Monday, March 3, 2025
ട്രംപ് എന്താണ് ചെയ്യുന്നത്? കെ എ വേണുഗോപാലൻ
ഫൈനാൻസ് മൂലധനക്കാരിൽ വച്ച് ഏറ്റവും പിന്തിരിപ്പനും അങ്ങേയറ്റത്തെ സങ്കുചിത ദേശീയവാദികളും കടുത്ത സാമ്രാജ്യത്വവാദികളുമായ ശക്തികളുടെ പ്രത്യക്ഷവും ഭീകരവുമായ സ്വേച്ഛാധിപത്യമാണ് അധികാരത്തിലേറിയ ഫാസിസം’ എന്ന് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പതിമൂന്നാമത്തെ പ്ലീനം വ്യക്തമാക്കിയിട്ടുണ്ട്.
ലോകജനത ഇന്നേവരെ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പിന്തിരിപ്പൻ രീതിയിലുള്ള ഫാസിസം ജർമനിയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ നടപ്പിലാക്കിയതായിരുന്നു. സോഷ്യലിസവുമായി യാതൊരു ബന്ധവുമില്ലെങ്കിലും തങ്ങൾ നടപ്പിലാക്കുന്നത് ദേശീയ സോഷ്യലിസമാണെന്ന് അവകാശപ്പെടാൻ അവർക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഹിറ്റ്‌ലറുടെ ഫാസിസം ബൂർഷ്വാ ദേശീയത മാത്രമല്ല “മൃഗീയമായ സങ്കുചിത ദേശീയത്വം’ ആണെന്ന് മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ദിമിത്രോവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഫാസിസത്തിന്റെ വർഗ്ഗസ്വഭാവത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകൾ അന്ന് ഉയർന്നുവന്നിരുന്നു. ഫാസിസം “രണ്ടു വർഗ്ഗത്തിനും -തൊഴിലാളി വർഗ്ഗത്തിനും ബൂർഷ്വാസിക്കും -ഉപരിയായി നിലകൊള്ളുന്ന ഭരണകൂടത്തിന്റെ അധികാര രൂപമാണെന്നാണ് ഓട്ടോ ബോയർ പറഞ്ഞിരുന്നത്. ഫാസിസം “ഭരണ യന്ത്രം പിടിച്ചെടുത്ത പെറ്റി ബൂർഷ്വാസിയുടെ കലാപ” മാണെന്നാണ് ബ്രിട്ടീഷ് സോഷ്യലിസ്റ്റ് ആയ ബ്രേൻസ് ഫോർഡ് പ്രസ്താവിച്ചിട്ടുള്ളത്. ഇത് രണ്ടും ശരിയല്ല. “ഫാസിസം വർഗ്ഗാതീത ഗവൺമെന്റ് അല്ല;ഫൈനാൻസ് മൂലധനത്തിന് ഉപരിയായുള്ള പെറ്റി ബൂർഷ്വാസിയുടെയോ ലുമ്പൻ തൊഴിലാളി വർഗ്ഗത്തിന്റെയോ ഗവൺമെന്റുമല്ല. ഫൈനാൻസ് മൂലധനത്തിന്റെ അധികാരശക്തി തന്നെയാണ് ഫാസിസം. തൊഴിലാളി വർഗ്ഗത്തിനും കൃഷിക്കാരിലെ വിപ്ലവ ബോധമുള്ള വിഭാഗത്തിനും ബുദ്ധിജീവികൾക്കും എതിരായ ഭീകരമായ പ്രതികാരത്തിനുള്ള സംഘടനയാണത്. വിദേശ നയത്തിൽ മറ്റ് രാഷ്ട്രങ്ങളോട് മൃഗീയമായ പക വളർത്തുന്ന ഫാസിസം സങ്കുചിത ദേശീയത്വത്തിന്റെ ഏറ്റവും പ്രാകൃത രൂപമാണ് ’ എന്നും ദിമിത്രോവ് വ്യക്തമാക്കിയിട്ടുണ്ട്.
ഫാസിസം ഏറ്റവും ഭീകരമായ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് ഹിറ്റ്ലറുടെ ജർമ്മനിയിലാണെന്ന് പറഞ്ഞല്ലോ ? എന്നാൽ ഹിറ്റ്ലർ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഒരു ഭരണാധികാരിയായിരുന്നു. എങ്ങനെയാണ് അദ്ദേഹം ഇത്ര ഭീകരമായ ഒരു ഭരണ സംവിധാനത്തിന് രൂപം കൊടുത്തത് ? ജനാധിപത്യം എന്നത് ഫാസിസത്തിന്റെ വിപരീതപദമാണ്. എന്നിട്ടും ജർമ്മനിയിലെ ജനാധിപത്യം ഫാസിസത്തിലേക്ക് ചുവട് വച്ചത് എന്തുകൊണ്ട്? പ്രശസ്ത മാർക്സിസ്റ്റ് പണ്ഡിതനായ പോൾ സ്വീസി തന്റെ സുഹൃത്തായ പോൾ ബാരന് എഴുതിയ കത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. “കുത്തക സാമ്രാജ്യത്വ ഘട്ടത്തിൽ മുതലാളിത്തം സ്വീകരിക്കാവുന്ന രാഷ്ട്രീയ രൂപങ്ങളിൽ ഒന്നാണ് ഫാസിസം’ എന്നാണ് അദ്ദേഹം എഴുതിയത്. ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പൂർണമായ വികാസത്തിന്റെ ചരിത്രപ്രക്രിയ മനസ്സിലാക്കിയാൽ നമുക്ക് ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാനാവും. അതിന്റെ ആദ്യത്തെ ആവശ്യം ഒരു ഭരണകൂട വ്യവസ്ഥയുടെ പൂർണ്ണമായ പിടിച്ചെടുക്കലാണ്. തുടർന്ന് അതിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന അധികാര വിഭജനത്തെ പൂർണമായും ഇല്ലാതാക്കുന്നു. ലോകതലത്തിൽ തന്നെ മേധാവിത്വം നേടിയെടുക്കുന്നതിനും ദേശീയമായ ഉന്നതിക്കും വേണ്ടി നടത്തുന്ന വിശാലമായ പോരാട്ടത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് പ്രചരിപ്പിച്ചാണ് ഇത് ചെയ്യുക. അങ്ങനെ ഭരണകൂടത്തിന്റെ ഒരു നിർണായക ഭാഗത്തെ, വിശിഷ്യാ ഭരണനിർവഹണ വിഭാഗത്തെ, കയ്യിലെടുത്തതിനുശേഷം ഫാസിസ്റ്റ് താല്പര്യങ്ങൾ നടപ്പിലാക്കാൻ ആരംഭിക്കുന്നു. അതിന് നിയമവിരുദ്ധവും നിയമപരവുമായ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തുന്നു. നിഷ്ഠൂരനടപടികൾ, പ്രചാരണ പരിപാടികൾ, കൂട്ടിച്ചേർക്കലിന്റെ പേരു പറഞ്ഞുള്ള ഭീഷണികൾ ഇവയൊക്കെ ഉപയോഗപ്പെടുത്തുന്നു. ഇതിനൊക്കെ കുത്തക മുതലാളിത്ത ശക്തികളിൽ നിന്ന് നേരിട്ട് എല്ലാ പിന്തുണയും ലഭിക്കുന്നു. ഇതിന്റെ തുടർച്ച എന്നോണം പൂർണ്ണമായി ഫാസിസം നടപ്പിലാക്കുന്നതോടെ ലിബറൽ ജനാധിപത്യ വ്യവസ്ഥ വ്യക്തികൾക്ക് നൽകിയിട്ടുള്ള എല്ലാ സംരക്ഷണങ്ങളും എടുത്തുകളയുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. ഫലത്തിൽ ഇതോടെ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനം ഇല്ലാതാകുന്നു.
