നിയമപ്പോരാട്ടങ്ങളുടെയും കോടതി വ്യവഹാരങ്ങളുടെയും ചരിത്രത്തിൽ അതുവരെ കേട്ടുകേൾവി ഇല്ലാത്ത ഒരു സംഭവമായിരുന്നു വക്കീൽഫീസിന് പകരം ഒന്നാന്തരമൊരു കുളം ലഭിക്കുകയെന്നത്. അയ്യൻകാളി പ്രസ്ഥാനമായ സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ കുണ്ടറ പെരിനാട് നടന്ന കീഴാള ചെറുത്തുനിൽപ്പിന്റെയും അതേത്തുടർന്നുണ്ടായ ദളിത് വേട്ടയുടെയും ചരിത്രമാണ് പെരിനാട് കലാപം എന്നറിയപ്പെടുന്ന പെരിനാട് വിപ്ലവം.
അതിനുശേഷം കൊല്ലം ഠൗണിൽ ചേർന്ന സമുദായ സൗഹാർദ സമ്മേളനത്തിൽവച്ച് നടന്ന കല്ലുമാല ബഹിഷ്കരണത്തിന്റെ തുടർച്ചയായി പെരിനാട് സംഭവത്തിൽ പ്രതികളാക്കപ്പെട്ട അയിത്ത ജാതിക്കാർ തങ്ങളുടെ കേസു നടത്തിയ വക്കീലിന് ഫീസായി നൽകിയ കമ്മാൻകുളമാണ് പെരിനാട് സമരത്തിലെ ശേഷിക്കുന്ന ഏട്.
പെരിനാട് സംഭവവും കല്ലയും മാലയും ഉപേക്ഷിക്കൽ സമ്മേളനം എന്നിവയുമായി ബന്ധപ്പെടുത്തി കമ്മാൻകുളത്തെക്കുറിച്ച് പറയുമ്പോഴെല്ലാം പ്രതികൾക്കുവേണ്ടി ഹാജരായ "ഒരു വക്കീൽ' തന്റെ ഫീസിന് പകരമായി ഒരു കുളം കുഴിപ്പിച്ചുവെന്ന് പരാമർശിച്ചു പോകാറാണ് പതിവ്. എന്നാൽ, കുളംകുഴിപ്പിച്ച ആളും കുഴിച്ച ആളുകളും പൊടിപിടിച്ച ചരിത്രത്താളുകളിൽ ഇന്നും അവശേഷിക്കുകയാണ്.
അയ്യൻകാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർ നടത്തിയ പോരാട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പെരിനാട് വിപ്ലവം. 1915 ഒക്ടോബർ 24ന് കുണ്ടറ പെരിനാട് ചെറുമൂട്ടിൽ ജാതിവിവേചനത്തിനും അടിച്ചമർത്തലുകൾക്കും എതിരെ നടന്ന അയിത്ത ജാതിക്കാരുടെ യോഗം സവർണ വിഭാഗത്തിൽപ്പെട്ടവർ തടസ്സപ്പെടുത്തി. യോഗം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ സാധുജന പരിപാലന സംഘത്തിന്റെ നേതാവ് ഗോപാലദാസനെയും അനുയായികളെയും ജന്മിമാരുടെ ഗുണ്ടകൾ ആക്രമിക്കുകയും സംഘട്ടനത്തിനിടയിൽ സവർണ വിഭാഗത്തിൽപ്പെട്ട ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.
ഇതേത്തുടർന്ന് തിരുവിതാംകൂർ പൊലീസിന്റെ ഒത്താശയോടെ മേൽജാതിക്കാർ പെരിനാടും സമീപ പ്രദേശങ്ങളിലുമുള്ള അയിത്ത ജാതിക്കാരുടെ മേൽ വലിയ അക്രമം അഴിച്ചുവിട്ടു. സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെട്ടു. കുടിലുകൾ പൂർണമായും അഗ്നിക്കിരയാക്കി. പുരുഷന്മാർക്ക് നാടുവിട്ടോടേണ്ടി വന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ ശ്രീമൂലം പ്രജാ സഭാംഗമായ അയ്യൻകാളി പെരിനാട് സന്ദർശിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ 1924 ഡിസംബർ 15ന് കൊല്ലം കന്റോൺമെന്റ് മൈതാനിയിലെ സർക്കസ് കൂടാരത്തിൽ ചേർന്ന സർവ സമുദായ സമ്മേളനം നടത്തിയതിനു ശേഷമാണ് പുരുഷന്മാർക്ക് തങ്ങളുടെ കുടികളിലേക്ക് തിരികെ എത്താൻ കഴിഞ്ഞത്. ഈ സമ്മേളനത്തിൽ വച്ചാണ് ജാതി അടയാളമായി അയിത്ത ജാതിക്കാർ ഉപയോഗിച്ചുവന്നിരുന്ന കല്ലയും (കാതിൽ അണിഞ്ഞിരുന്നത്) മാലയും (കഴുത്തിലണിഞ്ഞിരുന്നത്) അറുത്തെറിഞ്ഞ സമരത്തിന്റെ ആരംഭം.
