നഷ്ടങ്ങളുടെ യുദ്ധം ; ഉക്രയ്നില്‍ റഷ്യയുടെ സൈനിക ഇടപെടലിന് നാളെ ഒരുവര്‍ഷം
വെബ് ഡെസ്‌ക്Updated: Thursday Feb 23, 2023ഉക്രയ്നില്‍ റഷ്യയുടെ സൈനിക ഇടപെടലിന് നാളെ ഒരുവര്‍ഷം തികയുന്നു. രണ്ടാം ലോക യുദ്ധശേഷം യൂറോപ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പലായനത്തിന് യുദ്ധം വഴിവച്ചു. ആഗോളതലത്തില്‍ ഇന്ധന, ഭക്ഷ്യ ദൗർലഭ്യത്തിനും വിലക്കയറ്റത്തിനും യുദ്ധം വഴിവച്ചു. പതിനായിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു
റഷ്യ–- ഉക്രയ്‌ൻ യുദ്ധത്തിൽ ഒരു വർഷത്തിനിടെ ഉണ്ടായത് വലിയ ആൾ നാശവും സാമ്പത്തികത്തകർച്ചയും. ഇതുവരെ 8000 സാധാരണക്കാർക്ക് ജീവൻ നഷ്ടമായെന്നും 11,756 പേർക്ക് പരിക്കേറ്റു എന്നുമാണ് യുഎന്നിന്റെ കണക്ക്. എന്നാൽ, 35,699– 41,158 സാധാരണക്കാർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് ഉക്രയ്‌ൻ സർക്കാരിന്റെ കണക്ക്. മരിയുപോളിൽമാത്രം കാൽ ലക്ഷത്തിലധികം പേർ മരിച്ചെന്നാണ് ഉക്രയ്‌ൻ പറയുന്നത്. റഷ്യയിലും റഷ്യയുടെ അധീനതയിലുള്ള പ്രദേശങ്ങളിലുമായി 4600 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 44 വിദേശികൾക്കും ജീവൻ നഷ്ടമായി.
രണ്ടു ലക്ഷത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്‌തിട്ടുണ്ടെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. 43,000ൽ അധികം പേർ മരിച്ചെന്നാണ് ബിബിസി റിപ്പോർട്ട്. 1,20,000ൽ അധികം ഉക്രയ്‌ൻ സൈനികർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്‌തിട്ടുണ്ടെന്നാണ് ദി ടെലിഗ്രാഫ് റിപ്പോർട്ട്. 5937 സൈനികർ കൊല്ലപ്പെട്ടെന്ന് 2022 സെപ്‌തംബറിൽ റഷ്യ അറിയിച്ചിരുന്നു. അതേസമയം, 10,000 സൈനികർ കൊല്ലപ്പെട്ടെന്നാണ് ജൂൺ ആദ്യം ഉക്രയ്‌ൻ അറിയിച്ചത്. 7200 പേരെ കാണാനില്ലെന്നും അറിയിച്ചിരുന്നു. യുദ്ധംമൂലം ഉക്രയ്നിന്റെ സമ്പദ്‌വ്യവസ്ഥ 35 ശതമാനം ഇടിയുമെന്നാണ് ലോക ബാങ്ക് റിപ്പോർട്ട്. യുദ്ധാനന്തര പുനർനിർമാണത്തിനുള്ള ചെലവ് നിലവിൽ 34,900 കോടി ഡോളറാണ്. റഷ്യയുടെ സമ്പദ്‌വ്യവസ്ഥയിലും നഷ്ടമുണ്ടായി. യുദ്ധം തുടരുന്നതിനാൽ നഷ്ടം ഇനിയും വർധിക്കും.ആയിരക്കണക്കിന് മനുഷ്യജീവനുകളും പശ്ചാത്തല സൗകര്യങ്ങളും ഇല്ലാതാക്കിയ യുദ്ധം ലോകത്താകെ വലിയ ഭവിഷ്യത്ത് ഉണ്ടാക്കി. രണ്ടാം ലോക യുദ്ധശേഷം യൂറോപ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പലായനത്തിനും യുദ്ധം വഴിവച്ചു. 80 ലക്ഷം പേരാണ് രാജ്യം വിട്ടത്.
കോവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായ ലോക സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് ഈ സംഘർഷം വിഘാതമായി. ആഗോളതലത്തിൽ ഇന്ധന, ഭക്ഷ്യ ദൗർലഭ്യത്തിനും വിലക്കയറ്റത്തിനും യുദ്ധം വഴിവച്ചു. ഉൽപ്പാദന, വിതരണ ശൃംഖലയെയും പ്രതികൂലമായി ബാധിച്ചു.
വരുത്തിവച്ച കെടുതി
പാശ്ചാത്യമാധ്യമങ്ങളും അതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ മാധ്യമങ്ങളും പ്രചരിപ്പിച്ചതുപോലെ പെട്ടെന്ന് ഒരു ദിവസം പൊട്ടിപ്പുറപ്പെട്ടതായിരുന്നില്ല റഷ്യ–- ഉക്രയ്‌ൻ യുദ്ധം. ഡോൺബാസ് മേഖലയിൽ റഷ്യൻ വംശജർക്കെതിരായി ആക്രമണങ്ങളും വംശഹത്യയും രൂക്ഷമായ പശ്ചാത്തലത്തിലാണ് ഡോണെട്സ്ക്, ലുഹാൻസ്ക് ജനകീയ റിപ്പബ്ലിക്കുകളെ അംഗീകരിക്കാൻ റഷ്യ തീരുമാനിച്ചത്. യൂറോപ്യൻ യൂണിയനിലും നാറ്റോയിലും ഉക്രയ്‌ൻ അംഗമാകുന്നതിനെ റഷ്യ ശക്തമായി എതിർത്തിരുന്നു. ജർമൻ ഏകീകരണം നടന്നപ്പോൾ അമേരിക്കയും ജർമനിയും റഷ്യക്ക് നൽകിയ ഉറപ്പാണ് നാറ്റോ ഇനി ഒരിഞ്ചുപോലും മുന്നോട്ട് നീങ്ങില്ല എന്നത്. റഷ്യക്ക് നൽകിയ ഉറപ്പുകൾ കാറ്റിൽ പറത്തി സോഷ്യലിസ്റ്റു ചേരിയിലുണ്ടായിരുന്ന, വാഴ്സാ സഖ്യത്തിലെ അംഗരാജ്യങ്ങളെ ഒന്നൊന്നായി സമ്മർദത്തിലാക്കി നാറ്റോസേന റഷ്യക്കെതിരെ തിരിഞ്ഞു. ഉക്രയ്‌നിൽ നാറ്റോ സൈന്യവും മിസൈലുകളും എത്തുന്നത് റഷ്യൻ സുരക്ഷയ്ക്ക് ഭീഷണിയായതുകൊണ്ടാണ് നാറ്റോ അംഗത്വത്തിൽനിന്ന് പിന്തിരിയണമെന്ന് റഷ്യ ആവർത്തിച്ചാവശ്യപ്പെട്ടത്. ഉക്രയ്‌ൻ സൈന്യം സ്വന്തം രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾക്കെതിരെ കിഴക്കൻ ഡോൺബാസ് മേഖലയിൽ 2022 ജനുവരി ആദ്യംമുതൽ നടത്തിയ ആക്രമണങ്ങളാണ് യുദ്ധത്തിലേക്ക് നയിച്ചത്.
