ഇന്നത്തെ ദേശാഭിമാനിയിൽ
പ്രസിദ്ധീകരിച്ച ലേഖനം.
പൊതുജനാ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങളിൽ ഊന്നിയും, ശരിയായ രീതിയിൽ ആന്റിബയോട്ടികളും വാക്സിനുകളും ഉപയോഗപ്പെടുത്തിയും വികസിത രാജ്യങ്ങൾ സാംക്രമിക രോഗങ്ങൾ അവരുടെ മണ്ണിൽ നിന്നും ദശകങ്ങൾക്ക് മുമ്പേ തന്നെ തുടച്ച് നീക്കിയതാണ്. അതിനുശേഷം ഈ രാജ്യങ്ങളിൽ വെല്ലുവിളി ഉയർത്തിയിരുന്നത് ഹൃദ്രോഗവും അതുപോലുള്ള വാസ്കുലർ രോഗങ്ങളുമായിരുന്നു. മികച്ച പ്രതിരോധ ചികിത്സാ സംവിധാനങ്ങളിലൂടെ ആ വെല്ലുവിളികളെയും വലിയൊരു പരിധിവരെ തടയാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ അത്തരം രാജ്യങ്ങൾ ,പ്രത്യേകിച്ച് അമേരിക്ക പോലുള്ള മുതലാളിത്ത രാജ്യങ്ങൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ വെല്ലുവിളിയാണ് ക്യാൻസർ രോഗത്തിന്റെ വ്യാപനം. വികസിത മുതലാളിത്ത രാജ്യങ്ങളിലെ മൊത്തം മരണ നിരക്കിന്റെ 30% ഇപ്പോൾ ക്യാൻസർ രോഗം മൂലമാണ് എന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ ഇത് 10% ത്തിന് അടുത്താണ്. 2020ലെ കണക്കനുസരിച്ച് അമേരിക്കയിൽ ഏകദേശം 18 ലക്ഷം ആളുകളെ ക്യാൻസർ ബാധിച്ചു. ഏകദേശം ആറ് ലക്ഷം ആളുകൾ ആ രോഗം മൂലം മരണമടഞ്ഞു. ഇന്ന് അവിടെ ജീവിക്കുന്ന ഒരു പുരുഷൻ അർബുദ ബാധിതനാകാനുള്ള സാധ്യത 50 ശതമാനത്തിനടുത്തും സ്ത്രീകൾക്ക് അത് 33 ശതമാനതിന് അടുത്തുമാണ് .ഏകദേശം 40% അമേരിക്കൻ പൗരന്മാർക്കും തങ്ങളുടെ ജീവിതകാലയളവിൽ അർബുദ രോഗമുണ്ടാകാനുള്ള സാധ്യതയുണ്ട്.
എന്നാൽ വികസിത മുതലാളിത്ത സമൂഹമായ അമേരിക്ക രോഗങ്ങളുടെ ഈ മാറ്റത്തെ ഇതു വരെ കൈകാര്യം ചെയ്തതും ഇപ്പൊൾ ചെയ്യുന്നതുമായ രീതികൾ എപിഡമോളോജിക്കൽ പരിവർത്തനം നടക്കുന്ന മറ്റു രാജ്യങ്ങളിലും പ്രദേശങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പകർച്ച വ്യാധികളുടെ ഉന്മൂലനം പൊതുജനാരോഗ്യ താൽപര്യങ്ങൾക്ക് വേണ്ടിയും , ഹൃദ്രോഗപ്രതിരോധവും ചികൽസയും പൊതുജനാരോഗ്യ താൽപര്യങ്ങൾക്കൊപ്പം സാമ്പത്തിക ലാഭതിനു കൂടെ വേണ്ടിയും ആയിരുന്നെങ്കിൽ ഇന്ന് വികസിത മുതലാളിത്ത രാജ്യങ്ങൾ ക്യാൻസറിനെ നേരിടുന്നത് ലാഭം എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി മത്രമാകുന്നുണ്ട്. മുതലാളിത്തത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മൂലധന താല്പര്യങ്ങളുടെ പരിവർത്തനമാണ് മേൽപറഞ്ഞ രോഗനിയന്ത്രണ കാലത്തുണ്ടായ ഈ മാറ്റങ്ങൾക്ക് കാരണം.ഇപ്പോൾ ലാഭം, ഏതുവിധേനയും ലാഭം എന്ന ഒറ്റ മുദ്രാവാക്യത്തിലേക്ക് മുതലാളിത്തം എത്തിയിരിക്കുന്നു. അതിന് ഏറ്റവുമധികം ഇരയാകുന്നതും ക്യാൻസർ ബാധിതരാണ് എന്നതാണ് ഇന്നത്തെ അവസ്ഥ.
