Tuesday, May 30, 2023

നവകേരള സൃഷ്ടിയുടെ 2 വർഷം





കേരള രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരു ചുവടുവയ്‌പായിരുന്നു എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം. 1957-ലെ ഇ എം എസ് മന്ത്രിസഭ കേരള വികസനത്തിന് അടിത്തറയിട്ടു. തുടർന്നുവന്ന ഇടതുപക്ഷ സർക്കാരുകൾ ആ അടിത്തറയിൽ ജനകീയ താൽപ്പര്യങ്ങളെ വികസിപ്പിച്ച് നടപ്പാക്കി. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്നു വിളിച്ച കേരളത്തെ ജനാധിപത്യബോധവും സാമൂഹ്യനീതിയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ത്യയിലെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാക്കി മാറ്റുന്നതിൽ ഇടതുപക്ഷ സർക്കാരുകൾ വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാകില്ല. ജീവിതസൂചികയുടെ നിലവാരത്തിലും ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാണ് ഇന്ന് കേരളം.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്, ദുരന്തങ്ങളെ നേരിടുമ്പോൾത്തന്നെ പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി സർക്കാർ നടപ്പാക്കി. കേരളത്തിന്റെ ഭാവിയെക്കണ്ട് അടിസ്ഥാന സൗകര്യ മേഖലയിൽ നടത്തിയ നിക്ഷേപങ്ങൾ നവകേരള സൃഷ്ടിക്കുള്ള സുപ്രധാന കാൽവയ്‌പായിരുന്നു. ഒന്നാം പിണറായി സർക്കാരുണ്ടാക്കിയ ഈ അടിത്തറയിൽനിന്ന്‌ നവകേരളത്തെ സൃഷ്ടിക്കുന്നതിനുള്ള ചുവടുവയ്‌പുകളാണ് ഇപ്പോൾ നടക്കുന്നത്. പാവങ്ങൾക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുക, ആധുനിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവ സുപ്രധാന ഉത്തരവാദിത്വമാണെന്നു കണ്ടുള്ള ഇടപെടലാണ് നടത്തിയത്. 30 വർഷംകൊണ്ട് കേരളത്തെ മധ്യവരുമാന രാജ്യങ്ങൾക്കൊപ്പം എത്തിക്കുന്നതിനുള്ള കർമപരിപാടികളും അധികാരത്തിലെത്തിയശേഷം എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രകടനപത്രികയിലെ 900 നിർദേശത്തിൽ എണ്ണൂറ്റിഇരുപതോളം കാര്യങ്ങളിൽ തുടക്കം കുറിക്കാൻ രണ്ടു വർഷത്തിനകം സർക്കാരിന് കഴിഞ്ഞു.

രണ്ടു തലത്തിലുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ദീർഘകാല പദ്ധതിയുൾപ്പെടെയുള്ളവ പൂർത്തീകരിക്കലാണ്‌ ഒന്നാമത്തേത്. ഹൈവേ വികസനം, മലയോര–- തീരദേശ ഹൈവേ വികസനം, വാട്ടർ മെട്രോ, കെ ഫോൺ, മിഷനുകൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. നവകേരള നിർമിതിക്കായി വൈജ്ഞാനിക സമൂഹസൃഷ്ടിയെന്ന കാഴ്ചപ്പാടിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തനമാണ് രണ്ടാമത്തേത്. പരമ്പരാഗത അറിവുകളെ വികസിപ്പിച്ചും ആധുനികമായ എല്ലാ കാഴ്ചപ്പാടുകളെയും സ്വാംശീകരിച്ചുമുള്ള  വൈജ്ഞാനിക കുതിപ്പാണ് ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്. പുതിയ അറിവുകളെ ഉപയോഗിച്ച് ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കണം. മാത്രമല്ല അവ നീതിപൂർവമായി വിതരണം ചെയ്യുകയും വേണം. വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടിക്ക് ഏറ്റവും പ്രധാനമായി വേണ്ടത് ഉന്നതവിദ്യാഭ്യാസ രംഗത്തെ ഈ ഇടപെടലാണ്. കഴിഞ്ഞ ബജറ്റിൽ 3461.53 കോടി രൂപ ഇതിനായി നീക്കിവച്ചു. മാത്രമല്ല ഉന്നതവിദ്യാഭ്യാസ കമീഷൻ രൂപീകരിക്കുകയും, അതിന്റെ ശുപാർശകൾ നടപ്പാക്കുകയും ചെയ്തുവരുന്നു.


