Friday, December 15, 2023

കേരളം സേഫ്

ഇന്ത്യയിൽ ഏറ്റവും സേഫായ നഗരങ്ങളിൽ ഒന്നാണ് കോഴിക്കോട് എന്ന് വാർത്ത കണ്ട് എഴുതുന്ന പോസ്റ്റ്. 

ഇന്ത്യൻ പീനൽ കോഡിൽ പെട്ട കുറ്റകൃത്യങ്ങൾ എത്ര രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട് എന്നത് നോക്കിയുണ്ടാക്കിയുള്ള പട്ടികയാണ്. കൊൽക്കത്തയാണ് ഒന്നാം സ്ഥാനത്ത്. ചെന്നൈയിലും ബാംഗ്ലൂരിലും മുംബൈയിലുമൊക്കെ കോഴിക്കോടിനേക്കാൾ കുറവ് ഐപിസി ക്രൈമുകളാണ് രജിസ്റ്റർ ചെയ്യുന്നതെന്നാണ് രേഖ. കോഴിക്കോട് പത്താം സ്ഥാനത്താണ്!!! 

ഇതിൽ ഉള്ള ഒരൂ പ്രധാന പ്രശ്നം കേരളത്തിൽ നടക്കുന്ന ക്രൈമുകൾ പോലീസ് രേഖയാകുന്നിടത്തോളം മറ്റ് സംസ്ഥാനങ്ങളിൽ ആകുന്നില്ല എന്നതാണ്. കേരളത്തോളം ക്രൈം റിപ്പോർട്ടിങ് റേറ്റ് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ഉണ്ടായിരുന്നെങ്കിൽ കേരളത്തിലെ നഗരങ്ങളായിരുന്നേനേ ഇതേ മെത്തഡോളജി വച്ച് നോക്കിയാൽ ആദ്യ പത്തിൽ ഭൂരിപക്ഷവും! 

ഇന്ത്യയിൽ ഏത് സംസ്ഥാനത്താണെങ്കിലും രജിസ്റ്റർ ചെയ്യുമെന്ന് ഉറപ്പ് ഏറ്റവും കൂടുതലുള്ള ഒരു ക്രൈമാണ് മർഡർ (കൊലപാതകം)! 

അത് നോക്കിയാൽ കേരളം വളരെ സേഫായ സ്ഥലമാണ് (ലിങ്ക് കമന്റിൽ). 

ഒരു ലക്ഷം ജനസംഖ്യയ്ക്ക് ഒരു വർഷം 2.2 കൊലപാതകമാണ് കർണാടകയിൽ നടക്കുന്നത്. തമിഴ്നാട്ടിൽ 2.1ഉം മഹാരാഷ്ട്രയിൽ 2.0ഉം പശ്ചിമബംഗാളിൽ 1.6ഉം ആണെങ്കിൽ കേരളത്തിൽ എത്രയാണ്? 

വെറും 0.97!!! 

കേരളം ഈ പ്രദേശങ്ങളേക്കാളൊക്കെ സേഫായ സംസ്ഥാനമാണ് എന്നതിൽ സംശയമില്ല! 

ഈ കൊലപാതകങ്ങളുടെ മോട്ടീവ് എന്താണെന്നും നാഷണൽ ക്രൈം റെക്കോഡ് ബ്യൂറോ പോലീസ് രേഖകൾ അടിസ്ഥാനമാക്കി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്! 

2022-ൽ കേരളത്തിൽ നടന്ന കൊലപാതകങ്ങളുടെ മോട്ടീവുകൾ ഇന്ത്യയുമായി താരതമ്യം ചെയ്തിരിക്കുകയാണ് താഴത്തെ ടേബിളിൽ. 

ഇന്ത്യയുടെ 2.76% ആണ് കേരളത്തിന്റെ ജനസംഖ്യ. പക്ഷേ ഇന്ത്യയിൽ ആകെ നടന്ന കൊലപാതകങ്ങളുടെ 1.2% മാത്രമാണ് കേരളത്തിൽ നടന്നത്. ഇന്ത്യൻ ശരാശരിയേക്കാൾ കേരളം മുന്നിൽ നിൽക്കുന്നത് താഴെപ്പറയുന്ന വിഭാഗങ്ങളിൽ മാത്രമാണ്. 

1. വ്യക്തിവൈരാഗ്യം 3.4% 
2. മനുഷ്യബലി (ഒരൊറ്റ മനുഷ്യബലിയാണ് നടന്നത്) - 12.5% 
3. രാഷ്ട്രീയക്കൊല - 11.9% 
4. സൈക്കോപാത്ത്/സീരിയൽ കില്ലർ - 4.2% 

രാഷ്ട്രീയക്കൊലയിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലല്ല നാം! ബിഹാറിലും ഝാർഖണ്ഡിലും ഒഡിഷയിലും ഒക്കെ കേരളത്തിനേക്കാൾ കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. 2022ലെ കണക്കിൽ ഇതിന് സ്ഥിരം പഴി കേൾക്കുന്ന സി പി എം നടത്തിയ ഒറ്റ കൊലപാതകവും ഇല്ല എന്നാണ് തോന്നുന്നത്! (ഉണ്ടോ? തെറ്റുണ്ടെങ്കിൽ തിരുത്തുക...) 

ശരീരാവയവങ്ങൾ മോഷ്ടിക്കാൻ പോലും 2022-ൽ 7 കൊലപാതകങ്ങൾ നടന്ന രാജ്യമാണ് ഇന്ത്യ എന്നോർക്കുക. കേരളം വളരെ സേഫായ സ്ഥലമാണ് എന്നാവർത്തിക്കുന്നു. 

പക്ഷേ പൊതുവേ കേരളത്തിൽ സ്ത്രീകൾക്ക് രാത്രിയായാൽ പുറത്തിറങ്ങി നടക്കാൻ ഭയമാണോ എന്നൊരു സംശയമുണ്ട്! (നൈറ്റ് ലൈഫ് എന്നൊന്നില്ല എന്നതും സ്ത്രീകൾക്കാഗ്രഹമുണ്ടെങ്കിലും പുരുഷന്മാർ വിടാത്തതാവാനുള്ള സാധ്യതയുണ്ട് എന്നതും കൂടി പറയട്ടെ).
https://www.facebook.com/1029577254/posts/pfbid0zyk1TM6HwumEmBVZkMHkSqY4QNqd3H5qh6HwFmfWnCtFb96p73bUuvuZSt2jbniyl/?mibextid=Nif5oz

No comments:

Post a Comment