സിൽവർ ലൈൻ വരുംതലമുറയ്‌ക്കുവേണ്ടി - എം സി ദത്തൻഎഴുതുന്നു
സംസ്ഥാന സർക്കാരിന്റെ വികസനസംരംഭമായ സിൽവർ ലൈൻ പദ്ധതി മാധ്യമങ്ങളിൽ എന്നുമെന്നും വലിയ വാർത്തയാണല്ലോ. എതിർത്തും വിവാദങ്ങൾ കുത്തിപ്പൊക്കിയും ആശങ്കകൾ പരത്തിയുമൊക്കെ വാർത്തകളുണ്ട്. ഇതിനൊക്കെ ഇടയിലും വെളിപ്പെടുന്ന വസ്‌തുതാപരമായ ഒരു കാര്യമുണ്ട്. അത് ഇതാണ്: കേരളത്തിന്റെ ഭൂപ്രകൃതിയും വർധിച്ച ജനസാന്ദ്രതയും ഗതാഗതത്തിരക്കും പരിഗണിക്കുമ്പോൾ, വേഗതയും ട്രയിനുകളുടെ എണ്ണവുംകൂട്ടി റെയിൽ ഗതാഗതം നവീകരിക്കേണ്ടതിന്റെ ആവശ്യമാണത്. രാഷ്ട്രീയത്തിനതീതമായി, എല്ലാ സർക്കാരും അതിവേഗ റെയിൽ സംവിധാനങ്ങൾ തുടങ്ങാൻ പലപ്പോഴും ഒരുങ്ങിയിട്ടുമുണ്ട്. വേഗത എത്രവേണമെന്നതിലാണ് രണ്ടുപക്ഷം. തെക്കേ അറ്റംമുതൽ വടക്കേ അറ്റംവരെ ഏകദേശം 600 കിലോമീറ്റർ യാത്ര ചെയ്യാൻ (നിലവിലെ റെയിൽവേ സംവിധാനങ്ങൾ വഴി) 12 മണിക്കൂറോളം വേണം. 12 മണിക്കൂർ എത്രമാത്രം കുറയ്‌ക്കാൻ കഴിയുമെന്നതിലാണ് വിപരീതാഭിപ്രായങ്ങൾ. നിലവിലുള്ള റെയിൽപ്പാതയിൽ നേടാവുന്ന കൂടിയ ശരാശരി വേഗത മണിക്കൂറിൽ 65 കിലോമീറ്റർ മാത്രം.
പല സംസ്ഥാനത്തും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുന്നത്. അവയെല്ലാം താമസിയാതെ 150 കിലോമീറ്റർ വേഗതയിലേക്ക് മാറ്റാൻ പാതകൾ പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ ചെയ്താൽ നമുക്കും സിൽവർ ലൈൻ കൂടാതെ തന്നെ പാതകൾ പരിഷ്കരിച്ചും സ്‌റ്റോപ്പിന്റെ എണ്ണം കുറച്ചും 150 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാൻ കഴിഞ്ഞാൽ ആറു മണിക്കൂർകൊണ്ട് 600 കിലോമീറ്റർ പൂർത്തിയാക്കാമല്ലോ എന്നാണ് പലയിടത്തുനിന്നും പൊങ്ങിവരുന്ന വാദം. പക്ഷേ, ഇപ്പോഴുള്ള പാതയുടെ വളവും തിരിവും രണ്ടു വശത്തുമുള്ള പരിമിതമായ സ്ഥലവും പരിശോധിച്ചശേഷം ഈ ആശയം സാങ്കേതികമായി നടപ്പാക്കാൻ സാധിക്കില്ലെന്ന് റെയിൽവേ പലവട്ടം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ വേഗം വർധിപ്പിക്കണമെങ്കിൽ, പുതിയ പാത മാത്രമാണ് പരിഹാരമെന്ന് വിശദപഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. നാടിന്റെ ഗതാഗതവികസനത്തിന് പുതിയ റെയിൽപ്പാതയല്ലാതെ മാർഗമില്ലാത്തതുകൊണ്ടാണ് സംസ്ഥാന സർക്കാർ സിൽവർ ലൈൻ സംരംഭത്തിനു മുതിർന്നത്.
