Thursday, June 1, 2023

വായ്പാ പരിധി നിർണ്ണണയത്തിലെ പക പോക്കൽ രാഷ്ട്രീയം. Dr.T.M Thomas Isaac



കേരള സർക്കാരിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചത് സംസ്ഥാന വികസനത്തിനു നേരെയുള്ള ബിജെപി കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണമാണ്. നിലവിലുള്ള നിയമ പ്രകാരം സംസ്ഥാന വരുമാനത്തിന്റെ 3 ശതമാനം പൊതുകടമെടുക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. ഈ വർഷം വൈദ്യുതി പരിഷ്കാരങ്ങളുടെ പേരിൽ 0.5 ശതമാനം അധികവായ്പയെടുക്കാം. അങ്ങനെ 3.5 ശതമാനം. എന്നാൽ 2 ശതമാനം വായ്പയേ അനുവദിക്കൂവെന്നാണ് കേന്ദ്ര സർക്കാർ അയച്ചിരിക്കുന്ന ഇണ്ടാസ്.

സംസ്ഥാനത്തിന്റെ പ്രതീക്ഷിത ജിഡിപി 11 ലക്ഷം കോടി രൂപയാണ്. അതിന്റെ 3.5 ശതമാനം 38000 കോടി രൂപവരും. 3 ശതമാനംവച്ച് കണക്കാക്കിയാൽപോലും 33000 കോടി രൂപ വരും. എന്നാൽ ആദ്യത്തെ 9 മാസത്തേക്കായി അനുവദിച്ചിരിക്കുന്ന തുകവച്ച് കണക്കാക്കിയാൽ നമുക്ക് 20-22000 കോടി രൂപയേ വായ്പയായി ലഭിക്കൂ. ഈ വർഷം അർഹതപ്പെട്ടതിൽ 11-13000 കോടി രൂപ കുറച്ചേ കേരളത്തിനു ലഭിക്കൂ.

എന്താണ് ഇതിനു കാരണമായി കേന്ദ്രം പറയുന്നത്?

ഇപ്പോൾ അയച്ച കത്തിൽ കാരണമൊന്നും പറയുന്നില്ല. ആദ്യത്തെ 9 മാസക്കാലത്തേക്ക് 22000 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് 15390 കോടി രൂപയേ ലഭിക്കുകയുള്ളൂവെന്നു മാത്രമുള്ള അറിയിപ്പാണ്. എന്നാൽ കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പയുടെ ഒരു ഭാഗം തട്ടിക്കിഴിച്ചതുകൊണ്ടാണ് ഈ കുറവ് വന്നിരിക്കുന്നത് എന്നാണ് ഊഹം.

എന്തൊരു അന്യായമാണ് ഇത്?

കിഫ്ബി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ബജറ്റിനു പുറത്ത് എടുക്കുന്ന വായ്പകൾ ഇതുവരെ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല. ഇപ്പോഴും കേന്ദ്രത്തിൽ ഇങ്ങനെ എടുക്കുന്ന വായ്പ കേന്ദ്ര സർക്കാരിന്റെ വായ്പയായി കണക്കാക്കുന്നില്ല. പ്രതിവർഷം 3-4 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന തുകയ്ക്കുവേണ്ടി പൊതുമേഖലാ സ്ഥാപനങ്ങൾ വായ്പയെടുത്ത് ചെലവഴിക്കുന്നത്. കേന്ദ്ര സർക്കാർ ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്കു പണം തിരിച്ചുനൽകും. കേരളത്തിന്റെ കാര്യത്തിൽ കിഫ്ബി നടപ്പാക്കുന്ന പ്രൊജക്ടുകൾ ബജറ്റ് അക്കൗണ്ടിൽ ഉൾക്കൊള്ളിച്ചവപോലും അല്ല. എന്നാലും കിഫ്ബിയുടെ വായ്പകൾ സംസ്ഥാന സർക്കാർ വായ്പയായി കണക്കാക്കുമെന്നാണ് കേന്ദ്രം പറയുന്നത്.

