Wednesday, December 20, 2023

ഗുരുസഭ, രക്ഷാസഭ: മതരാഷ്ട്രത്തിലേക്കുള്ള സംഘപരിവാർ കുറിപ്പടികൾ

ഒറ്റ ദിവസത്തിനുള്ളിൽ ലോകസഭയിൽ നിന്നും രാജ്യസഭയിൽ നിന്നുമായി 142 അംഗങ്ങളെ സസ്പെൻഡ് ചെയ്ത നടപടിയെ കേന്ദ്ര ഗവൺമെൻ്റിനെ നയിക്കുന്ന ആർ എസ് എസ്സിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കാനോ ചർച്ച ചെയ്യുവാനോ മാധ്യമങ്ങളോ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളോ ഇതു വരെയും തയ്യാറായിട്ടില്ല.

ആദ്യമായി പാർലമെൻ്റിലേക്ക് എത്തിയ നരേന്ദ്ര മോദി പാർലമെൻ്റ് മന്ദിരത്തിൻ്റെ ചവിട്ടുപടികൾക്ക് മുന്നിൽ, നാളിതു വരെയും മറ്റൊരു പ്രതിനിധിയും ചെയ്തിട്ടില്ലാത്ത രീതിയിൽ, നമസ്കരിച്ചതു തൊട്ട്, പുതിയ പാർലമെൻ്റ് കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തിൽ സന്യാസിമാരെ കൊണ്ട്  'സെംഗോൽ' നൽകി ഉദ്ഘാടനം ചെയ്യിച്ചത് അടക്കമുള്ള ഒരോ നടപടികളും ആധുനിക ജനാധിപത്യത്തിൻ്റെ അന്തഃസത്തയെ ഓരോന്നായി പരിഹസിക്കുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനും ഉദ്ദേശിച്ചു കൊണ്ടുള്ളവയായിരുന്നു. അത് നരേന്ദ്ര മോദിയുടെ വ്യക്തി സവിശേഷതയായി മനസ്സിലാക്കുന്നത് മൗഢ്യമാണ്.

ആർ എസ് എസ്സിൻ്റെ കൊടിക്കീഴിൽ പ്രവർത്തിക്കുന്ന ഓരോ സംഘ പരിവാർ സംഘടനയും നിലവിലുള്ള ജനാധിപത്യ ക്രമങ്ങളെ ഏതൊക്കെ രീതിയിൽ പൊളിച്ചെഴുതണമെന്ന കാര്യത്തിൽ പല രീതിയിലുള്ള ചർച്ചകൾ അതത് കാലങ്ങളിൽ നടത്തിയിട്ടുണ്ടെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.

ഒരു ഉദാഹരണം കാണുക;

1998 ഒക്ടോബറിൽ നടന്ന അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് സമ്മേളനത്തിൽ വിതരണം ചെയ്ത കരട് രേഖയിൽ നിലവിലെ പാർലമെൻ്റ് ഘടനയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. നിലവിലെ ഇരട്ട പാർലമെന്റ് ഘടനയ്ക്ക് പകരം ത്രിതല ഘടന സ്ഥാപിക്കണ്ടേതുണ്ടെന്നാണ് കരട് രേഖ നിർദ്ദേശിക്കുന്നു.

പ്രൈമറി, സെക്കൻഡറി സ്‌കൂൾ അധ്യാപകരുടേതായ ഒരു ഇലക്ടറൽ കോളേജ് രൂപീകരിച്ച്, ലോക്‌സഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന, സന്യാസിമാർ നയിക്കുന്ന (വിഎച്ച്പി പ്രവർത്തകർ എന്ന് വായിക്കുക) ഗുരുസഭയാണ് ലോക് സഭയ്ക്കും രാജ്യസഭയ്ക്കും മുകളിൽ ഉണ്ടായിരിക്കേണ്ടതെന്ന് രേഖ ആവശ്യപ്പെടുന്നു.
മാനവ വിഭവ ശേഷി മന്ത്രാലയമായിരിക്കും ഇതിൻ്റെ ലിസ്റ്റ് തയ്യാറാക്കേണ്ടതെന്നും മറിച്ച്, തെരഞ്ഞെടുപ്പ് കമ്മീഷനല്ല എന്നും രേഖയിൽ പറയുന്നു.

