Saturday, August 13, 2022

ഇന്ത്യയെന്നാൽ ഇന്ദിര,ഇന്ദിരയെന്നാൽ ഇന്ത്യ...എസ്.സുധീപ് എഴുത്ത്

ഇന്ത്യയെന്നാൽ ഇന്ദിര,
ഇന്ദിരയെന്നാൽ ഇന്ത്യ...

ജർമ്മനിയെന്നാൽ ഹിറ്റ്ലർ, ഹിറ്റ്ലറെന്നാൽ ജർമ്മനി എന്നത് നാസി മുദ്രാവാക്യമായിരുന്നു.

അതിന്റെ തുടർച്ചയായിരുന്നു ഡി കെ ബറുവ കൊണ്ടുവന്ന ഇന്ദിരയെന്നാൽ ഇന്ത്യ എന്ന മുദ്രാവാക്യം.

അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന സമയത്തും ശേഷവും കോൺഗ്രസ് പ്രസിഡന്റായിരുന്നു ദേവ് കാന്ത് ബറുവ.

ഇന്ദിരയും ഫിറോസും തമ്മിലുള്ള വഴക്കുകളിലെ മദ്ധ്യസ്ഥൻ.

സഞ്ജയിന് ബറുവയെ ഇഷ്ടമായിരുന്നില്ല.

ഇന്ദിരയെ അയോഗ്യയാക്കുന്ന 1975-ലെ അലഹബാദ് ഹൈക്കോടതി വിധി വന്ന സമയം.

അപ്പീൽ വിധി വരും വരെ താൻ പ്രധാനമന്ത്രിയാകാമെന്നും ഇന്ദിര കോൺഗ്രസ് അദ്ധ്യക്ഷ ആവട്ടെയെന്നും ബറുവ നിർദ്ദേശിച്ചു.

പിന്നീടൊരിക്കലും ബറുവ സ്ഥാനമൊഴിയില്ലെന്ന് അറിയാമായിരുന്ന സഞ്ജയ് ആ നിർദ്ദേശം കേട്ട് ക്ഷുഭിതനായി. രാജി വയ്ക്കുന്നതിൽ നിന്ന് ഇന്ദിരയെ വിലക്കി.

ഇന്ദിരയും മക്കളും അടച്ചിട്ട മുറിയിൽ ആലോചന നടത്തി. തൽക്കാലത്തേയ്ക്കു പോലും രാജിവയ്ക്കരുതെന്നായിരുന്നു മക്കളുടെ വാശി.

തനിക്കു ജനപിന്തുണയുണ്ടെന്നും രാജി വേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലേയ്ക്ക് ഇന്ദിരയെത്തി.

സുപ്രീം കോടതിയിൽ കേസു വരുന്നതിന്റെ തലേന്ന് ഇന്ദിര പ്രസംഗിക്കുന്ന ഒരു സമ്മേളനം കോൺഗ്രസ് സംഘടിപ്പിച്ചു.

തൽക്കാലത്തേയ്ക്കു താൻ പ്രധാനമന്ത്രിയാകാം എന്ന നിർദ്ദേശം തിരിച്ചടിച്ചെന്നു ബോദ്ധ്യമായ ബറുവ ആ യോഗത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചു:

- ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര!

അലഹബാദ് ഹൈക്കോടതി വിധി നിരുപാധികം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.

തുടർന്ന് ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

എതിർശബ്ദങ്ങളെയെല്ലാം ജയിലിലിട്ടു.

മാദ്ധ്യമങ്ങൾക്ക് മുൻകൂർ സെൻസർഷിപ്പ് ഏർപ്പെടുത്തി.

ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു.

തെരഞ്ഞെടുപ്പുകൾ നീട്ടിവച്ചു.

ജുഡീഷ്യറിയടക്കം എല്ലാം ഇന്ദിരയ്ക്കു വിധേയമായി.

ഭരണഘടനയും ഇന്ത്യയുമെല്ലാം ഇന്ദിര മാത്രമാണെന്ന തരത്തിലെ സമ്പൂർണ്ണ ഏകാധിപത്യം.

ആ ഏകാധിപത്യ-അടിയന്തിരാവസ്ഥക്കാലത്ത് കോൺഗ്രസ് ഇന്ത്യയെങ്ങും പാടി നടന്നതാണ് ബറുവയുടെ ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ എന്ന ബറുവയുടെ ആ അശ്ലീല മുദ്രാവാക്യം.

