഉയർത്തി പിടിക്കുന്നു. സനാതനധർമം, വർണക്രമം അനുസരിച്ച് തൊഴിലുകൾ നിശ്ചയിക്കുമ്പോൾ ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്യാൻ ഭരണഘടന തുല്യാവസരം വാഗ്ദാനം ചെയ്യുന്നു. ഹീനമായ പ്രവൃത്തികളിൽ പാർശ്വവൽകൃതരെ തള്ളിയിടുന്ന വ്യവസ്ഥയെ ഭരണഘടന തടയുന്നു. ജാതിയുടെയോ മതത്തിന്റെയോ , ലിംഗത്തിന്റെയോ, ജനനസ്ഥലത്തിന്റെയോ പേരിൽ ഏതൊരു പൗരനെതിരായുമുള്ള വിവേചനത്തെ ഭരണഘടന എതിർക്കുന്നു. സനാതനധർമം അടിമശരീരമായ പ്രജയായി മനുഷ്യരെ സ്ഥാനപ്പെടുത്തുമ്പോൾ മാനവരെ പൗരരെന്ന സങ്കൽപ്പത്തിലേക്ക്  ഭരണഘടന ഉയർത്തുന്നു. സനാതന വർണാശ്രമം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയെ അംഗീകരിക്കുന്നേയില്ലെന്നുള്ളതിന് അതിന്റെ ഗ്രന്ഥപാഠങ്ങൾ തന്നെ സാക്ഷ്യമാണ്. അസമത്വമാണ് സനാതനധർമത്തിൻ്റെ കാതൽ. ഭരണഘടന അവസര സമത്വം ഉറപ്പു വരുത്തുമ്പോൾ സനാതന ധർമ്മം അവസര സമത്വം നിഷേധിക്കുന്നു. പൗരന്മാരുടെ അന്തസ്സും ആത്മാഭിമാനവുമുള്ള ജീവിതം ഭരണഘടന ഉറപ്പു വരുത്തുമ്പോൾ സനാതനധർമം ആത്മാഭിമാനത്തെ ഹനിക്കുന്നു. ചില ജാതിക്കാർ/വർണക്കാർ മ്ളേച്ഛമായ ജോലി മാത്രമേ ചെയ്യാവൂ എന്ന സനാതനധർമ കൽപ്പന ആത്മാഭിമാനമുള്ള പൗരജീവിതത്തെ റദ്ദ് ചെയ്യുന്നു.  എല്ലാ മനുഷ്യജീവികളെയും സ്വതന്ത്രരായും അന്തസ്സും അവകാശമുള്ളവരായും സമത്വമുള്ളവരായും ഭരണഘടന ദർശിക്കുമ്പോൾ സനാതനധർമം വർണത്തിന്റെ അടിസ്ഥാനത്തിൽ ജനനത്തെയും ജീവിതത്തെയും ക്രേണീകരിച്ച് ഉയർച്ചതാഴ്ചകൾ കൽപ്പിക്കുന്നു. സനാതനധർമം സാഹോദര്യം എന്ന ജീവിതമൂല്യത്തെ തടയുന്നു. സനാതന ജാതിവ്യവസ്ഥ സഹജീവനത്തെ തടയുമ്പോൾ ഇന്ത്യൻ ഭരണഘടന സാഹോദര്യമെന്ന മൂല്യത്തെ പരമപ്രധാനമായി ദർശിക്കുന്നു. സാഹോദര്യത്തിന്റെ മറ്റൊരു പേരു മാത്രമാണ് ജനാധിപത്യം എന്ന ഡോ. ബി ആർ അംബേദ്കറുടെ ചിന്തകൾ ഇവിടെ സ്മർത്തവ്യമാണ്. ചുരുക്കത്തിൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക്  എതിരാണ് സനാതന വർണ്ണ വ്യവസ്ഥ. അതുകൊണ്ടു തന്നെ അനീതികരമായ സനാതന വ്യവസ്ഥയ്ക്കെതിരെ ശബ്ദമുയർത്തിയ മുഖ്യമന്ത്രി, നാരായണഗുരു പടുത്തുയർത്തിയ നവോത്ഥാന കേരളത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിനാവശ്യമായ ജനാധിപത്യ വിമർശനമാണ് ഉന്നയിച്ചത്. സാമൂഹ്യനീതിയെ രാഷ്ട്രീയ ജീവനമായി ദർശിക്കുന്ന മുഴുവൻ പേരും അസമത്വത്തിന്റെ മറ്റൊരു പേരാണ് സനാതന ധർമ്മം മെന്ന് തിരിച്ചറിയുകയാണ് വേണ്ടത്.ഇത്തരമൊരു തിരിച്ചറിവിന്റെ പാഠമാണ് മുഖ്യമന്ത്രിയുടെ ശിവഗിരി പ്രസംഗം

No comments:

Post a Comment