ഒരു പുതിയ നിയമം കേന്ദ്ര സർക്കാർ ഉണ്ടാക്കിയിരിക്കുന്നു. സംസ്ഥാനങ്ങളെ മുൻകൂറായി അറിയിച്ച് നടപ്പാക്കേണ്ടുന്ന ഒന്നല്ലേ ഇത്? ഇതിനു പകരം കേരളത്തിൽ ഈ നിയമം മുൻകൂർ പ്രാബല്യത്തോടെ നടപ്പാക്കുകയാണ്. കിഫ്ബി തുടങ്ങിയകാലം മുതൽ എടുത്ത വായ്പകൾ ഭാവിയിൽ ഗഡുക്കളായി സംസ്ഥാനത്തിന്റെ വായ്പയിൽ നിന്നും കിഴിക്കുംപോലും. ഇത് ഒരൊറ്റകാര്യം മാത്രം മതി കേന്ദ്ര സർക്കാരിന്റെ നീക്കം എത്ര ദുരുപധിഷ്ഠിതമാണെന്നു മനസിലാക്കാൻ.

പെൻഷൻ കമ്പനിയുടെ കാര്യം ഇതിലേറെ കൗതുകകരമാണ്. പാവങ്ങൾക്ക് കോവിഡ് കാലത്ത് മാസംതോറും കൊടുക്കുമെന്ന് ഉറപ്പുവരുത്താൻ ഉണ്ടാക്കിയ സംവിധാനമാണിത്. സർക്കാരിന്റെ കൈയിൽ തല്കാലം കാശില്ലെങ്കിൽ പെൻഷൻ ഫണ്ട് വായ്പയെടുത്ത് പെൻഷൻ വിതരണം മുടക്കമില്ലാതെ നടക്കും. സർക്കാർ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഈ വായ്പ തിരിച്ചടയ്ക്കും. ഇങ്ങനെ പെൻഷൻ കമ്പനി 12000 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. ഇതിൽ 10000-ത്തിലേറെ കോടി രൂപ സർക്കാർ തിരിച്ച് അടച്ചിട്ടുമുണ്ട്. എന്നാൽ അസ്സൽ 2000 കോടി അല്ല, മൊത്തത്തിൽ എടുത്ത 12000 കോടി രൂപയാണ് സർക്കാർ അനധികൃതമായി വായ്പയെടുത്തത് എന്നാണ് കേന്ദ്രം വിധിച്ചിരിക്കുന്നത്. അതും ഗഡുക്കളായി ഭാവിയിൽ വെട്ടിക്കുറയ്ക്കുമത്രേ.

കഴിഞ്ഞ വർഷവും ഇത്തരത്തിൽ വെട്ടിക്കുറവു വരുത്തി. അർഹതയുള്ള 3.5 ശതമാനത്തിനു പകരം 2.2 ശതമാനമേ വായ്പയെടുക്കാൻ അനുവദിച്ചുള്ളൂ. ഈ വർഷം അത് 2 ശതമാനമായി കുറച്ചിരിക്കുകയാണ്.

ഇത്ര വലിയ അനീതി നടന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ വലിയൊരു പ്രതിഷേധം ഉയരാത്തത്? യുഡിഎഫും ബിജെപിയും മാധ്യമങ്ങളും ചേർന്ന് കേരളം കടക്കെണിലാണെന്നൊരു ഒരു പൊതുബോധ്യം കേരളത്തിൽ സൃഷ്ടിച്ചിരിക്കുകയാണ്. 39 ശതമാനം കടബാധ്യതയുള്ള കേരളം കടക്കെണിയിലാണെങ്കിൽ 60 ശതമാനം കടബാധ്യതയുള്ള കേന്ദ്ര സർക്കാരല്ലേ കൂടുതൽ കടക്കെണിയിൽ? കേരളത്തിന്റെ വികസന താല്പര്യങ്ങൾക്കെതിരെ ബിജെപിക്ക് കുഴലൂത്ത് നടത്തുന്നവരായി യുഡിഎഫും മാധ്യമങ്ങളും അധ:പതിച്ചിരിക്കുന്നു.