നാക് അക്രഡിറ്റേഷനിൽ രാജ്യത്തെ ആറ് സർവകലാശാലയ്‌ക്കുമാത്രം ലഭിച്ച എ+ + കേരള സർവകലാശാലയ്‌ക്ക് ലഭിച്ചു. കാലടി, കൊച്ചി, കോഴിക്കോട് സർവകലാശാലകൾ എ+ ഗ്രേഡിലെത്തി. 240 കോളേജ്‌ നാക് പട്ടികയിൽ കൂടുതലായി കേരളത്തിൽനിന്ന്‌ എത്തിച്ചേരുന്ന സ്ഥിതിയുണ്ടായിരിക്കുന്നു. സർവകലാശാലയിലെ ഗവേഷണഫലങ്ങൾ സാമൂഹ്യാവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതിനായി ട്രാസ്ലേഷൻ ലാബുകൾപോലുള്ളവ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് പശ്ചാത്തല സൗകര്യ വികസനത്തിനാണ് കഴിഞ്ഞ സർക്കാർ ഊന്നിയത്. അതിന്റെ തുടർച്ചയിൽ ഉള്ളടക്കത്തെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യചികിത്സാരംഗത്തെ നിലവാരം കൂടുതലുയരുന്നതിന്റെ  സൂചനയാണ് 160 ആശുപത്രിക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചത്. കേരളത്തിൽ വ്യാപകമായിട്ടുള്ള ജീവിതശൈലീ രോഗങ്ങളും അർബുദവും കണ്ടെത്തി  പരിഹരിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കുകയാണ്.


പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതോടൊപ്പംതന്നെ നൂതന സംരംഭങ്ങളെയും സ്വകാര്യ നിക്ഷേപങ്ങളെയും പ്രോത്സാഹിപ്പിക്കുകയെന്ന സമീപനം ഇതിന്റെ തുടർച്ചയായി ഫലപ്രദമായി നടപ്പാക്കുന്നു. കേന്ദ്ര സർക്കാർ വിൽക്കാൻവച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്, കാസർകോട്ടെ ബിഎച്ച്ഇഎൽ എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർതന്നെ ഏറ്റെടുത്ത് ലാഭത്തിലാക്കി. കേരള റബർ ലിമിറ്റഡിന് വെള്ളൂരിൽ തറക്കല്ലിടുകയും ചെയ്തു. 2022–-23 സാമ്പത്തിക വർഷത്തിൽ 1,30,000 സംരംഭം പുതുതായി ആരംഭിക്കാനായി. ഇതുവഴി 2,81,333 തൊഴിലവസരവും സൃഷ്ടിച്ചു. സംരംഭകർക്ക് ഏഴ്‌ ദിവസത്തിനുള്ളിൽ അനുമതി ലഭിക്കുന്നതിനുതകുന്ന മാറ്റങ്ങളും നടപ്പാക്കിവരുന്നു. ഐടി രംഗത്ത് ശക്തമായ കുതിപ്പിന് സഹായിക്കുന്ന 200 കോടി ചെലവ് വരുന്ന സയൻസ് പാർക്കും ആരംഭിച്ചു. യുവസംരംഭക വികസന പദ്ധതിക്ക് കീഴിൽ 4127 സ്റ്റാർട്ടപ്‌ രണ്ട് വർഷത്തിനുള്ളിൽ ആരംഭിച്ചു. ടൂറിസം മേഖലയിൽ ശ്രദ്ധേയമായ ചുവടുവയ്‌പുകളും ഇക്കാലത്തുണ്ടായി. പാൽ, മുട്ട, പച്ചക്കറി എന്നിവയുടെ കാര്യത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന പ്രവർത്തനങ്ങളും നടപ്പാക്കുകയാണ്.


സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനായി സ്‌ത്രീകൾക്കായുള്ള പ്രത്യേക വകുപ്പിന്റെ കീഴിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്‌. സ്‌ത്രീ ജീവിതത്തിൽ രണ്ടാം നവോത്ഥാനത്തിന്റെ കാഹളം മുഴക്കിയ കുടുംബശ്രീയിൽ 1,75,000 അംഗങ്ങൾ പുതുതായി വന്നു. ഹരിതകർമസേനയുടെ 1018 യൂണിറ്റ്‌ പ്രവർത്തിക്കുന്നുണ്ട്. ഇവർ മുഖേന 65 ലക്ഷത്തോളം വീടുകളിൽനിന്നും അഞ്ചുലക്ഷത്തോളം സ്ഥാപനങ്ങളിൽനിന്നും അജൈവ വസ്തുക്കൾ ശേഖരിച്ച്‌ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ സജീവമാണ്. 1840 പട്ടികജാതി കുടുംബത്തിന്‌ ഭൂമി നൽകി. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിനുള്ള വിവാഹ ധനസഹായമുൾപ്പെടെ വർധിപ്പിച്ചു.

നാടിന്റെ കുതിപ്പിന് സഹായമാകുന്നവിധം തദ്ദേശഭരണ സ്ഥാപനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും കൂട്ടിയിണക്കിയുള്ള നവകേരള കാഴ്ചപ്പാടും പ്രയോഗത്തിൽ വരികയാണ്. സഹകരണരംഗത്തെ നിക്ഷേപം നാടിന്റെ വികസനത്തിന് തിരിച്ചുവിടുകയെന്ന കാഴ്ചപ്പാടിന്റെ ഭാഗംകൂടിയാണിത്. പ്രവാസി ക്ഷേമത്തിനും സർക്കാർ ഊന്നൽ നൽകി.
അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്. ലോകത്ത്‌ ഏറ്റവും കൂടുതൽ ദാരിദ്ര്യമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുന്ന ഘട്ടത്തിലാണ് ഈ സ്ഥിതി ഉണ്ടാകുന്നത്. പിണറായി സർക്കാരിന്റെ ഏഴു വർഷത്തെ കാലാവധിക്കുള്ളിൽ 6967 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ വിതരണം ചെയ്തത്. അപേക്ഷകളിൽ കാര്യക്ഷമമായും കൃത്യമായും ഇടപെടുന്ന രീതിയും നടന്നുവരികയാണ്.  

