Sunday, March 2, 2025

മേരിജോർജ്ജിന്റെ ധനസ്ഥിതി അവലോകന റിപ്പോർട്ട് © Gopakumar Mukundan


____________________________________________________________

ആർഎസ്എസ് സ്പോൺസേർഡ്  SUCI  സമരം കേന്ദ്രാവിഷ്കൃത പദ്ധതികൾ സംബന്ധിച്ചു മാത്രമല്ല, കേരളത്തിന്റെ ധനസ്ഥിതി സംബന്ധിച്ചുളള  ചർച്ചകൾക്കും സജീവത കൊണ്ടു വന്നിട്ടുണ്ട്. അതു ജനങ്ങൾ ചർച്ച ചെയ്യുക തന്നെയാണ് വേണ്ടത്.നെല്ലും പതിരുമൊക്കെ തിരിയണം.ഈ പശ്ചാത്തലത്തിലാണ് Institute for Sustainable Development and  Governance , Kerala Civil Society   എന്നീ  സംഘടനകൾക്കു  വേണ്ടി പ്രശസ്ത പൊതുധനകാര്യ വിദഗ്ധയായ ശ്രീമതി മേരിജോർജ്ജ് തയ്യാറാക്കി  പ്രസിദ്ധപ്പെടുത്തിയ Kerala Finance Status Report ഏറെ പ്രയോജനപ്രദമാകുന്നത്. നിരവധി പണ്ഡിതർ കുറച്ചു കാലമായി പറയുന്ന വാദം  കേരളം സാമ്പത്തിക തകർച്ചയിലാണ് എന്നതാണല്ലോ? അതിനു അവർ  ചൂണ്ടിക്കാണിക്കുന്ന ചില സൂചകങ്ങളുമുണ്ട്. അതിൽ പ്രധാനം ഇവയാണ്. 

• കേരളം കടക്കെണിയിലാണ്. 
• കേരളം റവന്യൂ ചെലവിന്റെ ആധിക്യം മൂലം മുടിയുകയാണ്. 
• കേരളം നികുതി പിരിക്കുന്നില്ല, കടം കൊണ്ടു ജീവിക്കുകയാണ്, കടം മൂലധന ചെലവുകൾക്ക് ഉപയോഗിക്കുന്നില്ല. ഇതാണ് ധനക്കമ്മി,റവന്യൂ കമ്മി എന്നൊക്കെ പറയുന്നതിന്റെ പൊരുൾ.ഇവ കുതിച്ചു കയറുകയാണ്. 

 ഈ അനുമാനങ്ങളെ കണക്കുകൾ വെച്ച് നിഗമങ്ങളാക്കുക എന്നതയിരിക്കണം റിപ്പോർട്ട് ലക്ഷ്യം വെച്ചത്. സംഭവം സ്വൽപ്പം പാളിയിട്ടുണ്ട് .കണക്കു പറഞ്ഞപ്പോൾ അതിൽ വസ്തുത വരുമല്ലോ? അല്ലാതെ തരമില്ല. അപ്പോൾ എന്തു ചെയ്തു, വ്യാഖ്യാനിച്ച് സംഭവം ഒന്നു കബൂറാക്കാൻ കൊണ്ടു പിടിച്ചു ശ്രമമായി. എന്തായാലും വ്യഖ്യാനം അവിടെ കിടക്കട്ടെ.  റിപ്പോർട്ടിലെ കണക്കുകൾ വെച്ചു നിജസ്ഥിതി ഒന്നു നോക്കാം. 

ആദ്യം സഞ്ചിത കടത്തിന്റെ ( Total  Outstanding Liability) റിപ്പോർട്ടിലെ  പട്ടിക ചിത്രത്തിൽ കൊടുത്തിട്ടുണ്ട്. അതൊന്നു നോക്കുക 