വഴിയൊരുക്കിയത്
അമേരിക്കൻ അജൻഡ
2004 നവംബർ മുതൽ 2005 ജനുവരി വരെ ഉക്രയ്‌നിൽ നടന്ന ഓറഞ്ച് വിപ്ലവമെന്ന അട്ടിമറിയും അതിനുപിന്നിലെ അമേരിക്കൻ അജൻഡയുമാണ് ഉക്രയ്‌നിൽ പ്രതിസന്ധി ഉടലെടുക്കുന്നതിലേക്കും സംഘർഷങ്ങളിലേക്കും നയിച്ചത്. 2004ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വിക്ടർ യാനുക്കോവിച്ചും വിക്ടർ യൂഷ്ചെങ്കോയും തമ്മിൽ നടന്ന മത്സരത്തിൽ യാനുക്കോവിച്ച് വിജയിച്ചു. എന്നാൽ, യാനുക്കോവിച്ചിന്റെ വിജയം അംഗീകരിക്കാതെ പരാജിതനായ യൂഷ്ചെങ്കോയെ പ്രസിഡന്റാക്കാൻ അമേരിക്കൻ പിന്തുണയോടെ നടന്ന അട്ടിമറിയാണ് ഓറഞ്ച് വിപ്ലവം. അന്ന് അഴിച്ചുവിട്ട നഗ്‌നമായ വംശീയതയുടെ വിഷവിത്തുകളാണ് ഉക്രയ്‌ൻ പ്രതിസന്ധിയുടെ പ്രധാന കാരണം. അട്ടിമറിക്കപ്പെട്ട യാനുക്കോവിച്ച് 2010ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് 2014ൽ മൈദാൻ അട്ടിമറിയിലൂടെ യാനുക്കോവിച്ചിനെ പുറത്താക്കി. 2013ൽ പ്രസിഡന്റ് വിക്ടർ യാനുക്കോവിച്ച് ഐഎംഎഫുമായും യൂറോപ്യൻ യൂണിയനുമായുള്ള വായ്പാചർച്ചകളിൽ വ്യാപാരബന്ധം സംബന്ധിച്ച ചർച്ചകളിൽനിന്ന് പിന്നോട്ടുപോയി. റഷ്യയുമായി ചർച്ച നടത്തി വായ്‌പയും മറ്റ് സാമ്പത്തിക സഹായങ്ങളും ഉറപ്പിച്ചു. ഇതോടെയാണ് റഷ്യൻ വംശജനായ യാനുക്കോവിച്ചിനെ പുറത്താക്കാനുള്ള ഉക്രയ്‌ൻ തീവ്ര ദേശീയവാദികളായ നവനാസികളുടെ നീക്കം ആരംഭിച്ചത്. ഉക്രയ്‌ൻ കമ്പോളം വിദേശനിക്ഷേപകർക്ക് തുറന്നു കൊടുക്കാനും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ കടിഞ്ഞാൺ വമ്പൻ ബഹുരാഷ്ട്ര കമ്പനികളുടെ കൈപ്പിടിയിലൊതുക്കാനുമുള്ള അമേരിക്കയുടെ തന്ത്രമായിരുന്നു പിന്നിൽ.
2004ലെ "ഓറഞ്ച് വിപ്ലവ'ത്തിൽ എന്നപോലെ 2014ലെ ‘മൈദാൻ അട്ടിമറി'യിലും അമേരിക്ക സജീവമായി ഇടപെട്ടു. പോറോ ഷെങ്കോയെയും വ്‌ലോദിമിർ സെലൻസ്കിയെയുംപോലുള്ളവരെ അധികാരത്തിലെത്തിക്കാൻ 900 കോടി ഡോളറാണ് അമേരിക്ക ചെലവഴിച്ചത്. ഉക്രയ്‌ൻ ഉദ്യോഗസ്ഥർ, ബിസിനസ് പ്രമാണിമാർ, വലതുപക്ഷ സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങൾ, മാധ്യമങ്ങൾ എന്നിവയ്‌ക്കായാണ് പണമൊഴുക്കിയത്. റൈറ്റ് സെക്ടർ, അസോവ് ബറ്റാലിയൻ തുടങ്ങിയ തീവ്രവലതുപക്ഷ നവനാസി സംഘങ്ങളിലേക്ക് ആളെക്കൂട്ടാനും അവരെ ഉപയോഗിച്ച് അക്രമമഴിച്ചുവിട്ട് ഭരണമാറ്റം ഉറപ്പാക്കാനുമാണ് ഈ പണം ഉപയോഗിച്ചത്.
യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം 2014നുശേഷം 2021 വരെ മുപ്പതിനായിരത്തോളം ആളുകൾ ആഭ്യന്തരയുദ്ധത്തിലും അല്ലാതെയും കൊല്ലപ്പെട്ടിരുന്നു. നവനാസിസംഘങ്ങളും ഉക്രയ്‌ൻ സൈന്യവുമാണ് ഈ മനുഷ്യക്കുരുതിയുടെ ഉത്തരവാദികൾ. അമേരിക്കയിലെ ചില തീവ്രവലതുപക്ഷ നവനാസി സംഘങ്ങൾ ഉക്രയ്‌നിൽ അസോവ് ബറ്റാലിയനൊപ്പം ചേർന്ന് റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നു.