ഈ ഏകീകരണ പ്രക്രിയയ്ക്ക് നൽകിയ പേര് ഗ്ലീഷാഷ് തങ്ങ് (Gleichschaltung) എന്നായിരുന്നു. സമകാലികമാക്കൽ എന്നോ സമന്വയിപ്പിക്കൽ എന്നോ ഒക്കെ അർത്ഥം വരുന്ന ഒരു ജർമൻ പദം ആണത്. 1933-‐34 കാലത്താണ് ഈ സമന്വയിപ്പിക്കൽ നടന്നത്. ഭരണകൂടത്തിന്റെ വ്യത്യസ്ത ഘടകങ്ങളായ നിയമ നിർമ്മാണ സഭ, നിയമം നിർവഹണ സംവിധാനം, നീതിന്യായ വ്യവസ്ഥ,സൈന്യം, ഗവൺമെന്റിന്റെ തന്നെ മേഖലാപരവും ഗ്രാമീണവുമായ ഘടകങ്ങൾ,സിവിൽ സമൂഹത്തിലെ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണങ്ങൾ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,മാധ്യമങ്ങൾ, വ്യാപാര സംഘടനകൾ എന്നിവയൊക്കെ സമന്വയിപ്പിക്കപ്പെടുന്നു. ഈ സമന്വയിപ്പിക്കൽ പ്രക്രിയ നടത്തിയത് പ്രത്യയശാസ്ത്ര പ്രയോഗം,ഭീഷണി, നിർബന്ധിച്ച് സഹകരിപ്പിക്കൽ, ഭയപ്പെടുത്തൽ, “സ്വന്തം വീട് വൃത്തിയാക്കാൻ’ സ്ഥാപനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങൾ എന്നിവയിലൂടെയൊക്കെയായിരുന്നു. പ്രമുഖ നാസി നിയമജ്ഞനായ കാൾ ഷ്മിറ്റ് സമന്വയിപ്പിക്കലിന് സഹായകമായ രണ്ട് സിദ്ധാന്തങ്ങളെ പ്രോത്സാഹിപ്പിച്ചു. അതിലൊന്ന് ആര്യേതരന്മാരെ നീക്കം ചെയ്യൽ ആയിരുന്നുവെങ്കിൽ രണ്ടാമത്തേത് നേതൃത്വ സിദ്ധാന്തം ആയിരുന്നു. നേതൃത്വ സിദ്ധാന്തം എന്നത് എഴുതപ്പെട്ട നിയമങ്ങൾക്ക് ഉപരിയായി ഒരു നേതാവ് ഉണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ നടത്താനാവൂ എന്ന സിദ്ധാന്തമായിരുന്നു. ഈ കാലത്ത് നീതിന്യായ സംവിധാനം ഇതിലൊന്നും ഇടപെടാതെ മാറി നിന്നു. ഷ്മിറ്റ് തന്നെ ഈ സമന്വയിപ്പിക്കലിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പറഞ്ഞത് ഐക്യവും പരിശുദ്ധിയും നേടിയെടുക്കുന്നതിനായി വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യുക എന്നായിരുന്നു. വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യുക എന്ന് അതിപ്രധാനമായ ഒരു ഫാസിസ്റ്റ് മുദ്രാവാക്യമാണ്.
ജർമനിയിൽ ഈ സമന്വയിപ്പിക്കൽ പ്രക്രിയ നടന്നത് നിരവധി ഘട്ടങ്ങളിലൂടെയോ അല്ലെങ്കിൽ ഗുണപരമായ ഇടവേളകളിലൂടെയോ ആയിരുന്നു.1933 ജനുവരിയിലാണ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസിലർ ആയി അധികാരമേൽക്കുന്നത്. അതിനുശേഷം ഒരു മാസം കഴിഞ്ഞപ്പോഴാണ് അവിടുത്തെ പാർലമെന്റ് മന്ദിരമായ റീഷ് സ്റ്റാഗ് അഗ്നിക്കിരയാക്കപ്പെടുന്നത്. ഈ സംഭവം മുതലെടുത്ത് ജർമ്മനിയുടെ പ്രസിഡണ്ട് ആയിരുന്ന ഹിൻഡൻബർഗ് രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിച്ചു. ഭരണഘടനാ ലംഘനങ്ങൾക്ക് നിയമപരമായ നീതീകരണം ഉറപ്പാക്കുന്നതായിരുന്നു അത്. ഈ വിധികൾ പിന്നീട് നിയമമാക്കപ്പെട്ടു. അതനുസരിച്ച് ഹിറ്റ്ലർക്ക് പാർലമെന്റിന്റെ അംഗീകാരമില്ലാതെ തന്നെ ഏകപക്ഷീയമായി നിയമം നിർമ്മിക്കാനുള്ള അവകാശം കിട്ടി. ഇതേ തുടർന്ന് രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്യാനും ഇല്ലാതാക്കാനും തുടങ്ങി. ഇതോടൊപ്പം തന്നെ സിവിൽ സർവീസ് ജീവനക്കാരെ സമന്വയിപ്പിക്കൽ നടപടിക്ക് വിധേയമാക്കി. ഇതിനെ തുടർന്ന് 1933 ജൂലൈ മാസത്തിൽ നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി അതായത് ഹിറ്റ്ലറുടെ പാർട്ടി ഒഴികെയുള്ള മറ്റെല്ലാ രാഷ്ട്രീയപാർട്ടികളെയും നിരോധിച്ചു.
സമന്വയിപ്പിക്കലിന്റെ രണ്ടാംഘട്ടം നടത്തിയത് സൈന്യത്തിന്റെയും സർവ്വകലാശാലകളുടെയും മാധ്യമങ്ങളുടെയും സാമൂഹ്യവും സാംസ്കാരികവുമായ സംഘടനകളുടെയും നേതൃത്വം ഏറ്റെടുക്കുന്നതിലൂടെയായിരുന്നു. ഹിറ്റ്ലർ സ്വന്തം സൈന്യത്തിന്റെ മാത്രമല്ല രാജ്യത്താകമാനം ഉള്ള ഇതര സേനകളുടെയും നിയന്ത്രണം ഏറ്റെടുക്കുന്നതിനായി കരസേനയ്ക്ക് മാത്രമേ ആയുധങ്ങൾ കൈവശം വയ്ക്കാൻ അധികാരമുള്ളൂ എന്ന് 1933 ഡിസംബറിൽ പ്രഖ്യാപിച്ചു. നാസി പാർട്ടിയുടെ അർദ്ധ സൈനിക സേനയായ കാക്കി കുപ്പായക്കാരുടെ അടക്കം നിയന്ത്രണമാണ് അദ്ദേഹം ഇതിലൂടെ ഏറ്റെടുക്കുകയും നിയന്ത്രിക്കുകയും ചെയ്തത്.
