Sunday, August 21, 2022

ഗവർണർ സമാന്തര ഭരണം വേണ്ട, കേന്ദ്ര താൽപര്യം അടിച്ചേൽപ്പിക്കരുത്; സർവകലാശാല തലപ്പത്തും എന്തിന്?'

to

ഇന്ത്യയെന്ന ഫെഡറൽ സംവിധാനത്തിൽ ഗവർണർ പദവികൾ പലപ്പോഴും വിവാദമാകാറുണ്ട്. പ്രത്യേകിച്ച് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതു രണ്ടു കക്ഷികൾ ആവുമ്പോൾ. കേരളവും ഇതിന് അപവാദമല്ല. കെ.എം.ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ബന്ധം തുടക്കം മുതലേ സുഗമമല്ല. സർവകലാശാലകളുടെ ചാൻസലർ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ നിലപാടുകളും സമ്മർദത്തിലാക്കുന്നത് സംസ്ഥാന സർക്കാരിനെയും അതിന്റെ രാഷട്രീയ നേതൃത്വത്തെയുമാണ്. ഗവർണറുടെ അധികാരങ്ങൾ കുറയ്ക്കുക, ചാൻസലർ പദവി എടുത്തു മാറ്റുക തുടങ്ങിയ ചർച്ചകളും സജീവമായിട്ടുണ്ട്. ഗവർണർ പദവി തന്നെ ആവശ്യമില്ലെന്ന വാദത്തിന് വീണ്ടും ശക്തി കൂടിയിരിക്കുന്നു. ‘‘സംസ്ഥാന സർക്കാരുകൾക്കും ഗവർണർമാർക്കുമിടയ്ക്ക് കൃത്യമായ ഒരു ലക്ഷ്മണരേഖയുണ്ട്. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ ഗവർണർ ഭരണഘടനാ തലവനാണ്. ഭരണത്തലവനല്ല. ഇതാണ് ആ അതിർത്തി രേഖ’’– ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ശുപാർശയ്ക്കു വിധേയനായിട്ടാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. മന്ത്രിസഭ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഗവർണറുടെ ഉത്തരവാദിത്തം. സർക്കാരിന്റെ നടപടികളിൽ അപാകതയുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയോട് ചൂണ്ടിക്കാട്ടാനും അദ്ദേഹത്തിന് അവകാശമുണ്ട്. എന്നാൽ സ്വന്തം സർക്കാരിനെതിരെ മാധ്യമ വിമർശനം നടത്തുന്നത് ആശാസ്യമല്ല. നിയമസഭ പാസാക്കേണ്ട നിയമങ്ങൾ ഓർഡിനൻസുകളിലൂടെ ആവർത്തിക്കുമ്പോൾ അതു തടയുന്ന ഗവർണറുടെ നടപടിയെ തെറ്റുപറയാനുമാകില്ല. സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണർക്കു നൽകുന്ന കാര്യത്തിലും പുനരാലോചന വേണം–പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിൽ ഉടലെടുത്ത ശീതസമരത്തിന്റെ പശ്ചാത്തലത്തെയും അതുയർത്തുന്ന നിയമപ്രശ്നങ്ങളെയും കുറിച്ച് അദ്ദേഹം മനോരമ ഓൺലൈൻ അഭിമുഖ പരമ്പരയായ ‘ദി ഇൻസൈഡറി’നോട് സംവദിക്കുന്നു. 


