വിഷൻ 31 സെമിനാറിൽ പങ്കെടുക്കരുത് എന്നും പറഞ്ഞ് അമർത്യാ സെൻ ഉൾപ്പെടുള്ളവർക്ക് കത്തയച്ച
രമേശ് ചെന്നിത്തലയടക്കം ഇത് കേൾക്കണം
“കേരളത്തിന്റെ മനുഷ്യവിഭവശേഷി വികസനത്തെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകൾ തെറ്റിയില്ല എന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്”
അമർത്യ സെൻ പറയുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സഹകരണം എന്നിവയിലൂടെ മനുഷ്യവിഭവ ശേഷി വികസിപ്പിച്ച് കേരളം കൈവരിച്ചത് അതിശയിപ്പിക്കുന്ന നേട്ടങ്ങളാണ്, അമർത്യ സെൻ പറഞ്ഞു. ഇന്നലെ കേരള സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 31 എന്ന സെമിനാറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസന ചരിത്രത്തിൽ എപ്പോഴും കേൾക്കുന്ന പേരാണ് അമർത്യ സെന്നിന്റേത്. കേരള മാതൃക എന്ന പ്രയോഗം പോലും വികസന സംജ്ഞകളിൽ വന്നതിൽ അദ്ദേഹത്തിന് വലിയ പ്രാധാന്യമുണ്ട്. കേരളം രൂപം കൊണ്ടിട്ട് 75 വർഷം തികയുന്ന 2031ൽ കേരളം എങ്ങനെ ആയിരിക്കണം എന്നതായിരുന്നു വിഷൻ 31 ന്റെ പ്രധാന അന്വേഷണം.
“1956 ൽ കേരളം രൂപീകൃതമാകുമ്പോഴും 1957 ലെ ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും ഞാൻ കൽക്കട്ടയിൽ ആയിരുന്നു. അക്കാലത്തെ ആവേശം ഇന്നും ഞാൻ ഓർക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, സാമൂഹിക സഹകരണം എന്നിവയിലൂടെ യാഥാസ്ഥിതികമല്ലാതെ, പരീക്ഷണാത്മകമായി മാനവ പുരോഗതിയിലേക്ക് നയിക്കാൻ കേരളത്തിലെ ഇടത് രാഷ്ട്രീയത്തിന് കഴിയുമോ എന്ന് അന്ന് കോളേജ് സ്ട്രീറ്റിലെ കോഫി ഹൗസുകളിൽ വലിയ സംവാദങ്ങൾ നടക്കുമായിരുന്നു.” അമർത്യ സെൻ ഓർക്കുന്നു.
“സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേരളത്തിന് വികസനത്തിനായി പണം കണ്ടെത്താൻ കഴിയില്ലെന്ന് പലരും അന്ന് എന്നോട് വാദിച്ചിരുന്നത് ഞാൻ ഓര്‍ക്കുന്നു. എന്നാൽ ഇന്ന് പ്രതിശീർഷ വരുമാനത്തിലും, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും, ആയുർ ദൈർഘ്യത്തിലും, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും കേരളം മുൻപന്തിയിൽ നിൽക്കുമ്പോൾ ആ പഴയ സംശയ വാദികൾക്കെല്ലാം സൗജന്യമായി കോഫി വാങ്ങി നൽകാൻ ഞാൻ തയ്യാറാണ്.”
“പ്രായം കൂടുന്തോറും യൗവനകാലത്ത് ഞാൻ മുറുകെ പിടിച്ചിരുന്ന ആശയങ്ങൾ ഇന്നും അതേ പോലെ നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടോ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്.” സെൻ പറഞ്ഞു: “എല്ലാ ആശയങ്ങളും അങ്ങനെ തന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു. ഉദാഹരണത്തിന്, ഇന്ത്യയിലെ മതേതരത്വത്തിന്റെ അചഞ്ചലമായ കരുത്തിനെ കുറിച്ചുള്ള എന്റെ ആത്മവിശ്വാസം അല്പം കുറഞ്ഞിട്ടുണ്ട്. ഈ മഹാരാജ്യത്തിന് മേൽ സംഘടിതമായി അടിച്ചേൽപ്പിക്കപ്പെടുന്ന സങ്കുചിത ചിന്താഗതികളെ നാം എങ്ങനെ ചെറുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മതനിരപേക്ഷതയുടെ ഭാവി.”
