പ്രൊഫസർ ആർ.രാംകുമാർ പ്രശസ്തമായ
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ
സാമ്പത്തിക ശാസ്ത്ര അധ്യാപകനും പ്രശസ്ത സാമ്പത്തിക ശാസ്ത്രവിദഗ്ദനുമാണ്.
അദ്ദേഹം എഴുതുന്നു:
-------------------------------------------
അധികാരം കീഴാളരെ അദൃശ്യരാക്കുമോ?
ഞാൻ എട്ട്-പത്ത് പ്രശസ്തരെ വായിച്ചിട്ടുണ്ട് എന്നു പറഞ്ഞ്, അവരുടെ പേരുകൾ അവിടെയും ഇവിടെയും വിതറി, അതിൽ നിന്ന് ഒരു ധാർമിക അധികാരം നിർമ്മിച്ചെടുക്കുന്നത് അത്ര നല്ല സംവാദ ശീലമല്ല.
പേരുകൾ അല്ല പ്രധാനം. അധികാരം, വർഗ്ഗം, ഭരണകൂടം, സാമൂഹ്യമാറ്റം എന്നിവയെ നമ്മൾ ശരിയായി വിശകലനം ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനം. കീഴാള ദൃശ്യതയെ അധികാരത്തിൽ നിന്ന് വേർപെടുത്തി വിശകലനം ചെയ്യുന്നത് ഒട്ടും ഒരു മാർക്സിസ്റ്റ് രീതിയല്ല.
ഴാക്ക് റാൻസിയേറുടെ ജനാധിപത്യത്തെ കുറിച്ചുള്ള എഴുത്തുകൾ അദൃശ്യരെ ദൃശ്യരാക്കാനും കേൾക്കാത്തവരുടെ ശബ്ദം കേൾപ്പിക്കാനും പ്രേരിപ്പിക്കുന്നവ തന്നെ. പക്ഷേ ഒരു ഭരണകൂട സംവിധാനത്തിന് എതിരായി നിൽക്കുമ്പോഴും ഭരണകൂടവുമായി ഇടപെട്ടു കൊണ്ടും മല്ലിട്ടു കൊണ്ടും ഒരു പുതിയ രാഷ്ട്രീയത്തിന്റെ നിർമ്മാണം നടത്താൻ സഹായിക്കുന്ന ഒരു ദർശനവും അത് പകർന്നു തരുന്നില്ല. ജനാധിപത്യം റാൻസിയേറിന് ആനുഷംഗികം മാത്രമാണ്; അതിനെ സ്ഥാപനവൽക്കരിക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. ദൃഢതയുള്ള, ഈടു നിൽക്കുന്ന, ഒരു ഭരണകൂട സംവിധാനത്തെ അദ്ദേഹം ഒരു സാധ്യതയായി കാണുന്നതേയില്ല. അപ്പോൾ അസമത്വങ്ങൾ നിറഞ്ഞ, ഏകാധിപത്യ പ്രവണതകൾ നിറഞ്ഞ, ഒരു സംവിധാനത്തെ എതിർക്കാൻ റാൻസിയേർ ഉപയോഗപ്പെട്ടേക്കും. പക്ഷേ കീഴാളർ അവർക്കു കൂടി പ്രാതിനിധ്യമുള്ള ഒരു അധികാര ഘടന നിർമ്മിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ, അവിടെ എതിരിന്റെ സൗന്ദര്യശാസ്ത്രം മാത്രം നോക്കുന്ന വാദങ്ങൾ ഉപയോഗകരമല്ല. കീഴാളരുടെ ദൃശ്യത എന്നത് പ്രതീകാത്മകം മാത്രമല്ലാതെ നിലകൊള്ളണമെങ്കിൽ അധികാര സ്ഥാപനങ്ങൾ വേണം, പുനർവിതരണം വേണം, ഭരണകൂടത്തിന്റെ നിയന്ത്രണ ഉപകരണങ്ങൾ വേണം, സർക്കാരിന്റെ സാമ്പത്തിക പരിസരം വേണം. അല്ലാത്തപക്ഷം മാർക്സിസവും വെറുമൊരു സൗന്ദര്യശാസ്ത്രം മാത്രമായി മാറും; സാമൂഹിക പരിവർത്തനം അതിന്റെ ലക്ഷ്യമല്ലാതായി മാറും.