ഐക്യവും പരിശുദ്ധിയും കാത്തു സംരക്ഷിക്കുന്നതിന് വേണ്ടി വൈവിധ്യങ്ങളെ ഇല്ലാതാക്കുക എന്ന നയത്തിന്റെ ഭാഗമായി സർവ്വകലാശാകളെയെല്ലാം നാസി സിദ്ധാന്തത്തിന് കീഴ്പ്പെടുത്തി. സമന്വയിപ്പിക്കൽ നയം നടപ്പിലാക്കുന്നതിനായി മാർട്ടിൻ ഹെയ്ഡെഗ്ഗർ എന്ന ചിന്തകന് ചുമതല നൽകി. അദ്ദേഹം അത് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കി. നീതി ന്യായ രംഗത്ത് പ്രവർത്തിച്ചിരുന്ന ന്യായാധിപനായ ഷ്മിറ്റുമായി ചേർന്ന് അദ്ദേഹം നാസി സിദ്ധാന്തം വ്യാപകമായി പ്രചരിപ്പിക്കുകയും എതിരായ സിദ്ധാന്തം പ്രചരിപ്പിച്ചിരുന്ന ഗ്രന്ഥങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു.
സമന്വയിപ്പിക്കലിന്റെ അടുത്ത പടിയായി ഹിറ്റ്ലർ പരമോന്നത ന്യായാധിപനായി ഉയർത്തപ്പെട്ടു. നിയമങ്ങളുടെ സംരക്ഷണത്തിനും നടത്തിപ്പിനും ഒരു നേതാവ് അനിവാര്യമാണ് എന്ന ഷ്മിറ്റിന്റെ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതോടെ എല്ലാ പ്രധാനപ്പെട്ട ഭരണകൂട സ്ഥാപനങ്ങളുടെയും മേധാവി ഹിറ്റ്ലർ ആയിത്തീരുകയും ഫാസിസം നടപ്പിലാക്കപ്പെടുകയും ചെയ്തു.
സമന്വയിപ്പിക്കൽ എന്ന ഫാസിസ്റ്റ് നടപടിയുടെ നവീന രൂപങ്ങൾ അമേരിക്കയിൽ ട്രംപ് കഴിഞ്ഞ തവണ അധികാരമേറ്റപ്പോൾ തന്നെ വളരെ പ്രകടമായ രീതിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. അമേരിക്കൻ ജനതയുടെ സങ്കുചിത ദേശീയ ബോധം ഉയർത്തിക്കൊണ്ടുവരുന്നതിനുവേണ്ടിയാണ് ലോകത്തിലെ ഒന്നാമത്തെ ശക്തിയാണ് അമേരിക്ക എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്. തങ്ങൾ പഴയകാല സഖ്യങ്ങൾ നിലനിർത്തുമെന്നും പുതിയത് രൂപപ്പെടുത്തുമെന്നും അന്നുതന്നെ പറഞ്ഞിരുന്നു. ഈ സങ്കുചിത ദേശീയ ബോധത്തിനെ ഉറപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ട്രംപ് ഇസ്ലാമിക് ടെററിസത്തിനെ സാംസ്കാരികമായി മുന്നേറ്റം നേടിയ രാജ്യങ്ങളുടെ പൊതു ശത്രുവായി പ്രഖ്യാപിച്ചത്. അതിനെതിരായി ലോകത്തിലെ സാംസ്കാരികമായി മുന്നേറിയ എല്ലാ രാജ്യങ്ങളെയും അണിനിരത്തുമെന്നാണ് ട്രംപ് അന്ന് പറഞ്ഞിരുന്നത്. അങ്ങനെ അണിനിരത്തിക്കൊണ്ട് ഈ ഇസ്ലാമിക ടെററിസത്തിനെ എന്നന്നേക്കുമായി ലോകത്തിൽ നിന്ന് അപ്രത്യക്ഷമാക്കും എന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യുക എന്ന ഷ്മിറ്റിന്റെ ആധുനിക രൂപമായിരുന്നു ഇത്.
വ്യവസായിക മുന്നേറ്റം നേടിയ രാഷ്ട്രങ്ങളെ തങ്ങളുടെ കമ്പനികൾ മോഷ്ടിക്കുന്നവരും ഉൽപ്പന്നങ്ങൾ മോഷ്ടിക്കുന്നവരും തൊഴിൽ തട്ടിയെടുക്കുന്നവരുമൊക്കെയായാണ് അന്ന് ട്രംപ് അവതരിപ്പിച്ചത്. അവരിൽനിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനു വേണ്ടി,അതിർത്തികളെ രക്ഷിക്കുന്നതിനു വേണ്ടി താൻ പോരാടും എന്ന് ട്രംപ് അന്ന് പറഞ്ഞിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം അമേരിക്ക വിജയത്തിലേക്ക് മുന്നേറും എന്നതായിരുന്നു മറ്റൊരു പ്രഖ്യാപനം. അതിനായി ജനങ്ങൾ ഒന്നാകെ പരസ്പര വിശ്വാസത്തോടെ ഒറ്റക്കെട്ടായി പോരാടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നമ്മുടെ ഹൃദയങ്ങൾ ദേശസ്നേഹത്തിനു വേണ്ടി തുറന്നു വയ്ക്കണം;അങ്ങനെ ചെയ്താൽ ഒരു മുൻവിധികളും ഉണ്ടാവില്ല എന്നും ട്രംപ് പ്രഖ്യാപിച്ചു. അമേരിക്ക ഒറ്റക്കെട്ടായി നിന്നാൽ അമേരിക്കയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല എന്നും പറഞ്ഞു. നമ്മളെല്ലാം എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടും. കാരണം നമുക്ക് ശക്തമായ ഒരു സൈന്യം ഉണ്ട്; നിയമ നിർവഹണ വിഭാഗമുണ്ട്; എല്ലാറ്റിലും ഉപരി നമ്മെ സംരക്ഷിക്കാൻ ദൈവമുണ്ട് എന്നുവരെ ട്രംപ് പറഞ്ഞു. ഹിറ്റ്ലറെ പോലെ ട്രംപും സൈന്യത്തിൽ തന്നെയാണ് രക്ഷകനെ കണ്ടെത്തുന്നത്. നമുക്ക് അമേരിക്കയെ വീണ്ടും ശക്തിപ്പെടുത്തണം,നമുക്ക് അമേരിക്കയെ കൂടുതൽ സമ്പന്നമാക്കണം,നമുക്ക് അമേരിക്കയെ കുറിച്ച് അഭിമാനം കൊള്ളാൻ കഴിയണം,നമുക്ക് അമേരിക്കയെ സുരക്ഷിതമാക്കണം. അതുവഴി നമുക്ക് അമേരിക്കയെ മഹത്തരമാക്കണം.