“എങ്കിലും, എന്റെ ചില പഴയ ബോധ്യങ്ങൾ ഇന്നും എന്നിലുണ്ട്, അവ പണ്ടത്തെ പോലെ തന്നെ ശക്തവുമാണ്. ഈ ആശയങ്ങൾ പൊതുവില്‍ കേരളത്തിന്റെ ചരിത്രവുമായും പ്രത്യേകിച്ച് സ്വതന്ത്ര കേരളത്തിന്റെ രൂപീകരണവുമായും ഏറെ ബന്ധപ്പെട്ടു നിൽക്കുന്നു. പ്രധാനമായും ചരിത്രത്തിൽ നിന്ന് തന്നെ തുടങ്ങാം; പതിനാലാം നൂറ്റാണ്ടിൽ വളരെ ദൂരെയുള്ള ആഫ്രിക്കയിൽ നടന്ന ചർച്ചകളിൽ കേരളം പരാമർശിക്കപ്പെട്ടിരുന്നു എന്നത് അത്ഭുതകരമായി തോന്നാം. പക്ഷേ അത് സംഭവിച്ചു; 1304 ൽ ടാൻജിയറിൽ ജനിച്ച പ്രശസ്ത പണ്ഡിതനും സഞ്ചാരിയുമായ ഇബ്നു ബത്തൂത്ത, ഇന്നത്തെ ഘാനയ്ക്കും മാലിക്കും ഇടയിലുള്ള ഇവാൾട്ടൻ എന്ന രാജ്യം സന്ദർശിച്ചപ്പോൾ അവിടുത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യവും അവരുടെ സാമൂഹിക പദവിയും സ്വത്തവകാശവും കണ്ട് അതിശയിച്ചു പോയി. സ്ത്രീകളുടെ തുല്യതയെ അംഗീകരിക്കാതിരുന്ന ബത്തൂത്ത, മറ്റ് രാജ്യങ്ങളിലെ സ്ത്രീകളുടെ അടിച്ചമർത്തപ്പെട്ട അവസ്ഥയുമായി താരതമ്യം ചെയ്ത് ഇവാൾട്ടനിലെ സ്ത്രീകൾക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യത്തോട് വിയോജിക്കുകയാണ് ചെയ്തത്.
സ്ത്രീകളുടെ അവകാശങ്ങളും മരുമക്കത്തായവും ഇത്തരത്തിൽ ഉയർത്തിപ്പിടിക്കുന്നത് തന്റെ യാത്രകൾക്കിടയിൽ മറ്റൊരിടത്ത് മാത്രമേ കണ്ടിട്ടുള്ളൂ എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ആ സ്ഥലം ഇന്ത്യയിലെ കേരളമായിരുന്നു.”
“കേരളത്തിന്റെ സമീപകാലത്തെ സാമൂഹിക-സാമ്പത്തിക പുരോഗതിയിൽ സ്ത്രീകൾ വഹിച്ച പങ്കിനെ കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ കേരളം നമുക്ക് നൽകുന്നത് കേവലം ആധുനിക അനുഭവങ്ങൾ മാത്രമല്ല, അതിന് പിന്നിലുള്ള ശക്തമായ ചരിത്ര പശ്ചാത്തലം കൂടിയാണ്.”