സവർണരെ ആക്രമിച്ചു എന്ന കേസിൽ പ്രതികളാക്കപ്പെട്ട അയിത്ത ജാതിക്കാരുടെ കേസുകൾ വാദിക്കാൻ കൊല്ലം കോടതിയിലെ വക്കീലന്മാർ ആരും തയ്യാറായില്ല. അക്കാലത്ത് മുന്നോക്ക ജാതിയിൽ പെട്ടവർ മാത്രമായിരുന്നു വക്കീലന്മാർ. അയിത്ത ജാതിക്കാരായ പ്രതികളുടെ ദുരവസ്ഥ മനസ്സിലാക്കിയ അയ്യൻകാളിയും ചങ്ങനാശേരി പരമേശ്വരൻ പിള്ളയും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും കൊല്ലം കോടതിയിൽ വക്കീലും ആയിരുന്ന ടി എം വർഗീസിനെ കണ്ടു. അദ്ദേഹമാണ് തിരുവിതാംകൂർ ഹൈക്കോടതിയിൽ വക്കീലായിരുന്ന ഇലഞ്ഞിക്കൽ ജോണിനെ കേസുകൾ ഏൽപ്പിക്കാൻ നിർദേശിച്ചത്.
കേരളത്തിന്റെ ആത്മീയ സാമൂഹ്യ- രാഷ്ട്രീയ രംഗത്ത് നിസ്തുലമായ സേവനങ്ങൾ നൽകിയ നിരവധി ആളുകളെ സംഭാവന നൽകിയ തിരുവല്ല നിരണം ഇലഞ്ഞിക്കൽ കുടുംബത്തിലാണ് ചാക്കോ യോഹന്നാൻ എന്ന ഇലഞ്ഞിക്കൽ ജോൺ (1863–- -1942) ജനിച്ചത്. തിരുവിതാംകൂറിലെ അബ്ക്കാരിക്കുത്തക വ്യവസായിയും വെളിച്ചെണ്ണ വ്യാപാരിയും ഇംഗ്ലീഷ് പത്രമായ വെസ്റ്റേൺ സ്റ്റാറിന്റെയും പശ്ചിമതാരക എന്ന മലയാള പത്രത്തിന്റെയും ഉടമയുമായിരുന്ന കുര്യൻ റൈട്ടറുടെ സഹോദരി കൊച്ചു മറിയയുടെയും ഇലഞ്ഞിക്കൽ മാത്യു ചാക്കോ (ഉണ്ണൂണ്ണി) യുടെയും ഇളയ പുത്രനായിരുന്നു ജോൺ. കൊച്ചിയിലും തിരുവനന്തപുരത്തും മദ്രാസിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യൻ കോളേജിലെ പഠനശേഷം അവിടെത്തന്നെ ലക്ചററായി. മദ്രാസ് ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. 1885ൽ ഇലഞ്ഞിമൂട്ടിൽ കുടുംബാംഗമായ അന്നമ്മയെ വിവാഹം കഴിച്ചു. 1894ൽ മദ്രാസിലെ ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്ത് ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. ശ്രീമൂലം പ്രജാ സഭാംഗമായും
മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രവർത്തനങ്ങളിലും സഭയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളിലും സജീവമായി. ഏതാനും വർഷം തിരുവനന്തപുരം ലോ കോളേജിന്റെ പ്രിൻസിപ്പലുമായിരുന്നു. യൂറോപ്യൻ അല്ലാത്ത ആദ്യത്തെ പ്രിൻസിപ്പൽ ആയിരുന്നു ജോൺ. അന്നവിടെ അധ്യാപകരായിരുന്നത് പേരെടുത്ത അഭിഭാഷകരായിരുന്ന മള്ളൂർ ഗോവിന്ദപിള്ള, ഇ സുബ്രഹ്മണ്യ അയ്യർ, ടി കെ വേലുപ്പിള്ള, പത്രോസ് മത്തായി, പി പി ജോൺ എന്നിവരായിരുന്നു. "ആരും എനിക്ക് ഫീസു തരണ്ട, നിങ്ങളുടെ അധ്വാനം നാടിന്റെ നന്മയ്ക്കായി വിനിയോഗിച്ചാൽ മതി' എന്നാണ് കൊല്ലത്ത് എത്തിയ ജോൺ വക്കീൽ പ്രതികളായ അയിത്ത ജാതിക്കാരോട് പറഞ്ഞത്..