2019ൽ ജനവിധി തേടിയപ്പോൾ ഡോൺബാസ് മേഖലയിലെ പ്രശ്‌നം റഷ്യയുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് സെലൻസ്കി വാഗ്‌ദാനം നൽകിയിരുന്നു. അധികാരത്തിലെത്തിയശേഷം സെലൻസ്കി ചില നീക്കം തുടങ്ങിയെങ്കിലും നവനാസി സംഘങ്ങൾ തെരുവിലിറങ്ങിയതോടെ പിൻമാറി. 2022 ഫെബ്രുവരി 24ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ നടത്തിയ ടെലിവിഷൻ പ്രഭാഷണത്തിൽ സൈനിക നടപടിയുടെ ലക്ഷ്യം ഉക്രയ്‌നെ പിടിച്ചെടുക്കലല്ല, മറിച്ച് ഉക്രയ്‌നിൽ അപസൈനികവൽക്കരണവും അപനാസിവൽക്കരണവും നടപ്പാക്കുകയാണെന്നാണ് പറഞ്ഞത്. റൈറ്റ് സെക്ടർ, അസോവ് ബറ്റാലിയൻ തുടങ്ങിയ നവനാസി സംഘങ്ങളെ തകർക്കുമെന്നും പുടിൻ തറപ്പിച്ചു പറഞ്ഞു. ഉക്രയ്‌നിനായി യുദ്ധം ചെയ്യുന്നവരിൽ പലരും നവനാസികളാണ്. ഇവർക്ക് എല്ലാ സഹായവും നൽകുന്നത് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോയുമാണ്. പതിനായിരക്കണക്കിന് കോടി ഡോളറിന്റെ ആയുധങ്ങളും മറ്റ് സാമ്പത്തിക സഹായങ്ങളുമാണ് നാറ്റോ ഉക്രയ്‌ന് നൽകുന്നത്.
യുഎന്നിൽ
റഷ്യക്കെതിരെ 4 പ്രമേയം
യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യക്കെതിരെ നാല് പ്രത്യേക പ്രമേയമാണ് ഐക്യരാഷ്‌ട്ര സംഘടന ഒരു വർഷത്തിനിടയിൽ പാസാക്കിയത്. യുദ്ധത്തിന്റെ മറപിടിച്ച് റഷ്യക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ നീക്കങ്ങൾ ഇതിൽ വ്യക്തമായിരുന്നു. ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയുമടക്കം 16 രാജ്യം പ്രമേയങ്ങളിൽ വോട്ട് ചെയ്യുന്നതിൽനിന്ന് വിട്ടുനിന്നു. അഞ്ച് രാജ്യം പ്രമേയങ്ങളെ എതിർത്തും വോട്ട് ചെയ്‌തു.
25 വർഷത്തിനിടയിൽ ആദ്യമായാണ് യുഎൻ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടിയത്. ഉക്രയ്‌നിൽനിന്ന് റഷ്യ സൈന്യത്തെ പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു 2022 മാർച്ച് രണ്ടിന് ആദ്യ പ്രമേയം പാസാക്കിയത്. 193 അംഗ രാജ്യങ്ങളിൽ 141 പേരും പിന്തുണച്ചു. ഉക്രയ്‌നിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ഉയർത്തി മാർച്ച് 24ന് പാസാക്കിയ പ്രമേയത്തിന് 140 രാജ്യത്തിന്റെ പിന്തുണ ലഭിച്ചു. പിന്നീട് അമേരിക്ക കൊണ്ടുവന്ന ചില പ്രമേയങ്ങളിൽ ആദ്യം ലഭിച്ച പിന്തുണ കിട്ടിയില്ല.
