കോളനി വിമുക്ത ഇന്ത്യൻ ഭരണകൂടത്തിനു മുന്നിൽ പ്രധാനമായും രണ്ട് വെല്ലുവിളിയാണ് ഉണ്ടായിരുന്നത്. ഒന്നാമത് സ്വാശ്രയവികസന തന്ത്രത്തിന് സാമ്രാജ്യത്വ മൂലധനത്തിന്റെ സർവാധിപത്യത്തെ മറികടക്കേണ്ടതുണ്ടായിരുന്നു. രണ്ടാമത് കാർഷിക ജനസാമാന്യത്തെ സ്വതന്ത്രമാക്കി കാർഷികോൽപ്പാദനം വർധിപ്പിച്ച് ആഭ്യന്തരവിപണി അടിസ്ഥാനമാക്കിയുള്ള ദ്രുതവ്യവസായവൽക്കരണത്തിന് ഭൂപ്രഭുത്വത്തെയും തകർക്കണമായിരുന്നു. ഇതു രണ്ടും പരസ്‌പര പൂരകമാണുതാനും. കാർഷികോൽപ്പാദനം വർധിച്ചില്ലെങ്കിൽ മൊത്തവളർച്ച ഞെരുക്കപ്പെടുകയും അത് സാമൂഹ്യ വൈരുധ്യങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. എന്നാൽ, ഭൂപ്രഭുത്വത്തിനെതിരായ നടപടികൾ പരിമിതപ്പെട്ടു. പരോക്ഷ ഭൂപ്രഭുക്കന്മാർ ഒഴിവാക്കപ്പെട്ടെങ്കിലും ബാക്കിയുള്ളവർ കാർഷിക മുതലാളിമാരായി. ഭൂപ്രഭുക്കന്മാരിൽ നിന്നെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം പാട്ടക്കാരുടെ ഉന്നതശ്രേണിയിലുള്ളവർക്ക് കൈമാറപ്പെട്ടു. ഭൂകേന്ദ്രീകരണത്തിന്റെ അനുപാതമെടുത്താൽ ഭൂമിയുടെ ഉടമസ്ഥാവകാശം 15 ശതമാനം ഭൂവുടമകളിൽ തുടർന്നു. എന്നാൽ, ഈ 15 ശതമാനത്തിന്റെ ഘടന മാറി. അങ്ങനെ മുതലാളിത്ത കൃഷിസമ്പ്രദായത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കപ്പെട്ടു. അതേസമയം, ജലസേചനം, മികച്ച കാർഷികരീതികൾ, വിപുലീകരണ പദ്ധതികൾ എന്നിവയ്ക്കായി സർക്കാർ മുതൽമുടക്കും സജീവമായി.
സാമ്രാജ്യത്വ മൂലധനത്തിന്റെ ആധിപത്യത്തെ മറികടന്ന് ആഭ്യന്തര സമ്പദ്‌വ്യവസ്ഥ സംരക്ഷിക്കാൻ പ്രധാനമായും ചില മാർഗങ്ങളാണ് സ്വീകരിച്ചത്. കാർഷികോൽപ്പന്നങ്ങളുടെ വ്യാപാരത്തിന് നിയന്ത്രണം കൊണ്ടുവന്നു. (വ്യവസായ ഗ്രൂപ്പുകളെ കർഷകരുമായി നേരിട്ട് ബന്ധപ്പെടുന്നതിൽനിന്ന് തടഞ്ഞു). അതിർത്തി കടന്നുള്ള മൂലധന ഒഴുക്ക് നിയന്ത്രിച്ചു. ധനമേഖലയിൽ ദേശസാൽക്കരണം കൊണ്ടുവന്നു. (ബാങ്കിങ് മേഖലയിലെ സാർവത്രികമായ ദേശസാൽക്കരണം പിന്നീടാണ് ഉണ്ടായതെങ്കിലും). പൊതുമേഖലയെ ഒരു സംരക്ഷണക്കോട്ടയായി വളർത്തി. സമ്പദ്‌വ്യവസ്ഥയിൽ സർക്കാരിന് നിയന്ത്രണമുള്ള ഈ കാലം കോളോണിയൽ കാലത്തെ മാന്ദ്യത്തിൽനിന്നുള്ള വലിയ മാറ്റമായി അനുഭവപ്പെട്ടു. മൊത്ത ആഭ്യന്തര ഉൽപ്പാദനവും കാർഷികോൽപ്പാദനവും വർധിച്ചു. ജനങ്ങളുടെ ആളോഹരി ഭക്ഷ്യധാന്യലഭ്യത കൂടി. ’47ൽ ധാന്യലഭ്യത വർഷം 138.7 കിലോ ആയിരുന്നത് എൺപതിലെത്തുമ്പോൾ 180 കിലോയായി
എന്നാൽ, ഈ മാറ്റങ്ങളൊന്നും ജനങ്ങളെ തൃപ്‌തരാക്കിയില്ല. 73–-74ലെ പോഷകാടിസ്ഥാനത്തിലുള്ള ദാരിദ്ര്യവർധന വല്ലാത്ത തിരിച്ചടിയായി.രാജ്യത്തെ 56 ശതമാനം ഗ്രാമീണ ജനതയ്‌ക്കും 60 ശതമാനം നഗരവാസികൾക്കും ദിവസം 2100 കലോറി കിട്ടിയിരുന്നില്ല. തൊഴിലവസരം വർഷം രണ്ടു ശതമാനം മാത്രമാണ് വർധിച്ചത്. ജനസംഖ്യാ വർധനയുമായി തട്ടിച്ചു നോക്കുമ്പോൾ ഇത് തുലോം തുച്ഛമായിരുന്നു. ഈ തൊഴിലില്ലായ്‌മ ചെറുപ്പക്കാരെ വല്ലാതെ ഒറ്റപ്പെടുത്തി. സ്വാശ്രയ മുതലാളിത്ത പദ്ധതിയെ പ്രോത്സാഹിപ്പിച്ച വൻകിട മുതലാളിമാരും സാമ്പത്തിക വളർച്ച നിരക്ക് നിലനിർത്താൻ കഴിയാത്തതിൽ അസ്വസ്ഥരായി.
No comments:
Post a Comment