ഇതായിരുന്നു ആദ്യം അധികാരത്തിൽ വന്നപ്പോൾ ട്രംപ് അമേരിക്കയിലെ ജനങ്ങളോടായി പറഞ്ഞത്. ഇത് ഹിറ്റ്ലർ അവതരിപ്പിച്ച സമന്വയിപ്പിക്കൽ പ്രത്യയശാസ്ത്രത്തിന്റെ നവീകരിച്ച രൂപമാണ്. നവഫാസിസത്തിന്റെ ഉദാഹരണമാണ്. ദീർഘകാലമായി അമേരിക്കയിൽ നിലനിന്നു വന്ന അമേരിക്കയിൽ ജനിച്ചവർക്കൊക്കെ പൗരത്വം എന്ന നിയമം ഇല്ലാതാക്കിക്കൊണ്ട് പുറത്തുനിന്ന് വന്ന പൗരന്മാരെ രണ്ടാം തരക്കാരാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് തുടങ്ങി വെച്ചിട്ടുള്ളത്.വിദേശത്തുനിന്ന് അനധികൃതമായി കുടിയേറിയവർക്ക് എതിരായിട്ടുള്ള നീക്കം സങ്കുചിത ദേശീയതയ്ക്ക് വളം വയ്ക്കാനുള്ളതാണ്.
ഫെഡറൽ കൂടിയേറ്റ ഉത്തരവുകൾക്ക് വിരുദ്ധമായി അമേരിക്കയിൽ തന്നെ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്കു താമസം മാറ്റിയവരെ പോലും ട്രംപിന്റെ ജസ്റ്റീസ് വകുപ്പ് തെരഞ്ഞു പിടിക്കാൻ പോവുകയാണ്. അതുപോലെ സ്ത്രീയും പുരുഷനും അല്ലാതെ മറ്റാരെയും അംഗീകരിക്കില്ല എന്ന നിലപാടും ട്രംപ് എടുത്തിട്ടുണ്ട്. ആധുനികലോകം ഇന്ന് എൽ ജി ബി ടി ക്യൂ എന്ന പേരിൽ സവിശേഷതകൾ ഉള്ള നിരവധി മനുഷ്യരെ അംഗീകരിക്കുകയും അവർക്ക് ആവശ്യമായ പരിഗണന നൽകി വരികയും ചെയ്യുന്ന കാലമാണിത്. സാംസ്കാരികമായി ഏറ്റവും മുന്നിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന ട്രംപിന്റെ അമേരിക്ക തന്നെ അതിനെതിരായി മുന്നോട്ടുപോകുന്ന കാഴ്ചയാണ് നാം കാണുന്നത്.
വൻകിട മാധ്യമങ്ങളെ ആകെ കീഴ്പ്പെടുത്തി അവരെ ഉപയോഗപ്പെടുത്തി ട്രംപിന് അനുകൂലമായി വ്യാപകമായ പ്രചാരവേല നടത്തുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സമാനമായ പ്രവൃത്തിയാണ് മുമ്പ് ഹിറ്റ്ലറും ചെയ്തത്. കാലാവസ്ഥാ വ്യതിയാനങ്ങളും മുതലാളിത്തത്തിന്റെ തന്നെ ആന്തരിക വൈരുധ്യങ്ങളും അമേരിക്കക്ക് ഉണ്ടാക്കുന്ന പ്രതിസന്ധി കാണാതെ സങ്കുചിത ദേശീയതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനാണ് ട്രംപിന്റെ ശ്രമം. ഇതാണ് നവഫാസിസത്തിന്റെ സവിശേഷത. l
നാടകീയവും ആശങ്ക പരത്തുന്നതുമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുക എന്നത് പൊതുവെ തീവ്രവലതുപക്ഷ, ഫാസിസ്റ്റ് നിലപാടുകളുള്ള രാഷ്ട്രീയനേതാക്കളുടെ ശൈലിയാണ്. പലപ്പോഴും ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്‌നങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ളവയായിരിക്കും തീരുമാനങ്ങളിൽ പലതുമെങ്കിലും അതുവഴി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുക എന്നത് ഒരു ഫാസിസ്റ്റ് രീതിയാണ്. തങ്ങളെപ്പോലുള്ള നേതാക്കളെയാണ് ലോകം ആവശ്യപ്പെടുന്നതെന്നും ലോകത്തെ നയിക്കാൻ കരുത്തരാണ് തങ്ങളെന്നുമുള്ള പ്രതീതി ജനിപ്പിക്കുക എന്നതും ഇത്തരം ശൈലിയുടെ ഭാഗമാണ്. ഹിറ്റ്ലർ മുതൽ നരേന്ദ്ര മോദി വരെയുള്ളവരിലെല്ലാം ഈ ശൈലികൾ ഏറിയും കുറഞ്ഞും പ്രകടമാണ്. തന്റെ രണ്ടാം വരവും അത്തരത്തിൽ നാടകീയതയുടെ അകമ്പടിയോടെ ഒരു സംഭവമാക്കി മാറ്റുന്നതിന് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമമാണ് ജനുവരി 20നു കാപ്പിറ്റോൾ ഹിൽസിൽ അരങ്ങേറിയത്. ഒന്നാമൂഴത്തിൽ കടുത്ത വലതുപക്ഷ തീവ്രവാദ നിലപാടുകാരനായിരുന്ന ട്രംപ് രണ്ടാമൂഴത്തിൽ കറതീർന്ന ഫാസിസ്റ്റായി മാറുന്നതും വ്യക്തമാവുകയാണ്.
ആഗോള രാഷ്ട്രീയ രംഗത്ത് കനത്ത ആശങ്കയും സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വവും വിതറുന്ന എൺപതിൽപരം ഉത്തരവുകൾ ആദ്യദിനം തന്നെ പുറപ്പെടുവിച്ച ട്രംപ്, ലോകം തന്റെ കാൽക്കീഴിൽ അമരുന്നു എന്ന നാട്യമാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്. സ്വർണം, ക്രൂഡ് ഓയിൽ തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണികളെ ശക്തമായ സമ്മർദ്ദത്തിലാഴ്ത്തിയ ഈ നീക്കങ്ങൾ, ഇന്ത്യൻ രൂപയെ കശക്കിയെറിയുന്ന നിലയിലുമാക്കി. സാമ്പത്തിക സമൂഹവും ആഗോള വ്യാപാര മേഖലയും ഏറെ ആശങ്കയോടെ കാണുന്ന വ്യാപാര യുദ്ധത്തിന്റെ രണ്ടാമത്തെ എപ്പിസോഡിനും ട്രംപ് തിരശീല ഉയർത്തിയിട്ടുണ്ട്. ഒന്നാമൂഴത്തിൽ ചൈനയും യൂറോപ്യൻ രാജ്യങ്ങളുമായും തീരുവ യുദ്ധത്തിൽ ഏർപ്പെട്ട് ഒടുവിൽ പരാജയം സമ്മതിക്കേണ്ടി വന്ന ട്രംപ്, വീണ്ടും ചില നനഞ്ഞ പടക്കങ്ങൾ പൊട്ടിക്കുന്നതിന് തുടക്കം മുതൽ തന്നെ യത്നിക്കുകയാണ്.