കൂട്ടപ്പലായനം
‘കീവിലല്ലേ, സുരക്ഷിതരാണെന്ന് കരുതി. എന്നാൽ, യുദ്ധം തുടങ്ങി ആദ്യദിനംതന്നെ കാര്യമങ്ങനെയല്ലെന്ന് മനസ്സിലായി. വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ് ചുറ്റിലും നടന്നത്. റഷ്യൻ പട്ടാളം നഗരം വളഞ്ഞിരുന്നു. എന്നെയും കുട്ടികളെയും രക്ഷപ്പെടുത്താമോയെന്ന് പലരോടും ചോദിച്ചു. ആർക്കും നഗരത്തിലേക്ക് എത്താനായില്ല.
അവസാനം കാറിൽ ഞങ്ങൾ മാത്രമായി പുറപ്പെട്ടു. എത്രയോ തവണ റഷ്യൻ സൈന്യം കാർ നിർത്തി പരിശോധിച്ചു. വഴിനീളെ മൃതദേഹങ്ങൾ. കുട്ടികളെ വളരെയധികം പേടിപ്പിച്ച ദൃശ്യങ്ങളായിരുന്നു അത്’–- യുദ്ധം തുടങ്ങിയ ആദ്യ ദിനങ്ങളിൽ സൈടൊമിറിലേക്കും അവിടന്ന് ലിവ്യൂവിലേക്കും മാറേണ്ടിവന്ന കീവ് സ്വദേശി കതെർന്യ പലായനാനുഭവം വിവരിക്കുന്നു.
കതെർന്യയെപ്പോലെ ലക്ഷക്കണക്കിന് ഉക്രയ്‌ൻകാരാണ് യുദ്ധത്തെ തുടർന്ന് സർവവും ഉപേക്ഷിച്ച് രാജ്യത്ത് മറ്റ് പ്രദേശങ്ങളിലേക്കും അയൽരാജ്യങ്ങളിലേക്കുമായി രക്ഷപ്പെട്ടത്. ഉക്രയ്‌ൻ ജനതയുടെ മൂന്നിലൊന്നിനും യുദ്ധക്കെടുതികളിൽനിന്ന് രക്ഷപ്പെടാൻ നാടുവിടേണ്ടി വന്നതായാണ് യുഎൻ കണക്ക്. ഏറ്റവും വലിയ പലായനങ്ങളിലൊന്നായിരുന്നു യുദ്ധത്തിന്റെ ആദ്യദിനങ്ങളിൽ ലോകംകണ്ടത്. രാജ്യംവിട്ട 80 ലക്ഷം ഉക്രയ്‌ൻകാരിൽ 90 ശതമാനവും പോളണ്ടിലേക്കും ജർമനിയിലേക്കും റഷ്യയിലേക്കുമാണ് പോയത്. റഷ്യയിലേക്ക് 29 ലക്ഷവും പോളണ്ടിലേക്ക് 16 ലക്ഷവും ജനങ്ങളെത്തി.
ഉക്രയ്‌ൻ പൗരർക്ക് അംഗരാജ്യങ്ങളിൽ മൂന്നുവർഷം തങ്ങാനും ജോലി ചെയ്യാനും യൂറോപ്യൻ യൂണിയൻ അനുമതി നൽകി. 60 ലക്ഷം ഉക്രയ്‌ൻകാർ രാജ്യത്തിനകത്തുതന്നെ കൂടുതൽ സുരക്ഷിതമായ ഇടത്തേക്ക് മാറി.
ആയുധമത്സരം
ഉക്രയ്‌ൻ–- റഷ്യ യുദ്ധം റഷ്യൻ യുദ്ധോപകരണങ്ങളും അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ രാഷ്ട്രങ്ങളുടെ ആയുധങ്ങളും തമ്മിലുള്ള പോരാട്ടമാണ്. റഷ്യൻനിർമിത ആയുധങ്ങൾമാത്രം ഉണ്ടായിരുന്ന ഉക്രയ്‌ൻ, നാറ്റോ സഖ്യരാഷ്ട്രങ്ങളുടെയും അമേരിക്കയുടെയും ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. ഈ ആയുധവിതരണം നിലച്ചാൽ ഉക്രയ്‌ന് പിടിച്ചുനിൽക്കാനാകില്ല. അത് തിരിച്ചറിഞ്ഞാണ് കൂടുതൽ ആയുധങ്ങൾക്കും യുദ്ധടാങ്കുകൾക്കുംവേണ്ടി ഉക്രയ്ൻ ശബ്‌ദമുയർത്തുന്നത്. 300 ടാങ്കും എഫ്16 പോലുള്ള യുദ്ധവിമാനങ്ങളുമാണ് ഉക്രയ്‌ൻ ആവശ്യപ്പെട്ടത്.
