Thursday, April 28, 2022

പ്രശാന്ത് കിഷോറും കോൺഗ്രസിനെ കൈവിട്ടു

ഒരു ദശാബ്ദമായി കോൺഗ്രസ്‌ പാർടി തകർച്ചയിൽ നിന്ന്‌ തകർച്ചയിലേക്ക്‌ കൂപ്പു കുത്തുകയാണ്‌. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിനു ശേഷം നടന്ന 49 തെരഞ്ഞെടുപ്പിൽ 39ലും (ദി ഹിന്ദു മാർച്ച്‌ 28, 2022) കോൺഗ്രസ്‌ തോറ്റു. പാർടിയിൽനിന്ന്‌ യുവാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കും മറ്റു രാഷ്ട്രീയ പാർടികളിലേക്കും കൂടു മാറുകയാണ്‌. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, ആർ പി എൻ സിങ് തുടങ്ങി രാഹുൽ ബ്രിഗേഡിൽപ്പെട്ടവർ പോലും ബിജെപിയിൽ എത്തി. അഞ്ചു സംസ്ഥാനത്തേക്ക്‌ നടന്ന തെരഞ്ഞെടുപ്പിലും കനത്ത പരാജയമാണ്‌ കോൺഗ്രസിനുണ്ടായത്‌.

അധികാരത്തിലിരുന്ന പഞ്ചാബും നഷ്ടമായി. ഈയൊരു ഘട്ടത്തിലാണ്‌ പ്രശാന്ത്‌ കിഷോർ എന്ന പുറം കരാറുകാരന്റെ സേവനം കോൺഗ്രസ്‌ തേടിയത്‌. 2014ൽ മോദിയെ പ്രധാനമന്ത്രി പദത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രശാന്ത്‌ കിഷോറിനെ കോൺഗ്രസിൽ എത്തിച്ച്‌ പാർടിയെ രക്ഷിക്കാനുള്ള അവസാന ശ്രമമാണ്‌ നടത്തിയത്‌. എന്നാൽ, കോൺഗ്രസിൽ ചേരാനുള്ള നിർദേശം പികെയും തള്ളിയതോടെ ആ പ്രതീക്ഷയും അസ്‌തമിച്ചു.

കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി രൂപീകരിച്ച എംപവേഡ്‌ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കണമെന്ന ആവശ്യം നിരാകരിച്ച്‌ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നയിക്കുന്ന ടിആർഎസ്‌ പാർടിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ പ്രശാന്ത്‌ കിഷോർ തീരുമാനിച്ചു. ഞായറാഴ്‌ചയാണ്‌ കിഷോറിന്റെ ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി (ഐ പാക്‌)യും ടിആർഎസും തമ്മിൽ കരാറിൽ ഒപ്പുവച്ചത്‌. കോൺഗ്രസ്‌ തന്റെ നിർദേശങ്ങൾ അംഗീകരിച്ചിരുന്നെങ്കിൽ ഐ പാകിന്റെ സേവനം കോൺഗ്രസിന് ആയിരിക്കുമെന്ന്‌ പ്രശാന്ത്‌ നേരത്തേ വ്യക്തമാക്കിയിരുന്നു. അതുണ്ടാകില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ ടിആർഎസുമായി അദ്ദേഹം കരാറിൽ ഒപ്പിട്ടത്‌.

പ്രശാന്ത്‌ കിഷോറുമായുള്ള ചർച്ച ഗുണത്തേക്കാളേറെ കോൺഗ്രസിന്‌ ദോഷമാണ്‌ ഉണ്ടാക്കിയത്‌. മേയ്‌ 13 മുതൽ -15 വരെ രാജസ്ഥാനിലെ ഉദയ്‌പുരിൽ നടക്കുന്ന ചിന്തൻ ശിബിറിൽ പ്രശാന്ത്‌ കിഷോർ മുന്നോട്ടു വച്ച നിർദേശങ്ങൾ ചർച്ച ചെയ്യപ്പെടുമോ എന്നുപോലും സംശയമാണ്‌.

സ്വന്തം പാർടിയിലെ നേതാക്കളുടെ കഴിവിലും കാര്യക്ഷമതയിലും വിശ്വാസമില്ലാത്തതാണ്‌ തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പുറം കരാറുകാരനെ സമീപിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചതെന്ന വിമർശം ബാക്കിയായത്‌ മിച്ചം. അതോടൊപ്പം മാറ്റത്തിന്‌ കോൺഗ്രസ്‌ തയ്യാറല്ലെന്ന സന്ദേശവും ഇത്‌ നൽകുന്നുണ്ട്‌. പ്രശാന്ത്‌ കിഷോറുമായുള്ള ചർച്ച ഗുണത്തേക്കാളേറെ കോൺഗ്രസിന്‌ ദോഷമാണ്‌ ഉണ്ടാക്കിയത്‌. മേയ്‌ 13 മുതൽ -15 വരെ രാജസ്ഥാനിലെ ഉദയ്‌പുരിൽ നടക്കുന്ന ചിന്തൻ ശിബിറിൽ പ്രശാന്ത്‌ കിഷോർ മുന്നോട്ടുവച്ച നിർദേശങ്ങൾ ചർച്ച ചെയ്യപ്പെടുമോ എന്നുപോലും സംശയമാണ്‌.