സിൽവർ ലൈന് എതിരായി പറയുന്ന കാര്യങ്ങൾകൂടി പരിശോധിക്കാം. പദ്ധതി പൂർത്തിയാകാൻ വൈകും, ആകെ ചെലവ് കൂടും എന്നൊക്കെയാണത്. അതിന് ഒറ്റ ഉത്തരമേയുള്ളൂ. താമസിച്ചു തുടങ്ങിയാൽ ചെലവ് വീണ്ടും കൂടും.
അതുകൊണ്ട് ഒട്ടും വൈകാതെ പദ്ധതി തുടങ്ങുക. ഈ സംരംഭം തുടങ്ങുന്നത് അടുത്ത തലമുറയെക്കൂടി കരുതിയാണെന്നും മനസ്സിലാക്കുക. സിൽവർ ലൈൻ പദ്ധതിയുടെ പ്രയോജനം അനുഭവിക്കാൻ ഇതിന്റെ പിന്നിൽ ഇന്ന് ശക്തമായി പ്രവർത്തിക്കുന്ന പലരും ഉണ്ടാകണമെന്നില്ല. ദീർഘവീക്ഷണത്തോടെ, നാടിന്റെ നന്മയും അഭിവൃദ്ധിയും മാത്രം കണക്കാക്കിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇങ്ങനെ നടപ്പാക്കിയ പലതും ഇന്ന് നാം അനുഭവിക്കുന്നുണ്ട്. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ടെക്നോപാർക്ക്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയവയൊക്കെ ഉദാഹരണം. അതെല്ലാം ആരംഭിക്കാൻ മുൻകൈയെടുത്തവർ ഇന്ന് ജീവിച്ചിരിപ്പില്ല.
ജനസംഖ്യയും തരിശുഭൂമിയുടെ ദൗർലഭ്യവുംകൊണ്ട് വീർപ്പുമുട്ടുന്ന സംസ്ഥാനത്തിനുവേണ്ടിയുള്ള ഏത് വികസനപ്രവർത്തനവും തുടങ്ങാൻ ഇനിയും താമസിച്ചാൽ, ഒരിക്കലും നടക്കാതെ വരും. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നാം ഒരു അവികസിത സംസ്ഥാനമായി തരംതാഴ്ത്തപ്പെടും. സിൽവർ ലൈൻ പദ്ധതിയേക്കാളും പലമടങ്ങ് ചെലവും സാങ്കേതിക സങ്കീർണതകളും ഉണ്ടായിരുന്ന കൊങ്കൺ റെയിൽവേ നടപ്പാക്കിയതിന്റെ പ്രയോജനം നാം അനുഭവിക്കുന്നില്ലേ. നമ്മുടെ കുട്ടികൾ മികച്ച വിദ്യാഭ്യാസവും നൈപുണ്യവും നേടിയശേഷം സുഖമായി യാത്ര ചെയ്യാനും ജീവിക്കാനും അന്യനാടുകളിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാകാൻ പാടില്ല. അതിവേഗം യാത്രചെയ്യാൻ നമ്മുടെ നാട്ടിൽ സൗകര്യം വേണം. സമയത്തിന് അത്രയേറെ വിലയുണ്ട്.