അധികാരത്തിന്റെ ലക്ഷ്മണരേഖകൾ


ഒരു സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായിട്ടാണ് (Constitutional head) ഗവർണറെ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന് ഒരുവിധത്തിലുമുള്ള ഭരണ നിർവഹണാധികാരവും (Executive powers) ഇല്ല. അതു നിക്ഷിപ്തമായിരിക്കുന്നത് സംസ്ഥാന സർക്കാരിലാണ്. അതായത് മന്ത്രിസഭയിലാണ്. മന്ത്രിസഭ പറയുന്നതിനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഭരണ കാര്യങ്ങളിൽ മന്ത്രിസഭാ തീരുമാനങ്ങളിൽ ഒപ്പിടാനുള്ള അധികാരം മാത്രമാണ് ഗവർണർക്കുള്ളത്. വിയോജിപ്പുള്ള ഘട്ടങ്ങളിൽ തീരുമാനം പുനഃപരിശോധിക്കാൻ ഗവർണർക്ക് ആവശ്യപ്പെടാം. എന്നാൽ സർക്കാർ ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ ഗവർണർക്കു മുന്നിൽ മറ്റു വഴികളുണ്ടാവില്ല. അതിൽ ഒപ്പുവച്ചേ മതിയാവൂ. ഇങ്ങനെയാണ് ഭരണഘടന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും അധികാരം മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്കാണ്. എങ്കിലും ചില കാര്യങ്ങൾ ശരിയല്ലെന്നു പറയാനും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാനും ഗവർണർക്ക് അധികാരമുണ്ട്. അതിനപ്പുറത്ത് ഗവർണർക്കു പോകാനാകില്ല. ഇങ്ങനെയാണ് അധികാരത്തിന്റെ ലക്ഷ്മണ രേഖ ഭരണഘടനതന്നെ വരച്ചിരിക്കുന്നത്. പല നിർണായക വിധിന്യായങ്ങളും സുപ്രീംകോടതി ഇക്കാര്യത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചാബിലെ സബോർഡിനേറ്റ് ജഡ്ജ് ആയിരുന്ന ഷംസേർസിങ്ങിനെ സംസ്ഥാന സർക്കാർ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട 1974 ലെ കേസു മുതൽ 2016 ലെ നബാം റാബിയ കേസു വരെയുള്ള പ്രധാനപ്പെട്ട വിധിന്യായങ്ങളിലൊക്കെ സുപ്രീംകോടതി തറപ്പിച്ചും ഉറപ്പിച്ചും വ്യക്തമാക്കിയിട്ടുള്ളത്, സംസ്ഥാനത്തിന്റെ ഭരണ നിർവഹണ അധികാരങ്ങളൊന്നും ഗവർണർക്കില്ലെന്നും അതു നിക്ഷിപ്തമായിരിക്കുന്നത് സംസ്ഥാന സർക്കാരിലാണെന്നുമാണ്. മന്ത്രിസഭ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ ഗവർണർ ബാധ്യസ്ഥനാണെന്നാണ് ഇതു വ്യക്തമാക്കുന്നത്.

ഫെഡറൽ സംവിധാനത്തിലെ പാലമാണ്, കേന്ദ്രത്തിന്റെ ദൂതനല്ല

കേന്ദ്ര സർക്കാരാണ് ഗവർണറെ നിയമിക്കുന്നത്. അദ്ദേഹം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കിടയിലെ പാലമാണ്. അദ്ദേഹത്തിന്റെ ഉത്തരവാദിത്തം ഭരണഘടനയ്ക്കനുസരിച്ച് സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയാണ്. അദ്ദേഹത്തിന് ഭരിക്കാനുള്ള അവകാശമില്ല. കേന്ദ്രത്തിന്റെ പ്രതിനിധിയെന്ന നിലയിൽ കേന്ദ്ര സർക്കാരിന്റെ താൽപര്യങ്ങൾ അടിച്ചേൽപിക്കാനും സംരക്ഷിക്കാനുമുള്ളതല്ല ഗവർണർ പദവി. ഇവിടെ നിലനിൽക്കുന്നത് ഒരു ഫെഡറൽ സംവിധാനമാണ്. ഓരോ സംസ്ഥാന സർക്കാരുകൾക്കും വ്യത്യസ്തമായ നയങ്ങളും സമീപനങ്ങളുമുണ്ടാകും. അതിനോട് ഗവർണർക്കു വിയോജിക്കാനും തെറ്റു ചൂണ്ടിക്കാട്ടാനും അധികാരമുണ്ട്. ഒരു സംസ്ഥാന സർക്കാർ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് ബോധ്യപ്പെട്ടാൽ അത് അംഗീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥനുമല്ല. ഇത്തരം ഘട്ടത്തിൽ എങ്ങനെയാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് ഭരണഘടന പറയുന്നില്ല. ഇക്കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടായപ്പോഴൊക്കെ സുപ്രീംകോടതി ചില വിധി ന്യായങ്ങളിലൂടെ വ്യക്തത വരുത്തിക്കൊടുത്തിട്ടുണ്ട്. അതു പിന്തുടരാനുള്ള ഉത്തരവാദിത്തം ഗവർണർമാർ കാണിക്കുക തന്നെ വേണം.