ശാസ്‌ത്ര സാങ്കേതിക രംഗത്തെ വികാസത്തെ വിവിധ മേഖലയിൽ വിന്യസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഡിജിറ്റൽ സർവേയും ഈ കാലഘട്ടത്തിൽ നടപ്പാക്കി. ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതിന് എഐ കാമറയും സ്ഥാപിച്ചു. റോബോട്ടിക് സർജറിയും കൊണ്ടുവരികയാണ്. ഇ–-ഫയലിങ്‌ സമ്പ്രദായത്തിലൂടെ ഫയലുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സർക്കാർ ഇടപെട്ടു. 2021 മെയ് മുതൽ 2023 ഫെബ്രുവരി 28 വരെ 43,490 പേർക്ക്‌ സർക്കാർ നിയമനം നൽകി. ഈ കാലയളവിൽ കെഎഎസിൽ 105 പേരെ നിയമിച്ചു. കോടതി വിധികൾ മലയാളത്തിൽത്തന്നെ ലഭിക്കുന്ന നടപടികളും പുരോഗമിക്കുന്നു.


കേരള വികസനത്തെ തകർക്കുന്നതാണ് കേന്ദ്ര നിലപാട്. കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയിൽ  40,000 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കിഫ്ബി പോലുള്ള പദ്ധതികളിലൂടെ ബദൽവികസന കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുന്ന സംസ്ഥാന സർക്കാരിന്റെ നയങ്ങളെ തകർക്കുകയാണ്. സർക്കാരിന്റെ വായ്പാപരിധിക്കകത്ത് കിഫ്ബി പോലുള്ള സ്ഥാപനങ്ങളെ കൊണ്ടുവന്നാണ് ഇത് നടപ്പാക്കാൻ ശ്രമിക്കുന്നത്. മതനിരപേക്ഷതയുടെ വിളനിലമായ കേരളത്തെ അതുയർത്തിപ്പിടിച്ചതിന്റെ പേരിൽ പ്രധാനമന്ത്രിതൊട്ടുള്ള ബിജെപി നേതാക്കൾ അധിക്ഷേപങ്ങളിൽ മുക്കുകയാണ്. യുഡിഎഫ് ആകട്ടെ,  കേന്ദ്ര സർക്കാരിന്റെ ഇത്തരം നയങ്ങളെ പ്രതിരോധിക്കാനോ കേരളത്തിന്റെ വികസനത്തിനായി ഇടപെടാനോ തയ്യാറല്ല. യുഡിഎഫ് എംപിമാരുടെ പാർലമെന്റിലെ നിലപാടുകൾ ഇക്കാര്യം വ്യക്തമാക്കുന്നതാണ്.

ആഗോളവൽക്കരണ നയങ്ങൾക്ക് ബദലുയർത്തി,  മതനിരപേക്ഷതയുടെ കാഴ്ചപ്പാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ പ്രവർത്തിക്കുകയാണ് എൽഡിഎഫ് സർക്കാർ. രാജ്യത്താകമാനം ഉയർന്നുവരുന്ന ജനകീയ പ്രതിരോധത്തിന് ഇത് കരുത്തായി മാറുന്നു. അതുകൊണ്ടുതന്നെ ഈ സർക്കാരിനെ ദുർബലപ്പെടുത്തുകയെന്നത് കോർപറേറ്റ് ശക്തികളുടെയും താൽപ്പര്യമായി മാറിയിരിക്കുകയാണ്. സർക്കാരിനെതിരായി നടക്കുന്ന കോർപറേറ്റ് മാധ്യമങ്ങളുടെ വിഷലിപ്ത പ്രചാരണങ്ങൾക്കു പിന്നിലുള്ള ഈ രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടതുണ്ട്. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രിയെ ഉൾപ്പെടെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ. ആ ഘട്ടത്തിലും ജനകീയ താൽപ്പര്യങ്ങളുയർത്തിപ്പിടിച്ച്‌ എല്ലാ പ്രതിബന്ധങ്ങളെയും നേരിട്ട് മുന്നോട്ടുപോകുകയാണ് എൽഡിഎഫ് സർക്കാർ. പുരോഗതിയുടെ അടയാളങ്ങൾ പതിയാത്ത ഒരു മേഖലയും കേരളത്തിൽ ഈ കാലയളവിൽ കാണാനാകില്ല. അതിനാൽത്തന്നെ എല്ലാ വ്യാജ പ്രചാരണങ്ങളെയും തള്ളി കേരള സർക്കാരിന്റെ രണ്ടാം വാർഷികം ജനങ്ങളുടെ ഉത്സവമായി മാറുകയാണ്.

     
Read more: https://www.deshabhimani.com/articles/ldf-govt-second-anniversary/1090578

No comments:

Post a Comment