ഹരിയാനയിൽനിന്ന് ദേശീയശ്രദ്ധ പിടിച്ചുപറ്റിയ രണ്ട് കാവി വസ്‌ത്രധാരികളാണുള്ളത്. അതിലൊന്ന് രാംദേവാണ്. പതജ്ഞലി എന്ന കോർപറേറ്റ് സ്ഥാപനത്തിന്റെ ഉടമ. മറ്റൊന്ന് ‘സാമൂഹ്യ നീതിയാണ് ദൈവം’ എന്ന് പറയുന്ന സ്വാമി അഗ്നിവേശാണ്. ആന്ധ്രപ്രദേശിൽ ജനിച്ച് ഛത്തീസ്‌ഗഢിൽ വളർന്ന് കൊൽക്കത്തയിൽ അധ്യാപകനായി ജീവിതം ആരംഭിച്ച് ഹരിയാന സ്വന്തം തട്ടകമായി തെരഞ്ഞെടുത്ത വ്യക്തിയാണ് അഗ്നിവേശ്. ഡൽഹിയിൽ രണ്ട് ദശാബ്‌ദം നീണ്ട പത്രപ്രവർത്തനത്തിനിടയിൽ പലതവണ അദ്ദേഹത്തിന്റെ പരിപാടികൾ റിപ്പോർട്ട് ചെയ്യാനും അദ്ദേഹത്തോട് സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്. കാഷായവസ്‌ത്രം, അതുകൊണ്ടുതന്നെയുള്ള തലപ്പാവ്. ക്ലീൻഷേവ്. അധ്യാപകൻ ക്ലാസ് എടുക്കുന്നതുപോലുള്ള സംസാരം. വിനയത്തോടെയുള്ള പെരുമാറ്റം. ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാൻ കഴിയാത്ത വ്യക്തിത്വം. അതായിരുന്നു സ്വാമി അഗ്നിവേശ്.
സ്വകാര്യസംഭാഷണങ്ങളിൽ പലഘട്ടങ്ങളിലും അദ്ദേഹം ആവർത്തിച്ചത് ആര്യസമാജ സ്ഥാപകനായ ദയാനന്ദ സരസ്വതിയുടെയും ഗാന്ധിജിയുടെയും കാൾ മാർക്‌സിന്റെയും ആത്‌മീയവും സാമൂഹ്യവും സാമ്പത്തികവുമായ സിദ്ധാന്തങ്ങളാണ് തന്റെ വിശ്വാസധാരയ്‌ക്ക് അടിസ്ഥാനം എന്നതാണ്. വൈദിക്ക് സമാജ്‌വാദ്(വേദിക്ക് സോഷ്യലിസം) എന്നതാണ് അദ്ദേഹത്തിന്റെ ആശയപദ്ധതി. ആ പേരിൽത്തന്നെ ഒരു പുസ്‌തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. ദയാനന്ദസരസ്വതിയുടെ ശിഷ്യനായതുകൊണ്ടുതന്നെ അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായി അദ്ദേഹം പൊരുതി. ശബരിമല വിഷയത്തിൽ സ്‌ത്രീകൾക്ക് തുല്യസ്വാതന്ത്ര്യം അനുവദിക്കണമെന്ന പക്ഷത്തായിരുന്നു അദ്ദേഹം. പക്ഷേ, അത് ക്ഷേത്രത്തിൽ കയറി ആരാധന നടത്താനുള്ള സ്വാതന്ത്ര്യമായി പരിമിതപ്പെടുത്തുന്നതിനെയും എതിർത്തു. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് വിശ്വസിച്ചാൽ ക്ഷേത്രത്തിന് എന്ത് പ്രസക്തിയാണുള്ളത് എന്നാണ് അദ്ദേഹം ചോദിച്ചത്.