 2000 മുതൽ 2025 വരെയുള്ള  സഞ്ചിത കടം GSDPയുടെ ശതമാനമായി കൊടുത്തിരിക്കുന്നതാണ് പട്ടിക. അതിൽ ഇക്കാലയളവിലെ  ഏറ്റവും ഉയർന്ന കടം/GSDP അനുപാതം എന്നാണ്? 2004-2005 വർഷം. 41.65 ശതമാനം. തൊട്ടു  തലേക്കൊല്ലം 41.53 ശതമാനം. ഈ സഞ്ചിത കടം എന്നതിൽ ഇപ്പോഴത്തെ പോലെ ട്രഷറി നിക്ഷേപം ഒന്നും അന്ന് കണക്കിലെടുത്തിട്ടില്ല.അതു കൂടി ചേർന്നാൽ ഈ അനുപാതം 45 ശതമാനത്തിനും മുകളിലാകണം. അതുകൊണ്ട് കേരളം മുടിഞ്ഞു എന്ന നിലപാടില്ല. അതു ക്രമേണ താഴുകയാണ് ചെയ്യുന്നത്. 2010- 2011ൽ  കടം GSDP അനുപാതം 28.4 ശതമാനമായിരുന്നു. 2020-21 ൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പോലും വന്ന  കടം GSDP അനുപാതം 38.51 ശതമാനമാണ്. സമ്പദ്ഘടന വീണ്ടെടുപ്പ് കൈവരിക്കുന്നതോടെ അതു  സാധാരണ നിലയിലെത്തും എന്നതാണ് പറഞ്ഞത്. 2003-2005 ലെ 41-42 ശതമാനത്തേക്കാൾ മുടിപ്പിക്കുന്ന കടമാണ് എന്ന വാദമായിരുന്നല്ലോ നടത്തിയത്. ഇപ്പോൾ എത്രയായി 33.7 ശതമാനമായി. ഇപ്പോഴത്തെ വാദം എന്താണെന്നോ? അത് മുപ്പതു ശതമാനത്തിനും മുകളിലാണല്ലോ,അതുകൊണ്ട് കടക്കെണിയിലാണ് എന്നതാണ്. ഇന്ത്യാ സർക്കാരിന്റേത് 60 ശതമാനത്തിനും മീതെയാണ്. 

 അടുത്ത പട്ടിക എല്ലാത്തിനും ഉത്തരമുള്ള ഒന്നാണ്. അതു നോക്കാം. 

 നികുതി- GSDP.  അനുപാതം പണ്ടു  മഹാ കേമമായിരുന്നു , ഇപ്പോൾ ഈ ഐസക്കും ബാലഗോപാലും എല്ലാം ചേർന്ന് അതു തകർത്തു എന്നതാണ്  വാദം. രണ്ടാമത്തെ പട്ടികയിൽ ആദ്യ വരി നോക്കൂ. 2001 ൽ GSDP യുടെ 11.05 ശതമാനമായിരുന്നു റവന്യൂ വരുമാനം. 2021 -2022ൽ അത് 12.86 ശതമാനമായി ഉയരുകയാണ് ചെയ്തത്. 2023-2024 ൽ 12 ശതമാനവും.  

 ശരി, തനതു റവന്യൂ എന്താണ് സ്ഥിതി? 2001 ൽ 8.26 ശതമാനമായിരുന്നു. 2005-2006 ൽ 7.83 ശതമാനമായിരുന്നു.  2010-2011 ൽ 8.54 ശതമാനവും  2023-2024 ൽ 8.66 ശതമാനവുമാണ്. കോവിഡ് വർഷം പോലും 7.59 ശതമാനമായിരുന്നു. ഇതാണ് റവന്യൂ വരുമാനത്തിന്റെ സ്ഥിതി.  ഇനിയും വർദ്ധിപ്പിക്കാൻ കഴിയും എന്ന  വാദം സാധുവാണ്. അതിൽ  പക്ഷേ ഘടനാപരമായ പ്രശ്നങ്ങൾ  ഉണ്ടെന്നത് കാണാതെ നിക്ഷിപ്ത  താൽപ്പര്യങ്ങൾ വെച്ചുള്ള കസർത്തിനുള്ള   മറുപടിയാണ് മേരിജോർജ്ജിന്റെ കണക്കുകൾ. 

 ആകെ വരുമാനത്തിൽ കടം വരവ് കുതിക്കുകയാണ് എന്നതാണല്ലോ ആഖ്യാനം. മേരി ജോർജ്ജിന്റെ ഈ പട്ടികയിൽ മൂലധന വരുമാനം GSDP യുടെ ശതമാനമായി കൊടുത്തിട്ടുണ്ട്. 2001 ൽ 6 ശതമാനമായിരുന്നു. 2010-2011 ൽ 3 ശതമാനമായി കുറഞ്ഞു .കോവിഡ് കാലത്തു പോലും കടം വരവ് 5.35 ശതമാനമായിരുന്നു എന്നു കാണണം. 2023-2024 ൽ 3.6 ശതമാനമായി.  കടം വരവ് കൂടി എന്ന   പ്രചരിപ്പിക്കപ്പെടുന്ന ആഖ്യാനങ്ങളുടെ വസ്തുതഎന്താണ്  എന്നാണ് മേരി ജോർജ്ജിന്റെ കണക്കുകൾ ഉയർത്തുന്ന ചോദ്യം. 

