Thursday, February 16, 2023

കേന്ദ്ര ബജറ്റ് 2023 ഇന്ത്യന്‍ ജനതയ്ക്ക് നല്‍കുന്നത് കുരുക്കുകള്‍ ജയതി ഘോഷ്

 


കേന്ദ്ര സര്‍ക്കാരിന്‍റെ നിലവിലുള്ള യഥാര്‍ഥ വരുമാനത്തിന്‍റെയും നിര്‍ദ്ദിഷ്ട  വരുമാന വര്‍ധനവിനും ചെലവഴിക്കലിനുമുള്ള പദ്ധതികളുടെയും പ്രസ്താവനയെന്ന നിലയില്‍ മാത്രമല്ല പൊതുവില്‍ വാര്‍ഷിക ബജറ്റുകള്‍ കരുതപ്പെടുന്നത്; സര്‍ക്കാരിന്‍റെ പൊതുസാമ്പത്തികനയം വ്യക്തമാക്കല്‍ കൂടിയാണത്. അങ്ങനെയായിരിക്കെ ഈ വര്‍ഷത്തെ ബജറ്റ് നല്‍കുന്ന സൂചന അല്‍പ്പവും ശുഭകരമല്ല.

മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങളൊന്നും നടത്താതെ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനും വിജയിക്കാനും കഴിയുന്നതെങ്ങനെയെന്ന് നരേന്ദ്രമോദി ഗവണ്‍മെന്‍റ് തീരുമാനിച്ചിരിക്കുന്നൂവെന്നാണ് തോന്നുന്നത്- പ്രത്യേകിച്ചും തിരഞ്ഞെടുപ്പടുത്തിരിക്കുന്ന അവസരത്തില്‍; ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ഗവണ്‍മെന്‍റ്. (ആസന്നമായ തിരഞ്ഞെടുപ്പിനെ നേരിടാന്‍ മറ്റു തന്ത്രങ്ങള്‍ പ്രയോഗിക്കാനാണ് സാധ്യത). ജനങ്ങളുടെ ജീവിതദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനുപകരം, ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുന്നത് പശ്ചാത്തലവികസനത്തിനായുള്ള നിക്ഷേപത്തില്‍ മാത്രമാണ്; ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ അനുകൂലമായ ചില ചലനങ്ങള്‍ അതുണ്ടാക്കിയേക്കാം; എന്നാല്‍ തല്‍ക്കാലത്തേക്ക് ചുരുക്കം ചില ആളുകള്‍ക്ക് ലാഭം (കൈക്കൂലി) ഉണ്ടാക്കാനേ അതുകൊണ്ട് കഴിയൂ.

സാമ്പത്തികസര്‍വെ ഇതിനകംതന്നെ വ്യക്തമാക്കിയിരിക്കുന്നത് ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ ഗവണ്‍മെന്‍റിന് ഒന്നും ചെയ്യാനില്ലായെന്നാണ്. മൊത്തത്തിലുള്ള തൊഴിലവസരനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന കാര്യം ഓര്‍ക്കുക; ഔപചാരിക തൊഴിലവസരങ്ങള്‍ കുറഞ്ഞുവരികയാണ്; തൊഴില്‍ നഷ്ടമാകട്ടെ, ഏറ്റവുമധികം "ചലനാത്മക"മെന്ന് കരുതപ്പെടുന്ന വിവരസാങ്കേതികവിദ്യ (ഐടി) പോലെയുള്ള മേഖലകളെപ്പോലും ബാധിക്കുകയാണ്; ഇടത്തരം കൂലിവേല രണ്ടുവര്‍ഷം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ കുറവാണ്; ഔദ്യോഗിക സര്‍വെകളില്‍ കാണുന്നത് പേടിപ്പെടുത്തും വിധമുള്ള പോഷകാഹാര സൂചകങ്ങളാണ്; മുഴുപ്പട്ടിണിയിലായവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നാണ് സൂക്ഷ്മ സര്‍വെകള്‍ (Micro Surveys) വെളിപ്പെടുത്തുന്നത്. എന്നാല്‍ ധനമന്ത്രാലയത്തെ സംബന്ധിച്ചിടത്താളം ഇതിനെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്തുന്നില്ല; തന്നിഷ്ടപ്രകാരം തയ്യാറാക്കുന്ന ഔദ്യോഗിക ഡാറ്റകള്‍ സമാന്തരമായി പടച്ചുവിട്ടുകൊണ്ടിരിക്കുകയാണ്- അതുപ്രകാരം 2014 മുതലുള്ള കാലഘട്ടം (അതിനുമുന്‍പ് 1999-2004ലെ എ ബി വാജ്പേയി ഗവണ്‍മെന്‍റിന്‍റെ ഭരണകാലവും) എല്ലാ വെല്ലുവിളികളുമുണ്ടായിട്ടും ഇന്ത്യന്‍ സമ്പദ്ഘടനയുടെ സുവര്‍ണകാലമാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, "എല്ലാം മാറിമറഞ്ഞിരിക്കുന്നു"; ആഗോളസാമ്പത്തിക പ്രശ്നങ്ങളില്‍നിന്ന് നമ്മെ  എങ്ങനെ രക്ഷിച്ചുമാറ്റി നിര്‍ത്താമെന്നതുമാത്രമാണ് നമ്മുടെ ഒരേയൊരു ഉല്‍ക്കണ്ഠ; കാരണം പ്രത്യക്ഷത്തില്‍ നമ്മുടേതായ പ്രശ്നങ്ങളൊന്നുംതന്നെ നമുക്കില്ല എന്നാണവര്‍ പറയുന്നത്.

പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പ്: 2023-24 ലെ യൂണിയന്‍ ബജറ്റിലെ മിക്കവാറും സംഖ്യകള്‍-വരുംവര്‍ഷത്തെ പ്രഖ്യാപിതലക്ഷ്യത്തെ സംബന്ധിച്ചും "പുതുക്കിയ എസ്റ്റിമേറ്റ്" എന്നു വിളിക്കപ്പെടുന്ന 2022-23 സാമ്പത്തികവര്‍ഷത്തെ സംബന്ധിച്ചുമുള്ള കണക്കുകള്‍ ഒരേപോലെ-സംശയാസ്പദമാണ് എന്ന കാര്യം നാം ഓര്‍മിക്കണം. നിലവിലെ സാമ്പത്തികവര്‍ഷത്തെ കണക്കുകള്‍ 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ലഭ്യമായ (ഇപ്പോഴും ഇവ പ്രാരംഭംമാത്രമാണ്) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്; അതായത് 2023 ജനുവരിയിലെ കണക്കുകള്‍. ധനമന്ത്രാലയത്തിനുപോലും ഇപ്പോഴും ലഭ്യമായിട്ടില്ല; ഫെബ്രുവരിയും മാര്‍ച്ചും മാസങ്ങള്‍ വരുന്നതേയുള്ളൂ. തന്നാണ്ടിലെ അവസാനപാദത്തെ കണക്കുകള്‍ ഇപ്പോഴും അജ്ഞാതമായിരിക്കെ ധനമന്ത്രാലയത്തിന് തന്നിഷ്ടംപോലെ ഒരുവര്‍ഷത്തെയാകെ കണക്ക് അവതരിപ്പിക്കാനാകും. അതുകൊണ്ട് നിറവേറ്റേണ്ടതെന്തെല്ലാം, എന്തൊക്കെയാണ് വരവും ചെലവും ധനക്കമ്മിയന്നുമെല്ലൊമുള്ള കാര്യങ്ങള്‍ ധനമന്ത്രാലയത്തിന് യഥേഷ്ടം പൂരിപ്പിക്കാം. ഇവയ്ക്കെല്ലാം ആസ്പദമാക്കിയിട്ടുള്ള അനുമാനങ്ങളെ സംബന്ധിച്ച് കൃത്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിലുള്ള സൂക്ഷ്മപരിശോധനയൊന്നുമില്ലാതെതന്നെ വരുംവര്‍ഷത്തേക്കുള്ള കണക്കുകളും തോന്നിയതുപോലെ ധനമന്ത്രാലയത്തിനു പ്രഖ്യാപിക്കാനുമാകും.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, 2023-24ലെ ബജറ്റില്‍ നല്‍കിയിട്ടുള്ള കണക്കുകള്‍ ചുരുങ്ങിയപക്ഷം അത്ഭുതകരമെങ്കിലുമാണ്. വളരെയേറെ കാലത്തിനിടയില്‍ അനുപേക്ഷണീയമായ സാമൂഹികമേഖലയിലെ ചെലവുകള്‍ നിഷ്ഠുരമായവിധം ഇങ്ങനെ വെട്ടിക്കുറയ്ക്കുന്ന അനുഭവം നമുക്ക് ഉണ്ടായിട്ടേയില്ല; നിശ്ചയമായും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ഇത്തരത്തിലൊന്ന് സംഭവിച്ചിട്ടേയില്ല. പ്രത്യേകിച്ച് നാട്ടിന്‍പുറങ്ങളിലെ ദരിദ്ര്യരുടെ തൊഴിലവസരങ്ങള്‍ കുറയുകയും യഥാര്‍ഥവേതനം ഇടിയുകയും ചെയ്യുന്ന അവസരത്തില്‍ ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിക്കുള്ള വകയിരുത്തല്‍ തന്നാണ്ടിലേയ്ക്കുള്ള ചെലവഴിക്കലിന്‍റെ മൂന്നിലൊന്നോളം വെട്ടിക്കുറച്ചിരിക്കുകയാണ്; 60,000 കോടി രൂപമാത്രമാണ് അതിനായി വകയിരുത്തിയിട്ടുള്ളത്. പീപ്പിള്‍സ് ആക്ഷന്‍ ഫോര്‍ എംപ്ലോയ്മെന്‍റ് ഗാരന്‍റി എന്ന സംഘടന കണക്കാക്കുന്നതനുസരിച്ച് ഏറ്റവും കുറഞ്ഞത് 2,72,000 കോടി രൂപയെങ്കിലും അടുത്തവര്‍ഷത്തേക്ക് വകയിരുത്തേണ്ടതാണ്; എങ്കില്‍ മാത്രമേ ഈ പദ്ധതിപ്രകാരം തന്നാണ്ടില്‍ ജോലി ചെയ്തവര്‍ക്കെങ്കിലും വാഗ്ദാനമനുസരിച്ചുള്ള 100 ദിവസത്തെ ജോലിക്ക് വേണ്ട തുക തികയുകയുള്ളൂ. ഇപ്പോള്‍ വകയിരുത്തിയിട്ടുള്ളതാകട്ടെ ഏകദേശം അതിന്‍റെ അഞ്ചിലൊന്നു മാത്രമാണ്.