എന്തു കൊണ്ടാണ്‌ പ്രശാന്ത്‌ കിഷോറിന്റെ കോൺഗ്രസ്‌ പ്രവേശം തടയപ്പെട്ടത്‌? രാഹുൽ ഗാന്ധിയെ മാറ്റി മറ്റൊരാൾ ആ സ്ഥാനത്തേക്ക്‌ വരണമെന്ന നിർദേശം മുന്നോട്ടു വച്ചതു തന്നെയാണ്‌ ഇതിനു പ്രധാന കാരണം. യുപിഎയുടെ ചെയർപേഴ്‌സനായി സോണിയ ഗാന്ധി തുടരണമെന്നും പാർലമെന്ററി ബോർഡ്‌ ചെയർമാനായി രാഹുൽ ഗാന്ധിയെ നിയമിക്കണമെന്നും അധ്യക്ഷയായി പ്രിയങ്ക ഗാന്ധിയെ അവതരിപ്പിക്കണമെന്നുമുള്ള നിർദേശമാണ്‌ പികെ പ്രധാനമായും മുന്നോട്ടുവച്ചത്‌. അതായത്‌ പാർടി അധ്യക്ഷനും പാർലമെന്ററി പാർടി നേതാവും (പ്രധാനമന്ത്രിയും) ഒരാൾ തന്നെ ആകരുതെന്ന നിർദേശം അംഗീകരിക്കാൻ സോണിയ ഗാന്ധിയോ രാഹുലോ അവർക്കു ചുറ്റമുള്ള ഉപജാപകസംഘമോ തയ്യാറായിരുന്നില്ല. സംഘടനയിൽ, നേതൃത്വത്തിൽ ഉൾപ്പെടെ ഘടനാപരമായ മാറ്റം വരുത്താനുള്ള അവകാശം, സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിലും സഖ്യവും തെരഞ്ഞെടുപ്പു തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നതിലും നേതൃത്വം തുടങ്ങി പികെ മുന്നോട്ടു വച്ച ഒരാശയത്തോടും ഈ ഉപജാപക സംഘത്തിന്‌ രാജിയാകാൻ കഴിയുമായിരുന്നില്ല.

ജനങ്ങളുമായി ഗാഢ ബന്ധമുള്ള, നിശ്ചയ ദാർഢ്യമുള്ള ഊർജസ്വലമായ നേതൃത്വത്തിന്റെ അഭാവമാണ്‌ ഇന്ന്‌ കോൺഗ്രസിനെ അലട്ടുന്നത്‌. ജി 23 എന്ന ഗ്രൂപ്പിന്റെ പ്രധാന ആരോപണവും ഇതു തന്നെയാണ്‌.

നിലവിലുള്ള നേതൃത്വവുമായി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ പരാജയമായിരിക്കും ഫലമെന്ന സൂചനയാണ്‌ പ്രശാന്ത്‌ കിഷോർ നൽകിയത്‌. അത്‌ തീർത്തും ശരിയുമാണ്‌. 2019ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാണ്‌ കോൺഗ്രസ്‌ മത്സരിച്ചത്‌. അതിൽ ദയനീയമായി പരാജയപ്പെട്ടു. രാഹുൽ ഗാന്ധി അമേത്തിയിൽ പരാജയത്തിന്റെ രുചിയറിഞ്ഞു. ഇത്തരമൊരാളെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌ എങ്ങനെയെന്ന ചോദ്യം സ്വാഭാവികമായും ഉയരും. കോൺഗ്രസ്‌ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രതിസന്ധി ശക്തമായ നേതൃത്വമില്ലാത്തതു തന്നെയാണ്‌. 2019ലെ പൊതു തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനു ശേഷം രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം കോൺഗ്രസിന്‌ ഒരു നേതാവില്ല. സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാതെ അവസാന മണിക്കൂറിൽ മണ്ടൻ തീരുമാനങ്ങൾ എടുക്കുന്ന രീതിയാണ്‌ ഇപ്പോൾ കോൺഗ്രസിനുള്ളത്‌. കടുത്ത വർഗീയ അജൻഡ ഉയർത്തി ബിജെപി മുന്നോട്ടു വരുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ കോൺഗ്രസിന്‌ നേതാക്കളില്ലാത്ത അവസ്ഥയാണ്‌ ഇപ്പോൾ. ബിജെപിയെ ഭയന്ന്‌ കേന്ദ്ര കോൺഗ്രസ്‌ നേതാക്കൾ ഇഫ്‌താർ പാർടി പോലും നടത്താത്ത കാലമാണ്‌ ഇത്‌. ജനങ്ങളുമായി ഗാഢ ബന്ധമുള്ള, നിശ്ചയദാർഢ്യമുള്ള ഊർജസ്വലമായ നേതൃത്വത്തിന്റെ അഭാവമാണ്‌ ഇന്ന്‌ കോൺഗ്രസിനെ അലട്ടുന്നത്‌. ജി 23 എന്ന ഗ്രൂപ്പിന്റെ പ്രധാന ആരോപണവും ഇതുതന്നെയാണ്‌.