https://m.facebook.com/story.php?story_fbid=pfbid02tJb8mAbp3UZGZFVPHGAuDRWsTnf5e643Z9dauxqiJK6Pa7AgJtbsiAcG6TBztETtl&id=100044138484362&mibextid=Nif5oz

കേന്ദ്ര സർക്കാർ കേരളത്തിന് ഒരു വായ്പാക്കെണി ഒരുക്കിയിരിക്കുകയാണ്. എന്തൊക്കെയാണ് സംസ്ഥാന സർക്കാരിന്റെ വായ്പാ ബാധ്യതകൾ? ഇതു സംബന്ധിച്ച് ഇതുവരെ ഉണ്ടായിരുന്ന നിലപാടുകൾ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി അടിമുടി മാറ്റിയിരിക്കുകയാണ്. മാത്രമല്ല, തങ്ങളുടെ പുതിയ നിലപാട് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനാണു ശ്രമിക്കുന്നത്. ലക്ഷ്യം വളരെ വ്യക്തമാണ്. പശ്ചാത്തലസൗകര്യ പിന്നോക്കാവസ്ഥയ്ക്കു പരിഹാരമായി കേരളം കണ്ടെത്തിയ നൂതന വിഭവസമാഹരണ രീതി അട്ടിമറിക്കുകയാണ്. അതുവഴി സംസ്ഥാനത്തെ വലിയൊരു ധനപ്രതിസന്ധിയിൽ കുടുക്കുകയുമാണു ലക്ഷ്യം. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനകളൊന്നു മാത്രം മതി ഇതിനു തെളിവായി.

സംസ്ഥാന സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും എടുക്കുന്ന വായ്പകൾ അഞ്ച് തരത്തിലുള്ളവയാണ്. 

(1) പൊതുകടം വായ്പ: സംസ്ഥാന സർക്കാർ ബോണ്ടുകൾ ഇറക്കി കമ്പോളത്തിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ കേന്ദ്ര സർക്കാർ വഴി വിദേശത്തു നിന്നോ, കേന്ദ്ര സർക്കാരിൽ നിന്നോ എടുക്കുന്ന വായ്പകളെയാണ് പൊതുകടം വായ്പ അഥവാ പബ്ലിക് ബോറോയിംഗ് എന്നു വിളിക്കുന്നത്. ഈ വായ്പകൾ സർക്കാരിന്റെ സഞ്ചിതനിധിയിലേക്കാണു വരുന്നത്. അതിൽ നിന്നാണു ചെലവഴിക്കുന്നത്.

(2) പബ്ലിക് അക്കൗണ്ട് വായ്പ: സർക്കാരിന് രണ്ട് തരത്തിലുള്ള അക്കൗണ്ടുകളാണ് ഉള്ളത്. സഞ്ചിതനിധി അക്കൗണ്ടും പബ്ലിക് അക്കൗണ്ടും. സർക്കാരിനു ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റുകളും ട്രഷറി സേവിംഗ്സ് ബാങ്കിലെ ഡെപ്പോസിറ്റുകളും ജനങ്ങൾ സർക്കാരിനെ സൂക്ഷിക്കാൻ ഇത്തരത്തിൽ ഏൽപ്പിക്കുന്ന മറ്റു തുകകളും പബ്ലിക് അക്കൗണ്ടിലാണ് വരിക. ഈ അക്കൗണ്ടിൽ അതതു വർഷം ഉണ്ടാകുന്ന അസൽ വർദ്ധന മാത്രമാണ് സംസ്ഥാന സർക്കാരിന്റെ മൂലധന വരുമാനമായി കണക്കാക്കപ്പെടുക. ബജറ്റിൽ ഇതു പ്രത്യേകം രേഖപ്പെടുത്തും.

