©റെനി ആന്റണി
ലഹരിയുടെ വ്യാപനവും ഇന്റർനെറ്റിന്റെ അമിത ഉപയോഗവും കാരണം കുട്ടികളിലെ കുറ്റകൃത്യങ്ങൾ ആഗോളതലത്തിൽ തന്നെ കൂടി വരികയാണ്. സമൂഹം വളരെ ജാഗ്രതയോടെയും കരുതലോടെയും അഭിസംബോധന ചെയ്യേണ്ട കാതലായ പ്രശ്‌നമാണിത്. ഓരോ സംഭവങ്ങളും വാർത്താമഴയായും കൊടുങ്കാറ്റായും അതിശയോക്തിയോടെ അവതരിപ്പിക്കുക, 'അധ്യാപകർക്ക് ചൂരൽ വടി തിരിച്ചു കൊടുക്കൂ' തുടങ്ങിയ കേവലം ഉപരിപ്ലവവും വികാരപരവുമായ പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട്. കുട്ടികളുടെ മനോനിലയിൽ വന്നു കൊണ്ടിരിക്കുന്ന നിഷേധാത്മകമായ മാറ്റങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയും പ്രായോഗികുമായ പരിഹാര മാർഗങ്ങൾ കണ്ടെത്തുക എന്നതാണ് വർത്തമാന കാലത്തെ പരമപ്രധാനമായ സാമൂഹ്യ ഉത്തരവാദിത്വം
ഈയടുത്ത കാലത്ത് പുറത്തിറങ്ങിയ ഒരു പഠന റിപ്പോർട്ട് പരിശോധിക്കുന്നത് ഉചിതമായിരിക്കും. അമേരിക്കയിലെയും ഇന്ത്യയിലെയും പതിനായിരത്തിലധികം വിദ്യാർഥികളെ ( 13-17 വയസ്സ്) ഉൾപ്പെടുത്തി നടത്തിയ ഈ പഠനത്തിൽ കുട്ടികളുടെ മാനസിക നിലയും സ്മാർട്ട് ഫോണുകളും തമ്മിലുള്ള ബന്ധമാണ് അന്വേഷിച്ചിട്ടുള്ളത്. (The Youth Mind Rising Aggression and Anger by Sapien Lab, January, 2025). ഈ റിപ്പോർട്ടിലെ വളരെ പ്രധാനപ്പെട്ട നിരീക്ഷണങ്ങളിൽ ഒന്ന് സ്മാർട്ട് ഫോണുകൾ വന്നതിനു ശേഷം സമൂഹത്തിൽ, പ്രത്യേകിച്ച് കുട്ടികളുടെ മാനസിക നിലയിൽ വലിയ മാറ്റങ്ങൾ വന്നു എന്നാണ്. 18- 24, 25-34 എന്നീ പ്രായ ഗ്രൂപ്പിൽ ഉള്ളവരുമായി താരതമ്യ പഠനം നടത്തിയപ്പോൾ 13- 17 വയസ്സുള്ള കൗമാരക്കാർ വളരെ മോശമായ മാനസിക ആരോഗ്യ നില (health & well being) യിലാണെന്ന് ഈ റിപ്പോർട്ട് കാണിക്കുന്നു. ചെറിയ പ്രായത്തിൽ സ്മാർട്ട് ഫോൺ നൽകുന്നത് അവരുടെ മാനസിക ആരോഗ്യത്തിൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുവെന്നും കൗമാരക്കാരും യുവാക്കളും മുൻ തലമുറകളെ അപേക്ഷിച്ച് കൂടുതൽ അക്രമാസക്തർ ആയിരിക്കുന്നുവെന്നും ഈ പഠന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.
2008 മുതലാണ് സ്മാർട്ട് ഫോണുകൾ ലഭ്യമായി തുടങ്ങിയത്. ജനിച്ചപ്പോൾ മുതൽ സ്മാർട്ട് ഫോണുകളുമായി ഗാഢ ബന്ധത്തിലായ കുട്ടികളാണ് കേരളത്തിലെ ഹയർ സെക്കൻഡറി വരെ പഠിച്ചു വരുന്നത്. ഇന്നത്തെ കുട്ടികളുടെ സാമൂഹ്യ വീക്ഷണം, അഭിരുചികൾ, മൂല്യബോധം, മാനസികാരോഗ്യം, മനോവ്യാപാരങ്ങൾ തുടങ്ങിയവയെ കുറിച്ച് അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടത്ര ധാരണ ഉണ്ടായിട്ടില്ല. പുതിയ തലമുറയെ പഴിക്കുകയല്ലാതെ നമ്മുടെ കുട്ടികൾ എന്താണ് ഇങ്ങനെയൊക്കെ ആകുന്നത് എന്ന് ബഹു ഭൂരിപക്ഷവും ചിന്തിക്കുന്നില്ല. ചെറു പ്രായത്തിലെ തുടങ്ങുന്ന സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗം കുട്ടികളുടെ മാനസിക, ശാരീരിക വികാസത്തെ ബാധിക്കുമെന്ന പഠന റിപ്പോർട്ടുകളെല്ലാം നിസ്സാരമായി അവഗണിക്കുകയാണ്. കുട്ടികൾക്കൊപ്പം സമയം ചെലവിടാനോ അവരെ കേൾക്കാനോ സമയമില്ലാത്ത രക്ഷിതാക്കൾ സമ്മാനമായി നൽകുന്നതോ മൊബൈൽ ഫോണുകളും എതിരാളിയെ ആക്രമിച്ച് വീഴ്ത്തിയും കൊലപ്പെടുത്തിയും വിജയം