Friday, April 29, 2022

കെ റെയിൽ ജപ്പാൻ വായ്പ കടക്കെണിയാകുമോ ?

എഴുത്ത് അജയ് ബാലചന്ദ്രൻ

ജപ്പാനിൽ നിന്നുള്ള ലോൺ തിരിച്ചടയ്ക്കാൻ തക്ക നികുതിവരുമാനം കഴിഞ്ഞ 40 വർഷത്തെ ട്രെൻഡ് അനുസരിച്ച് ഭാവിയിൽ കേരളത്തിനുണ്ടാവുമോ എന്നത് സംബന്ധിച്ച് ഞാൻ ഒരു പോസ്റ്റെഴുതിയിരുന്നു.  പോസ്റ്റിൽ ഇന്ത്യൻ കറൻസിയായ രൂപയും ജപ്പാനിലെ കറൻസിയായ യെന്നും തമ്മിലുള്ള വിനിമയ മൂല്യത്തിൽ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള വ്യത്യാസം കൂടി കണക്കിലെടുക്കണം എന്ന് ഒരു കമന്റ് ഉണ്ടായിരുന്നു. അത് പഠിച്ച് ഒരു പോസ്റ്റെഴുതാം എന്ന് ഞാൻ പറഞ്ഞിരുന്നു.

ആ പറഞ്ഞ പോസ്റ്റാണ് ഈ പോസ്റ്റ്.

പഠിക്കാൻ നല്ല എളുപ്പമുള്ള ഒരു ഉദാഹരണം മുന്നിലുണ്ട്. മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ (ചുരുക്കത്തിൽ ഇന്ത്യൻ ബുള്ളറ്റ് ട്രെയിൻ എന്ന് വിളിക്കാം). ഇതും സിൽവർ ലൈനും തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. സിൽവർ ലൈനിന്റെ ട്രാക്ക് നീളം 532 കിലോമീറ്ററാണെങ്കിൽ ഇന്ത്യൻ ബുള്ളറ്റ് ട്രെയിനിന്റെ നീളം 508 കിലോമീറ്ററാണ്. കേരളത്തിൽ ഉപയോഗിക്കുന്നത് സെമി ഹൈസ്പീഡ് ടെക്നോളജി ആണെങ്കിൽ അവർ ഉപയോഗിക്കുന്നത് ഹൈസ്പീഡ് ടെക് ആണ് (അതെപ്പറ്റി ഒരു പോസ്റ്റ് എഴുതാനുണ്ട്). അവരുടെ ടിക്കറ്റ് നിരക്ക് 3000 രൂപയാണെങ്കിൽ നമുക്ക് ആയിരത്തഞ്ഞൂറ് രൂപയിൽ താഴെയായിരിക്കും എന്ന വ്യത്യാസവുമുണ്ട് (ഇക്കാര്യത്തിൽ ഉറപ്പില്ല - എങ്കിലും ഇതാണ് മാധ്യമങ്ങളിൽ കാണുന്ന ഏകദേശ കണക്ക്).

സിൽവർ ലൈൻ പോലെ തന്നെ ജപ്പാന്റെ ലോൺ എടുത്ത് തന്നെയാണ് ഇന്ത്യൻ ബുള്ളറ്റ് ട്രെയിനും പണിയുന്നത്. ഇക്കാര്യത്തിൽ പരിഗണിക്കേണ്ടത് ലോണിന്റെ പലിശയും വിനിമയനിരക്കിൽ ഭാവിയിൽ ഉണ്ടാകാവുന്ന വ്യത്യാസവും ജപ്പാന്റെ തന്നെ സാങ്കേതിക വിദ്യ വാങ്ങുന്നത് മൂലം എന്ത് ചിലവാണ് കൂടുതൽ വരിക എന്ന കാര്യവുമാണ്.

