മനോരമേ 'പൊളിച്ചു'!
മന്ത്രി പറഞ്ഞ കണക്ക് തങ്ങൾ പൊളിച്ചെന്നും തങ്ങളുടെ കണക്ക് സ്ഥാപിച്ചുവെന്നുമാണ് മലയാള മനോരമയുടെ ഇന്നത്തെ പൊങ്ങച്ചം. വിഷയം പെർമ്മിറ്റ് ഫീസാണ്. ഏതാണ്ട് ഒരു മാസം മുൻപ് ഏപ്രിൽ 9ന് കെട്ടിട പെർമ്മിറ്റ് ഫീസ് സംബന്ധിച്ച് ഞാൻ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ്, ഏറെ ഗവേഷണ നിരീക്ഷണങ്ങൾക്ക് ശേഷം ഞാൻ പോസ്റ്റ് ചെയ്‌ത പല റെസീപ്റ്റുകളിൽ ഒന്ന് മാത്രമെടുത്ത്, മനോരമ ആ കണക്ക് ശരിയല്ലെന്ന് തെളിയിക്കാൻ വൃഥാ വ്യായാമം നടത്തുന്നു. അതിലേക്ക് വിശദമായി വരാം. അതിന് മുൻപ്, മനോരമ തർക്കമുന്നയിക്കുന്ന ഒരു കാര്യമൊഴിച്ച് ബാക്കി എന്റെ പോസ്റ്റിൽ പറഞ്ഞ മറ്റെല്ലാ നഗരങ്ങളിലെയും പെർമ്മിറ്റ് ഫീസ് സംബന്ധിച്ച കണക്കുകളും രസീതുകളും അംഗീകരിച്ചതിനുള്ള നന്ദി അറിയിക്കട്ടെ.
ഇനി മനോരമ 'പൊളിച്ച' കോയമ്പത്തൂരിലെ ഈ പ്രത്യേക റെസീപ്‌റ്റിന്റെ കാര്യമെടുക്കാം. 130 ചതുരശ്ര മീറ്ററുള്ള കെട്ടിടത്തിന് കേരളത്തിലെ ഒരു കോർപ്പറേഷനിൽ നിലവിൽ അടക്കേണ്ടിവരുന്നത്, 13000 രൂപയാണ്. അപേക്ഷാ ഫീസ് കൂടി ചേർത്താൽ 14000 രൂപ. കോയമ്പത്തൂർ കോർപറേഷനിൽ ഈ സ്ഥാനത്ത് 50,722 രൂപ അടയ്ക്കേണ്ടിവരുന്നു. നാലിരട്ടിക്കടുത്ത് തുക. ഇതിൽ കെട്ടിട നിർമ്മാണ സെസ് ഒഴിവാക്കിയാൽ പോലും 38,022 രൂപ ഫീസുണ്ട്. ഡെബ്രിസ് ഫീസും ഡ്രെയ്നേജ് ഫീസും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മനോരമയുടെ കണ്ടെത്തൽ. റെസീപ്റ്റിലുള്ള വിവരങ്ങളെക്കുറിച്ച് പൂർണ്ണ ബോധ്യത്തോടെയാണ് പോസ്റ്റ് ചെയ്‌തത്. കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഡ്രെയ്നേജ് സംവിധാനമുണ്ട്. കണക്ഷന് കോർപ്പറേഷനുകളിൽ പ്രത്യേക ഫീസ് അടയ്ക്കേണ്ടതില്ല, ഈ കണക്ഷൻ നിർബന്ധവുമല്ല. ഇനി മനോരമയുടെ മനസമാധാനത്തിന് വേണ്ടി ആ രണ്ട് ഫീസുകളും കുറച്ചാൽപ്പോലും കോയമ്പത്തൂരിലെ ഫീസ് 23,322 ആണ്, കേരളത്തിലെ ഫീസിനേക്കാൾ 9322 രൂപാ കൂടുതൽ. ഒന്നുകിൽ മനോരമ കണക്കിൽ കുറച്ചുകൂടി ഗൃഹപാഠം ചെയ്യണം, അല്ലെങ്കിൽ സത്യം പറയാൻ സന്നദ്ധരാകണം.