നമ്മുടെ ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര സർക്കാരിന് വിപുലമായ അധികാരങ്ങളുണ്ട്. ഭരണഘടനയിലെ 355ാം വകുപ്പിൽ അതു വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ ഭരണഘടനയ്ക്കനുസൃതമായിട്ടാണു പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ട്. അതിനാണ് ഒരു പ്രതിനിധിയെ കേന്ദ്ര സർക്കർക്കാർ ഗവർണറായി സംസ്ഥാനങ്ങളിൽ നിയമിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പാലമായി ഗവർണർമാർ പ്രവർത്തിക്കുമ്പോഴാണ് ഫെഡറൽ സംവിധാനം ആരോഗ്യകരമാകുന്നത്.

മാധ്യമങ്ങളെ കാണുമ്പോൾ നിലമറക്കരുത്

ഭരണഘടനയനുസരിച്ച് സംസ്ഥാന സർക്കാരെന്നു പറയുന്നത് ഗവർണറുടെ തന്നെ സർക്കാരാണ്. എന്റെ ഗവൺമെന്റെന്നാണ് അദ്ദേഹം പറയുന്നതു തന്നെ. ആ സർക്കാർ എന്തെങ്കിലും തെറ്റു ചെയ്താൽ ആവരെ തിരുത്താൻ ഭരണഘടന പ്രകാരമുള്ള അധികാരം അദ്ദേഹത്തിനുണ്ട്. അത് മാധ്യമങ്ങളിലൂടെ ചെയ്യുന്നത് ആശാസ്യമായ ഒരു പ്രവണതയല്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിയിൽനിന്നു വ്യത്യസ്തമായ പാർട്ടികളാണ് പല സംസ്ഥാനങ്ങളിലുമുള്ളത്. അവിടെയൊക്കെ ഗവർണർമാരായി നിയമിക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയോട് ആഭിമുഖ്യം പുലർത്തുന്നവരെയോ അതിന്റെ ഭാഗമായിരുന്നവരെയോ ആണ്. എന്നാൽ അവരാരും എല്ലാ ദിവസവും മാധ്യമങ്ങളെ വിളിച്ചു കൂട്ടി സംസാരിക്കാറില്ല. എന്നാൽ കേരളത്തിലെ ഗവർണറുടെ ഭാഗത്തുനിന്ന് ദൗർഭാഗ്യവശാൽ അങ്ങനെ ഒരു നീക്കം ഉണ്ടാകുന്നുണ്ട്. അദ്ദേഹം കാറിൽ നിന്നിറങ്ങിയാൽ നേരെ പോകുന്നത് മാധ്യമങ്ങളുടെ അടുത്തേക്കാണ്. അവരോട് അദ്ദേഹം പലപ്പോഴും സംസാരിക്കുന്നത് സ്വന്തം സർക്കാരിനെതിരെയാണ്.

നമ്മുടെ സംവിധാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഉത്തരവാദിത്തം മന്ത്രിസഭയ്ക്കാണ്. മന്ത്രിസഭയ്ക്കു ജനങ്ങളോടാണ് ഉത്തരവാദിത്തം. അവരെ തിരഞ്ഞെടുത്തിരിക്കുന്നത് ജനങ്ങളാണെന്നതാണ് അതിന്റെ കാരണം. എന്നാൽ ഗവർണർ അത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒരാളല്ല, അദ്ദേഹത്തെ കേന്ദ്ര സർക്കാർ നിയോഗിക്കുകയാണ്. അതുകൊണ്ടുതന്നെ സംസ്ഥാന സർക്കാരിന്റെ ഒരു തീരുമാനത്തിലും അദ്ദേഹത്തിന് വ്യക്തിപരമായ ഉത്തരവാദിത്തം സൂക്ഷിക്കേണ്ട കാര്യമില്ല. ജനങ്ങളോട് മറുപടി പറയാൻ ബാധ്യതയില്ലാത്ത ഗവർണർ മാധ്യമങ്ങളോടു പ്രതികരിക്കുന്നത് ശരിയല്ല. അത്തരത്തിൽ ഒരു സമാന്തര സർക്കാർ പ്രവർത്തിപ്പിക്കാൻ അധികാരമില്ല. എന്നാൽ ഇക്കാര്യത്തിൽ ഭരണഘടനാപരമായോ നിയമപരമായോ തടസ്സങ്ങളൊന്നുമില്ല.

