Wednesday, December 27, 2023

ബാബ്‌റി മസ്ജിദ് സ്മരണയും മതനിരപേക്ഷ റിപ്പബ്ലിക്കിനായുള്ള ചെറുത്തുനില്പും. കെ ടി കുഞ്ഞിക്കണ്ണൻ

464 വർഷത്തോളം അയോധ്യയിലെ മുസ്ലീങ്ങൾ തലമുറകളായി നിസ്‌കരിച്ചു പോന്ന ചരിത്രപ്രസിദ്ധമായ ബാബ്‌റിമസ്ജിദ് തകർത്തിട്ട് 31 വർഷങ്ങൾ പിന്നിടുകയാണ്. ബാബ്‌റിമസ്ജിദ് ധ്വംസനത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ലിബാർഹാൻ കമ്മീഷൻ ശരിയായി നിരീക്ഷിച്ചതു പോലെ ഇന്ത്യയിൽ വർഗീയ ധ്രുവീകരണത്തിന്റെ തീരങ്ങളിലേക്ക് തള്ളിവിട്ട അനീതികരമായ വിധ്വംസക പ്രവർത്തനമായിരുന്നു ഡിസംബർ 6ന് അയോധ്യയിൽ സംഭവിച്ചത്.

ബാബ്‌റി മസ്ജിദ്‐രാമജന്മഭൂമി തർക്കമുയർത്തിയ സമുദായധ്രുവീകരണത്തിന്റെ സാധ്യതകളിലൂടെയാണ് ഹിന്ദുത്വവാദികൾ നരസിംഹറാവു സർക്കാരിന്റെ സഹായത്തോടെ ദേശീയാധികാരം പിടിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയത്.

ഡിസംബർ 6ന്‌ ബാബ്‌റി മസ്ജിദ് തകർച്ചയുടെ 31‐ാം വാർഷികം ആചരിക്കുമ്പോൾ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്ന അസ്ഥിത്വം തന്നെ ഇല്ലാതാക്കപ്പെടുന്ന സംഭവഗതികളിലൂടെയാണ് നാം കടന്നു പോകുന്നത്. 2014ൽ ദേശീയാധികാരത്തിലെത്തിയ ബി.ജെ.പി കഴിഞ്ഞ 10 വർഷക്കാലത്തോളമായി ഭൂരിപക്ഷ ധ്രുവീകരണം ലക്ഷ്യംവെച്ചു കൊണ്ടുള്ള ഇസ്ലാമാഫോബിയയും മതനിരപേക്ഷവിരുദ്ധതയും പടർത്തുന്ന വിദ്വേഷപ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ബാബറി മസ്ജിദ് നാൾവഴികൾ

1986ൽ ബാബ്‌റി മസ്ജിദ് ഹിന്ദുത്വശക്തികൾക്ക് തുറന്നുകൊടുക്കുകയും 1989ൽ ശിലാന്യാസത്തിന് അനുവാദം കൊടുക്കുകയും ചെയ്ത കോൺഗ്രസ് ഹിന്ദുത്വ അജൻഡയോട് പ്രതിപക്ഷത്തായിട്ടും കർശനമായ നിലപാട് സ്വീകരിക്കാൻ കഴിയാതെ അസ്ഥിരീകരിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ മുഖ്യപ്രതിപക്ഷ പാർടിയായിട്ടും ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ ആശയപരമായ വ്യക്തതയോടെ നിലപാട് സ്വീകരിക്കാനും പ്രതിപക്ഷപാർട്ടികളെയാകെ ഒന്നിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടത്താനും കോൺഗ്രസ് തയ്യാറാവുന്നില്ല.

ഇന്ത്യ’ മുന്നണി പരീക്ഷണങ്ങൾ മതനിരപേക്ഷ ജനാധിപത്യത്തിനു വേണ്ടിയുള്ള കൂട്ടായ്മയാണെന്ന ബോധം പോലുമില്ലാതെ മധ്യപ്രദേശിലും രാജസ്‌താനിലും ഛത്തീസ്ഗഢിലും പ്രതിപക്ഷപാർട്ടികളെ അകറ്റിനിർത്തുന്നതിനുള്ള പിടിവാശിയാണ് കോൺഗ്രസ് കാണിച്ചത്. ‘ഇന്ത്യ’ കൂട്ടായ്മയിലെ പാർടികളെ കൂടെനിർത്താൻ തയ്യാറാകാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ ധാർഷ്ട്യമാണ് ഈ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പ്രധാനകാരണമായത്.