അടുത്ത പ്രതികൂല അഭിപ്രായം സാമ്പത്തിക പരാധീനതയാണ്. ശരിയാണ്, കോവിഡ് പ്രതിസന്ധി തരണം ചെയ്തപ്പോൾ സാമ്പത്തിക പ്രതിസന്ധി വർധിച്ചു. പക്ഷേ, നാം എല്ലാം സധൈര്യം നേരിടുന്നുണ്ട്. അതിനുള്ള മാർഗങ്ങൾ ഓരോന്നായി ആവിഷ്കരിക്കുന്നുണ്ട്. കടമെടുത്ത് വികസനങ്ങൾ പ്രാവർത്തികമാക്കുന്നത് സാമ്പത്തിക മേഖലയിലെ സ്വീകാര്യമായ രീതിയാണ്. രണ്ടാംലോക യുദ്ധത്തിനുശേഷം നമ്മളേക്കാളും എത്രയോ മോശം സാമ്പത്തിക പരാധീനതകളുണ്ടായിരുന്ന, ജപ്പാൻ അതിവേഗ റെയിൽ സംവിധാനങ്ങളെല്ലാം 1970കൾ മുതലേ നടപ്പാക്കി. പ്രകൃതിദത്തമായ ഒരു സമ്പത്തുമില്ലാത്ത ജപ്പാൻ മനുഷ്യശക്തിയുടെ കൂട്ടായ്മകൊണ്ടു മാത്രമാണ് ഉയർച്ചയിലെത്തിയത്.
സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്ന മതിലുകൾ നിർമിക്കുമെന്നും നിർമാണത്തിനുള്ള പാറയും മണ്ണും കിട്ടില്ലെന്നും ആകെ പരിസ്ഥിതിനാശം സംഭവിക്കുമെന്നുമുള്ള ആരോപണങ്ങൾക്ക് സർക്കാർ തക്കതായ മറുപടി നൽകിയിട്ടുണ്ട്. ഗതാഗതസമ്പ്രദായങ്ങളിൽ ഏറ്റവും കുറഞ്ഞ പരിസ്ഥിതിനാശം ഉണ്ടാക്കുന്നത് റെയിൽ ഗതാഗതമാണ്. റെയിൽവേയുടെ നിർമാണ സംവിധാനങ്ങളിൽ കൂടുതലും സ്റ്റീൽ ഘടകങ്ങളും കുറഞ്ഞ അളവിലുള്ള കോൺക്രീറ്റുമാണ്. പെട്രോളിയം ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം വലിയതോതിൽ കുറയ്‌ക്കാൻ കഴിഞ്ഞാൽ, വായുമലിനീകരണം കുറയും. രാജ്യത്തിന്റെ വ്യാവസായിക, സാമ്പത്തിക വികസനങ്ങൾക്കും ഉയർച്ചയ്‌ക്കും ഏറ്റവും അത്യാവശ്യം കാര്യക്ഷമമായ ഗതാഗതസൗകര്യമാണ്. കുറഞ്ഞ ചെലവിൽ പെട്ടെന്ന് ചരക്കുഗതാഗതം സാധ്യമായാൽ, കാർഷിക–-ഭക്ഷ്യവസ്തുക്കളും നിർമാണ–-വ്യവസായ അസംസ്കൃത വസ്തുക്കളും കുറഞ്ഞ ചെലവിൽ വിപണനം ചെയ്യാൻ സാധിക്കും.
നാടിന്റെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി സർക്കാർ കൊണ്ടുവരുന്ന പദ്ധതികൾക്ക് പ്രതിപക്ഷത്തിന്റെ സഹകരണം അനിവാര്യമാണ്. ‘എതിർക്കും, സഹകരിക്കില്ല, സ്തംഭിപ്പിക്കും. സർക്കാരിന് മംഗളപത്രം വായിക്കലല്ല പ്രതിപക്ഷ നേതാവിന്റെ ജോലി’ എന്നൊക്കെ നിയമസഭയിൽ പറഞ്ഞവരോടുള്ള ജനങ്ങളുടെ പ്രതികരണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം കണ്ടതാണ്. സിൽവർ ലൈൻ പദ്ധതിയെ വേരോടെ പിഴുതെറിയാനുള്ള നീക്കവും വിവരമുള്ള ജനങ്ങൾ ശരിക്കും മനസ്സിലാക്കും, പ്രതികരിക്കും.