(3) ഓഫ് ബജറ്റ് ബോറോയിംഗ്: സർക്കാർ ബജറ്റ് അക്കൗണ്ടിൽ ഉൾപ്പെടുത്തി നടത്തുന്ന ചില സ്കീമുകൾക്ക് സർക്കാരിന്റെ കീഴിൽ തൽക്കാലത്തേക്ക് പണം ഉണ്ടാകണമെന്നില്ല. അപ്പോൾ ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളും ഏജൻസികളും വഴി ആ തുകകൾ ചിലവഴിക്കുകയും പിന്നീട് സർക്കാർ ഈ തുക ബജറ്റിൽ നിന്ന് ഏജൻസികൾക്കു നൽകുകയും ചെയ്യും. ഉദാഹരണത്തിന് കേന്ദ്ര സർക്കാർ ധാന്യം സംഭരിക്കുമ്പോൾ പലപ്പോഴും എഫ്.സി.ഐ വഴി വായ്പയെടുത്താണ് പണം നൽകുക. ഇത് ഓഫ് ബജറ്റ് ബോറോയിംഗാണ്. ദേശീയപാത അതോറിറ്റി പോലുള്ളവയ്ക്ക് സർക്കാർ നൽകാനുള്ള പണവും ഇത്തരത്തിൽ അവർ തന്നെ വായ്പയെടുക്കാറുണ്ട്. 

കേരളത്തിലെ പെൻഷൻ കമ്പനിയുടെ വായ്പ ഓഫ് ബജറ്റ് ബോറോയിംഗിന് ഉദാഹരണമാണ്. പെൻഷൻ കൊടുക്കാനുള്ള തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എന്നാൽ താല്ക്കാലികമായി പണം ഇല്ലാത്ത അവസ്ഥ വരും. അപ്പോൾ പെൻഷൻ കമ്പനി വായ്പയെടുത്ത് പെൻഷൻ വിതരണം ചെയ്യും. അത് പിന്നീട് സർക്കാർ പെൻഷൻ കമ്പനിക്കു നൽകും.

(4) എക്സ്ട്രാ ബജറ്ററി വായ്പ: ബജറ്റ് അക്കൗണ്ടിൽ ഉൾപ്പെടുത്താത്തതും എന്നാൽ സർക്കാരിന്റെ ഗ്യാരണ്ടിയുടെയും ധനസഹായത്തിന്റെയും അടിസ്ഥാനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകളെ എക്സ്ട്രാ ബജറ്ററി വായ്പ എന്നു വിളിക്കുന്നു. കിഫ്ബി വായ്പകൾ ഇതിന് ഉദാഹരണമാണ്. കിഫ്ബി പ്രൊജക്ടുകളൊന്നും ബജറ്റിന്റെ ഭാഗമല്ല. കിഫ്ബിയുടെ വരുമാനമോ ചെലവോ സർക്കാർ ബജറ്റ് രേഖകളിൽ വരുന്നില്ല. ചില പ്രൊജക്ടുകൾ നടപ്പിലാക്കാൻ സർക്കാർ കിഫ്ബിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കിഫ്ബി വായ്പെയെടുത്ത് പ്രൊജക്ടുകൾ നടപ്പാക്കും. സർക്കാർ ആന്വിറ്റി മോഡലിൽ കിഫ്ബിക്ക് എല്ലാ വർഷവും മോട്ടോർ വാഹന നികുതിയുടെ പകുതി ഗ്രാന്റായി നൽകും.

(5) സർക്കാർ ഗ്യാരണ്ടിയോ ധനസഹായമോ ഇല്ലാതെ പൊതുമേഖലാ സ്ഥാപനങ്ങൾ നേരിട്ട് എടുക്കുന്ന വായ്പകൾ: ഈ വായ്പകളുടെ ബാധ്യതകൾ ഒരു കാരണവശാലും സർക്കാരിനുമേൽ വരുന്നില്ല. എക്സ്ട്രാ ബജറ്ററി വായ്പകൾ പൊതുമേഖലാ സ്ഥാപനം തിരിച്ചടയ്ക്കുന്നത് സർക്കാരിന്റെ സഹായത്തോടെയാണ്. തിരിച്ച് അടച്ചില്ലെങ്കിൽ അതിനുള്ള ബാധ്യത സർക്കാരിന്റെ ചുമലിൽ വരും. ഇത്തരത്തിലുള്ള ബാധ്യതകൾ സൃഷ്ടിക്കാത്ത പൊതുമേഖലാ വായ്പകളാണ് ഈ ഇനത്തിൽപ്പെടുത്തുക.