രാജസ്‌താനിൽ സിപിഐ എം, ആർ.ജെ.ഡി, ഭാരതീയ ആദിവാസി പാർടി എന്നീ കക്ഷികളെയും മധ്യപ്രദേശിൽ സമാജ്‌വാദി പാർടിയെയും കോൺഗ്രസ് കൂടെ നിർത്തിയിരുന്നുവെങ്കിൽ ഈ രീതിയിലുള്ള പരാജയം സംഭവിക്കുകയില്ലായിരുന്നു. ഛത്തീസ്ഗഢിലാവട്ടെ ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാനും ചെറുപാർട്ടികളെ കൂടെ നിർത്താനുമുള്ള ആലോചനയ്‌ക്കു പോലും കോൺഗ്രസ് സന്നദ്ധമായില്ല.

ചുരുക്കിപ്പറഞ്ഞാൽ രാജ്യം നേരിടുന്ന ഹിന്ദുത്വഭീഷണിയെ സംബന്ധിച്ച ഗൗരവാവഹമായ ആലോചനയോ അതിനെ പ്രതിരോധിക്കാനുള്ള പ്രയോഗക്ഷമമായ ബദലിനെ സംബന്ധിച്ച ആശയവ്യക്തതയോ ഇല്ലായ്മയാണ് ബി.ജെ.പിക്ക് ജയിച്ചുകയറാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് സംരക്ഷിക്കാനുള്ള കൂട്ടായ്മകളുടെ പ്രസക്തിയെക്കുറിച്ച് പ്രതിപക്ഷപാർട്ടികളുടെ ആകെ ആലോചനകൾ ഉയർന്നു വരേണ്ട സന്ദർഭമാണിത്.

ബാബ്‌റി മസ്ജിദ് തർക്കത്തിന്റെയും തകർച്ചയുടെയും ദുഃഖകരമായ ചരിത്രഗതിയിലെ അനീതികരമായ ദിനമായിരുന്നു രഞ്ജൻഗഗോയ് അധ്യക്ഷനായ പരമോന്നത കോടതിയുടെ വിധി വന്ന ദിനം. 2019 നവംബർ 9ാം തീയതിയാണ് എല്ലാവരും കാത്തിരുന്ന അയോധ്യ കേസിൽ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി വന്നത്. വളരെ വിവേകത്തോടെയും സംയമനത്തോടെയുമാണ് മതനിരപേക്ഷ ജനാധിപത്യശക്തികളും ഇന്ത്യൻ ജനതയാകെയും വിധിയെ സമീപിച്ചത്.


ചീഫ്ജസ്റ്റിസ് രഞ്ജൻഗഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി നമ്മുടെ മതനിരപേക്ഷ ജനാധിപത്യബോധം ആവശ്യപ്പെടുന്ന നീതി ഉറപ്പുവരുത്തിയോ എന്ന സംശയം വിധിന്യായം കേൾക്കുകയും വായിക്കുകയും ചെയ്ത എല്ലാവരിൽ നിന്നും ഉയർന്നിട്ടുണ്ട്. അതു കൊണ്ടു തന്നെ നിയമാനുസൃതമായി വിധി പരിശോധിക്കപ്പെടേണ്ടതുണ്ട് എന്ന അഭിപ്രായവും ശക്തമായി ഉയർന്നിട്ടുണ്ട്.

ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷപാർടിയായ കോൺഗ്രസ് നേതൃത്വം നീതിന്യായവിരുദ്ധമായ വിധിക്കെതിരെ ഒരു വിമർശനം പോലും ഉന്നയിക്കാൻ തയ്യാറായില്ല എന്നത് അവരിൽ മൃദു ഹിന്ദുത്വ സമീപനം സൃഷ്ടിക്കുന്ന സമ്മർദ്ദമായിട്ട് കാണാം. വിധിയനുസരിച്ച് അയോധ്യയിൽ ക്ഷേത്രം പണിയാനുള്ള നീക്കങ്ങൾക്ക് എല്ലാ പിന്തുണയും വെള്ളി ശിലകളും നൽകിയവരാണ് കമൽനാഥ് മുതൽ പ്രിയങ്കഗാന്ധി വരെയുള്ള കോൺഗ്രസ് നേതാക്കൾ.