കോയമ്പത്തൂരിലെ രണ്ട് റസീപ്റ്റുകളാണ് പോസ്റ്റ് ചെയ്‌തത്, ഒന്ന് 2022ലേത് മറ്റേത് 2020 ജനുവരിയിലേത്. പുതിയത് എടുക്കാതെ, 2020ലെ റസീപ്റ്റ് തന്നെ എന്തുകൊണ്ട് മനോരമ എടുത്തു? യാദൃശ്ചികമായി തെരഞ്ഞെടുത്തതല്ല. പുതിയ ഒരു ചാർജ് കൂടി ഇപ്പോൾ കോയമ്പത്തൂർ ഉൾപ്പെടെയുള്ള നഗരങ്ങളിലുണ്ട് എന്നതുതന്നെ കാരണം. 2022 ലെ റെസീപ്റ്റിലെ അവസാന ഹെഡ് നോക്കുക. ഇൻഫ്രാസ്ട്രക്ചർ ആൻഡ് അമിനിറ്റി ചാർജ് ആയി 94910 രൂപയാണ് ഈടാക്കിയിരിക്കുന്നത്. കോയമ്പത്തൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സ്ക്വയർ മീറ്ററിന് 250 രൂപയാണ് ഈടാക്കുന്നത്. 2020 ജനുവരിയിലുള്ള റെസീപ്റ്റിൽ ഈ ഫീസ് ഈടാക്കിയിരുന്നില്ല. ഈ ഫീസ് കൂടി ചേർത്തുവേണം കോയമ്പത്തൂരിലെ നിലവിലെ നിരക്ക് പരിഗണിക്കാൻ. ചെന്നൈയിൽ ഈ ഫീസ് ചതുശ്ര മീറ്ററിന് 300 രൂപയാണ്.
മനോരമ പറയുന്ന എന്റെ അന്നത്തെ പോസ്റ്റിൽ തമിഴ്‌നാട്ടിലെ ഇരുഗൂർ പഞ്ചായത്തിൽ കെട്ടിട നിർമ്മാണ പെർമ്മിറ്റ് ലഭിക്കാൻ നൽകിയ ഫീസിന്റെ രസീത് കൂടിയുണ്ടായിരുന്നു.
പക്ഷെ മനോരമ അത് കണ്ടതേയില്ല. കാരണം 2333 സ്ക്വയർ ഫീറ്റ് വീടിന് ഇരുഗൂർ പഞ്ചായത്തിൽ ഈടാക്കിയത് 48104 രൂപയാണ്. കേരളത്തിൽ ഈടാക്കുന്നതിന്റെ ഇരട്ടിയിലേറെ. എങ്ങനെ ശ്രമിച്ചാലും മനോരമയിലെ, ഷെയ്ൻ വോണിനെ വെല്ലുന്ന സ്‌പിന്നർമാർക്ക് കുത്തിത്തിരിക്കാൻ പറ്റാത്ത കണക്കായിപ്പോയി. അതുകൊണ്ട് അതിൽ തൊട്ടില്ല.