ഭക്ഷ്യസബ്സിഡിക്കായുള്ള വകയിരുത്തലില്‍ വന്‍തോതിലുള്ള വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്; പോഷണക്കുറവും കൊടുംപട്ടിണിയും കൊണ്ട് ജനങ്ങള്‍ നട്ടംതിരിയുന്നതായി തെളിവുകളെല്ലാം വ്യക്തമാക്കിക്കൊണ്ടിരിക്കെ മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് മൂന്നിലൊന്നോളം കുറവ് വരുത്തുന്നത് ഭീകരമാണ്. നാഷണല്‍ ഹെല്‍ത്ത് മിഷനുവേണ്ടിയുള്ള വകയിരുത്തല്‍ വര്‍ധിപ്പിച്ചതുതന്നെ നാണയപ്പെരുപ്പവുമായി അല്‍പ്പവും പൊരുത്തപ്പെടുന്ന വിധത്തിലല്ല; യഥാര്‍ഥ തുക കണക്കാക്കിയാല്‍ അത് കുറവാണെന്നു കാണാം; പ്രതിശീര്‍ഷ ചെലവുകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ വെട്ടിക്കുറവ് അതിലും ഭീകരമാണ്. പി എം സ്വസ്ഥ്യ സുരക്ഷാ യോജന എന്ന ഏറെ കൊട്ടിഘോഷിക്കപ്പെട്ട പൊതുജനാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഈ വര്‍ഷത്തേക്ക് വകയിരുത്തിയത് 10,000 കോടി രൂപയാണ്; എന്നാല്‍ യഥാര്‍ഥത്തില്‍ 8,270 കോടി രൂപമാത്രമേ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. വരുംവര്‍ഷത്തേക്ക് വകയിരുത്തിയതാകട്ടെ, വെറും 3365 കോടി രൂപയാണ്! അപ്പോള്‍ നിലവിലുള്ള സ്കീമനുസരിച്ച് ഇപ്പോള്‍ ഈ സ്കീം ബാധകമായിട്ടുള്ള എല്ലാ ദൗര്‍ഭാഗ്യവാന്മാര്‍ക്കും എന്തു സംഭവിക്കും- അവരുടെ "ഇന്‍ഷുറന്‍സ്" വെറുതെ ലാപ്സായി പോകുമോ?