400 വർഷത്തിലേറെ കാലം പഴയ ഔധിലെയും അയോധ്യയിലെയും മുസ്ലീങ്ങൾ തലമുറകളായി നിസ്‌കരിച്ചു പോന്ന പള്ളിയാണ് ബാബ്‌റി മസ്ജിദ്. അത് നിലനിൽക്കുന്ന 2.77 ഏക്കർ സ്ഥലം രാമജന്മഭൂമിയാണെന്നും അതു കൊണ്ടു തന്നെ അത് രാമക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കണമെന്നുമാണ് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിട്ടുള്ളത്.

2010ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയനുസരിച്ച് തർക്കത്തിൽ കക്ഷികളായ സുന്നി വഖഫ്‌ബോർഡിനും നിർമ്മോഹി അഖാഡക്കും രാമലല്ലയ്ക്കും പതിച്ചു നൽകിയ ഭൂമിയാണ് ഇപ്പോൾ സുപ്രീംകോടതി രാമവിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്രസർക്കാർ ട്രസ്റ്റുണ്ടാക്കുകയും ഭൂമി അവർക്ക് കൈമാറുകയും ചെയ്യണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ബാബ്‌റി മസ്ജിദ് തകർത്തതിന് നഷ്ടപരിഹാരമായെന്നോണം അഞ്ചേക്കർ ഭൂമി അയോധ്യയിൽ തന്നെ കണ്ടെത്തി സുന്നി വഖഫ്‌ബോർഡിന് നൽകണമെന്നും ഭരണഘടനാബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.

ഡോ.റൊമീല ഥാപർ

ഈ വിധിയെ വിശകലനം ചെയ്തു കൊണ്ട് പ്രശസ്ത ചരിത്രകാരി ഡോ.റൊമീല ഥാപർ പറഞ്ഞത്; ചരിത്രത്തെ റദ്ദ് ചെയ്ത് വിശ്വാസത്തെ അവലംബമാക്കിയാണ് കോടതി വിധിപറഞ്ഞതെന്നാണ്. 9 ലക്ഷം വർഷങ്ങൾക്കു മുമ്പ് ത്രേതായുഗത്തിൽ രാമൻ അയോധ്യയിൽ ജനിച്ചുവെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് രാമജന്മഭൂമി പ്രശ്‌നം ഉയർത്തുന്നതും ഹിന്ദുത്വശക്തികൾ ബാബ്‌റി മസ്ജിദിനെ തർക്കപ്രശ്‌നമാക്കി മാറ്റുന്നതും. 1528ൽ ബാബറുടെ സൈനികതലവൻ പണിത പള്ളിക്കടിയിൽ രാമക്ഷേത്രം ഉണ്ടായിരുന്നുവെന്ന് കോടതിക്കും നിഗമനത്തിലെത്താനായിട്ടില്ല. അവിടെ ഹിന്ദുനിർമ്മിതിയുടെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു  എന്നതു മാത്രമാണ് ശരിവെക്കപ്പെട്ടിട്ടുള്ളത്.

ആർക്കിയോളജിക്കൽ സർവ്വേയുടെ അഭിപ്രായത്തിൽ ഊന്നി നിന്നു കൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള വിധിയും സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്നാണ് പ്രമുഖ ചരിത്രകാരനായ ഡോ.കെ.എൻ.പണിക്കർ നിരീക്ഷിക്കുന്നത്. യഥാർത്ഥത്തിൽ വിശ്വാസത്തെ അവലംബമാക്കിയതു വഴി കോടതി സംഘപരിവാർ ആഗ്രഹിച്ച രീതിയിൽ തർക്കഭൂമി ക്ഷേത്രനിർമ്മാണത്തിന് ഏൽപിച്ചു കൊടുക്കുന്നതിലേക്കാണ് എത്തിയത്. ചരിത്രത്തെയും പ്രമാണങ്ങളെയും അടിസ്ഥാനമാക്കിയുള്ള തെളിവുകൾക്കു പകരം വിശ്വാസത്തെ അവലംബമാക്കേണ്ടി വരുമ്പോഴുള്ള സങ്കീർണതകളും സംശയങ്ങളും വിധിന്യായത്തിൽ അന്തർലീനമായി കിടക്കുന്നുണ്ട്. അത്തരം സംശയങ്ങളും വിധി പരിശോധിക്കപ്പെടണമെന്ന ആവശ്യവും ഒരു ജനാധിപത്യ സമൂഹത്തിൽ സ്വാഭാവികമായും ഉണ്ടാവും.


സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി അംഗീകരിക്കുമ്പോൾ തന്നെ അതിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാനും റിവ്യൂ ചെയ്യുവാനും നിയമം തന്നെ അനുമതി നൽകുന്നുണ്ട്. അയോധ്യ വിധിയെ പരിശോധിച്ചു കൊണ്ട് ജസ്റ്റിസ് ഗാംഗുലി വിധിയിലെ ശരികേടുകൾ വിശകലനം ചെയ്ത് വസ്തുതാപരമായി വിമർശിക്കുന്നുണ്ട്.

1949 ഡിസംബർ 22ന് പള്ളിക്കകത്തേക്ക് അതിക്രമിച്ചു കടന്ന് വിഗ്രഹങ്ങൾ സ്ഥാപിച്ചതും 1992 ഡിസംബർ 6ന് പള്ളി പൊളിച്ചതും നിയമവിരുദ്ധ പ്രവർത്തനമായി അംഗീകരിച്ച കോടതിയുടെ വിധിപ്രസ്താവനയിൽ വിശ്വാസത്തെ നിയമത്തിന്റെ മേൽ പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്. ഇത് ഈ വിധിയിലെ ചിന്തനീയമായ വൈരുദ്ധ്യമാണെന്നും പല നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു 

ബാബ്‌റി മസ്ജിദ് തർക്കപ്രശ്‌നമാക്കുന്നത് അയോധ്യയിലെ ഹിന്ദുക്കൾക്കിടയിലും മുസ്ലീങ്ങൾക്കിടയിലും വർഗീയമായ വേർതിരിവ് ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ബ്രിട്ടീഷ് കൊളോണിയൽ ശക്തികളാണ് അയോധ്യയിലും മസ്ജിദിനെ കേന്ദ്രമാക്കി വേർതിരിവുകൾ സൃഷ്ടിച്ചത്. അതവരുടെ ഭിന്നിപ്പിക്കുക ഭരിക്കുകയെന്ന കൊളോണിയൽ തന്ത്രത്തിന്റെ ഭാഗമായിരുന്നു.

ബാബർ പള്ളി പണിത് മൂന്ന് നൂറ്റാണ്ടിനുശേഷമാണ് 1850ൽ അയോധ്യയിൽ ഹിന്ദുമുസ്ലീം സംഘർഷമുണ്ടാകുന്നത്. അതിനെ തുടർന്നാണ് ഫൈസാബാദ് ജില്ലാ ഭരണാധികാരികൾ മസ്ജിദിന് പുറത്ത് രാംഛബൂത്ര അനുവദിക്കുന്നതും ഹിന്ദുക്കൾക്ക് ആരാധനാസ്വാതന്ത്ര്യം കൊടുക്കുന്നതും. കോടതി നിരീക്ഷിക്കുന്നതു പോലെ രാംഛബൂത്രയിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്കുള്ള സ്വാതന്ത്ര്യമല്ലാതെ ഭൂമിയിൽ ഉടമാവകാശം നൽകിയിരുന്നില്ല.

1885ലാണ് മഹന്ത് രഘുബീർദാസ് എന്നൊരാളാണ് മസ്ജിദിന് പുറത്ത് ക്ഷേത്രം പണിയാൻ അനുമതി ചോദിച്ച് ഫൈസാബാദ് ജില്ലാകോടതിയെ സമീപിക്കുന്നത്. അന്ന്‌ കോടതി അദ്ദേഹത്തിന്റെ ഹർജി തള്ളുകയാണ് ഉണ്ടായത്. 1949 വരെ ഈ സ്ഥിതി തുടർന്നു. ഗാന്ധിവധത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയ സംഘപരിവാർ ഗൂഢാലോചനയാണ് 1949 ഡിസംബർ 22നും 29നു ഇടയിലെ രാത്രിയിൽ ബാബ്‌റി മസ്ജിദിനകത്തേക്ക് രാമവിഗ്രഹം ഒളിച്ചു കടത്തി പ്രതിഷ്ഠിക്കുന്നതിലേക്ക് എത്തിയത്.

ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ രാമചരിതമാനസ് എന്ന പേരിൽ 9 ദിവസമായി നടന്ന അഖണ്ഡ നാമാചരണത്തിന്റെ സമാപന ദിവസമായിരുന്നു ഈ അതിക്രമം നടന്നത്. അതായത് അഖിലഭാരതീയ രാമായണ മഹാസഭ നടത്തുന്നതിന്റെ തുടർച്ചയിലാണ് പള്ളിയിൽ അതിക്രമിച്ചു കടന്ന് വിഗ്രഹങ്ങൾ സ്ഥാപിച്ചത്. മഹന്ത് ദിഗ്‌വിജയ്‌നാഥ് ബാബാരാഘവദാസ് തുടങ്ങിയ ഹിന്ദുമഹാസഭാ നേതാക്കളായിരുന്നു ഈ കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്തത്. എന്നിട്ടവർ രാമവിഗ്രഹം പള്ളിക്കകത്ത് സ്വയംഭൂ ആയതാണെന്ന് പ്രചരണം നടത്തുകയായിരുന്നു.