ഏറ്റവും അവസാനം ‘ഇന്ത്യൻ എക്‌സ്‌പ്രസി’ൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നത് ക്ഷേത്രം എന്ന സ്ഥാപനത്തിന് പവിത്രത കൽപ്പിക്കപ്പെട്ടത് പുരോഹിതവൃന്ദത്തിന്റെ സാമ്പത്തിക താൽപ്പര്യത്തിന്റെ ഫലമായിട്ടാണെന്നാണ്. സമീപകാലത്ത് സംഘപരിവാർ രാഷ്ട്രീയതാൽപ്പര്യമെന്നും അതിനെ വായിച്ചെടുക്കാം. കോവിഡ് കാലം പൗരോഹിത്യ കേന്ദ്രീകൃതമായ മതഭക്തിയുടെ ശോഷണകാലമാണെന്നും കോവിഡാനന്തരം മതവും ദൈവവും പൗരോഹിത്യത്തിന്റെ പിടിയിൽനിന്ന് മുക്തരാകുമെന്നും അദ്ദേഹം ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി.
മോക്ഷം എന്നാൽ അഗ്നിവേശിന് സാമൂഹ്യനീതി നേടലാണ്. ദൈവഭക്തിയെന്നാൽ സമാധാനവും ആചാരങ്ങളെന്നാൽ മാനുഷിക വികസനവുമായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള നിരവധി പോരാട്ടങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു. അടിയന്തരാവസ്ഥയെ എതിർത്ത് 14 മാസം ജയിൽവാസം അനുഭവിച്ചു. ജയപ്രകാശ് നാരായണന്റെ സമ്പൂർണ വിപ്ലവമാണ് അദ്ദേഹത്തെ ആവേശം കൊള്ളിച്ചത്. എന്നാൽ, 1977ൽ ഹരിയാനയിലെ ഭജൻലാൽ മന്ത്രിസഭയിൽ അഗ്നിവേശ് വിദ്യാഭ്യാസമന്ത്രിയായി. അടിമപ്പണിക്കാർ സമരം നടത്തിയപ്പോൾ ഫരീദാബാദിൽ അവർക്കെതിരെ വെടിവയ്‌പ് നടത്തുകയും 10 പേരെ വധിക്കുകയും ചെയ്‌തു. മന്ത്രിസഭായോഗത്തിൽ പ്രതിഷേധിച്ചപ്പോൾ ‘മിണ്ടിപ്പോകരുത് വിദ്യാഭ്യാസത്തിൽമാത്രം ശ്രദ്ധിച്ചാൽ മതിയെന്ന’ മറുപടിയാണ് ഭജൻലാലിൽനിന്നുണ്ടായത്. അതോടെ മന്ത്രിപ്പണി ഉപേക്ഷിച്ചു. അതിനുമുമ്പുതന്നെ അടിമവേലക്കാരെ മോചിപ്പിക്കാനുള്ള ശ്രമത്തിൽ അദ്ദേഹം മുഴുകിയിരുന്നു.
അടിമവേല വിമോചനമുന്നണിക്ക് രൂപം നൽകി രാജ്യമാകെ പ്രക്ഷോഭം വളർത്തിക്കൊണ്ടുവന്നു. ഇതിന്റെ ഫലമായാണ് 1976 ബോണ്ടഡ് ലേബർ സിസ്‌റ്റം(അബോളിഷൻ) ആക്‌ട് പാസാക്കിയത്. രണ്ട് ലക്ഷത്തിലധികം തൊഴിലാളികളെയാണ് അടിമവേലയിൽനിന്ന് മോചിപ്പിച്ചത്. രാജസ്ഥാനിലെ സിക്കർ ജില്ലയിലുള്ള ദേവ്‌രാലയിൽ സതി(രൂപ്‌കൻവർ എന്ന യുവതി) അനുഷ്‌ഠിക്കപ്പെട്ടപ്പോൾ ഡൽഹിയിൽനിന്ന് ദേവ്‌രാലയിലേക്ക് 18 ദിവസം നീണ്ട മാർച്ചിന് അഗ്നിവേശ് നേതൃത്വം നൽകി. തുടർന്നാണ് സതി നിരോധനനിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കുന്നത്. രാജസ്ഥാനിലെ നത്ത്‌വാഡ ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം നിഷേധിച്ചപ്പോൾ അതിനെതിരെയും വൻ പ്രതിഷേധം സംഘടിപ്പിച്ചു. അവസാനം അഴിമതിക്കെതിരെ അണ്ണ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന സമരത്തിലും അദ്ദേഹം പങ്കെടുത്തു. പിന്നീട് തെറ്റിപ്പിരിഞ്ഞെങ്കിലും. മനുഷ്യന്റെ അവകാശങ്ങൾക്കുവേണ്ടി എന്നും ശബ്‌ദമുയർത്തി.