നിയമസഭ പാസാക്കിയ ബിൽ ഒപ്പിടില്ലെന്നു പറയുക, നിയമസഭ വിളിച്ചു കൂട്ടാൻ അനുവദിക്കാതിരിക്കുക, സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങൾ അംഗീകരിക്കാതിരിക്കുക എന്നിവയെല്ലാം പരസ്യമായി ഒരു ഗവർണർ പറഞ്ഞു നടക്കുമ്പോൾ അവിടെ ഒരു ഭരണഘടനാ പ്രതിസന്ധി സ്വാഭാവികമായി ഉടലെടുക്കും. ഭരണസ്തംഭനത്തിന്റെ സാഹചര്യമുണ്ടാകും. അവിടെയാണ് ഭരണഘടനയുടെ 355ാം വകുപ്പ് പ്രായോഗികമാവുന്നത്. അതനുസരിച്ച് സംസ്ഥാന ഭരണം സുഗമമായി മുന്നോട്ടു പോകണം. അതിനു ഗവർണർ തടസ്സം നിൽക്കുകയാണെങ്കിൽ അദ്ദേഹത്തെ അതിൽനിന്നു പിന്തിരിപ്പിക്കുന്നതിനും ശാസിക്കുന്നതിനോ തിരിച്ചു വിളിക്കാനോ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. അദ്ദേഹത്തിന് കർശനമായ നിർദേശം നൽകേണ്ട ഉത്തരവാദിത്തമാണ് ഇത്തരം ഘട്ടത്തിൽ കേന്ദ്ര സർക്കാരിനുള്ളത്. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സർക്കാരുകൾക്ക് കോടതിയെ സമീപിക്കാനും അവകാശമുണ്ട്.

ഓർഡിനൻസ് രാജ് നിയമ വാഴ്ച ക്ക് നേരെയുള്ള വെല്ലുവിളി

ഓർഡിനൻസുകൾ അടിയന്തരഘട്ടത്തിൽ മാത്രം പ്രയോഗിക്കേണ്ട ഒന്നാണ്. ഒരു ഓർഡിനൻസിന്റെ അയുസ്സ് ആറാഴ്ചയാണ്. സാധാരണ കേന്ദ്ര സർക്കാർ, പാർലമെന്റ് സമ്മേളിക്കാത്ത ഘട്ടത്തിൽ ഒരു ഓർഡിനൻസ് കൊണ്ടു വന്നാൽ തൊട്ടടുത്തു കൂടുന്ന പാർലമെന്റിൽ അതു ബില്ലായി കൊണ്ടുവന്നു പാസാക്കുന്നതാണു പതിവ്. അതോടെ അതു നിയമമാകുന്നു. എന്നാൽ പല സംസ്ഥാനങ്ങളിലും ഓർഡിനൻസുകൾ ഇറക്കി നിയമം നടപ്പിലാക്കുന്ന തെറ്റായ രീതി നിലനിൽക്കുന്നു.

ഒരു ഓർഡിനൻസ് തന്നെ നാലും അഞ്ചും തവണ പുതുക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രവണത ഇപ്പോൾ കണ്ടു വരുന്നുണ്ട്. ആശാസ്യമായ ഒരു നടപടിയല്ല ഇത്. ഓർഡിനൻസ് യഥാർഥത്തിൽ ഒരു ‘ഉദ്യോഗസ്ഥ രാജിന്റെ’ വിളംബരമാണ്. കാരണം ഉദ്യോഗസ്ഥരാണ് അതു തയാറാക്കുന്നത്. യഥാർഥത്തിൽ നിയമനിർമാണമെന്ന നിയമസഭയുടെ അധികാരം കവർന്നെടുക്കലാണ് അത്. ഓർഡിനൻസിനെ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്ത സംസ്ഥാനം ബിഹാറാണ്. അവിടെ 15 തവണയാണ് ഒരേ ഓർഡിനൻസ് ഇറക്കിയത്.