കേരളത്തിന്റെ ഉദാഹരണം തന്നെ ഇവിടെ പറയണം. ഉപരി-മധ്യവർഗ്ഗത്തെ പ്രീതിപ്പെടുത്തിയല്ല കേരളം അതിന്റെ ഇന്നത്തെ നേട്ടങ്ങൾ നേടിയത്. മറിച്ച്, അധികാരം പിടിച്ചെടുത്ത്, ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, ഭവന സുരക്ഷ എന്നിവയെല്ലാം ഭരണകൂടത്തിലൂടെ നടപ്പിലാക്കിയത് കൊണ്ടാണ് ഇന്നത്തെ കേരളം കേരളമായി മാറിയത്. എപ്പോഴൊക്കെ കീഴാളരുടെ പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടുവോ അപ്പോഴൊക്കെ ഇത്തരം പുനർവിതരണ സംവിധാനങ്ങളൊക്കെ അട്ടിമറിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
1960-കൾക്ക് ശേഷം യൂറോപ്പിലെ മാർക്സിസ്റ്റുകൾക്ക് പിടിപെട്ട ഒരു പൊതു നിരാശയിൽ നിന്നാണ് ഇത്തരം കേവല സൗന്ദര്യശാസ്ത്ര സിദ്ധാന്തങ്ങൾ രൂപം കൊണ്ടത്. അല്ലാതെ മാർക്സിസ്റ്റ് ഭൗതിക വിശകലനത്തിൽ കൂടെയല്ല. റാൻസിയേറുടെയും കൂട്ടുകാരുടെയും എഴുത്തുകൾ ഫ്രാൻസിൽ തന്നെ നവ-ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ എങ്ങിനെ ദുർബലപ്പെടുത്തി എന്ന് നോക്കിയാൽ തന്നെ കാര്യം മനസ്സിലാകും. അവിടെ കഴിഞ്ഞ കുറെ ദശകങ്ങളായി ഇടതുപക്ഷം ശ്രമിച്ചത് രാഷ്ട്രീയ തന്ത്രങ്ങളോ സംഘടനയോ ഇല്ലാത്ത പ്രസ്ഥാനങ്ങളിലൂടെയും സ്ഥാപനവൽക്കരണത്തിന് എതിരെയുള്ള നിരന്തരമായ എതിർപ്പിലൂടെയുമാണ്. പക്ഷെ വലതുപക്ഷമോ? വളരെ അച്ചടക്കമുള്ള പാർട്ടി വളർത്തിയും, തൊഴിലാളിവർഗത്തിന്റെ രോഷങ്ങളെ മുതലെടുത്തും ഭരണകൂട സംവിധാനങ്ങളെ നിർദാക്ഷിണ്യം ഉപയോഗപ്പെടുത്തിയുമാണ് അവർ വളർന്നത്. ചുരുക്കത്തിൽ, ഇടതുപക്ഷം രാഷ്ട്രീയത്തെ ധാർമികവൽക്കരിച്ചപ്പോൾ വലതുപക്ഷം സംഘടിതമായ രാഷ്ട്രീയത്തെ അവലംബിച്ചു. അവർ വളർന്നു; ഇന്ന്, മറൈൻ ലെ പെന്നിന്റെ തീവ്ര-വലതുപക്ഷ നവ-ഫാസിസ്റ്റ് പാർട്ടി വലിയൊരു ശക്തിയാണവിടെ. റാൻസിയേർ ഒരു പക്ഷെ ഇത് ആഗ്രഹിച്ചിട്ടുണ്ടാവില്ല. പക്ഷെ അദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും എഴുത്തുകൾ -- അറിഞ്ഞോ അറിയാതെയോ -- ഈ പ്രതിഭാസത്തിന് സൈദ്ധാന്തിക പരിസരം ഒരുക്കി. പുതിയ ബദൽ സ്ഥാപനങ്ങൾ നിർമ്മിക്കാനോ, ബഹുജന സംഘടനകൾ വളർത്താനോ, ഭരണകൂട നിയന്ത്രണം ഏറ്റെടുക്കാമോ മുതിരാത്ത ഇടതുപക്ഷത്തെ ഫ്രാൻസിലെ തൊഴിലാളിവർഗം തന്നെ ഇന്ന് വിശ്വസിക്കുന്നില്ല. എതിർപ്പ് വെറും ധാർമികമോ, പ്രതീകാത്മകമോ ആയി ചുരുങ്ങുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പരിണതഫലം.
പിന്നെ ഗ്രാംഷിയും റോസയും.
ഗ്രാംഷിയെ ലെനിനിസത്തിനെതിരെ നിർത്തുന്നത് അപഹാസ്യമാണ്. ഗ്രാംഷിയുടെ ഹെജിമണി ഭരണകൂടത്തിന് എതിരെ നിൽക്കുന്ന ഒരു സങ്കല്പം മാത്രമല്ല. കീഴാളർ സിവിൽ സമൂഹത്തെ കീഴ്പെടുത്തി അധികാരം പിടിച്ചെടുക്കുന്ന ഒരു ഭാവിയെക്കുറിച്ചാണ് ഗ്രാംഷി ചിന്തിച്ചത്. അതുപോലെ, പാർട്ടിക്ക് ഉണ്ടായേക്കാവുന്ന ബ്യൂറോക്രാറ്റിക്ക് സ്വഭാവങ്ങളെപ്പറ്റി റോസ ഉയർത്തിയ വിമർശനങ്ങൾ അധികാരത്തെയോ ഭരണകൂടത്തെയോ ഉപേക്ഷിക്കണം എന്ന് വിവക്ഷിക്കുന്നവയല്ല.