അയൽ രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ ചുമത്തുമെന്ന വെടിയാണ് ആദ്യം പൊട്ടിച്ചിരിക്കുന്നത്. രണ്ടു കാരണങ്ങൾ നിരത്തിയാണ് ഈ നീക്കം. ഒന്ന്, അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറുന്നതിന് ഈ രാജ്യങ്ങൾ ആളുകൾക്ക് ഒത്താശ ചെയ്യുന്നു. ഫെന്റാണിൽ പോലുള്ള നിരോധിത മരുന്നുകൾ ഈ രാജ്യങ്ങളുടെ, പ്രത്യേകിച്ച് മെക്സിക്കോയുടെ അതിർത്തി വഴി അമേരിക്കയിലേക്ക് യഥേഷ്ടം എത്തുന്നുവെന്നതാണ് രണ്ടാമത്തെ കാരണം. ഫെബ്രുവരി ഒന്ന് മുതൽ ഉയർന്ന തീരുവ നിലവിൽ വരുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി ഈ നീക്കം സ്ഥിരീകരിക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ചൈനയും റഷ്യയും യൂറോപ്യൻ യൂണിയനുമാണ് ഉയർന്ന തീരുവ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള മറ്റു രാജ്യങ്ങൾ.
പുതിയ വ്യാപാര യുദ്ധത്തിന് കൃത്യമായ ഒരു പശ്ചാത്തലം ട്രംപും ആരാധകവൃന്ദവും പ്രചരിപ്പിക്കുന്നുണ്ട്. ഇത്രയും കാലം അമേരിക്കയിലെ ജനങ്ങൾ അധിക നികുതി നൽകേണ്ടി വന്നിരുന്നു എന്നും അതുവഴി അമേരിക്കൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് വൻ വ്യാപാര നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്നുമാണ് ട്രംപിന്റെ വാദത്തിന്റെ കാതൽ. എന്നാൽ ഇനിയങ്ങോട്ട് കയറ്റുമതി രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തി അമേരിക്കയിലെ ജനങ്ങൾക്ക് നേട്ടം കൈമാറുകയുമാണ് ലക്ഷ്യമെന്നാണ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്. അമേരിക്ക തുടർച്ചയായ വർഷങ്ങളിൽ ഗുരുതരമായ വ്യാപാരക്കമ്മി നേരിടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2024 സെപ്തംബർ മാസത്തെ കണക്കുകൾ പ്രകാരം 78.20 ബില്യൺ ഡോളറിന്റെ വ്യാപാരക്കമ്മി ആ രാജ്യം നേരിടുന്നുണ്ട്. 1990കൾ മുതൽ ഈ സ്ഥിതി പ്രകടമാണെങ്കിലും ഏറ്റവും വലിയ കമ്മി നേരിടേണ്ടി വരുന്നത് ചൈനയുമായാണ്. ട്രംപ് ആവർത്തിച്ച് നടപ്പാക്കുന്ന വ്യാപാര യുദ്ധത്തിന്റെ സാമ്പത്തികമായ അടിത്തറ വിദേശ വ്യാപാരത്തിൽ നേരിടുന്ന കമ്മിയാണ്. ഇത് സംഭവിച്ചതിനുപിന്നിൽ നിരവധി സാമ്പത്തിക ഘടകങ്ങളുണ്ടെങ്കിലും ഏറ്റവും വലിയ പ്രചരണായുധമായി ട്രംപ് ഉയർത്തിക്കാട്ടുന്നത് ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വിലയുള്ള ചരക്കുകളുടെ ഡംപിങ്ങാണ് ഇതിന് കാരണമെന്നാണ്. എന്നാൽ മറ്റു രാജ്യങ്ങളുടെ വിപണിയിൽ തങ്ങൾക്ക് അനുകൂലമല്ലാത്ത വിധത്തിൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുകയാണ് എന്ന ആക്ഷേപവും ട്രംപ് ഉയർത്തുന്നു. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തിയ നടപടിയെ ട്രംപ് തന്റെ ഒന്നാമൂഴത്തിൽ ശക്തമായി വിമർശിച്ചിരുന്നു. ഇന്ത്യൻ നിർമ്മിത ബൈക്കുകൾക്ക് അമേരിക്ക ശൂന്യ തീരുവ ചുമത്തുമ്പോൾ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്ക് 100 ശതമാനം ഡ്യൂട്ടി ഏർപ്പെടുത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന നിലപാട് താക്കീത് രൂപത്തിൽ ട്രംപ് നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. തുടർന്ന് തീരുവ 50 ശതമാനമായി ഇന്ത്യ കുറച്ചുവെങ്കിലും ട്രംപ് തൃപ്തനായിരുന്നില്ല. ഈ രീതിയിൽ കയറ്റുമതി രാജ്യങ്ങൾ കുറഞ്ഞ തീരുവയുടെ ആനുകൂല്യം മുതലെടുത്ത് അമേരിക്കൻ കമ്പനികളെ തകർക്കുകയാണെന്ന വാദമുഖമാണ് ട്രംപ് ഉന്നയിക്കുന്നത്. അമേരിക്കയിലെ കോർപറേറ്റുകൾക്ക് സന്തോഷം പകരുകയും ഒപ്പം കപട ദേശീയ ബോധം ജനങ്ങളിൽ ഉണർത്തി വിട്ട് രാഷ്ട്രീയ നേട്ടം കൈവരിക്കുകയും ചെയ്യുക എന്ന ദ്വിമുഖ തന്ത്രമാണ് ട്രംപിലെ കൗശലക്കാരനായ രാഷ്ട്രീയക്കാരൻ ഇവിടെ പയറ്റുന്നത്. ഫലത്തിൽ 1990കൾ മുതൽ മുതലാളിത്ത സാമ്പത്തിക ലോകം പയറ്റുന്ന തുറന്ന വിപണിയും ആഗോളവത്കരണവുമെന്ന വിനാശകരമായ സമീപനങ്ങളിൽ നിന്ന് വഴുതി മാറി സംരക്ഷിത സമ്പദ്ഘടന ( പ്രൊട്ടക്ഷനിസം ) എന്ന സങ്കുചിത ചിന്തയിലേക്ക് ലോകത്തെ നയിക്കുകയാണ് ട്രംപ് ചെയ്യുന്നത്.നൂതന സാങ്കേതിക വിദ്യകളും വിജ്ഞാനവും കൂടുതൽ വിശാലമാകുന്ന പുതിയ ലോകത്ത് വിനാശകരമായ ഒരു സാഹചര്യമാണ് ഇത്തരം പിന്തിരിപ്പൻ ആശയങ്ങൾ തുറന്നിടുന്നത്.