റഷ്യൻ പോർവിമാനങ്ങളും ഹെലികോപ്ടറുകളും ഉക്രയ്നിന്റെ വ്യോമമേഖലയിൽ കരുത്തുകാട്ടുന്നത് തടയാൻ പേട്രിയട്ട് അടക്കം കൂടുതൽ വ്യോമപ്രതിരോധ സജ്ജീകരണങ്ങൾ നൽകാൻ അമേരിക്കയും മറ്റ് നാറ്റോ സഖ്യരാഷ്ട്രങ്ങളും തയ്യാറായി. പേട്രിയട്ട് മിസൈൽ സംവിധാനവും ബ്രാഡ്‌ലി കവചിത വാഹനങ്ങളും ഉപയോഗിക്കാൻ അമേരിക്ക ഉക്രയ്‌ൻ സൈനികർക്ക് പരിശീലനവും നൽകി. ശക്തിയേറിയ 31 എബ്രഹാം എംവൺ ടാങ്കുകൾ നൽകാനും അമേരിക്ക തീരുമാനിച്ചു. നാല് മാസത്തിനകം ഇത് ലഭിച്ചുതുടങ്ങും. യൂറോപ്പിലെ നാറ്റോ സഖ്യരാഷ്ട്രങ്ങൾ ഉപയോഗിക്കുന്ന ലെപേർഡ്–-2 ടാങ്ക് നൽകാൻ ജർമനി ആദ്യം വിസമ്മതിച്ചിരുന്നു. പോളണ്ടും സ്പെയിനും അവരുടെ കൈവശമുള്ള ലെപേർഡ് ടാങ്കുകൾ ഉക്രയ്നിനു നൽകാൻ സന്നദ്ധമായിരുന്നെങ്കിലും നിർമാതാക്കളെന്ന നിലയിൽ ജർമനി എതിർത്തു. അമേരിക്ക എബ്രഹാം എംവൺ ടാങ്കുകൾ നൽകാൻ തീരുമാനിച്ചതോടെ 14 ലെപേർഡ്–- 2 ടാങ്ക് നൽകുമെന്ന് ജർമനിയും പ്രഖ്യാപിച്ചു. ആധുനിക യുദ്ധവിമാനങ്ങൾ നൽകുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.
അമേരിക്ക, നാറ്റോ സംഭാവന
ടാങ്കുകൾ
എബ്രഹാം എം1 ടാങ്ക് –-അമേരിക്ക, ചാലഞ്ചർ 2 ടാങ്ക്–- യുകെ, ലെപേർഡ് 2–- ജർമനി
കവചിത വാഹനങ്ങൾ
സ്‌ട്രയ്‌ക്കർ, ബ്രാഡ്‌ലി –- അമേരിക്കൻ നിർമിതം
വ്യോമപ്രതിരോധ സംവിധാനം
പേട്രിയട്ട് –- 100 കിലോമീറ്റർവരെ അകലെനിന്ന് ശത്രുമിസൈലുകളെ കണ്ടെത്തി തകർക്കാൻ കഴിയുന്ന വ്യോമപ്രതിരോധ സംവിധാനം
എസ് 300–- ഉക്രയ്‌ന്റെ കൈവശമുള്ള റഷ്യൻനിർമിത വ്യോമപ്രതിരോധ സംവിധാനം
റോക്കറ്റ് വിക്ഷേപിണികൾ
എ142–-ആർട്ടിലറി റോക്കറ്റ് വിക്ഷേപിണികൾ–- അമേരിക്ക. ഹിമാർസ്, -എം270 എംഎൽആർഎസ്–- വിവിധ നാറ്റോ രാജ്യങ്ങൾ
എം777 ഹോവിസ്‌റ്റർ–- ഓസ്‌ട്രേലിയ, ക്യാനഡ, യുഎസ്
ടാങ്ക് നശീകരണ ആയുധങ്ങൾ
എൻല–- ടാങ്കുകളെ തകർക്കാൻ ഉപയോഗിക്കുന്ന ചുമലിൽ കൊണ്ടുനടക്കാവുന്ന വിക്ഷേപിണികളും മിസൈലുകളും
ഡ്രോൺ
ബെയ്‌റക്‌തർ ടിബി 2–- തുർക്കി നിർമിതം . അമേരിക്കയും നാറ്റോ രാജ്യങ്ങളും ഡ്രോണുകൾ നൽകിയിട്ടുണ്ട്.