“ലോകത്തിന് മുന്നിൽ കേരളം പുലർത്തിയ തുറന്ന സമീപനമാണ് മറ്റൊരു ചരിത്ര നേട്ടം. ഇന്ത്യയുടെ ബൗദ്ധികമായ മഹത്വം വിഘടന കാഴ്ചപ്പാടായ സനാതന പാരമ്പര്യത്തില്‍ നിന്നാണെന്ന തരത്തിൽ ഇന്ന് പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. പുരാതന ഇന്ത്യയിൽ വലിയ ബൗദ്ധിക നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്, പക്ഷേ അവയൊന്നും പുറത്തു നിന്നുള്ള ആശയങ്ങളെ അവയുടെ ഉറവിടം നോക്കി തള്ളിക്കളഞ്ഞു കൊണ്ടായിരുന്നില്ല.” “അറിവുകൾ പരസ്പരം പങ്കുവെക്കുന്ന രീതിക്ക് മികച്ച ഉദാഹരണമാണ് പുരാതന ഇന്ത്യൻ ഗണിതശാസ്ത്ര ചരിത്രം. ഇന്ന് 'വേദഗണിതം' എന്ന പേരിൽ പല വലിയ അവകാശവാദങ്ങളും ഉയരുന്നുണ്ടെങ്കിലും, ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഗ്രീക്ക്-ബാബിലോണിയൻ ഗണിത ശാസ്ത്രത്തിന്റെ സ്വാധീനത്തോടെയാണ് ഇന്ത്യൻ ഗണിത ശാസ്ത്രം യഥാർത്ഥത്തിൽ വളർന്നത്. ഇന്ത്യയിൽ രൂപപ്പെട്ട ഈ ഗണിതശാസ്ത്ര ഫലങ്ങൾ പിന്നീട് അറബിക്, ചൈനീസ്, യൂറോപ്യൻ ഗണിതശാസ്ത്ര മേഖലകളെ വലിയ രീതിയിൽ സ്വാധീനിച്ചു (യൂറോപ്പിന്റെ കാര്യത്തിൽ പ്രധാനമായും അറബിക് അറിവിന്റെ വിന്യാസത്തിലൂടെ).
ഈ മാറ്റത്തിലെ ഏറ്റവും പ്രധാനി അഞ്ചാം നൂറ്റാണ്ടിൽ പാടലീപുത്രത്തിൽ (ഇന്നത്തെ പാട്ന) ജീവിച്ചിരുന്ന ആര്യഭടനായിരുന്നു; അദ്ദേഹം കേരളത്തിൽ നിന്നുള്ളയാളാണെന്ന് വിശ്വസിക്കാൻ വ്യക്തമായ തെളിവുകളുണ്ട്, കാരണം അക്കാലത്ത് കേരളത്തിൽ സ്വദേശത്തും വിദേശത്തും പ്രശസ്തരായ ഒട്ടേറെ ഗണിതശാസ്ത്രജ്ഞരും ജ്യോതിശാസ്ത്രജ്ഞരും ഉണ്ടായിരുന്നു.”
“ഒന്നാം നൂറ്റാണ്ട് മുതൽ തന്നെ ജൂതന്മാർ, ക്രിസ്ത്യാനികൾ, മുസ്ലീം വ്യാപാരികൾ (വടക്കുപടിഞ്ഞാറൻ ഭാഗത്തു നിന്നുള്ള ആക്രമണകാരികൾ വരുന്നതിനും എത്രയോ മുമ്പ്), പാഴ്സികൾ, ഒടുവിൽ ബഹായികൾ വരെ കേരളത്തിൽ എത്തിയിരുന്നു. കേരളം ഇന്ത്യയുടെ പ്രവേശന കവാടമായി പ്രവർത്തിച്ചത് ഇന്ത്യയ്ക്ക് മൊത്തത്തിൽ ഗുണകരം ആയതിനൊപ്പം, കേരളത്തിനെ ഒരു പരീക്ഷണാത്മകവും തുറന്ന മനസ്സുള്ളതുമായ ഒന്നായി മാറ്റുന്നതിലും വലിയ പങ്കുവഹിച്ചു എന്നതാണ് എന്റെ വാദം.”
“എങ്കിലും മതനിരപേക്ഷതയുടെ സുരക്ഷയും പുരോഗതിയും കൂടി ഇതിനോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എനിക്ക് കൂടുതൽ സന്തോഷം ആകുമായിരുന്നു. കേരളത്തിൽ മതനിരപേക്ഷതയ്ക്ക് വലിയ വെല്ലുവിളികൾ ഇല്ലെങ്കിലും ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും സ്ഥിതി വഷളായിട്ടുണ്ട്. എഴുപത്തഞ്ചാം വയസ്സിലേക്ക് കടക്കുന്ന കേരളം ഇന്ത്യയ്ക്ക് മൊത്തത്തിൽ ഇക്കാര്യത്തിലൊരു വലിയ സംഭാവന നൽകുമോ എന്ന് നമുക്ക് നോക്കാം.”
ശുഭപ്രതീക്ഷയോടെയാണ് അദ്ദേഹം പറഞ്ഞു നിർത്തിയത്.
(copied)
No comments:
Post a Comment