അമേരിക്കയുടെ അന്താരാഷ്ട്ര വ്യാപാരത്തെ സംബന്ധിച്ച് സമഗ്രമായ ഒരു വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് വിവിധ ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകിക്കൊണ്ടുള്ള ഉത്തരവിൽ ട്രംപ് സ്ഥാനമേറ്റ ഉടൻ ഒപ്പു വയ്ക്കുകയുണ്ടായി. അമേരിക്കയുടെ വ്യാപാരക്കമ്മിയുടെ സ്ഥിതി, അമേരിക്കൻ സമ്പദ്ഘടനയ്ക്ക് എതിരാകുന്ന ആഗോള വ്യാപാര നയങ്ങൾ, അമേരിക്കയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾ ഇടപാടുകൾ നടത്തുന്ന കറൻസികൾ തുടങ്ങിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സമഗ്ര റിപ്പോർട്ടാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രംപിന്റെ തുടർനീക്കങ്ങളിൽ നിർണായകമാകുന്ന ഒന്നായിരിക്കും ഈ റിപ്പോർട്ട്. വ്യാപാരക്കമ്മി കുറയ്ക്കുന്നതിനുള്ള പരിഹാര നിർദേശങ്ങളും ഇതിന്റെ ഭാഗമായി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ അമേരിക്ക കുറഞ്ഞ തീരുവ ചുമത്തുന്ന വിദേശ ഉത്പന്നങ്ങളുടെ സമഗ്ര വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര യുദ്ധം എപ്രകാരമാണ് പരിവർത്തനം ചെയ്യപ്പെടുക എന്നത് ഈ റിപ്പോർട്ടിലെ നിർദേശങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും എന്ന് കരുതാം.
കരുതലോടെ ചൈന
ഫെബ്രുവരി ഒന്നു മുതൽ ചൈനയ്ക്ക് മേൽ 10 ശതമാനം തീരുവ ചുമത്താനുള്ള പ്രഖ്യാപനം ഇതിനകം വന്നിട്ടുണ്ട്. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലേക്ക് ചൈന ഫെന്റാണിൽ എന്ന, നിയന്ത്രിതമായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന മരുന്ന് കയറ്റുമതി ചെയ്യുന്നു എന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. ഈ രാജ്യങ്ങളുടെ അതിർത്തി വഴി അത് അമേരിക്കൻ വിപണിയിലെത്തുന്നു. മയക്കുമരുന്നായി അമേരിക്കയിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നാണ് കണ്ടെത്തൽ. എന്നാൽ ട്രംപിന്റെ പുതിയ വ്യാപാര നീക്കങ്ങൾക്ക് ഇനിയും തീർച്ചയും മൂർച്ചയും ഉണ്ടായിട്ടില്ല. കാരണം, ചൈനക്കുമേൽ ഉയർന്ന തീരുവ ഏർപ്പെടുത്തുന്നത് സംബന്ധിച്ച അന്തിമ ഉത്തരവുകൾ യു എസ് ട്രേഡ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ചിട്ടില്ല. മാത്രവുമല്ല, വാഷിങ്ടണുമായി ചർച്ച ആഗ്രഹിക്കുന്നു എന്ന നിലപാടാണ് ചൈന അറിയിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ചൈനയുടെ പ്രതികരണവും ഏറെ ശ്രദ്ധേയമാണ്. വ്യാപാര യുദ്ധത്തിൽ അന്തിമ വിജയികളില്ല, എന്നാണ് ചൈനയുടെ വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞത്. കഴിഞ്ഞ വ്യാപാര യുദ്ധത്തിൽ ചൈന – അമേരിക്ക വ്യാപാരത്തിൽ ശരാശരി തീരുവയുടെ കാര്യത്തിൽ 17 ശതമാനം വർധന പ്രകടമായി. പിന്നീട് 2020 ലെ ‘ഫേസ് വൺ എഗ്രിമെന്റ് ‘ പ്രകാരം തീരുവ കുറച്ചുവെങ്കിലും യു എസ് – – ചൈനീസ് വ്യാപാരത്തെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നാണ് ഡബ്ല്യുടി ഒ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം ഇത്തരുണത്തിൽ ഏറെ പ്രസക്തവുമാണ്. ആഗോള ജി ഡി പിയിൽ നാമമാത്രമായ കുറവാണ് ഇത് വരുത്തിയതെങ്കിലും വ്യാപാര നയങ്ങളിൽ ഉണ്ടാകുന്ന അനിശ്ചിതത്വമാണ് ഏറ്റവും വലിയ പ്രതിസന്ധിയായി ഡബ്ള്യു ടി ഒ ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വ്യാപാര രംഗത്ത് അതേ അനിശ്ചിതത്വമാണ് രണ്ടാമൂഴത്തിലും ട്രംപ് സൃഷ്ടിക്കുന്നത്. രാജ്യാന്തര വ്യാപാരത്തിലെ നയങ്ങളിലും താരിഫുകളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന വ്യതിയാനം സാമ്പത്തിക ലോകത്ത് സൃഷ്ടിക്കുന്ന ആഘാതം ഗൗരവതരമാണ്. ഇതാണ് ട്രംപിന്റെ അരിയിട്ടുവാഴ്ചക്കൊപ്പം ഓഹരി വിപണികൾ തകരുന്നതിനും സ്വർണ്ണവില കുതിക്കുന്നതിനും കാരണമായത്.
ഏതായാലും ചൈന വളരെ കരുതലോടെയാണ് പ്രതികരിക്കുന്നതെന്ന് കാണാം. ചൈനക്കെതിരായ നീക്കങ്ങളുടെ ഭാഗമായി അമേരിക്ക, അവിടെ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ 60 ശതമാനമായി ഉയർത്തുമെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് അതിവൈകാരികമായി പറഞ്ഞുകൊണ്ടിരുന്നത്. അത്തരമൊരു നീക്കത്തിലേക്ക് പോവുക എന്നത് പ്രായോഗികമായി കടുപ്പമേറിയ ഒന്നാണെങ്കിലും ചൈനയുടെ പെർമനന്റ് നോർമൽ ട്രേഡ് റിലേഷൻസ് (പി എൻ ടി ആർ) എന്ന സ്റ്റാറ്റസ് (നേരത്തെ എം എഫ് എൻ സ്റ്റാറ്റസ്) പിൻവലിക്കുമോ എന്ന ആശങ്ക ശക്തമാണ്. എന്നാൽ ചൈനയുമായി കടുത്ത വ്യാപാര – തീരുവ യുദ്ധത്തിലേക്ക് പോവുക എന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു പരിധി വരെ ആത്മഹത്യാപരവുമാണ്. കാരണം, ചൈനീസ് നിർമ്മിത ഉത്പന്നങ്ങളെ ഒഴിവാക്കുന്നതും, അവയുടെ വില ഉയരുന്നതും അമേരിക്കയുടെ ആഭ്യന്തര ബിസിനസിനെ വളരെ പ്രതികൂലമായി ബാധിക്കും. വാൾമാർട്ട് ഉൾപ്പടെയുള്ള അമേരിക്കയിലെ പ്രമുഖ വിപണന കമ്പനികൾ വിൽക്കുന്ന സാധനങ്ങളുടെ നല്ലൊരു പങ്ക് ചൈനീസ് നിർമ്മിതമാണ്. ഡോജിന്റെ ( ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി DOGE) മന്ത്രിയായ എലോൺ മസ്കിനെ പോലുള്ള വമ്പൻ ബിസിനസുകാർക്കുപോലും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായിരിക്കില്ല ഈ നീക്കം. അതുകൊണ്ട് താനാണ് ലോകത്തെ നയിക്കുന്നത്, അമേരിക്കയാകും ആഗോള വ്യാപാരത്തെ നിർണ്ണയിക്കുക എന്നൊക്കെ സ്ഥാപിക്കുന്നതിനും അമേരിക്കയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കുന്നതായി വ്യഞ്ജിപ്പിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടം കൈവരിക്കുന്നതിനുള്ള ചില ഞുണുക്ക് വിദ്യകൾ കൂടിയാണ് വ്യാപാര രംഗത്തെ പ്രസിഡന്റ് ട്രംപിന്റെ പല നീക്കങ്ങളും.