പ്രായോഗിക
നിലപാടിൽ ഇന്ത്യ
റഷ്യ– -ഉക്രയ്‌ൻ യുദ്ധം തുടങ്ങിയതുമുതൽ പ്രായോഗിക നിലപാട് സ്വീകരിച്ച് ഇന്ത്യ. അമേരിക്കയുടെ പ്രതിരോധമേഖല പങ്കാളിയായി മാറുന്ന വിധത്തിൽ നാല് സൈനികസഹകരണ കരാർ ഇന്ത്യ ഒപ്പിട്ടുവെങ്കിലും നിലവിലെ സംഘർഷത്തിൽ റഷ്യയെ പരോക്ഷമായി സഹായിക്കുന്ന സമീപനമാണ് ഇന്ത്യ പിന്തുടരുന്നത്. ഇതിന്റെ പ്രയോജനവുമുണ്ട്. കുറഞ്ഞ വിലയിൽ റഷ്യയിൽനിന്ന് അസംസ്‌കൃത എണ്ണ ലഭിക്കുന്നു; വില രൂപയായി നൽകിയാൽ മതി.
ഐക്യരാഷ്‌ട്ര സംഘടന രക്ഷാസമിതിയിൽ റഷ്യക്കെതിരായ പ്രമേയം അമേരിക്കൻപക്ഷം അവതരിപ്പിച്ചപ്പോൾ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈന, ബ്രസീൽ, ഗാബോൺ എന്നിവയാണ് ഈ നിലപാട് സ്വീകരിച്ച ഇതര രാജ്യങ്ങൾ. യുദ്ധം തുടങ്ങിയശേഷം കഴിഞ്ഞ മാർച്ച് 31ന് റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ് ഡൽഹിയിലെത്തി വിദേശമന്ത്രി എസ് ജയ്‌ശങ്കറുമായി കൂടിക്കാഴ്‌ച നടത്തി. ചൈനീസ് സർക്കാരുമായും താലിബാൻ പ്രതിനിധികളുമായും ചർച്ച നടത്തിയശേഷമാണ് ലാവ്‌റോവ് ഇന്ത്യയിൽ എത്തിയത്. എസ് ജയ്‌ശങ്കർ യൂറോപ്പിൽ സന്ദർശനം നടത്തിയപ്പോഴും റഷ്യയെ തള്ളിപ്പറയാൻ തയ്യാറായില്ല. റഷ്യ ഇന്ത്യയുടെ ദീർഘകാല സുഹൃത്താണെന്ന വിശേഷണമാണ് ഇന്ത്യൻ നയതന്ത്രകേന്ദ്രങ്ങൾ നൽകിവരുന്നത്.
ഇന്ത്യ– -റഷ്യ സഹകരണം അമേരിക്കയെ ചൊടിപ്പിച്ചു. രൂപ– -റൂബിൾ വിനിമയം വഴി ഇന്ത്യയും റഷ്യയും തമ്മിൽ വ്യാപാരം നടത്തുന്നത് അങ്ങേയറ്റം നിരാശാജനകമാണെന്ന് അമേരിക്കൻ വാണിജ്യസെക്രട്ടറി ജീനാ റിമാൻഡോ പ്രതികരിച്ചു. റഷ്യക്കെതിരായ ഉപരോധത്തെ അട്ടിമറിക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്നും അവർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞവർഷം ഡിസംബറിൽ പ്രതിദിനം 10 ലക്ഷം വീപ്പ എണ്ണയാണ് റഷ്യയിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്‌തത്. യുദ്ധത്തിനുമുമ്പ് ഈ ഇറക്കുമതി 30,000–-35,000 വീപ്പയായിരുന്നു. നേരത്തേ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയിൽ 60 ശതമാനവും പശ്‌ചിമേഷ്യൻ രാജ്യങ്ങളിൽനിന്നായിരുന്നു.