കിരാതവും കരാളവും ഇരുണ്ടതും ജനാധിപത്യം അസ്തമിച്ചതുമായ ആ കാലത്തിന്റെ നാറിയ ചവറ്റുകുട്ടയിൽ തപ്പി നോക്കിയാൽ കിട്ടുന്ന മനം പിരട്ടുന്ന മുദ്രാവാക്യമാണ് ഇന്ത്യയെന്നാൽ ഇന്ദിര എന്നത്.

അടിയന്തിരാവസ്ഥക്കാലത്തെ കോൺഗ്രസ് നേതാവ് ജോർജ് ഈഡന്റെ മകനും ജനാധിപത്യവും ഭരണഘടനയും വരെ നിരോധിച്ച അടിയന്തിരാവസ്ഥയുടെ ആരാധകനുമായ ഹൈബി ഈഡനാണ് ഇന്ത്യൻ പാർലമെന്റിൽ കഴിഞ്ഞ ദിവസം ഒരാവശ്യം ഉന്നയിച്ചത്:

- എസ് എഫ് ഐ യെ നിരോധിക്കണം!

ജനാധിപത്യമെന്നാൽ നിരോധനമാണെന്നു കരുതുന്ന ആ അടിയന്തിരാവസ്ഥാ ആരാധകനു മറുപടിയായി മഹാരാജാസ് കോളജിൽ എസ് എഫ് ഐ ഒന്നാന്തരമൊരു മറുപടി നൽകി:

- ഇന്ദിരയ്ക്കു കഴിഞ്ഞിട്ടില്ല,
പിന്നല്ലേ ഈഡന്!

കോളജ് കവാടത്തിനു മുന്നിലെ ആ ബാനറിനു മുകളിൽ കെ എസ് യു എഴുതിയത് ഇങ്ങനെ:

- ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും.

എസ് എഫ് ഐ ചരിത്രം ഓർമ്മപ്പെടുത്തി:

- അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തിരാവസ്ഥയുടെ നെറികേടുകളിലൂടെ!

അടിയന്തിരാവസ്ഥയിലും അതിന്റെ നെറികേടുകളിലും ഇന്നും ഉൾപ്പുളകം കൊള്ളുന്ന കോൺഗ്രസ് കുട്ടികൾ എസ് എഫ് ഐ യുടെ വാദം അംഗീകരിച്ചത് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയപ്പെട്ട ആ അശ്ലീല മുദ്രാവാക്യം എഴുതി വച്ചാണ്:

- ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ!

അമ്മൂമ്മ ആനപ്പുറത്തിരുന്ന കഥകളിൽ ഇന്നും അഭിരമിക്കുകയാണവർ. അമ്മൂമ്മയുടെ തഴമ്പിൽ അഭിമാനം കൊള്ളുന്നു.

ആനയും അമ്പാരിയും അമ്മൂമ്മയും ഒടുവിൽ പാർട്ടി തന്നെയും നാടുനീങ്ങിയ കഥയൊന്നും കോൺഗ്രസുകാർ അറിഞ്ഞിട്ടില്ല.

ഇന്നുമവർക്ക് ഇന്ത്യയെന്നാൽ ഇന്ദിരയാണ്.

കഷ്ടം, ഒരല്പ ദൂരം പോലും മുമ്പോട്ടു പോകാൻ അവർക്കു കഴിഞ്ഞിട്ടില്ല!

നാല്പതു കൊല്ലം മുമ്പു മരിച്ച ഇന്ദിര നിങ്ങളോടു ചോദിക്കുന്നു:

- എന്നെ വിട്ടു റൊമ്പ ദൂരം പോയിട്ടിയാ?

മറുപടി:

- ഉന്നെ എങ്കെ വിട്ടേനോ അങ്കെത്താൻ ഇരിക്കേൻ...

അടുത്ത കോൺഗ്രസ് ബാനറിൽ ഇതു കൂടി എഴുതിയേക്കുക:

-ന്റമ്മൂമ്മയ്ക്കൊരാനേം അടിയന്തിരാവസ്ഥേം ഒണ്ടാർന്നു!

https://www.facebook.com/100072075932681/posts/pfbid02HuGPDfzxrxYdTcgK3D1ALphCD5Zb8jY19Cirtj2MYGvTzxH2T2e9AZK81KNrR9tJl/

No comments:

Post a Comment