ചുരുക്കത്തിൽ, ഫാസിസ്റ്റ് ഭരണകൂടങ്ങളെ എതിർത്തു തോൽപ്പിക്കാൻ ഭരണകൂടത്തിന് പുറത്തു നിൽക്കുന്നത് ആത്മഹത്യാപരമാണ്. കീഴാളർ ഒച്ചയുണ്ടാക്കിയാൽ തീരുന്നതല്ല ഫാസിസം. അതിന് ഭരണം പിടിച്ചെടുത്തേ തീരൂ, സ്ഥാപനങ്ങളിൻ മേൽ അധികാരം നിലനിർത്തിയേ തീരൂ, നിയമങ്ങൾ പ്രയോഗിച്ചേ തീരൂ.
എന്താണ് കേരളവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ? തുടർച്ചയായ ഇടതുപക്ഷ ഭരണം ഒരു രാഷ്ട്രീയ ബ്യൂറോക്രസിയെ സൃഷ്ടിക്കുന്നു, കീഴാളരും ആയുള്ള ബന്ധം ദുർബലപ്പെടുത്തുന്നു, ഇവയൊക്കെയല്ലേ? പക്ഷേ ഇവയെല്ലാം ഭരണത്തിൽ ഇരിക്കുന്നതിന്റെ ഭാഗമായി ഉയരുന്ന വൈരുദ്ധ്യങ്ങളാണ് എന്നതല്ലേ ശരി? അവയെ നേരിട്ടു കൊണ്ടും പരിഹരിച്ചു കൊണ്ടും മുൻപോട്ടു പോകുന്നതിന് പകരം ഭരണമേ വേണ്ട എന്ന ആപൽക്കരമായ നിലപാട് എന്ത് അടിസ്ഥാനത്തിൽ ആണെടുക്കുക?വൈരുദ്ധ്യങ്ങളിൽ നിന്ന് ഒളിച്ചോടിയാണോ മാർക്സിസ്റ്റുകാർ അവയുമായി ഇടപെടുന്നത്? അവയെ രാഷ്ട്രീയവൽക്കരിച്ചു കൊണ്ട് അവയ്ക്കുള്ള പരിഹാരം തേടാൻ അല്ലേ ശ്രമിക്കേണ്ടത്? അതോ അതിനു പകരം എന്തോ വലിയ ധാർമിക നിലപാടെടുത്തു എന്ന് ഭാവിച്ച് മേനി നടിക്കുകയാണോ വേണ്ടത്?
പിന്നെ, ഒരു സന്നിഗ്ധ സാഹചര്യത്തിൽ സ്വീകരിക്കേണ്ട സൈദ്ധാന്തിക നിലപാടും അവിടെ നിൽക്കുന്ന വ്യക്തിയുടെ ജീവചരിത്രവും തമ്മിൽ ഒരു ബന്ധവുമില്ല. സർട്ടിഫിക്കറ്റുകൾ കൊണ്ടല്ല സിദ്ധാന്തങ്ങൾ നിർമ്മിക്കപ്പെടുന്നത്. ഒരു അധികാര ഘടനയെ എതിർക്കുന്നു എന്ന ഭാവേന, സ്വന്തം ജീവചരിത്രം ഉപയോഗിച്ചുകൊണ്ട് പുതിയൊരു ധാർമിക അധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് വല്ലാത്തൊരു വൈരുദ്ധ്യമാണ്.
മുൻപ് പറയാൻ ശ്രമിച്ച കാര്യം ഒരിക്കൽ കൂടി പറയാം. കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചാൽ ഇടതുപക്ഷ ആശയങ്ങൾക്ക് ക്ഷയമുണ്ടാകും എന്ന് വാദിക്കുന്നത് സൈദ്ധാന്തികമായും രാഷ്ട്രീയമായും അടിസ്ഥാന രഹിതമാണ്. അത്പോലെ തന്നെ, മാർക്സിസത്തെ നിതാന്തമായ ഒരു സൗന്ദര്യശാസ്ത്രം മാത്രമായി മാത്രം നിലനിർത്താൻ ശ്രമിക്കുന്നത് കടുത്ത മാർക്സിസ്റ്റ് വിരുദ്ധതയുമാണ്. മാർക്സിസം സാമൂഹ്യ മാറ്റത്തിന്റെ സിദ്ധാന്തമാണ്. അധികാര സ്ഥാപനങ്ങൾ ഉപയോഗിച്ച് കൊണ്ട് തൊഴിലാളികളെയും കർഷകരെയും വിഭജിച്ച്, അടിച്ചമർത്തി, ഭരണം നടത്തുന്ന നവ-ഫാസിസ്റ്റ് പ്രവണതകളെ തച്ചുടയ്ക്കാൻ അധികാര സ്ഥാപനങ്ങളിൽ കീഴാള പ്രാതിനിധ്യം ഉണ്ടായേ കഴിയൂ. അതിനു പുറത്തു നിന്ന് വെറുതെ ഒച്ച വെച്ചാൽ മതി എന്ന് വാദിക്കുന്നത് ഇതേ കീഴാളരെ കൊലക്കത്തിക്ക് എറിഞ്ഞു കൊടുക്കുന്നതിനു തുല്യമാണ്. അതിന് കേരളത്തിലെ സിപിഐഎമ്മിനെ കിട്ടില്ല.
ആർ. രാംകുമാർ
No comments:
Post a Comment