ചില പഠനങ്ങൾ പ്രകാരം 70% ക്യാൻസറുകളും ഒരു പരിധിവരെ തടയാൻ പറ്റുന്നവയാണ്. ഇന്നത്തെ ചികിത്സാരീതികൾ അനുസരിച്ച് 50% ക്യാൻസറുകൾ മാത്രമേ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുകയുള്ളൂ. 50% ആളുകൾ തങ്ങളുടെ രോഗത്തിന് കീഴ്പ്പെടുന്നു. മറ്റു രോഗങ്ങളുടെ പ്രതിരോധ/ ചികിത്സാ രീതികൾ മെച്ചപ്പെട്ടതുകൊണ്ടും ആയുർദൈർഘ്യം കൂടുന്നതു കൊണ്ടും അർബുദ സാധ്യത പ്രായം അനുസരിച്ച് വർദ്ധിക്കുന്നതു കൊണ്ടും ഇത്തരം രോഗങ്ങൾ കൂടുതൽ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്നു. ഈ രോഗത്തെ തോൽപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ പൊതു സമൂഹത്തിനും ഡോക്ടർമാർക്കുമുള്ളൂ. മറ്റു രോഗങ്ങളെ പൊതുവിൽ രോഗങ്ങളായി മാത്രം കണക്കാക്കുകയും ചികിത്സിക്കുകയും ചെയ്യുമ്പോൾ ക്യാൻസറിനെ പലപ്പോഴും ഒരു ശത്രുവായും ചികിത്സ ഒരു യുദ്ധമായും പോരാട്ടമായും കണക്കാക്കപ്പെടുന്നു പോരാട്ടം എപ്പോഴും ജയിക്കാൻ മാത്രമുള്ളതാണെന്നും അതിനായി ആവനാഴിയിലെ എല്ലാ ആയുധങ്ങളും അവ എത്ര പ്രഹര ശേഷി ഉള്ളതായാലും എത്ര വിലയേറിയതായാലും പ്രയോഗിക്കുക തന്നെ വേണമെന്ന ഒളിഞ്ഞിരിക്കുന്ന ഒരു വിവഷയും ഇതിലുണ്ട്. ഈ 'ശത്രു', 'പോരാട്ടം', 'യുദ്ധം' എന്നിങ്ങനെ മറ്റു രോഗങ്ങൾക്ക് ഒന്നുമില്ലാത്ത പ്രയോഗങ്ങൾ പലപ്പോഴും ഈ രോഗത്തിന്റെ ചികിത്സയിലെ സാമ്പത്തിക വശങ്ങൾ മറച്ചു വെക്കാൻ ഉപയോഗിക്കുന്ന പദങ്ങളായി മാറാറുണ്ട്.
ഇതിനൊരു ചരിത്ര പശ്ചാത്തലവുമുണ്ട് .1971 ലാണ് അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന റിച്ചാർഡ് നിക്സൺ ക്യാൻസറിന് എതിരെയുള്ള യുദ്ധപ്രഖ്യാപനം നടത്തിയത്. അമേരിക്കൻ പട്ടാളം വിയറ്റ്നാമിൽ പരാജയം നേരിട്ട് കൊണ്ടിരിക്കുമ്പോഴാണ് ഈ പ്രഖ്യാപനം എന്നതാണ് അതിലെ ചരിത്രപരമായ വിരോധാഭാസം. അമേരിക്കൻ ശാസ്ത്രലോകം ആറ്റത്തെ വിഘടിപ്പിച്ചു അണു പരീക്ഷണം നടത്തി വിജയം കാണുകയും മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച് ശാസ്ത്രത്തിന്റെ നേട്ടം പ്രഖ്യാപിക്കുകയും ചെയ്ത നാളുകളായിരുന്നു അത്. അതുകൊണ്ടു തന്നെ ക്യാൻസർ എന്ന ഈ ശത്രുവിനെയും അമേരിക്കയുടെ സാമ്പത്തിക ശാസ്ത്രീയ മികവുകൾ കൊണ്ട് കീഴ്പ്പെടുത്താം എന്ന മിഥ്യാധാരണയായിരുന്നു ആ പ്രഖ്യാപനത്തിന്റെ പിന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 54 വർഷത്തിനിപ്പുറവും ഈ ശത്രുവിനെ നമുക്ക് തോൽപ്പിക്കാനായിട്ടില്ലെന്നു