1. ലോണിന്റെ പലിശ നിരക്ക്:

വളരെ കുറഞ്ഞ നിരക്കിലാണ് ജൈക്ക ഔദ്യോഗിക വികസന സഹായ ലോണുകൾ കൊടുക്കുന്നത്. 0.01% മുതൽ 1.4% വരെ പലിശ ഉള്ള ലോണുകൾ കടം സ്വീകരിക്കുന്ന രാജ്യത്തിന്റെ വരുമാനം വികസനം എന്നീ ഘടകങ്ങൾ അടിസ്ഥാനമായി നിർണയിക്കപ്പെടും. (ലിങ്ക് 1 നോക്കുക)

മോദിജിയും ജപ്പാൻ പ്രധാനമന്ത്രിയും തമ്മിലുള്ള സൗഹൃദവും ഇന്ത്യയിലെ ഹൈസ്പീഡ് റെയിലിലേയ്ക്ക് പ്രവേശിക്കുക എന്ന ലക്ഷ്യവും എല്ലാം വച്ച് 0.1% പലിശയ്ക്കാണ് ഇന്ത്യൻ ബുള്ളറ്റ് ട്രെയിനിന്റെ ലോൺ നൽകുന്നത്. (ലിങ്ക് 2).

കേരളത്തിന് അത്രയും നല്ല ഡീൽ കിട്ടിയില്ല. 0.25% വാർഷിക പലിശയ്ക്കാണ് നമുക്ക് ലോൺ കിട്ടുക എന്നാണ് വാർത്തകളിൽ കാണുന്നത് (ലിങ്ക് 3).

1997-ൽ 2.3% പലിശയ്ക്കാണ് ജൈക്കയിൽ നിന്ന് ഡെൽഹി മെട്രോയ്ക്ക് ലോൺ കൊടുത്തത് എന്നതിനാൽ ഇത് അത്ര മോശം നിരക്കല്ല എന്നും പറയാം. 2002-ൽ ഡെൽഹി മെട്രോ ഫേസ് 2-ന് 1.3% തുകയ്ക്കാണ് ലോൺ കിട്ടിയത്.

2. വിനിമയനിരക്കിൽ ഭാവിയിൽ ഉണ്ടാകാവുന്ന വ്യത്യാസം (രണ്ട് രാജ്യങ്ങളിലെയും ഇൻഫ്ളേഷൻ ഇതിൻ്റെ ഒരു അടിസ്ഥാന ഘടകമാണ്!):

42 വർഷം മുൻപ് 1980-ൽ 3.75 രൂപ കൊടുത്താൽ 100 യെൻ കിട്ടുമായിരുന്നു. 32 വർഷം മുൻപ് 1990-ൽ 12.79 രൂപ കൊടുത്താൽ 100 യെൻ കിട്ടുമായിരുന്നു. 2000-ൽ 41.40 രൂപ കൊടുക്കണമായിരുന്നെങ്കിൽ 2010-11-ൽ 53.26 രൂപ കൊടുക്കണമായിരുന്നു. ഇന്ന് 61.47 രൂപ കൊടുത്താൽ 100 യെൻ കിട്ടും! (ലിങ്ക് 4)

ഇനി എത്ര വർഷമാണ് ലോൺ കാലാവധി എന്നാണറിയേണ്ടത്. ഇന്ത്യൻ ബുള്ളറ്റ് ട്രെയിനിന്റെ ലോൺ എടുത്താൽ 15 വർഷത്തേയ്ക്ക് തിരിച്ചടയ്ക്കേണ്ട! അത് കഴിഞ്ഞ് 35 വർഷം കൊണ്ട് തിരിച്ചടവ് പൂർത്തിയാക്കിയാൽ മതി. ഇത്രയും “നല്ല“ ടേംസല്ല സിൽവർ ലൈനിന്. കേരളത്തിന്റെ ലോൺ 30 വർഷം കൊണ്ട് അടച്ച് തീർക്കേണ്ടി വരും എന്നാണ് വായിച്ചത്. തിരഞ്ഞ് നോക്കിയിട്ട് കൃത്യമായ വിവരം കിട്ടിയില്ല. പക്ഷേ 30 വർഷം എന്ന കാലാവധി വച്ച് കണക്ക് കൂട്ടിയാൽ ഈ കാലയളവ് കൊണ്ട് വർഷം 5% വച്ച് യെൻ രൂപയെ അപേക്ഷിച്ച് ശക്തി പ്രാപിക്കാൻ നല്ല സാധ്യതയുണ്ട്. (കഴിഞ്ഞ 30 വർഷത്തെ നിരക്ക് തുടർന്നാൽ!)

ലോൺ കാലാവധി തീരുമ്പോഴേയ്ക്കും 260-270 രൂപ കൊടുത്താലേ 100 യെൻ കിട്ടൂ എന്ന സ്ഥിതിയാവാൻ നല്ല സാധ്യതയുണ്ട്.

മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ കാലാവധി 2016-ൽ തുടങ്ങി എന്ന് സങ്കൽപ്പിച്ചാൽ 2066-ലേ തിരിച്ചടവ് തീരൂ. അന്ന് ഇതേ നിരക്കിലാണ് മൂല്യശോഷണം മുന്നോട്ട് പോകുന്നതെങ്കിൽ 700-720 രൂപ കൊടുത്താലേ 100 യെൻ കിട്ടാൻ സാധ്യതയുള്ളൂ...

(കണക്കിൽ ഞാൻ വീക്കാണ് തെറ്റുണ്ടെങ്കിൽ തിരുത്തുക. കണക്ക് കൂട്ടാൻ ഞാൻ ഉപയോഗിച്ച ടൂൾ ലിങ്ക് 5-ൽ)!

എന്തായാലും മൂല്യശോഷണം കൂടി പലിശയായി കണക്കാക്കിയാൽ കേരളത്തിന് കിട്ടുന്ന ലോണിന്റെ വാർഷിക പലിശ 5.25%, ഇന്ത്യൻ ബുള്ളറ്റ് ട്രെയിനിന്റേത് 5.1 % എന്നിങ്ങനെയാണ്. വലിയ വ്യത്യാസമില്ല. തിരിച്ചടവ് കുറഞ്ഞ കാലാവധിയിലാണ് എന്നതിനാൽ ആകെ തിരിച്ചടയ്ക്കേണ്ട തുക സിൽവർ ലൈനിനാവും കുറവ്.

ഈ വളർച്ചാ നിരക്ക് 3% ആവും എന്നും (5% ആവില്ല എന്ന്) കണക്ക് കൂട്ടുന്ന വാർത്തകളും വായിച്ചു. ഇതിന് ഹെഡ്ജ് ചെയ്താൽ തന്നെ നല്ല ചിലവുണ്ടാവും എന്നൊക്കെയാണ് വാർത്തയിൽ പറയുന്നത് (ലിങ്ക് 6). ഹെഡ്ജിങ് ഈ കണക്കുകൂട്ടലിൽ ഉൾപ്പെടുത്തിയിട്ടില്ല.

3. ജപ്പാനിൽ നിന്ന് ട്രെയിൻ വാങ്ങുന്നതിലൂടെ അധിക തുക കൊടുക്കേണ്ടി വരുന്നോ എന്നത്:

ചൈനയുടെ ഹൈസ്പീഡ് ട്രെയിൻ ടെക്നോളജി ജപ്പാന്റെ ടെക്നോളജിയുടെ മൂന്നിൽ രണ്ട് വിലയ്ക്ക് ലഭ്യമാണ്. പക്ഷേ കേന്ദ്രഗവണ്മെന്റ് ആ കച്ചവടം ഒരിക്കലും അനുവദിക്കില്ല എന്നതിനാൽ ആ വെള്ളം അങ്ങ് ആദ്യമേ വാങ്ങി വച്ചേയ്ക്കാം. (ലിങ്ക് 7) ഫ്രാൻസിന്റെ ടെക്നോളജിക്ക് ജപ്പാന്റെ ടെക്നോളജിയേക്കാൾ വലിയ വിലക്കുറവുണ്ടാകും എന്ന് തോന്നുന്നില്ല. ചെറിയ വ്യത്യാസമേ ഉണ്ടാവാൻ സാധ്യതയുള്ളൂ... (ജപ്പാന്റെ 66% ചൈനയുടെ ചിലവ്. ഫ്രഞ്ച് ടെക്നോളജിയുടെ ചിലവ് അതിൽ കൂടുതലായിരിക്കും. അപ്പോൾ 66%-100% റേഞ്ചിൽ വരും. പരമാവധി ഒരു 10% മാത്രമേ ഫ്രഞ്ച് ടെക്നോളജി ഉപയോഗിച്ചാൽ ലാഭമുണ്ടാവൂ എന്ന് ഞാൻ കരുതുന്നു. അത് ഈ കുറഞ്ഞ നിരക്കിലുള്ള ജപ്പാൻ ലോൺ കിട്ടാത്തത് കൊണ്ട് നഷ്ടമായി മാറുകയും ചെയ്യും. ഐ.എം.എഫ്. ലോൺ പലിശയും രൂപയുടെ മൂല്യശോഷണവും നോക്കിയാൽ 7% ഒക്കെ വരുന്നതായാണ് ഒറ്റ നോട്ടത്തിൽ കാണുന്നത്).