എല്ലാ നിയമനിർമ്മാണങ്ങളും ധന ബില്ലുകളും ലോകസഭയിലേക്ക് അയയ്ക്കുന്നതിന് മുമ്പ് ഗുരുസഭയിൽ അവതരിപ്പിക്കുകയും പാസ്സാക്കുകയും വേണമെന്ന് കരട് രേഖ ശഠിക്കുന്നു.

സുപ്രീം കോടതി ജഡ്ജിമാരെ നാമനിർദ്ദേശം ചെയ്യുന്നതിനും അവരെ ഇംപീച്ച് ചെയ്യുന്നതിനുമുള്ള ജുഡീഷ്യൽ കമ്മീഷനായും ഗുരു സഭ പ്രവർത്തിക്കേണ്ടതുണ്ട്.

ഗുരുസഭയ്ക്കും ലോക്‌സഭയ്ക്കും ഇടയിൽ, സായുധസേനാ മേധാവികളുടെയും വിരമിച്ച സൈനികരുടെയും ഒരു രക്ഷാസഭ ഉണ്ടായിരിക്കേണ്ടതുണ്ടെന്നും അടിയന്തരാവസ്ഥാ സാഹചര്യങ്ങൾ ഉടലെടുത്താൽ അവ പ്രഖ്യാപിക്കാനും നടപ്പിൽ വരുത്തുവാനും അധികാരമുള്ളതായിരിക്കണം ഈ രക്ഷാ സഭയെന്നും എ ബി വി പി കരട് രേഖ വിശദീകരിക്കുന്നുണ്ട്.

നിലവിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ സമൂല പരിവർത്തനം ആവശ്യപ്പെട്ടു കൊണ്ടും, പ്രായപൂർത്തി വോട്ടവകാശം എന്ന സാർവ്വദേശീയ മാനദണ്ഡത്തെ അട്ടിമറിച്ചും പുതിയൊരു ഇലക്ടറൽ കോളേജ് രൂപീകരിക്കുന്നത് അടക്കമുള്ള സംഗതികൾ വിവിധ സംഘപരിവാർ സംഘടനകൾ രഹസ്യമായും പരസ്യമായും പല കാലങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ട്.

മത നേതാക്കൾ ( ഹിന്ദുത്വ) ഉൾക്കൊള്ളുന്ന ഒരു ഉപരിസഭയ്ക്കും സൈനിക (റിട്ട) ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മധ്യസഭയ്ക്കും രാജ്യത്തിൻ്റെ നിയമ നിർമ്മാണ സംവിധാനങ്ങളെയും അടിയന്തിര ഭരണ സാഹചര്യങ്ങളെയും നിയന്ത്രിക്കാൻ കഴിയുന്ന ഒരു മത - സൈനിക ഭരണ സംവിധാനമാണ് ആർ എസ്സ് എസ്സ് ലക്ഷ്യമിടുന്നത്.

(രാജ്യമെമ്പാടും ആർ എസ്സ് എസ്സിന് കീഴിൽ സ്ഥാപിതമായി കൊണ്ടിരിക്കുന്ന സൈനിക സ്കൂളുകളെ കുറിച്ച് കഴിഞ്ഞ ദിവസം എഴുതിയത് ഇതോടൊപ്പം കൂട്ടി വായിക്കുക)

ആർഎസ്സ് എസ്സ് പദ്ധതികളെ അതിൻ്റെ സമഗ്രതയിൽ മനസ്സിലാക്കാതെയുള്ള കേവല പ്രതിഷേധങ്ങൾ മാത്രമാണ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത് എന്നതാണ് ദുഃഖകരമായ മറ്റൊരു യാഥാർത്ഥ്യം.
https://m.facebook.com/story.php?story_fbid=pfbid02eARfh3SERi1mQUEdYKgpUC78Yh6WLafLUXnLsjXmaZFAcJp1rLKMzDWMhRixtHnQl&id=100002671499023&mibextid=Nif5oz

No comments:

Post a Comment