ലോകത്തിലെ മിക്കവാറുമെല്ലാ രാജ്യങ്ങളും മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസത്തില്‍ കുട്ടികള്‍ക്കുണ്ടായ  നഷ്ടം പരിഹരിക്കുന്നതിന് സ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള പൊതുചെലവഴിക്കലില്‍  ശ്രദ്ധേയമായ വര്‍ധനവ് വരുത്തിയിട്ടുണ്ട്; എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് അങ്ങനെ ചെയ്തതേയില്ല. അതിനുപകരം, 2022-23ലേക്കുള്ള 63,449 കോടി രൂപയുടെ ബജറ്റ് എസ്റ്റിമേറ്റ് 4,396 കോടി രൂപയുടെ കുറവ് വന്നതിനാല്‍ ആവശ്യത്തിനു തികയില്ല. വരുംവര്‍ഷത്തേക്കുള്ള ബജറ്റ് വകയിരുത്തലില്‍ കേവലം 5,356 കോടി രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്; അതാകട്ടെ, പ്രതീക്ഷിതനാണയപ്പെരുപ്പവുമായി പൊരുത്തപ്പെടുന്നതിനുവേണ്ടി മാത്രമാണ്. ഉന്നത വിദ്യാഭ്യാസത്തിനായുള്ള വകയിരുത്തലില്‍ 3,267 കോടിരൂപ വര്‍ധിപ്പിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്; ഇതിലും യഥാര്‍ഥത്തിലുള്ള വര്‍ധന വരുത്തിയിട്ടില്ല.

കൃഷിയെ സംബന്ധിച്ച് കല്‍പ്പാന്തകാലത്തുനിന്ന് സംസാരിക്കുന്നതുപോലെയാണ് ധനമന്ത്രി ചെലവഴിക്കുന്നതെന്ന് തോന്നുന്നു- എന്നാല്‍,ഗ്രാമീണവികസനകാര്യത്തിലെന്നപോലെ കൃഷിക്കായുള്ള മൊത്തം ബജറ്റ് വകയിരുത്തലും കുറവാണ്. ചിലതിനെല്ലാമുള്ള വെട്ടിചുരുക്കല്‍ ശ്രദ്ധേയമാണ്. കമ്പോളവിലകള്‍ നിശ്ചിത മിനിമം നിലവാരത്തിലും കുറഞ്ഞുവരുമ്പോള്‍ കൃഷിക്കാരെ പിന്തുണയ്ക്കാനായി നല്‍കുന്നതെന്ന് കരുതപ്പെടുന്ന വിപണി ഇടപെടല്‍ പദ്ധതി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വലിയ ആഘോഷമായാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍, ആ പദ്ധതിക്കായുള്ള വകയിരുത്തല്‍ 1500 കോടി രൂപയില്‍നിന്നും വെറും ഒരു ലക്ഷം രൂപയായി കുറച്ചിരിക്കുന്നു! (ശരിയായി തന്നെ നിങ്ങളിത് വായിക്കുക- ഇത് അച്ചടിപ്പിശകൊന്നുമല്ല കേട്ടോ!) ധനമന്ത്രി പ്രഖ്യാപിച്ചത് പി എം കിസാന്‍ പദ്ധതിപ്രകാരം നല്‍കുന്ന തുക ഓരോ കൃഷിക്കാരനും 6000 രൂപയായിരുന്നത് 8000 രൂപയായി വര്‍ധിപ്പിക്കുമെന്നാണ്; ഇത് കൃത്യമായും തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ചില ആനുകൂല്യങ്ങളിലൊന്നാണ്- എന്നാല്‍ അത് ബജറ്റിലെ ചെലവഴിക്കല്‍ ഭാഗത്ത് പ്രതിഫലിച്ചിട്ടില്ല; മുന്‍വര്‍ഷത്തെപ്പോലെ 60,000 കോടി രൂപ തന്നെയാണ് ഈ വര്‍ഷവും നീക്കിവച്ചിട്ടുള്ളത്.

ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന മൂലധന ച്ചെലവിലെ കണക്കും ഈ ധനമന്ത്രിയുടെ ഭരണകാലയളവില്‍ സുവിദിതമാണല്ലോ. ഉദാഹരണത്തിന്, എണ്ണക്കമ്പനികള്‍ക്കുള്ള പിന്തുണ "ഹരിതചുവടുമാറ്റത്തിനുള്ള ഫണ്ടിന് ചെയ്യാനുള്ള മൂലധനച്ചെലവിനു" കീഴിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്!