2017ൽ അതിനെതിരെ സുപ്രീംകോടതിയുടെ വിധിന്യായമുണ്ട്. ഏഴംഗ ബെഞ്ചാണ് അതിൽ വിധി പറഞ്ഞത്. ഒരേ ഓർഡിനൻസ് രണ്ടു തവണ ഇറക്കാൻ പാടില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. അത് നിയമത്തെ കബളിപ്പിക്കലാണെന്നും കോടതി കണ്ടെത്തി. അതായത് ഒരു ഓർഡിനൻസ് രണ്ടുതവണ ഇറക്കുകയാണെങ്കിൽ അതിനു നിയമസാധുത ഇല്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിധിന്യായം പല സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്താറില്ല.

ഒരേ ഓർഡിനൻസ് തന്നെ രണ്ടാം തവണ ഇറക്കാൻ ശ്രമിക്കുമ്പോൾ ചീഫ് സെക്രട്ടറിയോ നിയമ സെക്രട്ടറിയോ സുപ്രീംകോടതിയുടെ ഈ വിധിന്യായം ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ അവർ അതുമായി മുന്നോട്ടു പോകുമെന്നു തോന്നുന്നില്ല. ഇപ്പോൾ ഉദ്യോഗസ്ഥന്മാർ ഓർഡിനൻസ് ഉണ്ടാക്കി നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്താതെ നടപ്പിലാക്കുകയാണ്. അതിൽ എന്തൊക്കെ തെറ്റുകുറ്റങ്ങളുണ്ടെങ്കിലും ജനം സഹിച്ചോളണമെന്നാണ് അവരുടെ നിലപാട്. വളരെ അത്യാവശ്യഘട്ടത്തിൽ ഓർഡിനൻസ് ഇറക്കുകയാണെങ്കിൽ തൊട്ടടുത്ത നിയമസഭാ സമ്മേളനത്തിൽ അത് നിയമമാക്കുന്നതിന് എന്തു തടസ്സമാണുള്ളത്. ഇക്കാര്യമായിരിക്കാം ഗവർണർ ഉന്നയിക്കാൻ ശ്രമിക്കുന്നത്.

സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കുണ്ട്. അത് ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്തം ഗവർണർക്കുമുണ്ട്. എന്നാൽ അത് ഗവർണറിലേക്ക് എത്തുന്നതിനു മുൻപ് തടയേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കാണ്. അവർ അതിൽ കുറ്റകരമായ വീഴ്ചയാണു വരുത്തിക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ പ്രധാനപ്പെട്ട ഒരു വിധിന്യായം രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താതിരിക്കുന്നതിന് ഒരു നീതീകരണവുമില്ല.

നിയമങ്ങൾ പാസാക്കുന്നത് ദോശ ചുടുന്നതിനെക്കാൾ ലാഘവത്തോടെ !

ഓർഡിനൻസ് രാജിനെ വിമർശിക്കുമ്പോൾ നിയമങ്ങൾ പാസാക്കുന്നതിലെ അപാകതകൾ കൂടി കാണാതിരിക്കാനാകില്ല. ബില്ലുകളിന്മേലുള്ള വകുപ്പു തിരിച്ചുള്ള ചർച്ചകളിൽ പ്രതിപക്ഷത്തുനിന്ന് എത്ര ആരോഗ്യകരമായ ഭേദഗതി വന്നാലും അത് അംഗീകരിക്കാൻ ഭരണപക്ഷം തയാറാകില്ല. പാർലമെന്റിലും നിയമസഭകളിലും ഇതാണു സ്ഥിതി. വകുപ്പ് തിരിച്ചുള്ള ചർച്ചകൾക്കു മുൻപ് ഭേദഗതികൾ അവതരിപ്പിക്കാൻ പ്രതിപക്ഷത്തിനും അതു പരിശോധിക്കാൻ സർക്കാരിനും ആവശ്യമായ സമയം കിട്ടണം. എന്നാൽ പലപ്പോഴും അതു സംഭവിക്കാറില്ല.

