തൃശൂർ
ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമാണത്തിൽ സംസ്ഥാന സർക്കാരിന് ഒരു സാമ്പത്തിക ഇടപാടുമില്ലെന്ന് രേഖകളിൽ വ്യക്തമായിട്ടും വീണ്ടും കള്ളപ്രചാരണങ്ങൾ. 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നവും നാടിനായി പണിത ആശുപത്രി സമുച്ചയവുമാണ് യുഡിഎഫും ബിജെപിയും തകർത്തെറിഞ്ഞത്. പ്രളയത്തെത്തുടർന്ന് കേരളത്തിന്റെ അതിജീവനത്തിനായി 140 കുടുംബങ്ങൾക്കുള്ള ഫ്‌ളാറ്റും ആശുപത്രി സമുച്ചയവും അങ്കണവാടിയുമെല്ലാം സംസ്ഥാന സർക്കാരിന് നിർമിച്ച് കൈമാറാമെന്നാണ് യുഇഎ റെഡ് ക്രസന്റ് അറിയിച്ചത്. ഇതിന് 20 കോടിയോളമാണ് ധനസഹായം പ്രഖ്യാപിച്ചത്. പണം കൈമാറുന്നതിന് പകരം ഭവനസമുച്ചയം നിർമിച്ചശേഷം കൈമാറാമെന്നാണ് റെഡ് ക്രസന്റ് ജനറൽ സെക്രട്ടറി മുഹമദ് അറ്റീഫ് അൽ ഹലാഫി അറിയിച്ചത്. നിർമാണ ഏജൻസിയായി യൂണിടാക്കിനെ തെരഞ്ഞെടുത്തതും കരാർ നൽകിയതും ധാരണപത്രം ഒപ്പിട്ടതും പണമിടപാടുകൾ നടത്തിയതുമെല്ലാം യുഎഇ കോൺസുലേറ്റും റെഡ്‌ക്രസന്റുമാണ്. റെഡ്ക്രസന്റിൽനിന്ന് സർക്കാരോ ലൈഫ് മിഷനോ പണം സ്വീകരിച്ചിട്ടില്ല.
ഭവനസമുച്ചയം പണിയാൻ വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള 217.88 സെന്റ് ഭൂമി വിട്ടു നൽകി. ആശുപത്രി 80 ശതമാനം നിർമാണം പൂർത്തിയായി. ഫ്‌ളാറ്റ് സമുച്ചയവും ഉയർന്നു. എന്നാൽ പദ്ധതിയിൽ അഴിമതി ആരോപണമുന്നയിച്ച് കോൺഗ്രസ്, ബിജെപി നേതാക്കളും ക്രിമിനലുകളും നിരന്തരം നിർമാണം തടസ്സപ്പെടുത്തി. കെട്ടിടത്തിന് കേടുപാടുകളും വരുത്തി. പിന്നീട് കെട്ടിടത്തിന് ബലമില്ലെന്നായി ആരോപണം. വിദഗ്‌ധസമിതി പരിശോധനയിൽ കെട്ടിടത്തിന് ബലക്കുറവില്ലെന്ന് സ്ഥിരീകരിച്ചു. മോശമായ ഭൂമിയിലാണ് ഫ്‌ളാറ്റ് എന്നായിരുന്നു അടുത്ത ആരോപണം. എന്നാൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ഈ ഭൂമി ഏറ്റെടുത്തതെന്നുള്ള രേഖകൾ പുറത്തുവന്നതോടെ അതും പൊളിഞ്ഞു. തുടർന്ന് വടക്കാഞ്ചേരി എംഎൽഎയായിരുന്ന അനിൽ അക്കര സിബിഐക്ക് പരാതി നൽകി. ബിജെപി, കോൺഗ്രസ് ഗൂഢാലോചനയിൽ ഞൊടിയിടയിൽ കേസ് സിബിഐ ഏറ്റെടുത്തു. ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ കള്ളക്കഥകളും പ്രചരിച്ചു. ഇതോടെ ആശങ്കയിലായ നിർമാണക്കമ്പനി യൂണിടാക് പണി നിർത്തിവയ്‌ക്കുകയായിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അനിൽ അക്കര ഉൾപ്പെടെ യുഡിഎഫിനെ ജനങ്ങൾ തൂത്തെറിഞ്ഞു.
Read more: https://www.deshabhimani.com/news/kerala/life-mission/1074431
No comments:
Post a Comment