ഇതുവരെയുള്ള അംഗീകൃത കണക്കെഴുത്ത് രീതി പ്രകാരം സർക്കാരിന്റെ കടബാധ്യതകൾ ഒന്നും രണ്ടും ഇനങ്ങളിൽപ്പെട്ട വായ്പകളാണ്. ഈ രണ്ട് ഇനങ്ങളെയും ബജറ്റ് കണക്കുകളിൽ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവ രണ്ടും ചേരുന്നതാണ് സർക്കാരിന്റെ ഒരു വർഷത്തെ മൂലധന വരുമാനം. 

ഇപ്പോൾ കേന്ദ്രം പറയുന്നത് മൂന്നും നാലും ഇനങ്ങളിലായി പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകളും കടപരിധി നിശ്ചയിക്കുന്നതിൽ ഉൾപ്പെടുത്തുമെന്നാണ്. ഇതാണ് ഇപ്പോഴുള്ള വിവാദത്തിന്റെ കാതൽ. കേന്ദ്ര സർക്കാരാണ് ഇപ്രകാരം ഓഫ് ബജറ്റ് വായ്പകളും എക്സ്ട്രാ ബജറ്റ് വായ്പകളും കൂടുതലായി എടുക്കുന്നത്. അവയൊന്നും കേന്ദ്ര സർക്കാരിന്റെ കടബാധ്യതകളിൽ ഉൾപ്പെടുത്തുന്നില്ല. എന്നാൽ ഇപ്പോൾ സംസ്ഥാന ധനകാര്യ സ്വാതന്ത്ര്യത്തിനു പൂട്ടിടാൻ ഇവ രണ്ടും സംസ്ഥാന സർക്കാരുകളുടെ കടബാധ്യതയായി കണക്കാക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഇത്തരത്തിൽ എടുക്കുന്ന വായ്പകൾ തുടർന്നുള്ള വർഷത്തിൽ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽനിന്നു കിഴിവ് ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ശ്രദ്ധിക്കേണ്ട കാര്യം ഭാവി വായ്പയല്ല. ഇതുവരെ എടുത്ത വായ്പകൾ മുഴുവൻ തുടർന്നുള്ള വർഷങ്ങളിലാണ് വായ്പാ പരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കാൻ പോകുന്നത്. തങ്ങൾക്ക് ആകാം. സംസ്ഥാനങ്ങൾക്കു പാടില്ലായെന്നാണ് ആ ഇരട്ടത്താപ്പ്. ഈ സംസ്ഥാനവിരുദ്ധ നിലപാടിനെ മന്ത്രി വി. മുരളീധരൻ ന്യായീകരിക്കുന്നതു മനസിലാക്കാം. പക്ഷേ, വി.ഡി. സതീശനും കൂടെച്ചേരുന്നത് എന്തുകൊണ്ടാണ്?

https://m.facebook.com/story.php?story_fbid=pfbid0yH87bqWYEAiiiieDG7TRp4vZqnMkBuRQJ2jT9D1Q7NrR819mX7jzozGAFqVeJZW1l&id=100044138484362&mibextid=Nif5oz