പല ബില്ലുകളും അവതരിപ്പിച്ച് നിമിഷങ്ങൾക്കുള്ളിൽ പാസാക്കിയെടുക്കുന്നതു കണ്ടിട്ടുണ്ട്. ദോശ വേകുന്നതിനുള്ള സമയം പോലും ബില്ലുകൾ പാസാക്കാൻ ആവശ്യമില്ലാത്ത സ്ഥിതിയാണ്. ഈ ബില്ലുകളാണ് ജനങ്ങളെ ബാധിക്കുന്ന നിയമങ്ങളായി മാറുന്നതെന്നതാണ് ഖേദകരം. പാർലമെന്റിലെയും നിയമസഭകളിലെയും അംഗങ്ങളുടെ ചുമതല നിയമനിർമാണമാണ്. അല്ലാതെ നിയമം അംഗീകരിക്കലല്ല. ഗവർണറുടെ നടപടികളും ഓർഡിനൻസുകളുമൊക്കെ ചർച്ച ചെയ്യുന്നതിനിടയിൽ നിയമ നിർമാണത്തിലെ ഈ ഗുരുതരമായ വീഴ്ചകൾക്കു നേരെ കണ്ണടയ്ക്കരുത്.

സർവ്വകലാശാലകളിൽ ഗവർണർക്ക് എന്ത് കാര്യം ?

സർവകലാശാലകളുടെ തലവൻ ചാൻസലറാണ്. എല്ലാ അധികാരവും നിക്ഷിപ്തമായിരിക്കുന്നത് ചാൻസലറിലാണ്. സർവകലാശാലകൾ അക്കാദമിക കേന്ദ്രങ്ങളാണ്. അതിന്റെ തലപ്പത്ത് ഗവർണർമാരെ കൊണ്ടുവരുന്നതിൽ ഒരു വിധത്തിലുമുള്ള യുക്തിയുമില്ല. ഗവർണർമാരിൽ ഭൂരിഭാഗവും രാഷ്ട്രീയ പാർട്ടി പ്രതിനിധികളാണ്. അവർക്ക് അക്കാദമിക രംഗത്ത് എന്തു സംഭാവനയാണു നൽകാനുള്ളത്? കേരളത്തിലെ എല്ലാ സർവകലാശാലകളിലും ഗവർണറെയാണ് ചാൻസലറാക്കി വച്ചിരിക്കുന്നത്. സാധാരണ വൈസ് ചാൻസലർമാരാണ് സർവകലാശാലകളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നത്. അതിൽ ചാൻസലറോ ഭരണ നേതൃത്വമോ ഇടപെടാറില്ല. എന്നാൽ കേരളത്തിൽ ചാൻസലർ എന്ന നിലയിൽ ഗവർണർ ഇടപെടാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുണ്ടായിത്തുടങ്ങിയത്.

സർവകലാശാലകളിൽ ചാൻസലർമാർ വേണം. പക്ഷേ അവരെ നിയമിക്കുന്നതിന്റെ മാനദണ്ഡം അക്കാദമിക മികവാകാണം. ചാൻസലറെ തിരഞ്ഞെടുക്കുന്നതിന് ഒരു മാനദണ്ഡമുണ്ടാക്കുന്നതു ബുദ്ധിമുട്ടുള്ള കാര്യമല്ല. സംസ്ഥാന നിയമസഭ പാസാക്കിയ നിയമം അനുസരിച്ചാണ് സർവകലാശാലകൾ പ്രവർത്തിക്കുന്നത്. അതിൽ സർക്കാരുകളുടെ സ്വാധീനം വളരെ വലുതാണ്. അതിന്റെ ഭരണ സമിതിയിലെ എക്സ് ഓഫിഷ്യോ അംഗങ്ങൾ പലരും സർക്കാർ ഉദ്യോഗസ്ഥരാണ്. ഇവിടെ ഗവർണർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അതുകൊണ്ടുതന്നെ സർവകലാശാല നിയമങ്ങൾ കാലാനുസൃതമായി പൊളിച്ചെഴുതണം.

https://www.manoramaonline.com/news/latest-news/2022/08/21/former-secretary-general-of-the-lok-sabha-pdt-achary-responds-on-governor-govt-tussle-in-kerala.html

No comments:

Post a Comment