മാത്രമല്ല ഈ രോഗം നമ്മെ കൂടുതൽ കാർന്നു തിന്നുകയാണ്. അതിനുശേഷമുള്ള ഓരോ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലും ക്യാൻസറിന് എതിരെയുള്ള യുദ്ധം ഒരു തിരഞ്ഞെടുപ്പ് വിഷയമായി മാറിയിട്ടുണ്ട്. അൽഗോർ വൈസ് പ്രസിഡണ്ട് ആയിരുന്ന കാലയളവിൽ ക്യാൻസർ ഗവേഷണത്തിനുള്ള ഫെഡറൽ ഫണ്ട് 65% വർദ്ധിപ്പിക്കുകയുണ്ടായി. "ചരിത്രത്തിൽ ആദ്യമായി ശത്രുവിനെ നമ്മൾ കവച്ചു വെച്ചു"എന്നാണ് അദ്ദേഹം പറഞ്ഞത്.2003ലെ അമേരിക്കൻ ബഡ്ജറ്റിൽ 629 ദശലക്ഷം ഡോളർ ക്യാൻസർ ഗവേഷണത്തിനായി മാറ്റിവെച്ചു കൊണ്ട് പ്രസിഡൻറ് ബുഷ് പ്രഖ്യാപിച്ചത് "ക്യാൻസറിന് എതിരെയുള്ള യുദ്ധം ജയിക്കാൻ കൂടുതൽ മൂലധനം മുടക്കേണ്ടി ഇരിക്കുന്നു" എന്നാണ് 2016ൽ ഒബാമയുടെ വൈസ് പ്രസിഡണ്ട് ആയിരുന്ന ജോബൈഡനെ തന്നെ സർക്കാരിന്റെ ക്യാൻസറിന് എതിരെയുള്ള യുദ്ധ പദ്ധതിയായ ക്യാൻസർ മൂൺ ഷോട്ടിന്റെ മേൽനോട്ടത്തിന് നിയമിച്ചിരുന്നു.പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലും ക്യാൻസർ എന്നത് വോട്ടുകൾ സമാഹരിക്കാനുള്ള ഒരു നല്ല രാഷ്ട്രീയ വിഷയമായി ഉയർന്നു വന്നു. ഈ രോഗത്തിന്റെ വിവിധങ്ങളായ ശാസ്ത്രീയവും സാമൂഹികമായ പശ്ചാത്തലങ്ങളെ മനസ്സിലാക്കാതെ 'തോൽപ്പിക്കുക' 'ജയിക്കുക' എന്ന വൈകാരികമായ തലത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചു.
എന്നാൽ ഗവേഷണത്തിനായുള്ള ഫെഡറൽ സഹായം ക്യാൻസറിന്റെ ചികിത്സയ്ക്കായുള്ള ഗവേഷണങ്ങളെ ധാരാളമായി സഹായിച്ചു. പക്ഷേ ഇത്തരം ഗവേഷണങ്ങളെയും അമേരിക്കൻ മുതലാളിത്തം തങ്ങളുടെ ലാഭത്തിലുള്ള മാർഗമായി മാറ്റുകയാണ് ഉണ്ടായത്.
ക്യാൻസറിനെതിരെയുള്ള ഗവേഷണങ്ങളെ രണ്ടായി തരം തിരിക്കാം. പബ്ലിക് റിസർച്ച് അഥവാ സർക്കാരിന്റെ ധനസഹായത്തോടു കൂടി നടത്തുന്ന ഗവേഷണങ്ങൾ. ഇത്തരം ഗവേഷണങ്ങൾ പലപ്പോഴും ബേസിക് ഗവേഷണങ്ങളാണ്. രോഗത്തിലേക്ക് നയിക്കുന്ന കാര്യങ്ങളെക്കുറിച്ചും ഏതൊക്കെ പാതകൾ (pathways) വഴിയാണ് രോഗം ഉണ്ടാകുന്നതെന്നും ഈ പാതകളിലെ ഏതൊക്കെ തന്മാത്രകളെയാണ് രോഗ ചികിത്സയ്ക്ക് ആയിട്ടുള്ള ലക്ഷ്യങ്ങളായി (targets) കാണേണ്ടത് എന്നതുമാണ് ഇത്തരം ഗവേഷണങ്ങളിൽ കൂടുതലായി നടക്കുന്നത്. ഇത്തരം ഗവേഷണ ഫലങ്ങളാണ് മരുന്നുകൾ കണ്ടുപിടിക്കാൻ ഏറ്റവും പ്രധാനപ്പെട്ടതും. എന്നാൽ മരുന്നുകൾ നിർമ്മിക്കാനുള്ള ലക്ഷ്യങ്ങളെ അഥവാ ടാർജറ്റുകളെ കണ്ടെത്തി കഴിഞ്ഞാൽ ആ ഗവേഷണ ഫലങ്ങളെ മരുന്ന് കമ്പനികൾ ഏറ്റെടുക്കുകയും പിന്നീടുള്ള പരീക്ഷണങ്ങളും ക്ലിനിക്കൽ ട്രയലുകളും പൂർണമായും പ്രൈവറ്റ് മൂലധനത്തിലൂടെയുമാണ്. ഇതിൽ സർക്കാരിന് യാതൊരു പങ്കുമില്ല. ഇവ പൂർണ്ണമായും ചെയ്യുന്നത് മൂലധന ശക്തികളാണ്. ഇതിനുള്ള ചിലവുകളെയാണ് ബഹുരാഷ്ട്ര കമ്പനികൾ ഗവേഷണത്തിനും വികസനത്തിനുമുള്ള തുകയായി കാണിക്കാറുള്ളത്. എന്നാൽ ഈ ആർ & ഡി (R&D) തുകയിൽ കൂടുതലും വിനിയോഗിക്കുന്നത് മരുന്നുകൾ വിപണിയിൽ വിറ്റഴിക്കുന്നതിനു വേണ്ടിയുള്ള മാർക്കറ്റിംഗ് പ്രവർത്തനങ്ങൾക്കാണ് എന്നതും വാസ്തവമാണ്. ഒരു പുതിയ മരുന്നിനു വേണ്ടിയുള്ള ആർ & ഡി ചെലവുകൾ ഏകദേശം 43 ദശലക്ഷം ഡോളർ എന്നു കണക്കാക്കുമ്പോൾ കമ്പനികൾ അവകാശപ്പെടുന്നത് ആ തുകയേക്കാൾ 18 മടങ്ങ് തുകയായ 802 ദശലക്ഷം ഡോളറാണ് എന്നാണ്. ഇവിടെയും മുതലാളിത്വത്തിന്റെ ലാഭകൊതിയാണ് നമുക്ക് കാണാവുന്നത്. അതുകൊണ്ടുതന്നെ അമേരിക്കൻ കമ്പോളത്തിൽ ഇത്തരം മരുന്നുകളുടെ വില വളരെയധികം കൂടുതലാണ്. അമേരിക്കൻ മാർക്കറ്റിലെ വിലയാണ് പുതിയ മരുന്നുകളുടെ ലോകത്തിലെ മറ്റു രാജ്യങ്ങളിലെ വിലയേയും നിശ്ചയിക്കുന്നത് .അമേരിക്കയിലെ മരുന്നുകളുടേയും മെഡിക്കൽ ഉപകരണങ്ങളുടെയും ലൈസൻസിംഗ് ഏജൻസിയായ എഫ്.ഡി. എ മരുന്നുകളെ അംഗീകരിക്കുന്നത് അവയുടെ ഫലപ്രാപ്തി മാത്രം നോക്കിയാണ്. വില എന്നത് ഒരു മാനദണ്ഡമേയല്ല. എന്തിനധികം അമേരിക്കയിൽ ഏറ്റവും അധികം ആളുകൾ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇൻഷുറൻസ് പദ്ധതിയായ മെഡികെയറിനു പോലും പുതിയ മരുന്നുകളുടെ വിലയിൽ യാതൊരു നിയന്ത്രണവുമില്ല.
ഇതുകൊണ്ടെല്ലാം അമേരിക്കൻ വിപണിയിൽ അർബുദ മരുന്നുകൾ വിലയേറിയവയായി മാറുന്നു. ഇത്തരം മരുന്നുകൾക്ക് പുതിയതായതിന്നാലും ഫലപ്രാപ്തി കൂടുതലായാതിന്നാലും രോഗം എങ്ങനെയും മാറണം എന്നതിനാലും ലോകമെങ്ങും ആവശ്യക്കാർ എറുകയും അവയുടെ ഉപയോഗം വർദ്ധിക്കുകയും ചെയ്യുന്നു. അമേരിക്കയിൽ നിന്നും വ്യത്യസ്തമായി യൂറോപ്പിൽ പലപ്പോഴും ആ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ മരുന്നിന്റെ വിലയോടൊപ്പം തന്നെ അവയുടെ മൂല്യവും (value) കൂടി കണക്കിലെടുത്താണ് തങ്ങളുടെ രാജ്യത്ത് അവ ലഭ്യമാക്കണമോയെന്ന് തീരുമാനം എടുക്കാറുള്ളൂ. എന്നാൽ ഇന്ത്യ പോലുള്ള ആരോഗ്യ മേഖലയുടെ നിയന്ത്രണത്തിൽ സർക്കാർ കാര്യമായ ഇടപെടലുകൾ നടത്താത്ത രാജ്യങ്ങളിൽ ഇത് പലപ്പോഴും ചൂഷണത്തിനും ആരോഗ്യ അസന്തുലിതാവസ്ഥയിലേക്കും നയിക്കുന്നു.