കേസിന്റെ വിചാരണ നടക്കുന്നതിനോടൊപ്പം കുളത്തിന്റെ നിർമാണവും പുരോഗമിച്ചു. 200 പ്രതികളിൽ നൂറിലധികം പേർ കുളംനിർമാണ യജ്ഞത്തിൽ പങ്കാളികളായെന്ന് അദ്ദേഹത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച"ഇലഞ്ഞിക്കൽ ജോൺ വക്കീൽ മങ്കോട്ടയിലെ മഹർഷി' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പണിക്കാർക്ക് താമസമടക്കം എല്ലാ സൗകര്യങ്ങളും ഭക്ഷണവും ഏർപ്പാട് ചെയ്‌തു. വക്കീലിന്റെ ഭാര്യ അന്നമ്മയും ഗുമസ്തൻ ഉതുപ്പച്ചനും ഇടയ്ക്കിടെ പണിക്കാരുടെ സുഖവിവരങ്ങൾ അന്വേഷിച്ചു. ജോൺ വക്കീലിനെപ്പോലെതന്നെ കൃഷി കാര്യങ്ങളിലും പൊതു കാര്യങ്ങളിലും തൽപ്പരയായിരുന്നു ഭാര്യ അന്നമ്മ. തറവാട്ടിലെ കർഷക തൊഴിലാളികളുടെ മക്കളെ സ്കൂളിൽ ചേർക്കുന്നതിനും വൃദ്ധരായ തൊഴിലാളികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിലും അവർ ശ്രദ്ധ പുലർത്തി.
കമ്മാൻ കുളത്തിന്റെ പണി പൂർത്തിയായ ദിവസം പണിക്കാർക്കെല്ലാം വിഭവസമൃദ്ധമായ സദ്യ നൽകി. അധികം താമസിക്കാതെ കേസിന്റെ വിധി വന്നു. രണ്ട് കേസാണുണ്ടായിരുന്നത്. പുലയർ പ്രതികളായ കേസും പുലയർ വാദികളായ കേസും. അയിത്ത ജാതിക്കാർ പ്രതികളായ കേസ് വെറുതെ വിട്ടു. സവർണ ജാതിക്കാർ പ്രതികളായ കേസിൽ 12 പേരെ ശിക്ഷിച്ചു. ജാതിയുടെ പേരിൽ നടമാടിയിരുന്ന അക്രമങ്ങൾക്കും വിവേചനങ്ങൾക്കും എതിരായി പുറത്തുവന്ന വിധി അയിത്ത ജാതിക്കാരുടെ സാമൂഹ്യമായ ഉണർവിന്റെ രസവിതാനം ഉയർത്തി
അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളുമായിരുന്നു ജോൺ-–- അന്നമ്മ ദമ്പതികൾക്ക്. ആൺമക്കളിൽ ജോൺ ഫിലിപ്പോസ് തിരുകൊച്ചിയിലെ പരവൂർ ടി കെ നാരായണപിള്ളയുടെ മന്ത്രിസഭയിൽ (1949-–-51) പൊതുമരാമത്ത്- ഗതാഗത- കൃഷി വകുപ്പ് മന്ത്രിയായിരുന്നു. മറ്റൊരു മകൻ ജോൺ ജേക്കബ് 1977ലെ കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രിയുമായിരുന്നു. നെഹ്റു മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഡോക്ടർ ജോൺ മത്തായി ആയിരുന്നു മകൾ മറിയയുടെ ഭർത്താവ്. കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ ഏക പുത്രൻ കെ വി ഈപ്പനായിരുന്നു മറ്റൊരു മകളെ വിവാഹം കഴിച്ചത്.
കമ്മാൻ കുളനിർമാണത്തിന് കാരണക്കാരനാകുക വഴി മനുഷ്യാവകാശങ്ങൾ നേടിയെടുക്കുന്നതിനും തങ്ങളുടെ ആത്മാഭിമാനം ഉയർത്തി പിടിക്കുന്നതിനും കീഴാള ജനത നടത്തിയ ചെറുത്തു നിൽപ്പിന് ധാർമികവും നിയമപരവുമായ അംഗീകാരം നേടി കൊടുക്കുകയായിരുന്നു ഇലഞ്ഞിക്കൽ ജോൺ വക്കീൽ.
No comments:
Post a Comment