ജൂൺ 1 ആണ് അവസാന തീയതി. അമേരിക്കൻ സർക്കാരിനു കടമെടുക്കാനുള്ള പരിധി 31.4 ലക്ഷം കോടി രൂപയാണ്. മൊത്തം കടം ജൂൺ 1 ആകുമ്പോൾ ഈ പരിധിയിൽ എത്തുമെന്നാണു അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനറ്റ് എല്ലൻ പറയുന്നത്. അമേരിക്കൻ കോൺഗ്രസ് കടപരിധി ഉയർത്താൻ തീരുമാനമെടുത്തില്ലെങ്കിൽ സർക്കാർ സ്തംഭിക്കും. പ്രശ്നം പ്രസിഡന്റ് ബൈഡന് അമേരിക്കൻ കോൺഗ്രസിൽ ഭൂരിപക്ഷം ഇല്ലായെന്നതാണ്. റിപ്പബ്ലിക്കൻകാർ കടപരിധി ഉയർത്താൻ നിബന്ധനകൾ വയ്ക്കുകയാണ്. അവ ബൈനഡ് സ്വീകാര്യമല്ല. ഇനി ദിവസങ്ങളേ ബാക്കിയുള്ളൂ. അതിനുള്ളിൽ ആരാണ് കണ്ണ് ചിമ്മുകയെന്നാണ് ലോകം മുഴുവൻ കാത്തിരിക്കുന്നത്.

കാരണം അമേരിക്കൻ സർക്കാരിന് ജൂൺ 1-നുശേഷം കടമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ശമ്പളം കൊടുക്കാൻ പണം തികയില്ല. അതിലുപരി അമേരിക്കൻ ബോണ്ടുകളുടെ പലിശ നൽകാൻ കഴിയാതെ വരും. അമേരിക്ക തന്നെ കിട്ടാക്കടക്കാരായാൽ അത് ലോകധനകാര്യ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. 

ഇപ്പോൾ എല്ലാ രാജ്യങ്ങളും നിയോലിബറൽ പരിഷ്കാരങ്ങളുടെ ഭാഗമായി കടമെടുപ്പിനു പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയിൽ കേന്ദ്രവും സംസ്ഥാനങ്ങളും ജിഡിപിയുടെ 3 ശതമാനത്തിനപ്പുറം വായ്പയെടുക്കാൻ പാടില്ലായെന്നാണ് നിയമം. ഇതാണ് ഭൂരിപക്ഷം രാജ്യങ്ങളിലും നിലവിലുള്ള വ്യവസ്ഥ. എന്നാൽ അമേരിക്ക ഇതിനൊരു അപവാദമാണ്. അവിടെ ദേശീയ വരുമാനത്തിന്റെ ശതമാനമായിട്ടല്ല കേവലമായ ഒരു സംഖ്യയാണ് കടമെടുപ്പിന് പരിധിയായി നിശ്ചയിക്കുക. 1917-ലാണ് ഇത്തരമൊരു നിയമം അമേരിക്ക പാസ്സാക്കിയത്. എല്ലാ വർഷവും അമേരിക്കൻ കോൺഗ്രസ് ഇത് കുറച്ച് ഉയർത്തിക്കൊടുക്കും. പ്രസിഡന്റിനുമേലുള്ള ഒരു സുപ്രധാന ഭരണഘടനാ നിയന്ത്രണമായിട്ടാണ് കടപരിധി ഉയർത്തുന്നതിനുള്ള അധികാരത്തെ കരുതുന്നത്. 

ഈ ചട്ടം അമേരിക്കൻ കടം വർഷംതോറും ഉയരുന്നതിന് ഒരു തടസവും സൃഷ്ടിച്ചിട്ടില്ലായെന്ന് ചിത്രമായി കൊടുത്തിരിക്കുന്ന ചാർട്ടിൽ നിന്ന് കൃത്യമായി കാണാവുന്നതാണ്. 2010-ൽ 13 ലക്ഷം കോടി രൂപയായിരുന്നു അമേരിക്കൻ സർക്കാരിന്റെ കടം. 2017 ആയപ്പോൾ അത് 20 ലക്ഷം കോടി രൂപയായി. ഇപ്പോൾ 2023 ആയപ്പോൾ അത് 31 ലക്ഷം കോടി രൂപയായി. അമേരിക്കയുടെ കടം അവരുടെ ദേശീയ വരുമാനത്തിന്റെ 125 ശതമാനം വരും. 