ഏത് വികസനപ്രവർത്തനം നടപ്പാക്കുമ്പോഴും സ്ഥലമെടുപ്പ് പോലുള്ളവയിൽ കുറച്ചുപേർക്ക് പ്രയാസമുണ്ടാകും. പ്രയാസങ്ങളും ദുരിതങ്ങളും ഒരിക്കലും കാണാതിരിക്കരുത്. അനുഭാവപൂർവം ഓരോരുത്തരുടെയും അവസ്ഥ പഠിച്ച് പരമാവധി സഹായം സർക്കാരിൽനിന്നും കാലതാമസംകൂടാതെ നൽകാനുള്ള സംവിധാനം കുറ്റമറ്റരീതിയിൽ നടപ്പാക്കണം. വിപണിയിലുള്ള ഭൂമി വിലയിലും കൂട്ടിയാണ് സർക്കാർ ഇപ്പോൾ സ്ഥലമെടുപ്പിന് നഷ്ടപരിഹാരം നൽകുന്നത്.
മുൻകാലങ്ങളിൽ ഒറ്റപ്പെട്ട ചില കേസിൽ, ഉടമസ്ഥാവകാശരേഖകളുടെ അപര്യാപ്തത മൂലവും മറ്റും നഷ്ടപരിഹാരം നൽകാൻ അമിതമായ കാലതാമസം വന്നിട്ടുള്ള സംഭവങ്ങൾ തെരഞ്ഞുപിടിച്ച് ദൃശ്യ–-മാധ്യമങ്ങൾ വഴി ജനങ്ങളെ പദ്ധതിക്കെതിരെ തിരിക്കാനുള്ള സംഘടിതശ്രമവും നടക്കുന്നുണ്ട്. വികാരഭരിത വാർത്തകൾ സൃഷ്ടിച്ച് റേറ്റിങ് കൂട്ടി, കൂടുതൽ പരസ്യം നേടാനുള്ള മാർഗമാണ് ഇതെന്നും പ്രേക്ഷകർക്ക് അറിയാം. പദ്ധതികൾ നടപ്പാക്കാനായി ഒരു വ്യക്തിക്കുപോലും അർഹിക്കുന്ന ആനുകൂല്യങ്ങൾ നേടുന്നതിന് കാലതാമസം വരാതിരിക്കാൻ സർക്കാർ സംവിധാനം ശ്രദ്ധിക്കണം. ജനങ്ങളുടെ ദുരിതവും പ്രയാസങ്ങളും കുറയ്‌ക്കാൻ, പദ്ധതിയുടെ പ്രാഥമിക റിപ്പോർട്ടിൽനിന്ന് വ്യതിയാനങ്ങൾ വേണ്ടിവന്നാൽ അനുകമ്പപൂർവം പരിഗണിക്കണം. മാറ്റങ്ങൾ പലപ്പോഴും അനിവാര്യമാകും. ഇക്കാര്യങ്ങളൊക്കെ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി പരിഹരിക്കാം.
അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള ഈ ഗതാഗതവികസനപദ്ധതി കാലതാമസം കൂടാതെ തുടങ്ങണം. പ്രതിബന്ധങ്ങളെ ജനങ്ങളുടെ പൂർണ പിന്തുണയോടെ പരിഹരിച്ചു മുന്നോട്ടുപോകേണ്ടത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. വിജയകരമായി നടപ്പാക്കിയാൽ ജനപിന്തുണ നിശ്ചയം. എതിർക്കുന്നവർക്ക് ജനപിന്തുണ നഷ്ടമാകുമെന്നും ഉറപ്പാണ്.
(പ്രമുഖ ബഹിരാകാശ ശാസ്‌ത്രജ്ഞനും വിഎസ്‌എസ്‌സി മുൻ ഡയറക്ടറുമാണ് ലേഖകൻ)
No comments:
Post a Comment