വ്യക്തമായ ഒരു പ്രത്യയ ശാസ്‌ത്രം മുന്നോട്ടു വയ്‌ക്കാനാകുന്നില്ലെന്നതും കോൺഗ്രസിനെ അലട്ടുന്ന വിഷയമാണ്‌. സ്വാതന്ത്ര്യ സമരകാലത്ത്‌ മത നിരപേക്ഷതയുടെയും സോഷ്യൽ ഡെമോക്രസിയുടെയും ശാസ്‌ത്ര ബോധത്തിന്റെയും കൊടി ഉയർത്തിയ കോൺഗ്രസ്‌ ഇന്ന്‌ ഈ മൂല്യങ്ങൾക്കൊന്നും വില കൽപ്പിക്കുന്നില്ലെന്നു മാത്രമല്ല, മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച്‌ ബിജെപിയെ മറി കടക്കാമെന്ന അബദ്ധ ധാരണയുമായാണ്‌ മുന്നോട്ടു പോകുന്നത്‌. ഫലത്തിൽ ഇത്‌ ബിജെപിക്ക്‌ ആളെ കൂട്ടുകയാണ്‌ ചെയ്യുന്നത്‌. ബിജെപിയുമായി നേരിട്ട്‌ ഏറ്റുമുട്ടുന്ന സീറ്റുകളിൽ കോൺഗ്രസിന്റെ വിജയശതമാനം 2014ൽ ആറു ശതമാനം ആയിരുന്നത്‌ 2019ൽ നാലു ശതമാനമായി കുറഞ്ഞെന്നത്‌ ഇത്‌ തെളിയിക്കുന്നു. തീവ്ര ഹിന്ദുവാദികൾ ഉള്ളപ്പോൾ എന്തിന്‌ മുദു ഹിന്ദുത്വ വാദികൾക്ക്‌ വോട്ട്‌ കൊടുക്കണമെന്ന  ചിന്താഗതിക്കാണ്‌ മുൻതൂക്കം ലഭിക്കുന്നത്‌. ബിജെപിയുമായി നേരിട്ട്‌ മൽസരിക്കുന്ന 180 സീറ്റിൽ തുടർച്ചയായി അഞ്ച്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ തോൽക്കുകയാണെന്ന പ്രശാന്ത്‌ കിഷോറിന്റെ കണക്കും ഇതോടൊപ്പം ചേർത്തു വായിക്കണം.

കെട്ടുറപ്പുള്ള ഒരു സംഘടനാ സംവിധാനവും കോൺഗ്രസിന്‌ ഇന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ്‌ അജൻഡയിലേയില്ല. കോൺഗ്രസിന്റെ ആശയങ്ങൾ താഴെത്തട്ടിൽ ജനങ്ങളിൽ എത്തിക്കണമെങ്കിൽ ഇത്തരമൊരു  സംവിധാനം ആവശ്യമാണ്‌. ബിജെപി ബൂത്തുതല മാനേജ്‌മെന്റിൽ കേന്ദ്രീകരിക്കുമ്പോൾ അത്തരമൊരു ആലോചന പോലും കോൺഗ്രസിനകത്തില്ല. കേഡർമാരെ എന്നും പാർടിക്കൊപ്പം നിർത്താനാവശ്യമായ സമരങ്ങൾ, പ്രചാരണ പരിപാടികൾ തുടങ്ങിയ ഒന്നും കോൺഗ്രസ്‌ ദേശീയ തലത്തിൽ നടത്താതായിട്ട്‌ കാലങ്ങൾ ഏറെയായി. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയ്‌ക്ക്‌ കോൺഗ്രസ്‌ ദേശീയ തലത്തിൽ നടത്തിയ ഒരു പ്രക്ഷോഭത്തെ കുറിച്ച് പറയാമോ എന്ന ചോദ്യം വെബ്‌ പോർട്ടലായ ‘ദ പ്രിന്റ്‌’ അടുത്തിടെ ഉയർത്തിയത്‌ ഇതിനാലാണ്‌. പ്രശാന്ത്‌ കിഷോറല്ല ആരും വിചാരിച്ചാലും രക്ഷപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലാണ്‌ ഇന്ന്‌ കോൺഗ്രസ്‌.


Read more: https://www.deshabhimani.com/articles/prashanth-kishor-soniya-gandhi/1016600

No comments:

Post a Comment