കേരളത്തില്‍ നിന്നുള്‍പ്പടെ നിരവധി ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളുമാണ് ഒരോ വർഷവും കാനഡയിലേക്ക് വിമാനം കയറുന്നത്. വിദ്യാർത്ഥികളായി പോവുന്നവർ പഠനശേഷവും ഏതെങ്കിലുമൊരു തൊഴില്‍ മേഖലയിലേക്ക് പ്രവേശിച്ച് പതിയെ കാനഡയില്‍ പിആർ നേടുകയും ചെയ്യുന്നു. പൊതുവെ ബാങ്കിങ്, ആശുപത്രി, ഹോട്ടല്‍, ഐടി തുടങ്ങിയ മേഖലകളിലാണ് പുറത്ത് നിന്നും എത്തുന്നുവർ തൊഴില്‍ അന്വേഷിക്കുന്നത്.
മറ്റ് മേഖലയിലേതെന്ന പോലെ കാനഡയിൽ ഒരു കാർഷിക ജോലി ലഭിക്കുന്നത് നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനും മികച്ച ജീവിത നിലവാരം സ്വന്തമാക്കാനുമുള്ള സാഹചര്യം ഒരുക്കുന്നു. കാർഷിക മേഖല വളർന്നു കൊണ്ടിരിക്കുകയാണെങ്കിലും, കാനഡയിൽ കാർഷിക തൊഴിലാളികളുടെ ഗണ്യമായ കുറവ് നേരിടുന്നു. ഫാമുകളിലോ നഴ്സറികളിലോ ഹരിതഗൃഹങ്ങളിലോ നടത്തുന്ന പ്രാഥമിക കൃഷി, കാനഡയുടെ ജിഡിപിയുടെ 1.6 ശതമാനം സംഭാവന ചെയ്യുകയും 241,500-ലധികം ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്നുണ്ട്.
നിലവിലെ 40 ശതമാനത്തിലധികം കർഷകത്തൊഴിലാളികൾ 2033-ഓടെ ഈ തൊഴില്‍ രംഗം വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സമീപകാല റിപ്പോർട്ട് അനുസരിച്ച്, കാർഷിക മേഖലയിൽ അടിയന്തിരവും അവശ്യവുമായ റോളുകൾ നികത്താൻ കാനഡയ്ക്ക് 30,000 കുടിയേറ്റക്കാരെയെങ്കിലും ആവശ്യമുണ്ട്. നിങ്ങൾ കാർഷിക മേഖലയില്‍ പരിചയമുള്ള ഒരു തൊഴിലാളിയാണെങ്കിൽ, കാനഡയില്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ക്ക് വഴി തുറക്കും.
കന്നുകാലി പരിപാലന മേഖലയില്‍ ആൽബെർട്ട, ഒന്റാറിയോ, നോവ സ്കോട്ടിയ, പ്രിൻസ് എഡ്വേർഡ് ദ്വീപ് എന്നീ പ്രവിശ്യകളിലും സാധാരണ കാർഷിക തൊഴിലാളികള്‍ക്ക് ആൽബെർട്ട, ഒന്റാറിയോ, പ്രിൻസ് എഡ്വേർഡ് ദ്വീപ് എന്നിവിടങ്ങളിലുമാണ് അവസരമുള്ളത്. മത്സ്യം, സമുദ്രോത്പന്ന പ്ലാന്റ് തൊഴിലാളിക്ക് കൂടുതല്‍ അവസരമാവട്ടെ നോവ സ്കോട്ടിയ, പ്രിൻസ് എഡ്വേർഡ് ദ്വീപ് പ്രവിശ്യകളിലുമാണ്.
പല തൊഴിലുടമകളും സീസണൽ കാർഷിക തൊഴിലാളികൾക്ക് താമസസൗകര്യം നൽകുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. കനേഡിയൻമാർ സാധാരണയായി ഓരോ മാസവും താമസ ചെലവുകൾക്കായി 800 മുതൽ 1,800 വരെ ഡോളർ ചിലവഴിക്കേണ്ടി വരും. അതിനാൽ സൗജന്യ താമസസൗകര്യം കാനഡയിലെ നിങ്ങളുടെ ജീവിതച്ചെലവ് ഗണ്യമായി കുറയ്ക്കും. ഒരു തൊഴിൽ ഓഫർ സ്വീകരിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് അർഹതയുള്ള ആനുകൂല്യങ്ങളെക്കുറിച്ച് തൊഴിലുടമകളോട് ചോദിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
ജോബ് ബാങ്ക്, ഫാം ജോബ്‌സ് കാനഡ, മോൺസ്റ്റർ, ഇൻഡീഡ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ ജോബ് പോർട്ടലുകൾ കാനഡയില്‍ ലഭ്യമായ അവസരങ്ങൾ തേടാനുള്ള മികച്ച പോർട്ടലുകളാണ്. ജോലി മുഴുവൻ സമയമാണോ അതോ സീസണൽ ആണോ, ശമ്പള പരിധി, റോളിനായി നിങ്ങളെ നിയമിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്നിവയും പല വെബ്സൈറ്റുകളും വ്യക്തമാക്കുന്നുണ്ട്.
No comments:
Post a Comment