എന്താണ് കടപരിധി ഉയർത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്കാരുടെ തടസ്സവാദം?

സർക്കാരിന്റെ കടം വർദ്ധിച്ചുവരുന്നത് തെറ്റാണെന്നാണ് അവർ വാദിക്കുന്നത്. പക്ഷേ, സർക്കാരിന്റെ കമ്മി നികത്താൻ നികുതി വർദ്ധിപ്പിക്കുന്നതിന് അവർ തയ്യാറല്ല. മറിച്ച്, സർക്കാരിന്റെ ചെലവുകൾ വെട്ടിച്ചുരുക്കണമെന്നതാണ് അവരുടെ നിലപാട്. ചിത്രത്തിൽ താഴത്തെ ഭാഗത്ത് അമേരിക്കൻ പ്രതിരോധ ബജറ്റിന്റെ എത്ര ശതമാനം പലിശ വരുമെന്നാണ് സൂചിപ്പിക്കുന്നത്. സാധാരണഗതിയിൽ 2000 വരെ ഇത് പ്രതിരോധ ബജറ്റിന്റെ ഏതാണ് പകുതിയേവരൂ. 2010 ആയപ്പോൾ അത് ഏതാണ്ട് പ്രതിരോധ ബജറ്റിനു തുല്യമായി. ഇപ്പോൾ പ്രതിരോധ ബജറ്റിനേക്കാൾ 30 ശതമാനം കൂടുതലാണ്. ഈ സ്ഥിതിവിശേഷം ഒഴിവാക്കാൻ കടഭാരം കുറയ്ക്കണം. ചെലവു ചുരുക്കണം

ബൈഡൻ ചെലവ് ചുരുക്കാൻ തയ്യാറല്ല. ഒരു തെരഞ്ഞെടുപ്പ് വരികയാണ്. ചെലവ് ചുരുക്കിയാൽ അത് ആത്മഹത്യാപരമായിരിക്കും. എന്നാൽ ബൈഡനും പണക്കാരുടെമേൽ നികുതി ചുമത്താൻ തയ്യാറല്ല. അതുകൊണ്ട് കൂടുതൽ കടം അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.

സാധാരണഗതിയിൽ അവസാനദിവസങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാവുകയാണ് പതിവ്. എന്നാൽ ഇത്തവണ ട്രമ്പിന്റെ അനുയായികൾ രണ്ടുംകല്പ്പിച്ചാണ്. അമേരിക്കൻ ചരിത്രത്തിൽ ഒരിക്കലേ കടം വാങ്ങാൻ കഴിയാതെ സർക്കാർ പ്രതിസന്ധിയിൽ ആയിട്ടുള്ളൂ. അത് 1995-96 വർഷത്തിൽ ബിൽ ക്ലിന്റന്റെ കാലത്താണ്. 10 ലക്ഷം ജീവനക്കാരെ താല്ക്കാലികമായി ലേഓഫ് ചെയ്യേണ്ടി വന്നു. ഇത്തവണ കാര്യങ്ങൾ കുറച്ചുകൂടി ഗൗരവമാണ്. പലിശ നിരക്ക് വളരെ ഉയരത്തിലാണ്. ഇത് ഇനിയും കുത്തനെ ഉയരുകയും മാന്ദ്യത്തെ രൂക്ഷപ്പെടുത്തുകയും ചെയ്യാം. കമ്പോളത്തിൽ അമേരിക്കയിലുള്ള വിശ്വാസത്തിന് ഇളക്കംതട്ടും. അത് ഡോളറിനെയും പ്രതികൂലമായി ബാധിക്കാം. അടുത്ത 2-3 ദിവസങ്ങൾ നിർണ്ണായകമാണ്.

https://m.facebook.com/story.php?story_fbid=pfbid02LUcPDUKHpBZb2WMxit2N4mbP3VtGdG3h1dC4TsxX1Y41P9smHmr8V6qqLhNc67C7l&id=100044138484362&mibextid=Nif5oz





No comments:

Post a Comment