ഈ മേഖലയിലെ അമേരിക്കൻ കുത്തകവൽക്കരണത്തിനും അതുവഴി നിർലോഭമായ മൂലധന വർദ്ധനയ്ക്കുമുള്ള മറ്റൊരു മാർഗമാണ് ഇത്തരം കമ്പനികൾ ആസ്വദിക്കുന്ന ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെ പരിരക്ഷ. വേൾഡ് ട്രേഡ് ഓർഗനൈസേഷൻ നിയമങ്ങളിൽ TRIPS ഭേദഗതികൾ വഴിയായി അമേരിക്കൻ കോർപ്പറേറ്റുകൾ തങ്ങളുടെ പേറ്റന്റുകളെ ആഗോളവൽക്കരിച്ചു. ഇത്തരം പുതിയ മരുന്നുകളുടെ പേറ്റന്റ് കാലാവധി 10 മുതൽ 20 വർഷമാക്കി മാറ്റി. അതുകൊണ്ടുതന്നെ ഒരു പുതിയ ക്യാൻസർ മരുന്നിന് അതു കണ്ടുപിടിക്കപ്പെട്ട ശേഷം ഏകദേശം 10- 20 വർഷങ്ങൾക്കുശേഷമേ വിലക്കുറവ് ഉണ്ടാകാനുള്ള സാധ്യതകൾ ഉള്ളൂ. എന്നാൽ 2001ലെ ദോഹ ഉടമ്പടിയിൽ ഉണ്ടാക്കിയ ഭേദഗതികൾ പ്രകാരം അവശ്യ മരുന്നുകൾക്ക് വേണ്ടി പേറ്റന്റ് നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ പെടുന്ന 50% ക്യാൻസർ മരുന്നുകളുടേയും പേറ്റന്റ് കാലാവധി ഇപ്പോഴും തീർന്നിട്ടില്ല.
ഇത്തരം നിബന്ധനകളെ മാറ്റിമറിക്കാനായി അമേരിക്കൻ കമ്പനികൾ നടത്തുന്ന ഗൂഢനീക്കങ്ങളും അറിയേണ്ടത് തന്നെയാണ്. ചില പേറ്റന്റുകളെ എന്നേക്കുമായി നിലനിർത്താനുള്ള എവർഗ്രീനിങ് അഥവാ നിത്യഹരിതവൽക്കരണം അതിനൊരു ഉദാഹരണമാണ്. ചില ക്യാൻസർ മരുന്നുകളുടെ ഘടനയിൽ വളരെ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കി അവയെ പുതിയ മരുന്നുകളായി അവതരിപ്പിച്ച് അവയുടെ പേറ്റന്റ് കാലാവധി ദീർഘിപ്പിക്കുക എന്നതാണ് നിത്യ ഹരിതവത്കരണം. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സി. എം. എൽ എന്ന രക്താർബുദത്തിന്റെ ചികിത്സയെ മാറ്റിമറിച്ച ഗ്ലിവെക് എന്ന മരുന്നിന്റെ കഥ. 1993 ലാണ് നോവർട്ടിസ് എന്ന കമ്പനി അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ലാഭകരമായ ഈ മരുന്ന് വിപണിയിൽ ലഭ്യമാക്കിയത്. 1997 മുതൽ ഇന്ത്യൻ കമ്പനികൾ ഈ മരുന്നിന്റെ ജനറിക് പതിപ്പുകൾ വിപണിയിൽ ഇറക്കി. 2004ൽ അമേരിക്കയിൽ ഈ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ഒരു വർഷത്തിലേക്ക് ഏകദേശം 55000 ഡോളർ ചിലവാകുമ്പോൾ ഈ മരുന്നിന്റെ ജനറിക്ക് പതിപ്പുകൾ ഉപയോഗിച്ച് ഇന്ത്യയിലെ ചികിത്സയ്ക്ക് ഏകദേശം 4320 ഡോളറേ ആകുമായിരുന്നുള്ളൂ ചികിത്സാ ചിലവ്. 2001ൽ നോവർട്ടിസ് കമ്പനി ഈ മരുന്നിന് ചില മാറ്റങ്ങൾ വരുത്തി നിത്യഹരിത പേറ്റന്റ് ആയി മാറ്റുവാൻ ശ്രമിച്ചു. അങ്ങനെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ ഇന്ത്യൻ കമ്പനികൾ ലംഘിച്ചു എന്ന് കാട്ടി ഈ കമ്പനി ഇന്ത്യൻ കോടതികളെ സമീപിച്ചു. കേസ് തോറ്റെങ്കിലും മറ്റു പല രാജ്യങ്ങളുടെ ദേശീയ ആരോഗ്യ സംവിധാനങ്ങളും നിയമക്കുരുക്കുകൾ പേടിച്ച് വിലകുറഞ്ഞ ഇന്ത്യൻ ജനറിക്കുകൾ മേടിക്കുന്നത് നിർത്തി. അങ്ങനെ ഈ രാജ്യങ്ങളിലെ ജനങ്ങൾക്ക് സി. എം. എൽ പോലുള്ള മാരകമായ രക്താർബുദങ്ങൾക്ക് ചിലവ് കുറഞ്ഞ ചികിത്സ തേടുവാനുള്ള അവസരം നിഷേധിക്കുകയാണ് ഉണ്ടായത്.
