എല്ലാറ്റിലും തുഛമല്ലോ ചെറുമക്കൾ
പുല്ലുമിവർക്കു വഴി വഴങ്ങാ ,
മറ്റുള്ളവർക്കായുഴാനും നടുവാനും
കറ്റ കൊയ്യാനും മെതിക്കുവാനും
പറ്റുമീക്കൂട്ടരിരുകാലിമൂടുകൾ
മറ്റു കൃഷിപ്പണി ചെയ്യുവാനും
ഒന്നോർത്താൽ മാടും കയർക്കുമിതുകളോ-
യൊന്നായവറ്റയെ നാം ഗണിച്ചാൽ
പാരം പവിത്രങ്ങൾ പയ്ക്കളിപ്പാവങ്ങൾ
ദൂരത്തും തീണ്ടുള്ള നീചരല്ലോ
നാഗരികനരലോകത്തിൻ ശ്യാമമാ-
മാകൃതി പൂണ്ട നിഴൽകണക്കേ
പ്രാകൃതർ താണുകിടക്കുന്നുതേയിവ-
രേകാന്തദീപ്തമാമിക്കാലത്തും
എങ്കിലും ഹിന്ദുക്കളെന്നുമിവരെ നാം
ശങ്ക കൂടാതെ കഥിച്ചിടുന്നു
മുങ്ങിക്കിടക്കും കളിമണ്ണും നേരോർത്താൽ
തുംഗമാംപാറയുമൊന്നാണല്ലോ.
അക്ഷരമെന്നതറിവീല, ചാത്തനും
യക്ഷിയും പേയുമിവർക്കു ദൈവം
കക്ഷിയിൽക്കൊണ്ട കരിക്കാടിയല്ലാതെ
നിക്ഷേപമായിവർക്കൊന്നുമില്ല.
കൂറത്തരമില്ല, താരുണ്യത്തിൽ ചിലർ
കീറക്കരിത്തുണിച്ചീന്തൽ ചാർത്തി
നാണം മറയ്ക്കും, ചിലർ നിജായുസൊരു
കോണകംകൊണ്ടു കഴിച്ചു കൂട്ടും
ഇപ്പോലെ കഷ്ടമധിവസിച്ചീടുന്നി-
തിപ്പൊഴും ലക്ഷങ്ങൾ കേരളത്തെ.
തിട്ടമിപ്പുല്ലുകുടിലിന്നുമംബരം
മുട്ടിവളരുമരമനക്കും
ചട്ടറ്റ വിത്തൊന്നുതന്നെ---യിതാ വിത്തു
പൊട്ടിവന്നീടും പൊടിപ്പുതന്നെ
എന്തുള്ളു ഭേദമിതുകളിൽപ്പാർക്കുന്ന
ജന്തുക്കൾ താനും സഹജരല്ലോ,
അന്തണനെച്ചമച്ചുള്ളള്ളൊരു കൈയല്ലോ
ഹന്ത നിർമ്മിച്ചു ചെറുമനെയും ,
ബാഹുവീര്യങ്ങളും ബുദ്ധി പ്രഭകളും
സ്നേഹമൊലിക്കുമുറവകളും
ആഹന്തയെത്ര വിഫലമാക്കിത്തീർത്തു
നീ ഹിന്ദു ധർമ്മമേ 'ജാതി' മുലം !
എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാ--
രെത്രയോ തുഞ്ചന്മാർ കുഞ്ചന്മാരും
ക്രൂരമാം ജാതിയാൽ നൂനമലസിപ്പോയ്
കേരളമാതാവേ നിൻവയറ്റിൽ.
തേച്ചുമിനുക്കിയാൽ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകൾ ഭാരതാംബേ..
താണുകിടക്കുന്നു നിൻ കക്ഷിയിൽ ചാണ
കാണാതെയാറേഴു കോടിയിന്നും
എന്തിനു കേഴുന്നു ദീനയോ നീ ദേവി
എന്തു ഖേദിപ്പാൻ ദരിദ്രയോ നീ
ഹന്തയീജ്ജാതിയെ ഹോമിച്ചൊഴിച്ചാൽ നിൻ
ചിന്തിതം സാധിച്ചു രത്നഗർഭേ
തൊട്ടുകൂടാത്തോർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ--
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ !
ഭേദങ്ങളറ്റ പൊരുളിനെക്കാഹള--
മൂതിവാഴ്ത്തീടുന്നു വേദം നാലും
വൈദികമാനികൾ മർത്ത്യരിൽ ഭേദവും
ഭേദത്തിൽ ഭേദവും ജൽപ്പിക്കുന്നു.
എന്തൊരു വൈകൃതം ബ്രഹ്മ വിദ്യേ, നിന്നി--
ലെന്താണിക്കാണുന്ന വൈപരീത്യം. ?
നിർണ്ണയം നിന്നെപ്പോൽ പാരിലധോഗതി
വിണ്ണവർഗംഗക്കുമുണ്ടായില്ല.
No comments:
Post a Comment