യുഎസിനും വേണം റഷ്യൻ എണ്ണ
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് യൂറോപ്യൻ രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയ അമേരിക്ക ഒടുവിൽ റഷ്യയുടെ എണ്ണതന്നെ വളഞ്ഞവഴിയിൽ വാങ്ങിക്കേണ്ടി വന്നു. റഷ്യക്കെതിരായ പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം പാളിയതിന് തെളിവാണിത്. റഷ്യൻ എണ്ണയ്‌ക്ക് വിലക്കും വിലപരിധിയും ഏർപ്പെടുത്തിയ അമേരിക്ക ഇന്ത്യൻ കമ്പനികൾ മുഖേന റഷ്യൻ എണ്ണ വാങ്ങുന്നെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഫിൻലൻഡിലെ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറും വിവര വിശകലന സ്ഥാപനമായ കെപ്ലറും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് റഷ്യയിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണ അമേരിക്കയിലേക്ക് ഒഴുകുകയാണെന്ന വിവരം പുറത്തുവന്നത്. അംബാനിയുടെ റിലയൻസ് എനർജി, നയാര എനർജി എന്നീ സ്വകാര്യ കമ്പനികളാണ് പ്രധാനമായും അമേരിക്കയ്‌ക്ക് എണ്ണ കൈമാറുന്നത്. പോർച്ചുഗൽ, ബൽജിയം, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്കും ശുദ്ധീകരിച്ച റഷ്യൻ എണ്ണ കൈമാറുന്നുണ്ട്. ലോകരാഷ്‌ട്രങ്ങളോട് റഷ്യയിൽനിന്ന് എണ്ണ വാങ്ങരുതെന്നു പറഞ്ഞ അതേ അമേരിക്കതന്നെയാണ് റഷ്യയുടെ എണ്ണ വളഞ്ഞവഴിയിൽ വാങ്ങുന്നത്.
ഉപരോധ യുദ്ധം
യുദ്ധം തുടങ്ങിയതോടെ റഷ്യയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും എല്ലാമേഖലയിലും ഉപരോധം ശക്തമാക്കി. അസംസ്‌കൃത എണ്ണ, ആയുധ കയറ്റുമതി മേഖലയ്‌ക്കായിരുന്നു പാശ്‌ചാത്യരാജ്യങ്ങളുടെ ഉപരോധം. യുഎസ് ബാങ്കുകളിലെ വിദേശ കറൻസി ഉപയോഗിച്ച് കടം തിരിച്ചടയ്‌ക്കുന്നതിൽനിന്ന് റഷ്യയെ യുഎസ് വിലക്കി. അന്താരാഷ്ട്ര സാമ്പത്തിക സംവിധാനമായ സ്വിഫ്റ്റിൽനിന്ന് പ്രധാന റഷ്യൻ ബാങ്കുകളെ നീക്കിയതിലൂടെ റഷ്യക്ക് എണ്ണ, വാതക കയറ്റുമതിയിലൂടെ പണം ലഭിക്കുന്നത് വൈകിപ്പിച്ചു. റഷ്യയുടെ കയറ്റുമതിയുടെ 40 ശതമാനവും ഇന്ധനമാണ്. 46 രാജ്യമാണ് ഇതുവരെ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയത്. ഇതുവരെ 11,307 ഉപരോധം ഏർപ്പെടുത്തിയെന്നാണ് കണക്കുകൾ. ഇതിൽ 80 ശതമാനവും വ്യക്തികൾക്കു നേരെയാണ്. 18 ശതമാനം സ്ഥാപനങ്ങളെ ലക്ഷ്യമിട്ടും ബാക്കി കപ്പലുകൾക്കും വിമാനങ്ങൾക്കുമെതിരെയാണ്.
(റിസേര്‍ച്ച് ഡെസ്ക്)
Read more: https://www.deshabhimani.com/articles/ukraine-russia-war/1075561
No comments:
Post a Comment