‘വസുദൈവ കുടുംബകം’ എന്ന ഇന്ത്യൻ ആത്‌മീയതയുടെ സത്തയെ ഉയർത്തിപ്പിടിക്കുന്ന ഈ സ്വാമിയെ കാണുന്നതുപോലും ഹിന്ദുത്വവാദികൾക്ക് ചതുർഥിയാണ്. സ്‌നേഹം, നീതി, സത്യം, ദയ എന്നിവയാണ് ആത്‌മീയതയുടെ ആണിക്കല്ലെന്ന് എല്ലാ വേദികളിലും സ്വാമി അഗ്നിവേശ് ആവർത്തിക്കുമായിരുന്നു. കുലീനവും ഊർജസ്വലവുമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് ഉൽപ്രേരകമായാണ് മതങ്ങൾ വർത്തിക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദിവാസികളുടെയും അധഃസ്ഥിതരുടെയും പോരാട്ടങ്ങൾക്ക് അഗ്നിവേശ് പിന്തുണ നൽകിയത്. രാഷ്ട്രീയമായ ചായ്‌വല്ല ഇതിന് പിന്നിലെന്നും അഗ്നിവേശ് വിശദീകരിക്കുകയുണ്ടായി. എന്നിട്ടും ആത്‌മീയതയുടെ അപ്പോസ്‌തലന്മാരെന്ന് സ്വയം അവകാശപ്പെടുന്ന ആർഎസ്എസിനും സംഘപരിവാരത്തിനും ‘അർബൻ നക്‌സ്‌ലും’(മാവോയിസ്റ്റുകളുമായി കേന്ദ്രസർക്കാർ സംഭാഷണം തുടങ്ങണമെന്ന് ആവശ്യപ്പെട്ടതിന്.) ‘വ്യാജ സ്വാമിയും’ ‘ന്യൂനപക്ഷചായ്‌വുള്ളവനും’ ‘വൈദേശിക ശക്തിയുടെ ഏജന്റും’ ‘പാകിസ്ഥാൻ ഏജന്റു’മായിരുന്നു അഗ്നിവേശ്. പല ഘട്ടങ്ങളിലും അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കാനും തയ്യാറായി.
അദാനിക്ക് വനഭൂമി തീറെഴുതി നൽകിയതിനെതിരെ ജാർഖണ്ഡിലെ പാക്കൂർ ജില്ലയിൽ ലക്ഷക്കണക്കായ ആദിവാസികളുടെ സമരത്തെ അഭിസംബോധന ചെയ്യാൻ പോകവെ ഹോട്ടലിൽവച്ച് എൺപതുകാരനായ സ്വാമിയെ ബിജെപിക്കാർ മർദിച്ചു. ഹിന്ദുസംസ്‌കാരത്തിന്റെ ശത്രുക്കളും ഘാതകരുമാണ് തന്നെ ആക്രമിച്ചത് എന്നായിരുന്നു അന്ന് അഗ്നിവേശ് ആരോപിച്ചത്. ഒരുമാസം കഴിഞ്ഞപ്പോൾ വാജ്‌പേയിയുടെ മൃതദേഹം കാണാൻ പോയ ഘട്ടത്തിലും ന്യൂഡൽഹിയിലെ ദീൻദയാൽമാർഗിലുള്ള ബിജെപി കേന്ദ്ര ഓഫീസിനുമുമ്പിൽവച്ച് അദ്ദേഹം കൈയേറ്റം ചെയ്യപ്പെട്ടു.
തിരുവനന്തപുരത്തുവച്ചും ബിജെപിക്കാർ സ്വാമിയെ കൈയേറ്റം ചെയ്‌തു. അമർനാഥിനെക്കുറിച്ച് നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ അഗ്നിവേശിനെ കൊല്ലാൻ രണ്ട് ദശലക്ഷം രൂപയാണ് അഖിൽ ഭാരതീയ ഹിന്ദുസഭ ഇനാം പ്രഖ്യാപിച്ചത്. ഈ ആക്രമണങ്ങളെയെല്ലാം അതിജീവിച്ചാണ് അഗ്നിവേശ് രാജ്യമെങ്ങും ഓടിനടന്ന് പ്രവർത്തിച്ചത്.