അമേരിക്കൻ ഹെമറ്റോളജി സൊസൈറ്റിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ബ്ലഡിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നൂറോളം ക്യാൻസർ ചികിത്സകർ ഗ്ലിവെക് എന്ന മരുന്നിന്റെ അമിത വിലയ്ക്കെതിരയും എങ്ങനെയാണ് നോവർട്ടിസ് കമ്പനിയുടെ ലാഭകൊതി തങ്ങളുടെ രോഗികളെ പ്രതികൂലമായി ബാധിക്കുന്നത് എന്നതിനെക്കുറിച്ചും ജനറിക് മരുന്നുകൾ ലഭ്യമാക്കാൻ വേണ്ട പുതിയ നിയമങ്ങളെ കുറിച്ചും എങ്ങനെയാണ് ബൗദ്ധിക സ്വത്തവകാശ നിയമം മരുന്ന് കമ്പനികൾക്ക് ലാഭം മാത്രമുണ്ടാക്കാനുള്ള മാർഗമായി തീർന്നതും എന്നതിനെക്കുറിച്ചും ജേർണലിൽ കത്തെഴുതിയിരുന്നു.
ഇത്തരം കമ്പനികളുടെ മറ്റൊരു തന്ത്രമാണ് മരുന്നുകളിൽ ചില മാറ്റങ്ങൾ വരുത്തി അവയുടെ ഫലപ്രാപ്തി കൂടുതലായും തിക്തഫലങ്ങൾ കുറവായും കാണിക്കുക അങ്ങനെ അവയുടെ വില കൂട്ടി തങ്ങളുടെ ലാഭം വർദ്ധിപ്പിക്കുക. ഉദാഹരണത്തിന് പാക്ലീടാക്സൽ എന്ന മരുന്നിൽ മാറ്റങ്ങൾ വരുത്തി അബ്രാക്സേൻ എന്ന മരുന്ന് ഉണ്ടാക്കി. ഇവ രണ്ടു മരുന്നുകൾ ഉപയോഗിച്ച് ഒരേ ക്യാൻസർ ചികിത്സ നടത്തിയാൽ അബ്രാക്സേൻ ഉപയോഗിക്കുന്ന രോഗി കേവലം നാലു മാസം കൂടി ജീവിക്കുന്നതായി കണ്ടെത്തി.
എന്നാൽ പുതിയ മരുന്നിന് പഴയ മരുന്നിനെ അപേക്ഷിച്ച് ഓരോ ഡോസിനും മൂന്നിരട്ടി വിലയാണ് ഉള്ളത്. അങ്ങനെയും തങ്ങളുടെ ലാഭം വർദ്ധിപ്പിക്കുന്നു.