ആഘോഷിക്കുന്ന വീഡിയോ ഗെയിമുകളുടെ സ്വാധീനത്തിലാണ് അവർ വളരുന്നത്. യാദൃശ്ചികമായി അശ്ളീല സൈറ്റുകളിലേക്കും ക്രൈം വീഡിയോകളിലേക്കും എത്തുന്ന കുട്ടികളിൽ ഇത്തരം കാഴുകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളിൽ സ്മാർട്ട് ഫോണുകൾ ഉണ്ടാക്കുന്ന വിപത്തുകളെ തിരിച്ചറിഞ്ഞ് സ്ത്രീൻ ടൈം നിയന്ത്രണം ഉൾപ്പെടെയുള്ള നടപടികൾ ലോകത്താകെ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അവർക്കു വേണ്ടി കുറച്ചു സമയം നീക്കിവയ്ക്കാൻ അച്ഛനമ്മമാരും വീട്ടിലുള്ളവരും തയ്യാറായാൽ മൊബൈൽ ഫോണിനോടുള്ള കുട്ടികളുടെ അമിത താൽപ്പര്യം കുറച്ചു കൊണ്ടു വരാൻ കഴിയും ഫോൺ പിടിച്ചുവാങ്ങി, ഇനിയെടുക്കാനേ പാടില്ല എന്നു വിലക്കിയാൽ തീരുന്ന കേവലം അഡിക്ഷനല്ലിത്. കുട്ടികൾ ഫോൺ ഉപയോഗിക്കുന്ന സമയം കുറച്ചു കൊണ്ടു വരികയും അച്ഛനമ്മമാർ കുട്ടികൾക്കു വേണ്ടി കുറച്ചു സമയം നീക്കിവയ്ക്കാൻ തയ്യാറാകുകയും ചെയ്യുന്നത് ഗുണകരമായ മാറ്റമുണ്ടാക്കും. അധ്യാപകരുടെ ഉത്തരവാദിത്വങ്ങളും വർധിച്ചു വരികയാണ്. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ അതിവൈകാരികമായ പ്രതികരണങ്ങൾ അധ്യാപകരെയും അലോസരപ്പെടുത്തുന്നുണ്ട് എന്നതും യാഥാർഥ്യമാണ്. കുട്ടികളെ തിരുത്താനും ചേർത്തു നിർത്താനും പലരും ശ്രമിക്കുന്നില്ല. കുട്ടികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഗുരുതരമായ അനാരോഗ്യ പ്രവണതകൾ തിരുത്തുകയും ശരിയുടെ പാത കാട്ടിക്കൊടുക്കുകയും ചെയ്യുന്നതിൽ അധ്യാപകരെ ശാക്തീകരിക്കുവാൻ രക്ഷിതാക്കളും മുന്നോട്ട് വരേണ്ടതുണ്ട്.
കുട്ടികളെ ശാസിക്കാം, തെറ്റു തിരുത്താം. പക്ഷേ, ഈ തിരുത്തൽ പ്രക്രിയയുടെ രീതിശാസ്ത്രമാണ് ഉടച്ചു വാർക്കേണ്ടത്. സ്മാർട്ട് ഫോണുകളുടെ കടന്നുവരവിനു ശേഷം കുട്ടികളുടെ മാനസിക ആരോഗ്യ നിലയിലുണ്ടായ മാറ്റങ്ങൾ അധ്യാപകരും രക്ഷിതാക്കളും തിരിച്ചറിഞ്ഞ മതിയാകൂ. മാനവരാശി ഇതേ വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത രീതിയിലുള്ള ഒരു 'ജയിച്ചേ തീരൂ' വികാരം പുതിയ തലമുറയിൽ പടരുന്നുണ്ട്. വിപണി സർവവും നിയന്ത്രിക്കുകയും നിശ്ചയിക്കുകയും ചെയ്യുന്ന കാലത്ത് കുട്ടികൾ ഏറെ അസ്വസ്ഥരാണ്. ഓൺലൈൻ വിപണിയുടെ പ്രലോഭനങ്ങളിൽ കൂടിയാണ് അവർ വളരുന്നത്. പരസ്യമായ ശാസനകളും അധിക്ഷേപങ്ങളും ക്ലാസിനു പുറത്താക്കലും ഗുണം ചെയ്യില്ലെന്നു മാത്രമല്ല, കുറെക്കൂടി അത്തരം നിഷേധാത്മക പ്രവണതകൾ വർധിക്കുകയേ ഉള്ളൂ എന്ന് തിരിച്ചറിയുകയും ജനിയെങ്കിലും Spare the road and spoil the child എന്ന കാലങ്ങളായി ഉറഞ്ഞു പോയ വികലമായ അച്ചടക്ക ബോധ്യത്തിൽ നിന്ന് അധ്യാപകരും രക്ഷിതാക്കളും പുറത്തു അച്ചടക്കബോധ്യത്തിൽ നിന്ന് അധ്യാപകളും രക്ഷിതാക്കളും പുറത്തു വരേണ്ട സമയം ആയിരിക്കുന്നു. നമുക്ക് കുട്ടികളെയാണ് മനസ്സിലാകാത്തത് .അവർ നമ്മളെ വേഗത്തിൽ തിരിച്ചറിയുന്നുണ്ട്.
(മുൻ ബാലാവകാശ കമീഷൻ അംഗവും സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ കോ-ഓർഡിനേറ്ററുമാണ് ലേഖകൻ)
https://www.deshabhimani.com/epaper/newspaper/kottayam/2025-03-19?page=6&type=fullview
No comments:
Post a Comment