സമുദായപരിഷ്കരണത്തോടൊപ്പം ആധ്യാത്മികമായ നവീകരണവും വിഭാവനംചെയ്തു എന്നതാണ് പൊയ്കയിൽ അപ്പച്ചനെന്ന ശ്രീകുമാരഗുരുദേവന്റെ പ്രവർത്തനം ശ്രദ്ധേയമാകുന്നത്. ചരിത്രമെഴുത്തിൽ നിലനിന്നിരുന്ന സവർണ ആധിപത്യത്തെയും കൊളോണിയൽ മേധാവിത്വത്തെയും അവ എഴുത്തിൽ സൃഷ്ടിക്കുന്ന വൈരുധ്യങ്ങളെയും താരതമ്യേന സാവധാനത്തിൽ മറികടക്കുന്ന സവിശേഷചരിത്രം പൊയ്കയിൽ അപ്പച്ചന്റെ പ്രസ്ഥാനത്തിനുണ്ട്. ചരിത്രവായനയുടെ ദശാസന്ധിയിൽ ഇപ്രകാരമൊരു സാമൂഹ്യവിമർശം പൊയ്കയിൽ ശ്രീകുമാരഗുരു തന്നെ മറ്റൊരുവിധത്തിൽ പാട്ടിലൂടെ ഉയർത്തുന്നുണ്ട്.
“കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ
എന്റെ വംശത്തിൻ കഥയെഴുതി വച്ചീടാൻ
ഉർവ്വിയിലൊരുവരുമില്ലാതെ പോയല്ലേ”
എല്ലാ പ്രത്യയശാസ്ത്രങ്ങളും ആത്മീയ ചിന്താപദ്ധതികളും തള്ളിക്കളഞ്ഞ ഒരു ജനതയെയും വംശത്തെയും അഭിസംബോധന ചെയ്തുകൊണ്ടാണ് നിലനിന്നിരുന്ന സാമൂഹ്യാവസ്ഥയോട് വിയോജനം രേഖപ്പെടുത്തുന്നത്. കൊല്ലവർഷം 1054 കുംഭമാസത്തിൽ മധ്യതിരുവിതാംകൂറിൽ ഇന്നത്തെ പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ എന്ന ഗ്രാമത്തിലാണ് പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ ജനനം. ഇരവിപേരൂരിലെ സിറിയൻ ക്രൈസ്‌തവജന്മി കുടുംബമായിരുന്ന ശങ്കരമംഗലംകാരുടെ അടിമവേലക്കാരായിരുന്നു കുടുംബം. അച്ഛനമ്മമാർ നൽകിയ പേര് ‘കുമാരൻ’ എന്നായിരുന്നുവെങ്കിലും അന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ കീഴാളനായിരുന്നതിൽ ‘കൊമാരൻ’ എന്നാണ് വിളിക്കപ്പെട്ടത്.
അടിമയനുഭവങ്ങളെ ചരിത്രപരമായി അടയാളപ്പെടുത്തിയും അന്തസ്സിന്റെയും സ്വാഭിമാനത്തിന്റെയും സ്വാശ്രയജീവിതത്തിന്റെയും മൂല്യബോധ്യങ്ങളെ ഉൾക്കൊണ്ടും പാരതന്ത്ര്യത്തിന്റെ എല്ലാവിധ രൂപങ്ങളോടും കലഹിച്ചുമാണ് പൊയ്കയിൽ അപ്പച്ചൻ അടിസ്ഥാനജനതയോട് സംവദിച്ചത്. അധഃസ്ഥിതർ നേടിയെടുക്കേണ്ട പദവി, തങ്ങളുടെ പൊതുവിനിമയങ്ങളിലൂടെയും വൈയക്തികമായ പെരുമാറ്റത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തി. മാനവസമൂഹം ഏറെ വികസിതമായ ഇക്കാലത്ത് അപ്രസക്തമെന്നു തോന്നുമെങ്കിലും, അക്കാലഘട്ടത്തിലെ അപരിഷ്കൃതമായ ജീവിതസാഹചര്യങ്ങൾ മറികടക്കാൻ ഈ ഉപദേശങ്ങൾ അനിവാര്യമായിരുന്നു. വ്യക്തിശുചിത്വം പാലിക്കുക, അലക്കിവെളുപ്പിച്ച വസ്ത്രം ധരിക്കുക, നികൃഷ്ടമായ ഭക്ഷണം ഉപേക്ഷിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കുളി കഴിഞ്ഞുമാത്രം ഭക്ഷണം പാകം ചെയ്യുക, ചീത്തവാക്കുകൾ പറയാതിരിക്കുക, അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉപേക്ഷിക്കുക തുടങ്ങി വളരെ പ്രായോഗികമായ ഉപദേശങ്ങളായിരുന്നു ഇതിൽ ചിലത്.