മരുന്നുകളിൽ മാത്രമല്ല ക്യാൻസർ ചികിത്സയുടെ മറ്റു മേഖലകളിലും ഇത്തരം ചൂഷണത്തിന്റെ ഉദാഹരണങ്ങൾ കാണാൻ സാധിക്കും. മിറിയാഡ് ജനറ്റിക്സ് എന്ന കമ്പനി നടത്തിയ ഇടപെടലുകൾ പേറ്റന്റ് നിയമങ്ങൾ എങ്ങനെ ഈ ചികിത്സകളെ സ്വാധീനിക്കും എന്നതിന്റെ മറ്റൊരു തെളിവാണ്. സ്ത്രീകളിൽ ഗർഭാശയമുഖ, മാറിട ക്യാൻസറുകൾ ഉണ്ടാക്കുന്ന ജനിതിക മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബി. ആർ. സി. എ1, ബി. ആർ. സി. എ2 എന്നി ജീനുകളിൽ ഉണ്ടാവുന്ന മ്യുട്ടേഷനുകൾ. ഈ കമ്പനി ഇവ കണ്ടെത്തുവാനയുള്ള ടെസ്റ്റുകൾ കണ്ടുപിടിക്കുകയും അവയ്ക്ക് പേറ്റന്റുകൾക്ക് അപേക്ഷിക്കുകയും ചെയ്തു. ഏകദേശം 3000 ഡോളർ ആയിരുന്നു ഓരോ ടെസ്റ്റിനും ഈ കമ്പനി തുകയായി മേടിച്ചിരുന്നത്. പേറ്റന്റ് സംരക്ഷണം ഉള്ളതുകൊണ്ട് മറ്റ് കമ്പനികൾക്ക് ചെലവ് കുറഞ്ഞ ടെസ്റ്റുകൾ വികസിപ്പിക്കാൻ ഈ നിയമം തടസ്സമാകുമെന്ന് കരുതിയ അമേരിക്കൻ പൗരാവകാശ യൂണിയനും മറ്റു സംഘടനകളും ഇതിനെ സംബന്ധിച്ച് കോടതിയെ സമീപിക്കുകയുണ്ടായി. ബി. ആർ. സി. എ 1 പോലുള്ള ജീനുകൾ പ്രകൃതിദത്തമാണെന്നും അതു കൊണ്ടു തന്നെ അവക്ക് പേറ്റന്റ് നിയമങ്ങൾ ബാധകമാകില്ല എന്നു 2013 ൽ അമേരിക്കൻ സുപ്രീംകോടതി നിരീക്ഷിച്ചെങ്കിലും കമ്പനികൾ ഉണ്ടാക്കുന്ന ജീൻ ഘടകങ്ങൾ മനുഷ്യ കണ്ടുപിടുത്തമാണെന്നും പേറ്റന്റ് നിയമങ്ങൾ ബാധകമാണെന്നും വിധി പ്രഖ്യാപിച്ചു. ഈ വിധി വഴി പേറ്റന്റ് നിയമങ്ങളുടെ പരിരക്ഷ സ്വന്തമാക്കി പലർക്കും അപ്രാപ്യമായ വിലയേറിയ പല ബയോളജിക്കൽ ട്രീറ്റ്മെൻറ്കൾ വിപണിയിൽ ലഭ്യമായി. നഷ്ടം സംഭവിച്ചത് ലോകത്തിൽ ഗർഭാശയമുഖ, മാറിട അർബുദ്ധങ്ങൾ നേരിടുന്ന അനേകലക്ഷം സ്ത്രീകൾക്കും.
ക്യാൻസർ ചികിത്സാരംഗം ലാഭകരമാണ് എന്ന് മനസ്സിലാക്കി ഈ മേഖലയുമായി പുലബന്ധം പോലുമില്ലാത്ത കുത്തകകളും ഈ മേഖലകളിൽ നിക്ഷേപവുമായി കടന്നുവരുന്ന കാഴ്ചകളാണ് അമേരിക്കയിൽ ഇപ്പോൾ കാണുന്നത്. ഉദാഹരണത്തിന് ക്യാൻസറുകൾക്ക് കാരണമായ ട്യൂമർ ഡിഎൻഎ പദാർത്ഥങ്ങൾ രക്തത്തിൽ കണ്ടെത്തുവാനായി ഗവേഷണം നടത്തുന്ന ഗ്രേയിൽ (GRAIL)എന്ന കമ്പനിയിൽ ആമസോൺ ഏകദേശം 900 ദശലക്ഷം ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്.ഗൂഗിൾ വെങ്ൻചേർസ് ഫ്ലാട്രോൻ ഹെൽത്ത് എന്ന് ആരോഗ്യ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തുകയും ആ തുക ഉപയോഗിച്ച് ആൾട്ടോ സൊല്യൂഷൻസ് എന്ന ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ് കമ്പനിയെ സ്വന്തമാക്കുകയും ചെയ്തിരിക്കുകയാണ്.ഇതുവഴി ലക്ഷക്കണക്കിന് ക്യാൻസർ രോഗികളുടെ വിവരങ്ങളാണ് ഈ കോർപ്പറേറ്റ് ഭീമന് ലഭിക്കാൻ പോകുന്നത്.