++++++

ഇനി തിരിച്ചടവ് കണക്ക്കൂട്ടാം. ഒരു 50000 കോടി രൂപ ജപ്പാനിൽ നിന്ന് ലോണെടുത്ത് 10 വർഷം കഴിഞ്ഞ് അടയ്ക്കാൻ തുടങ്ങി 20 വർഷം കൊണ്ട് അടച്ച് തീർത്താൽ വർഷം എത്ര തുക ഇൻസ്റ്റോൾമെന്റ് അടയ്ക്കേണ്ടി വരും?

മൂല്യശോഷണം + പലിശ = 5.25% ആണ് എന്ന് നേരത്തേ പറഞ്ഞല്ലോ?

അങ്ങനെ പത്ത് വർഷം കൊണ്ട് വാർഷിക കൂട്ടുപലിശ ഉൾപ്പെടെ നോക്കിയാൽ 83,404.80 കോടി രൂപയായിരിക്കും തിരിച്ചടവ് ആരംഭിക്കുമ്പോൾ ഔട്ട്‌സ്റ്റാൻഡിങ് എമൗണ്ട്.

2025-ൽ 50000 കോടി രൂപ ലോണെടുത്ത് 2035-ൽ തിരിച്ചടവ് തുടങ്ങിയാൽ 2055 വരെ വർഷം 6835.21 കോടി രൂപ വീതം അടച്ചുകൊണ്ടിരിക്കണം.

കേരളത്തിന്റെ ഭാവി നികുതി വരുമാനം എങ്ങനെയായിരിക്കും എന്ന് പ്രൊജക്റ്റ് ചെയ്യാൻ ശ്രമിച്ച് ഞാനൊരു പോസ്റ്റെഴുതിയിരുന്നു. (ലിങ്ക് 8 ). അതനുസരിച്ച് 2035-ൽ ലോണടവ് തുടങ്ങുമ്പോൾ നാല് ലക്ഷം കോടിക്ക് മുകളിലാവും കേരളത്തിന്റെ വാർഷിക നികുതിവരുമാനം. അതിന്റെ രണ്ട് ശതമാനത്തിൽ താഴെയാവും സിൽവർ ലൈൻ കടത്തിന്റെ തിരിച്ചടവ്.

2055-ൽ ലോൺ അടവ് തീരുന്ന കാലത്ത് കേരളത്തിന്റെ നികുതി വരുമാനം നാല്പത് ലക്ഷം കോടിക്കടുത്തായിരിക്കും!!! അതിന്റെ 0.2%-ന് അടുത്തായിരിക്കും സിൽവർ ലൈനിനായി എടുത്ത കടത്തിന്റെ വാർഷിക തിരിച്ചടവ്!!!

മൂല്യശോഷണം കണക്കിലെടുത്താലും തിരിച്ചടവിൽ ഒരു പ്രശ്നവുമുണ്ടാകില്ല എന്നാണ് എനിക്ക് കഴിയാവുന്നത് പോലെ കണക്ക് കൂട്ടിയിട്ട് മനസ്സിലാവുന്നത്. ഈ കണക്കുകൂട്ടലിൽ സിൽവർ ലൈൻ ഉണ്ടാക്കുന്നത് കാരണം കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ ഒരു മാറ്റവും ഉണ്ടാകുന്നതായി കണക്കാക്കിയിട്ടില്ല എന്നുകൂടി പറയട്ടെ.

ഞാൻ കണക്കിൽ വീക്കാണെന്ന് ഒന്നുകൂടി പറയട്ടെ. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാൽ പോസ്റ്റ് തിരുത്താം എന്നും തെറ്റ് ചൂണ്ടിക്കാണിക്കുന്ന ആളെ പോസ്റ്റിൽ ടാഗ് ചെയ്ത് നന്ദി പറഞ്ഞുകൊള്ളാം എന്നും വാക്ക് തരുന്നു.

#Silverline_Ajay

May be an image of 1 person and text

 

No comments:

Post a Comment