സംസ്ഥാന സര്‍ക്കാരുകളുടെ മൂലധനച്ചെലവിനു വേണ്ട ധനസമാഹരണത്തിനായി അവയ്ക്ക് വലിയതോതില്‍ ഫണ്ടുകള്‍ നല്‍കുകയാണെന്ന പ്രഖ്യാപനമാണ് ഏറ്റവും വലിയ ചതികളിലൊന്ന്. വാസ്തവത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള മൊത്തം നീക്കിവെയ്പ് വെട്ടിക്കുറച്ചിരിക്കുകയാണ്. 2021-22ല്‍ ഇത്തരം നീക്കിവെയ്പിനുള്ള മൊത്തം തുക 4,60,575 കോടി രൂപയാണ്; എന്നാല്‍ 2022-23 ബജറ്റില്‍ ഇത് 3,67,204 കോടി രൂപയായി കുറച്ചു; പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഈ വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നത് 3,07,204 കോടി രൂപ മാത്രമാണ്. 2023- 24ലെ ബജറ്റ് പ്രകാരം ഇത് 3,59,470 കോടി രൂപയാണ്. അതേസമയം നികുതി വരുമാനത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വരുംവര്‍ഷത്തെ ബജറ്റില്‍ 30.4% മാത്രമാണ്; 2021-22ലെ 33.2% ത്തില്‍നിന്നാണ് ഇത്തരത്തില്‍ കുറവുചെയ്തത്; 14-ാം ധനകമ്മീഷന്‍ വാഗ്ദാനം ചെയ്ത 42 ശതമാനത്തെ അപേക്ഷിച്ച് വളരെ വലിയ കുറവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്.

സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇതെല്ലാംതന്നെ വളരെ മോശപ്പെട്ട വാര്‍ത്തകളാണ്. ആഭ്യന്തരചോദനത്തിന്‍റെ കാര്യത്തിലും ഇതാണവസ്ഥ; കാരണം ഇത് ജനങ്ങളുടെ ഉപഭോക്തൃ ചോദനത്തെ നേരിട്ട് ബാധിക്കും. ഇതിനകം തന്നെ ഇത് വ്യാവസായിക ഉല്‍പ്പാദനത്തെ ബാധിച്ചുകഴിഞ്ഞു; 2021-22ലെ സ്ഥിരോപയോഗത്തിനുള്ള ഗാര്‍ഹികോപകരണങ്ങളുടെ ഉല്‍പ്പാദനം 2018-19ലേതിനെക്കാള്‍ 13 ശതമാനം കുറവാണ്; സ്ഥിരോപയോഗത്തിനുള്ള ഉപഭോഗചരക്കുകളുടെ ഉല്‍പ്പാദനത്തില്‍ ഇതേ കാലത്ത് മുന്‍വര്‍ഷത്തേക്കാള്‍ ഒരു ശതമാനത്തില്‍ താഴെ വര്‍ധനവ് രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍, അതേ കാലയളവില്‍ ജിഡിപിയുടെ വിഹിതമെന്ന നിലയില്‍ സ്വകാര്യനിക്ഷേപം 23.1%ത്തില്‍നിന്ന് 19.6 ശതമാനമായി ഇടിഞ്ഞതില്‍ അത്ഭുതപ്പെടേണ്ടതില്ല.

കലര്‍പ്പറ്റ സ്ഥൂല സാമ്പത്തിക പുനരുജ്ജീവനത്തിന് തയ്യാറാകാതിരിക്കുകയോ തങ്ങള്‍ അഭിമുഖീകരിക്കുന്ന യാഥാര്‍ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ജനങ്ങളെ തയ്യാറാക്കുന്നതിന് വന്‍കിട മൂലധന ചെലവിടലുകളെക്കുറിച്ച് പ്രഖ്യാപിച്ചാല്‍ മാത്രം മതിയെന്ന മൂഢവിശ്വാസത്തില്‍ കഴിഞ്ഞുകൂടുകയോ ആണ് ഈ ഗവണ്‍മെന്‍റ് എന്ന് വ്യക്തമാണ്. തുടക്കത്തില്‍ ചിന്താശൂന്യമായ അമിതാവേശമുണ്ടാകുമെന്നല്ലാതെ ഓഹരിക്കമ്പോളത്തെ ഇതുകൊണ്ടൊന്നും വിഡ്ഢി വേഷം കെട്ടിക്കാനാവില്ലയെന്ന് വ്യക്തമാണ്; ഇതുപോലെതന്നെ അന്താരാഷ്ട്ര നിക്ഷേപകരെയും വഞ്ചിക്കാനാവില്ലെന്ന കാര്യം അധികമധികം വ്യക്തമായി വരികയാണ്- പ്രത്യേകിച്ചും അദാനിയെ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ വീണ്ടും സ്വയം വഞ്ചിക്കപ്പെടാന്‍ വാശിയോടെ ഉറച്ചുനില്‍ക്കുമോയെന്ന കാര്യം കണ്ടറിയേണ്ടതാണ്.•

No comments:

Post a Comment