ഇങ്ങനെ ഒരു വശത്ത് വിലകൂടിയ മരുന്നുകളുടെ ഗവേഷണവും പരീക്ഷണവും നടക്കുമ്പോൾ അവഗണിക്കപ്പെടുന്നത് ചിലവ് കുറഞ്ഞ മരുന്നുകൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും ഗവേഷണങ്ങളുമാണ്. അതുപോലെ ഇപ്പോൾ മറ്റൊരു രോഗങ്ങൾക്ക് ഉപയോഗിക്കുകയും എന്നാൽ ക്യാൻസർ ചികിത്സകൾക്ക് ഉപയോഗിക്കാമെന്ന് കരുതുകയും ചെയ്യുന്ന മരുന്നുകളുടെ (repurposed medicines) ഗവേഷണത്തിനും പരീക്ഷണത്തിനും താല്പര്യമില്ലായ്മയും പ്രകടമാണ്. ക്യാൻസർ ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തിക്ത ഫലമാണ് കീമോതെറാപ്പിയുടെ ഭാഗമായിട്ടുള്ള ശർദ്ദി. അപ്രേപിറ്റാറ്റ് എന്ന വിലകൂടിയ മരുന്ന് ഇതിനായി ഉപയോഗിക്കുന്നു. എന്നാൽ അർബുദമല്ലാത്ത മറ്റു ചില രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഓലൻസാപ്പിൻ എന്ന വിലകുറഞ്ഞ മരുന്ന് ഇതിനായി ഉപയോഗിക്കാം എന്ന് തെളിയിക്കപ്പെട്ടതാണ്. വില കുറവായത് കൊണ്ട് തന്നെ ഇത്തരം ഗവേഷണങ്ങൾക്ക് കമ്പനികൾക്ക് താല്പര്യമില്ല.
അതുപോലെ തന്നെ അവഗണിക്കപ്പെടുന്ന മറ്റൊരു മേഖലയാണ് പ്രതിരോധ പ്രവർത്തനങ്ങൾ. ഇന്ന് ലോകത്തിൽ ചില ക്യാൻസറുകൾ വരുതിയിലായിട്ടുണ്ടെങ്കിൽ ഈ മേഖലയിൽ നടത്തിയ ഇടപെടലുകൾ പ്രധാന കാരണങ്ങൾ ആണ്. ഉദാഹരണങ്ങൾ ധാരാളമാണ്. പുകയിലയുടെ ഉപയോഗം കുറച്ചത്, മലിനീകരണം കുറയ്ക്കുന്ന നടപടികൾ, ലഹരിയുടെ ഉപയോഗത്തിലെ നിയന്ത്രണം, ആസ്ബെസ്റ്റോസ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള വ്യവസായങ്ങൾക്ക് ഏർപ്പെടുത്തിയ നിയമപരമായ വിലക്ക് എന്നിവ അവയിൽ ചിലത് മാത്രമാണ്. എന്നാൽ വിലയേറിയ മരുന്നുകൾ വിറ്റ് ലാഭം ഉണ്ടാക്കുന്നതു പോലെ ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾ ഒട്ടും ലാഭകരമല്ല. അതുകൊണ്ടു തന്നെ വിപണിക്ക് അതിൽ താല്പര്യവുമില്ല.
മുതലാളിത്തം എപ്പോഴും ഉപയോഗിക്കുന്ന പ്രയോഗമാണ് കിനിഞ്ഞിറങ്ങൽ പ്രതിഭാസം (trickle down phenomenon) എന്നാൽ ഇത്തരം പ്രതിഭാസങ്ങൾ ഒരു ദിവാസ്വപ്നമാണ് എന്ന് മനസ്സിലാക്കുകയും മുതലാളിത്വത്തിന്റെ എന്തുമാകാം എന്ന സമീപനത്തോട് സമരം ചെയ്കയും എന്നതാണ് ഈ രോഗം വ്യാപകമായി കൊണ്ടിരിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കും പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനം സ്വീകരിക്കേണ്ടത്. അല്ലാത്ത പക്ഷം ഈ രോഗവും അതിന്റെ ചികിത്സയും നമ്മുടെ സാമ്പത്തിക ആരോഗ്യ അടിത്തറ തകർക്കുന്നതാണ്. അതു കൊണ്ടു തന്നെ ക്യാൻസർ പ്രതിരോധത്തിനായുള്ള ഓരോ ഇടപെടലുകളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. അത് ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്.
No comments:
Post a Comment