മനോരമ 'പൊളിച്ച' കോയമ്പത്തൂർ വിഷയത്തെക്കുറിച്ച് മന്ത്രി മൗനം പാലിച്ചു എന്നാണ് മറ്റൊരു കണ്ടെത്തൽ. വാർത്താ സമ്മേളനത്തിൽ കോയമ്പത്തൂരിലെ നിരക്കിനെക്കുറിച്ച് ഞാൻ വ്യക്തമായി പരാമർശിച്ചത് മൂടിവെച്ചാണ് ഇന്നത്തെ വീരസ്യം പറച്ചിൽ. മാർഷൽ വി സെബാസ്റ്റ്യൻ ഈ വിഷയത്തെക്കുറിച്ച് ചോദ്യം ഉന്നയിക്കുകയും വ്യക്തമായി മറുപടി പറയുകയും ചെയ്‌തത് വീഡിയോ പരിശോധിച്ചാൽ ആർക്കും കാണാനാകും. ഇത്രയായിട്ടും തങ്ങളുടെ വാദത്തിന് മന്ത്രിക്ക് മറുപടി ഇല്ല എന്ന് സ്വയം അവകാശപ്പെടുന്നതിൽ മനോരമയ്ക്ക് മനസുഖം കിട്ടുമെങ്കിൽ ആകട്ടെ. മാധ്യമങ്ങളുടെ വ്യാജപ്രചാരണത്തെക്കുറിച്ച് ഇന്നലെ പറഞ്ഞപ്പോൾ, മനോരമ എന്ന് പ്രത്യേകം പറയാത്തതുകൊണ്ട് മനസിലാകാതെ പോയതാകാം. ഇന്നിനി അവ്യക്തത ഒന്നും ബാക്കിയുണ്ടാകില്ലല്ലോ? പെർമ്മിറ്റ് ഫീസ് കുറയ്ക്കില്ല എന്ന വലിയ തലക്കെട്ട് മനോരമ കൊടുത്തിട്ടുണ്ട്. കുറയ്ക്കുമെന്നോ കുറയ്ക്കില്ലെന്നോ ഞാൻ പറഞ്ഞിട്ടില്ല. അതിന് കാരണം, അക്കാര്യം സർക്കാർ ചർച്ച ചെയ്‌തിട്ടില്ല എന്നതാണ്. ആ തലക്കെട്ടിന് പിന്നിലും മനോരമയ്ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്.
മനോരമ സർക്കാർ വിരുദ്ധ വാർത്തകളുമായി ഉറഞ്ഞുതുള്ളുകയാണ്. മനോരമയുടെ സമീപനം എത്രത്തോളം നിഷേധാത്മകമാണ് എന്നതിന്റെ മറ്റൊരു തെളിവ് കൂടി ഇന്ന് കാണാം. കേരളത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള ഒറ്റക്കെട്ടായ ഒരു പ്രസ്ഥാനത്തിന് ഇന്നലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതിപക്ഷ ഉപനേതാവും മന്ത്രിമാരുമെല്ലാം പങ്കെടുത്ത യോഗത്തിൽ തീരുമാനിക്കുകയുണ്ടായി. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെക്കുറിച്ചോ, യോഗത്തെക്കുറിച്ചോ ഒറ്റവരി വാർത്ത പോലും മനോരമ ഇന്ന് കൊടുത്തിട്ടില്ല. ദി ഹിന്ദു ഒന്നാം പേജിലും, ഇന്ത്യൻ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ദേശീയ മാധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെയും പ്രസിദ്ധീകരിച്ച വാർത്തയുടെ ഒരു വരി പോലും മനോരമ കൊടുക്കാത്തത് യാദൃശ്ചികമല്ല.
അങ്ങനെയിപ്പോൾ എൽഡിഎഫ് സർക്കാർ കേരളത്തെ മാലിന്യമുക്തമാക്കേണ്ട എന്ന മനോഭാവമല്ലേ ഇതിൽ കാണാനാവുക. പ്രതിപക്ഷം സഹകരിച്ചാലും ഞങ്ങൾ സഹകരിക്കില്ല എന്നതാണോ മനോരമയുടെ മനോഭാവം? ബ്രഹ്മപുരത്തിന് ശേഷം കേരളം മുഴുവൻ ആസിഡ് മഴ പെയ്യുമെന്ന് പ്രചരിപ്പിച്ച മനോരമ, കേരളത്തെ മാലിന്യമുക്തമാക്കാനുള്ള ഒറ്റക്കെട്ടായ പരിശ്രമത്തിന് നേരെ കണ്ണടയ്ക്കുന്നതിലും കാണുന്നത് അന്ധമായ സർക്കാർ വിരോധവും ഇടതുപക്ഷത്തോടുള്ള രാഷ്ട്രീയ ശത്രുതയുമാണ്. അതിന് പ്രത്യേക മരുന്നൊന്നുമില്ല, മനോരമയുടെ വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങളെ നിരന്തരം തുറന്നുകാണിക്കുക എന്നതു മാത്രമേയുള്ളൂ.
Read more: https://www.deshabhimani.com/news/kerala/m-b-rajesh-manorama-fake-news/1089512
No comments:
Post a Comment