Friday, February 20, 2026

സോറി മിസ്റ്റർ രമേശ്‌ ചെന്നിത്തല, നിങ്ങൾ പറഞ്ഞത് തെറ്റാണ്. എ.വിജയരാഘവൻ

സോറി മിസ്റ്റർ രമേശ്‌ ചെന്നിത്തല, നിങ്ങൾ പറഞ്ഞത് തെറ്റാണ്. എ.വിജയരാഘവൻ
സർക്കാർ ഒരു ‘ഫെസിലിറ്റേറ്റർ’ മാത്രമായാൽ മതി എന്ന വാദം നവലിബറൽ നയത്തിന്റെ വക്താക്കളുടേതാണ്. ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന സർക്കാരിന്റെ ശിങ്കിടി മുതലാളിത്ത നയങ്ങളും ഇതു തന്നെയാണ് പറയുന്നത്. ഇതിൽ നിന്നും നേരെ വ്യത്യസ്തമായ നിലപാടാണ് ഇടതുപക്ഷത്തിന്റേത്. അതാണ് ജനപക്ഷ ബദൽ. ഈ അടിസ്ഥാന രാഷ്ട്രീയ നിലപാട് സംബന്ധിച്ച ചർച്ചയിലേക്ക് ഒടുവിൽ താങ്കൾ എത്തിയത് നന്നായി. 

കുത്തകകൾക്കും വൻകിടക്കാർക്കും തടിച്ചു കൊഴുക്കാനുള്ള മേച്ചിൽപ്പുറമായി നാടിന്റെ സാമ്പത്തിക മേഖലയെ മാറ്റി കൊടുക്കാനുള്ള ഉത്തരവാദിത്വമാണ് ഈ ‘ഫെസിലിറ്റേറ്റർ’ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്.  അങ്ങനെ ശിങ്കിടിവേല എടുത്തതിന്റെ ഭാഗമായാണ് ഒരുകാലത്ത് പൊതുമേഖലയിലെ വൻകിട കമ്പനിയായിരുന്ന BSNL ഇന്നത്തെ അവസ്ഥയിലായത്. കോൺഗ്രസും ബിജെപിയും ഒരുപോലെ കൊണ്ടു നടക്കുന്ന നവലിബറൽ നയങ്ങളാണ് ഇതിന്റെ അടിസ്ഥാനം. ഈ ശിങ്കിടിവേല ചെയ്ത് കിട്ടുന്ന കമ്മീഷനും വാങ്ങി പോക്കറ്റിലിട്ട് മിണ്ടാതെയിരിക്കണം എന്നാണ് മുതലാളിത്തം ആവശ്യപ്പെടുന്നത്. ബി ജെ പി അറപ്പില്ലാതെ ചെയ്യുന്ന അതേ നയമായിരിക്കും വീണ്ടും അധികാരത്തിൽ വന്നാലും കോൺഗ്രസിന്റേത് എന്ന് തുറന്നു പറയുകയാണ് ചെന്നിത്തല. ഈ അപകടം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ജനങ്ങൾക്ക് അറിയാം.

സർക്കാർ ‘ഫെസിലിറ്റേറ്റർ’ പണി മാത്രമെടുത്താൽ മൗലികാവകാശ സംരക്ഷണവും സാമൂഹ്യനീതി നടപ്പാക്കലും ദുർബല വിഭാഗ സംരക്ഷണവും പൊതു ഉടമസ്ഥതയിൽ അടിസ്ഥാന സൗകര്യ വികസനവും ആര് ചെയ്യും. പാവപ്പെട്ടവന്റെ പ്രയോറിറ്റി ആര് നടപ്പാക്കും? ലാഭമുള്ള കാര്യങ്ങൾ മാത്രം ചെയ്യാൻ തീരുമാനിച്ചാൽ ചെല്ലാനം കടൽഭിത്തിയും പെരുമ്പളം പാലവും ചെയ്യാൻ കഴിയുമോ? അങ്ങനെ സർക്കാർ മുതലാളിത്തത്തിന്റെ ‘ഫെസിലിറ്റേറ്റർ’ മാത്രമായിരുന്ന രാജ്യങ്ങളിലും നാടുകളിലും കോവിഡിന്റെ സമയത്ത് എന്ത് സംഭവിച്ചു എന്ന് നമ്മൾ കണ്ടതല്ലേ? പുഴുക്കളെ പോലെ മനുഷ്യർ വീണു മരിച്ചപ്പോഴും കൊടുക്കാൻ ഓക്സിജനും വെന്റിലേറ്ററും മരുന്നും ഒന്നും ഇല്ലായിരുന്നു. കേരളത്തിലോ, ഇതെല്ലാം ആവോളമുണ്ടായിരുന്നു. നമ്മൾ മരണസംഖ്യ പിടിച്ചുനിർത്തി. മനുഷ്യരെ ചേർത്തു പിടിച്ച് രക്ഷിച്ചു. അതാണ് വ്യത്യാസം. ലോകത്ത് അണുവായുധങ്ങൾ ആവോളം ഉള്ളപ്പോഴാണ് ജീവവായു തീരെ ഇല്ലാതെ പോയത് എന്ന് ഓർക്കണം.

കെ ഫോണിന്റെ കാര്യമാണല്ലോ അദ്ദേഹം പറഞ്ഞത്. സോറി മിസ്റ്റർ ചെന്നിത്തല, കെ ഫോൺ സർക്കാർ ചെയ്യേണ്ടതു തന്നെയാണ്. ഇന്റർനെറ്റ്‌ മൗലികാവകാശം ആക്കിയ സംസ്ഥാനമാണ് കേരളം. ഇവിടെ ഇത്തരം IT ഇൻഫ്രാസ്ട്രക്ചറും പൊതു ഉടമസ്ഥതയിൽ തന്നെ നടക്കേണ്ടതുണ്ട്. സർക്കാർ പിന്മാറുകയല്ല, ഈ സർക്കാർ മുന്നോട്ട് കുതിക്കുകയാണ്. അത് തുടരും.

©A.Vijayarghvan

No comments:

Post a Comment