സുന്നി വഖഫ് ബോർഡും അക്കാലത്ത് ഫൈസാബാദ് മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചിരുന്ന ആചാര്യ നരേന്ദ്രദേവും ഈ കടന്നു കയറ്റത്തിൽ ശക്തമായി പ്രതിഷേധിച്ചു. കോൺഗ്രസിന്റെ ഫൈസാബാദ് ജില്ലാ പ്രസിഡന്റ് ബ്രഹ്മചാരി ഉൾപ്പെടെയുള്ള നേതാക്കൾ ഹിന്ദുമഹാസഭയുടെ കടന്നുകയറ്റത്തിനെതിരെ രംഗത്തുവന്നു. എന്നാൽ യു.പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തും മറ്റ് കോൺഗ്രസ് നേതാക്കളും ഹിന്ദു മഹാസഭയോടൊപ്പം ചേർന്ന് മസ്ജിദിനകത്ത് വിഗ്രഹം സ്ഥാപിച്ചതിനെ ന്യായീകരിക്കുകയും പള്ളി തർക്കഭൂമിയാക്കി പൂട്ടിയിടുകയുമാണ് ചെയ്തത്.

പള്ളിയിൽ അതിക്രമിച്ചുകടന്ന് സ്ഥാപിച്ച വിഗ്രഹങ്ങൾ എടുത്തുമാറ്റണമെന്ന പ്രധാനമന്ത്രി നെഹ്‌റുവിന്റെ അഭ്യർത്ഥനകൾ പോലും കാറ്റിൽപറത്തിയാണ് യു.പിയിലെ കോൺഗ്രസ് സർക്കാരും ഫൈസാബാദ് ഭരണകൂടവും ഹിന്ദുമഹാസഭയോടൊപ്പം ചേർന്ന് പള്ളി തർക്കഭൂമിയാക്കിയത്. ഇപ്പോഴുള്ള വ്യവഹാരങ്ങളുടെ ചരിത്രം ആരംഭിക്കുന്നതും ഈയൊരു സാഹചര്യത്തിൽ നിന്നാണ്.

1950ൽ ഗോപാൽഷിംലാ വിശാരദ് എന്നൊരാൾ രാംലല്ലയിൽ പൂജ നടത്താൻ കോടതിയിൽ ഹർജി നൽകി. അതേ വർഷം തന്നെ പരമഹംസ് രാമചന്ദ്രദാസ് എന്നൊരാൾ സ്ഥിരം പൂജക്ക് സൗകര്യം ചോദിച്ച് കോടതിയെ സമീപിച്ചു. 1959ൽ ഭൂമിയുടെ ഉടമസ്ഥാവകാശം ചോദിച്ച് നിർമ്മോഹി അഖാഡ കേസ് ഫയൽ ചെയ്തതോടെയാണ് കോടതി വ്യവഹാരങ്ങൾ സജീവമായത്.

ഇതിനെതിരെ 1961ൽ യു.പി സുന്നി വഖഫ്‌ ബോർഡ് നാലാമതൊരു ഹർജി കൂടി ഫയൽ ചെയ്യുന്നുണ്ട്. 1986ലാണ് ഫൈസാബാദ് ജില്ലാകോടതി തർക്കഭൂമിയായി പൂട്ടിയിട്ട പള്ളി ഹിന്ദുക്കൾക്ക് തുറന്നു നൽകാൻ ഉത്തരവിട്ടത്. അന്നത്തെ എൻ.ഡി.തിവാരിയുടെ നേതൃത്വത്തിലുള്ള യു.പി സർക്കാരും രാജീവ്ഗാന്ധി നേതൃത്വം കൊടുത്ത കേന്ദ്രസർക്കാരും ആ വിധിക്കെതിരെ അപ്പീൽ പോകാനുള്ള നടപടിക്രമങ്ങളിൽ നിന്ന് ഒഴിഞ്ഞു നിന്ന് പള്ളി ഹിന്ദുക്കൾക്ക് തുറന്നു കൊടുക്കാൻ തിടുക്കം കാണിക്കുകയായിരുന്നു.