റഷ്യ
റഷ്യയുടെ കാര്യത്തിൽ ഭീഷണിയുടെ സ്വരത്തിലാണ് ട്രംപിന്റെ പ്രതികരണം. നാറ്റോ സഖ്യവുമായി യോജിച്ച് പ്രവർത്തിക്കുന്ന യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കുന്നില്ലെങ്കിൽ കൂടുതൽ ഉപരോധവും ഉയർന്ന നികുതിയും ചുമത്തുമെന്നാണ് അദ്ദേഹം ഭീഷണിപ്പെടുത്തുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയുടെ വില്പനയ്ക്ക് കർശനമായ ഉപരോധം അമേരിക്ക ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ റഷ്യയോട് ചേർന്നുകിടക്കുന്ന, അവിടെനിന്നുള്ള പ്രകൃതി വാതകത്തെയും എണ്ണയെയും ആശ്രയിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. കൂടുതൽ കർക്കശമായ നിലപാടുകളിലേക്ക് അമേരിക്കൻ ഭരണകൂടത്തിന് പോകാൻ കഴിയാതിരുന്നത് നാറ്റോയിൽ അംഗങ്ങളായ ഈ രാജ്യങ്ങളുടെ സമ്മർദ്ദം മൂലമാണ്. പക്ഷേ തന്റെ ഭ്രാന്തൻ നിലപാടുകൾക്കും തീരുമാനങ്ങൾക്കും കേൾവികേട്ട ഒരു പ്രസിഡന്റ് ഇനി എന്തുചെയ്യും എന്നത് ആഗോള സമൂഹത്തിൽ ആശങ്കയും അനിശ്ചിതത്വവും പടർത്തുകയാണ്. ഒരാഴ്ചയിലേറെയായി ബ്രെന്റ് ക്രൂഡ് വില ബാരൽ ഒന്നിന് 78 ഡോളറിന് മുകളിലും ഡബ്ള്യു ടി ഐ ക്രൂഡ് വില 74 ഡോളറിന് മുകളിലും തുടരാനുള്ള പ്രധാന കാരണം ഈ അനിശ്ചിതത്വമാണ്. പ്രകൃതി വാതകത്തിന്റെ വിലയും രാജ്യാന്തര മാർക്കറ്റിൽ ഉയർന്നു നിൽക്കുകയാണ്. താൻ അമേരിക്കയുടെ മാത്രം പ്രസിഡന്റല്ല, ലോകത്തിന്റെ ഭരണം താൻ പറയുന്നതുപോലെയാണ് എന്ന ധാർഷ്ട്യം ട്രംപിന്റെ ഓരോ വാക്കിലും തീരുമാനത്തിലും ശരീരഭാഷയിലുമടക്കം പ്രകടമാണ്. പരസ്പര ബഹുമാനത്തോടെ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ അമേരിക്കയുമായി ചർച്ചയാകാമെന്നാണ് ഇക്കാര്യത്തിൽ മോസ്കോയുടെ പ്രതികരണം. ഒരു പരിധി വരെ തന്റെ അധികാരം നിലനിർത്താൻ പുടിൻ അമേരിക്കൻ തിട്ടൂരങ്ങൾക്ക് വഴങ്ങുമെന്ന സൂചനയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്നത്. ഇക്കാര്യത്തിൽ ട്രംപിന്റെ രാജ്യാന്തര മര്യാദകൾ ലംഘിച്ചുകൊണ്ടുള്ള പ്രതികരണം ശ്രദ്ധേയമാണ്. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുക വഴി റഷ്യക്കും അതിന്റെ പ്രസിഡന്റിനും ‘ഞാൻ ഒരു വലിയ ഔദാര്യമാണ് ചെയ്യുന്നത് ‘ എന്നായിരുന്നു ട്രംപ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ വീമ്പിളക്കിയത്. സോവിയറ്റ് യൂണിയന്റെ പതനം ലോകത്തെ എത്തിച്ചിരിക്കുന്ന ദുര്യോഗത്തിന്റെ വ്യാപ്തി ഇത്തരം വാക്കുകളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നതാണ്.
എത്രയും വേഗം എണ്ണ വില കുറയ്ക്കണമെന്നാണ് ഒപെക് രാജ്യങ്ങളോട് അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ വന്നാൽ റഷ്യ – – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ നിർബന്ധിതമാകുമെന്നാണ് അദ്ദേഹം പറയുന്നത്. യുക്രൈനുമേൽ റഷ്യ നടത്തുന്ന ആക്രമണങ്ങൾക്ക് പരോക്ഷമായി അദ്ദേഹം ഒപെക് രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നുമുണ്ട്. എണ്ണവില താഴ്ന്നാൽ പലിശ നിരക്ക് താഴ്ത്തുന്നതിന് അമേരിക്കൻ ഫെഡറൽ റിസർവിൽ സമ്മർദം ചെലുത്തും. അത് ആഗോളതലത്തിൽ പലിശനിരക്കുകൾ താഴുന്നതിന് വഴിതുറക്കുമെന്നും ട്രംപ് വാദിക്കുന്നു. ലോകത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ആധിപത്യം അമേരിക്കക്കാണെന്ന് തന്റെ ഓരോ വാക്കിലൂടെയും അരക്കിട്ടുറപ്പിക്കുന്നതിനാണ് ട്രംപ് ശ്രമിക്കുന്നത്.
ഇസ്രയേൽ ഒഴിച്ചുള്ള എല്ലാ രാജ്യങ്ങൾക്കുമുള്ള സാമ്പത്തിക സഹായം മൂന്നു മാസത്തേക്ക് മരവിപ്പിക്കുന്നതിനുള്ള നിർണ്ണായകമായ തീരുമാനവും വാഷിങ്ടൺ എടുത്തിട്ടുണ്ട്. ആഗോളതലത്തിൽ നിരവധി രാജ്യങ്ങളിലെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു നീക്കമാണിത്. പട്ടിണി രാജ്യങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് കണ്ണിൽ ചോരയില്ലാത്ത തരത്തിലുള്ളതെന്ന് വിവക്ഷിക്കാവുന്ന ഇത്തരം ആകസ്മിക തീരുമാനങ്ങൾ. ഇന്ത്യക്കും ഇത് കാര്യമായ ആഘാതം സൃഷ്ടിക്കുന്നതിന് ഇടയുണ്ട്.