 ചെലവിൽ മൂലധന ചെലവുകൾ ചെയ്യുന്നില്ല എന്നതാണല്ലോ ഒരു പ്രധാന പ്രശ്നം.  അതിൽ കഴമ്പുണ്ടു താനും. എന്നാൽ അതു  രാഷ്ട്രീയ ദുഷ്ടലാക്കോടെ ഉന്നയിക്കുന്നതിലെ ഭോഷ്ക്ക് മേരിജോർജ്ജിന്റെ കണക്കുകൾ പൊളിക്കുന്നുണ്ട്. ഇക്കാലയളവിൽ ( 2001-2024)  GSDP യുടെ ശതമാനമായി മൂലധന ചെലവ് ഏറ്റവും ഉയർന്നു നിൽക്കുന്നത് 2020-2021 ലാണ്. 2 ശതമാനം. ഇവിടെ മറ്റൊരു കാര്യം കൂടി പ്രസക്തമാണ്. ഉയർന്ന കടം GSDP അനുപാതം വന്ന കോവിഡ് കാലത്ത്  മൂലധന ചെലവിൽ  സാമാന്യം നല്ല വളർച്ചയുണ്ടായി.2001 ൽ 0.73 ശതമാനമായിരുന്ന മൂലധനച്ചെലവ് 2023-2024 ൽ 0.91 ശതമാനവുമാണ്. 

 റവന്യൂക്കമ്മി 2001 ൽ 3.98 ശതമാനമായിരുന്നത് 2010-2011 ൽ 1.33 ശതമാനമായി കുറഞ്ഞു . കോവിഡ്  കാലത്തു പോലും 2.6 ശതമാനമായിരുന്നു. 2022-2023 ൽ  മേരിജോർജ്ജിന്റെ കണക്കുകൾ പ്രകാരം 1.96 ശതമാനമായിരുന്നു. (AG യുടെ അവസാന കണക്കുകൾ വന്ന വർഷമാണിത് .അതു പ്രകാരം റവന്യൂ കമ്മി 0.9 ശതമാനം മാത്രമാണ്. ഇവിടെ ബജറ്റ് അനുമാനങ്ങളാണ് എടുത്തിരിക്കുന്നത്. മൊത്തം റിപ്പോർട്ടിലും ഈ രീതി പ്രകടമാണ്. അതു ഈ വിശകലനത്തിൽ നോക്കിയിട്ടില്ല. അതു നിൽക്കട്ടെ)  വരും വർഷം 1.9 ശതമാനമാണ് റവന്യൂക്കമ്മി . 

 ധനക്കമ്മി 2001 ൽ 4.91 ശതമാനവും 2010-2011 ൽ 2.7 ശതമാനവും കോവിഡ് വർഷം 4.11 ശതമാനവും 2023-2024 ൽ 3.5 ശതമാനവും( ഇതും AGയുടെ അന്തിമ കണക്കുകൾ പ്രകാരം 2.5 ശതമാനം മാത്രമാണ്) വരും വർഷം 3.16 ശതമാനവുമാണ്. 

  ഈ പട്ടികയിലെ സഞ്ചിത കട ബാധ്യതയുടെ കണക്കുകൾ കൌതുക കരമാണ് .  ആദ്യ പട്ടിക റിപ്പോർട്ടിൽ കിടക്കുണ്ട്. അതു പ്രകാരം എല്ലാ കൊല്ലത്തെയും കണക്കുകൾ അവിടെയുണ്ട്. ചില വര്ഷങ്ങളുടെ തെരെഞ്ഞെടുത്ത ഈ കണക്ക് ഒരു പണ്ഡിത ഉപായമായി കണ്ടാൽ മതി. 

 ശ്രീ ജോൺ സാമുവലിന്റെ സ്ഥാപനത്തിനു വേണ്ടി ശ്രീമതി മേരിജോർജ് തയ്യാറാക്കിയ ഈ റിപ്പോർട്ടിലെ കണക്കുകൾ നാം മുടിഞ്ഞു മുടിഞ്ഞു തകരുകയാണ് എന്ന ആഖ്യാനത്തെ കശക്കി  എറിയുന്നതാണ് . എന്നാൽ നമുക്ക് പ്രയാസങ്ങൾ ഇല്ല എന്നല്ല. അതു സംബന്ധിച്ച കൊണ്ടു പിടിച്ച ആഖ്യാനങ്ങളുടെ നിക്ഷിപ്ത=ലക്ഷ്യങ്ങളെ ഈ റിപ്പോർട്ടിലെ കണക്കുകൾ അതീവ ദുർബ്ബലമാക്കുന്നുണ്ട് .

 റിപ്പോർട്ടിലെ ചില ക്വാളിറ്റേറ്റീവ് വിശകലനങ്ങളുണ്ട്. അതിലേക്ക് പിന്നെ വരാം.  
കടപ്പാട്: News Bullet Kerala

No comments:

Post a Comment