അതോടെയാണ് ബാബ്‌റി മസ്ജിദ് പ്രശ്‌നം ഇന്ത്യൻ രാഷ്ട്രീയത്തിൽ തീക്ഷ്ണമായത്. 1989ൽ ബാബ്‌റി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള വി.എച്ച്.പിയുടെയും സംഘപരിവാർ സംഘടനകളുടെയും നീക്കങ്ങൾക്ക് കേന്ദ്രസർക്കാരും യു.പി സർക്കാരും എല്ലാ സഹായങ്ങളും ചെയ്തുള കൊടുത്തു.

അയോധ്യയിൽ പള്ളി നിൽക്കുന്ന സ്ഥലത്ത് ശിലാന്യാസത്തിന് അനുമതി നൽകി. 1991ൽ യു.പി സർക്കാർ മസ്ജിദിന് സമീപമുള്ള ഭൂമി ഏറ്റെടുത്തു. 1992 ഡിസംബർ 6ന് ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രതീകമായ ബാബ്‌റി മസ്ജിദ് ഹിന്ദുത്വശക്തികൾ പൊളിച്ചു.

സുപ്രീംകോടതിയും ദേശീയ ഉദ്ഗ്രഥനസമിതിയും പാർലിമെന്റിലെ ബി.ജെ.പി എം.പിമാരൊഴിച്ച് മറ്റെല്ലാ എം.പിമാരും ഒന്നിച്ച് നരസിംഹറാവു സർക്കാരിനോട് പള്ളി സംരക്ഷിക്കണം എന്നാവശ്യപ്പെട്ടതാണ്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും കേന്ദ്രസർക്കാരിന് ഏകകണ്ഠമായി അവർ പിന്തുണ നൽകിയതാണ്.  അയോധ്യയിൽ പള്ളിപൊളിക്കാനെത്തിയവർ കർസേവകർക്ക് ആവശ്യമായ സാനിറ്റേഷൻ സൗകര്യം ഫൈസാബാദിൽ ഒരുക്കുന്നതിനെക്കുറിച്ചായിരുന്നല്ലോ നരസിംഹറാവുവിന്റെ ഉത്കണ്ഠ !

1994ലാണ് സുന്നി വഖഫ് ബോർഡ് നൽകിയതുൾപ്പെടെയുള്ള കേസുകൾ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ കോടതിയിലെത്തുന്നത്. ഹർജികൾ ഫയലിൽ സ്വീകരിച്ച കോടതി 1996 മുതൽ 2010 വരെ സെപ്തംബർ വരെ വാദം കേട്ട് വിധി പറഞ്ഞു. രാമന്റെ ജന്മസ്ഥലം ലോകത്തിന് മുഴുവൻ അറിയാമെന്നു പറഞ്ഞ ഡിവിഷൻ ബെഞ്ച് തർക്കഭൂമി യു.പി വഖഫ് ബോർഡ്, നിർമ്മോഹി അഖാഡ, രാമലല്ല എന്നിവർക്കായി തുല്യമായി വീതിച്ച് നൽകുകയായിരുന്നു. ഈ കേസിൽ 2011ൽ സുന്നി വഖഫ് ബോർഡ് നൽകിയ അപ്പീലിൽ സുപ്രീംകോടതി വിധി സ്റ്റേ ചെയ്തു.

സാക്ഷ്യപ്പെടുത്താനാവാത്ത ഒന്നിനെ വിശ്വസിക്കാനാവില്ലെന്ന പ്രസ്താവനയോടെയാണ് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തത്. ഈ കേസിൽ സുന്നി വഖഫ് ബോർഡും നിർമ്മോഹി അഖാഡയും രാമലല്ലയും നൽകിയ അപ്പീൽ ഹരജികളിലാണ് ഇപ്പോൾ ഭരണഘടനാബെഞ്ച് അന്ത്യവിധി പ്രസ്താവിച്ചിരിക്കുന്നത്.

ഇന്ത്യൻ ജനജീവിതത്തെ വർഗീയവൽക്കരിക്കുകയും മതധ്രുവീകരണവും കലാപവും പടർത്തിയ അയോധ്യ തർക്കത്തിന് നിയമപരമായ പരിഹാരം ഉണ്ടാകണമെന്നത് സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുടെയും ആഗ്രഹമാണ്. അത് നിയമത്തെയും അതിന്റെ രീതികളെയും ആശ്രയിച്ചായിരിക്കണമെന്നത് ഭരണഘടനക്കും നീതിക്കും വേണ്ടി നിലകൊള്ളുന്നവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ♦