രാജ്യാന്തര വ്യാപാര മേഖലയിൽ അമേരിക്കയുടെ ഭ്രാന്തൻ നിലപാടുകൾ സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് വിലയിരുത്തൽ ക്ഷിപ്രസാധ്യമായ ഒന്നല്ല. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ് അമേരിക്ക നടത്തുന്ന നീക്കങ്ങളിൽ ഒട്ടുമിക്കവയും. എന്നാൽ ഈ നീക്കങ്ങൾ പലതും പ്രായോഗികമായി ഉദ്ദേശിക്കുന്ന ലക്ഷ്യത്തിൽ എത്തിക്കുക എന്നത് ഇന്നത്തെ ലോകസാഹചര്യങ്ങളിൽ അത്ര എളുപ്പവുമല്ല. അത് അമേരിക്കയ്ക്കും ബോധ്യമുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തങ്ങളാണ് ലോകത്തിന്റെ തമ്പ്രാക്കന്മാർ, തങ്ങൾ പറയുന്നത് പോലെയേ ഇവിടെ കാര്യങ്ങൾ നടക്കൂ എന്ന് രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിനും അതുവഴി അവയെ ചൊൽപ്പടിക്ക് നിർത്തി സാമ്പത്തിക നേട്ടം കൊയ്യുന്നതിനുമുള്ള ഒരു നീക്കമായി കൂടി ഇതിനെ വിലയിരുത്താം. കാരണം, ചൈനക്കെതിരെയുള്ള നീക്കമടക്കം പലതും നടപ്പാക്കുക പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ ചൈനയുടെ മാനുഫാക്ചറിങ് രംഗത്തെ മികവിനെ വെല്ലുവാൻ ലോകത്തെ ഒരു രാജ്യത്തിനും കഴിയില്ല. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അത്രകണ്ട് ചൈനീസ് ഉത്പന്നങ്ങളെ ആശ്രയിക്കുന്നുണ്ട്.
ബീജേസ്, ഡോളർ ട്രീ, കോസ്‌കോ, പ്രൈസ് ചോപ്പർ മാർക്കറ്റ് 32 തുടങ്ങിയ അമേരിക്കയിലെ ചില്ലറ വില്പന ശൃംഖലകൾ വിൽക്കുന്ന ഉത്പന്നങ്ങളിൽ നല്ലൊരു പങ്ക് ചൈനയിൽ നിന്നുള്ള ഇറക്കുമതിയാണ്. വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ വാൾമാർട്ട് കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, സൈക്കിളുകൾ തുടങ്ങി ക്രിസ്മസ് സീസണിൽ വിൽക്കുന്ന ഹാലോവിയൻ ഉത്പന്നങ്ങൾ പോലും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. അതുകൊണ്ട് ചൈനയുമായി നിരന്തരം വ്യാപാര യുദ്ധത്തിൽ ഏർപ്പെട്ടു മുന്നോട്ട് പോകുക എന്നത് അമേരിക്കയ്ക്ക് എളുപ്പമുള്ള കാര്യമല്ല. കാരണം, മാനുഫാക്ചറിങ് മേഖലയിൽ നിലവിൽ അത്രക്ക് ഉത്പാദനക്ഷമത അമേരിക്കയ്ക്കില്ല എന്നതു തന്നെ. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തു വിൽക്കുന്ന ഏത് ഉല്പന്നവും അമേരിക്ക സ്വന്തമായി ഉത്പാദിപ്പിച്ചു വിൽക്കുന്നതായാൽ വില ഇരട്ടിയിലധികമായിരിക്കും. അതിന്റെ പ്രധാന കാരണം, ഉയർന്ന കൂലിച്ചെലവാണ്. ചെമ്മീനിന്റെ കാര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി കൂടാതെ അമേരിക്കയ്ക്ക് മുന്നോട്ടുപോവുക സാധ്യമല്ല. അതുപോലെ ലോകത്തെ പല രാജ്യങ്ങളെയും ആശ്രയിച്ചാണ് അമേരിക്കൻ മാർക്കറ്റുകൾ മുന്നോട്ടുപോകുന്നത്. ലോകത്ത് ഏറ്റവുമധികം സാധനങ്ങൾ ഇറക്കുമതി ചെയ്തു ഉപയോഗിക്കുന്ന രാജ്യവും മറ്റൊന്നല്ല. മാത്രവുമല്ല, ഇപ്പോൾ ട്രംപിന് ഓശാന പാടുന്ന കോർപറേറ്റുകൾക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് അമിത തീരുവ ചുമത്തുന്നതുവഴി വില ഗണ്യമായി ഉയരുന്നതായാൽ പിടിച്ചുനിൽക്കുക ബുദ്ധിമുട്ടാകും. സ്വാഭാവികമായും അവരുടെ എതിർപ്പ് നേരിടേണ്ടി വരും. മുതലാളിത്ത, കോർപറേറ്റ് ശക്തികൾ നയിക്കുന്ന അമേരിക്കയിൽ അവരെ പിണക്കി അധികകാലം മുന്നോട്ടുപോകാൻ ഒരു പ്രസിഡന്റിനും കഴിയില്ല. ഇത് ഡൊണാൾഡ് ട്രംപിനും നന്നായി അറിയാം. അതുകൊണ്ട് ട്രംപിന്റെ വ്യാപാര നീക്കങ്ങൾ ഏറെക്കുറെ പിപ്പിടി കാണിക്കൽ മാത്രമാണ്. ലോകം നിയന്ത്രിക്കുന്നത് അമേരിക്കയാണെന്ന് വരുത്തിത്തീർക്കാനുള്ള വളരെ വ്യക്തവും ആസൂത്രിതവുമായ നീക്കമാണിത്.
കാനഡ, മെക്സിക്കോ, ഗ്രീൻലാൻഡ് തുടങ്ങിയ രാജ്യങ്ങളെ അമേരിക്കയോട് ചേർക്കും, പനാമ കനാലിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് കീഴിലാക്കും, ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റും തുടങ്ങിയ സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങൾ വിളമ്പുന്നത് ഇതിന്റെ ഭാഗമായാണ്. ശരാശരി അമേരിക്കക്കാരെ അതിവൈകാരികമായി ഉണർത്തി രാഷ്ട്രീയ നേട്ടം കൈവരിക്കുക എന്നതാണ് ഇതിന്റെ പിന്നിൽ. സാമ്രാജ്യ വിപുലീകരണം എന്ന പുതിയ ആശയം അവതരിപ്പിക്കുക വഴി അതിതീവ്ര വലതുപക്ഷവാദി എന്ന ഘട്ടത്തിൽ നിന്നും കറതീർന്ന ഫാസിസ്റ്റായി ട്രംപ് പരിണമിച്ചിരിക്കുന്നു എന്നത് സുവ്യക്തമാവുകയാണ്. ഭൂഗോളത്തിനുമേൽ കടുത്ത ആശങ്കയുടെ കനത്ത മേലാപ്പ് അത് വിരിക്കുന്നു എന്നതാണ് മാനവികത നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നം. l
Subscribe to:
Post Comments (Atom)
No comments:
Post a Comment