പതിനെട്ടാം നൂറ്റാണ്ടിലെ മധ്യതിരുവിതാംകൂർ കേന്ദ്രികരിച്ചുണ്ടായ വ്യാപകമായ ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങൾമൂലം വലിയതോതിൽ മതപരിവർത്തനം നടക്കുകയുണ്ടായി. ജാതിവ്യവസ്ഥയിൽ അയിത്തജാതിക്കാർക്കു നേരിടേണ്ടി വരുന്ന പീഡനങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെയുള്ള പ്രതികരണമായും ഈ വിശ്വാസമാറ്റത്തെ പരിഗണിക്കാവുന്നതാണ്. മതം മാറി ക്രിസ്തുമതം സ്വീകരിച്ചിട്ടും അവിടെയും നിലനിന്ന ജാതിവിവേചനത്തെ വിമർശിക്കുന്ന ഒട്ടേറെ പാട്ടുകളുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ക്രൈസ്തവ മിഷണറികൾക്കിടയിൽ പൊയ്കയിൽ അപ്പച്ചന്റെ പ്രവർത്തനങ്ങൾ ഒട്ടേറെ ആത്മസംഘർഷങ്ങളെ സൃഷ്ടിച്ചു. തുടർന്ന് പല കാലങ്ങളിലായി പോപ്പുലർ അസംബ്ലിയിലും ശ്രീമൂലം പ്രജാസഭയിലും അംഗമായി നടത്തിയ പ്രസംഗങ്ങളും സമർപ്പിച്ച നിവേദനങ്ങളും കീഴാളരുടെ സാമൂഹ്യചലനാത്മകതയ്ക്കും അതിജീവനത്തിനും സവിശേഷമായ ചരിത്രാനുഭവങ്ങളാണ്. വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം അടക്കമുള്ള മനുഷ്യാവകാശങ്ങൾക്കുവേണ്ടി ശബ്ദം ഉയർത്താൻ കഴിഞ്ഞിരുന്നു. കേരളചരിത്രത്തിൽ ആദ്യമായി കീഴാള ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങളുടെ സ്ഥാപനം, തൊഴിൽശാലകളുടെ ആരംഭം, വിവിധ പ്രദേശങ്ങളിൽ വിലകൊടുത്തു സമ്പാദിക്കുന്ന ഭൂമി എന്നീ പ്രവർത്തനങ്ങൾ ആധുനികമായ ഒരു സമൂഹനിർമിതി ലക്ഷ്യംവച്ചുകൊണ്ടുള്ളതായിരുന്നു. പിആർഡിഎസ് സഭയുടെ ആധ്യാത്മിക വ്യാഖ്യാനങ്ങളും പാഠങ്ങളും വികസിച്ചു വന്നത് വ്യത്യസ്ത കാലഘട്ടങ്ങളിൽ ശ്രീകുമാരഗുരുദേവൻ നടത്തിയ യോഗങ്ങളിലൂടെയും രൂപപ്പെടുത്തിയ പാട്ടുകളിലൂടെയുമാണ്. ഇവിടെ ചരിത്രത്തിൽ ഇടമില്ലാതെ പോയ അനേകം മനുഷ്യരുടെ പ്രതിനിധാനമായും വിമോചനമായും ശ്രീകുമാരഗുരു അടയാളപ്പെടുന്നു.
Read more: https://www.deshabhimani.com/articles/poykayil-appachan-sreekumaragurudevan/1074357
No comments:
Post a Comment