Read more: https://www.deshabhimani.com/articles/news-articles-12-09-2020/894603
അഗ്നിവേശ് ; കാവിഭീകരതയെ നേരിട്ട സന്യാസി
ഹിന്ദുത്വനയങ്ങളെ വിമർശിച്ചതിന്റെ പേരിൽ സംഘപരിവാറിന്റെ ക്രൂരമായ ആക്രമണത്തിന് പലതവണ വിധേയനാകേണ്ടിവന്ന സന്ന്യാസിശ്രേഷ്‌ഠനാണ് അഗ്നിവേശ്. ഹിന്ദുസംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ഏറ്റവും വലിയ ശത്രുക്കൾ ഹിന്ദുത്വ ആശയങ്ങളാണെന്ന് അദ്ദേഹം കരുതുകയും പ്രചരിപ്പിക്കുകയും ചെയ്‌തു.
ജാർഖണ്ഡിൽ 2018ൽ സംഘപരിവാർ സംഘടനകളുടെ ക്രൂരമർദ്ദനമേറ്റ സ്വാമി അഗ്‌നിവേശിനെ രക്ഷിച്ചപ്പോൾ
ജാർഖണ്ഡിലെ പാക്കൂരിൽ ആദിവാസികളുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ 2018 ജൂലൈ 18ന് സ്വാമി അഗ്നിവേശ് എത്തിയപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ആക്രമണം നടന്നത്. ജയ്‌ശ്രീരാം വിളികളോടെ എത്തിയ അക്രമികൾ സ്വാമിയെ തള്ളിവീഴ്‌ത്തിയിട്ട് മർദിക്കുകയും വസ്‌ത്രങ്ങൾ വലിച്ചുകീറുകയും ചെയ്‌തു. അക്രമിസംഘത്തിൽ നൂറോളം പേരുണ്ടായിരുന്നു. ഹിന്ദുക്കൾക്കെതിരെ അദ്ദേഹം സംസാരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പങ്കില്ലെന്ന് ബിജെപി അവകാശപ്പെട്ടുവെങ്കിലും കേസിൽ അറസ്‌റ്റിലായത് ബിജെപി, ആർഎസ്‌എസ്, ബജ്‌രംഗ്‌ദൾ പ്രവർത്തകരാണ്. സംഭവം സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുകയും ദേശീയമാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്‌തശേഷമാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഛത്തീസ്‌ഗഢിൽ 2011ൽ രണ്ടുതവണ അദ്ദേഹം ആക്രമണത്തിന് ഇരയായി. പൊലീസും മേൽജാതിക്കാരുടെ സേനയും ചേർന്ന് തീയിട്ട ഗ്രാമങ്ങളിൽ ദുരിതാശ്വാസസാമഗ്രികളുമായി എത്തിയപ്പോഴായിരുന്നു ഈ ആക്രമണം. 2015ൽ വിഎച്ച്‌പിയുടെ അന്നത്തെ അധ്യക്ഷൻ പ്രവീൺ തൊഗാഡിയ മുസ്ലിംവിരുദ്ധ പരാമർശം നടത്തിയതിനെ സ്വാമി അപലപിച്ചു. ഗോഹത്യ നടത്തുന്നുവെന്ന പേരിലാണ് തൊഗാഡിയ വർഗീയ പരാമർശം നടത്തിയത്. രാജ്യമെങ്ങും ആയിരക്കണക്കിന് പശുക്കൾ ഭക്ഷണം കിട്ടാതെ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോൾ ഹിന്ദുവിശ്വാസത്തിന്റെ പേരിൽ ഗോസംരക്ഷണവാദം ഉയർത്തുന്നത് തട്ടിപ്പാണെന്ന് സ്വാമി തുറന്നടിച്ചു. ഇതിന്റെ പേരിലും സംഘപരിവാർ അദ്ദേഹത്തെ ശത്രുവായി കണ്ടു.
എ ബി വാജ്‌പേയിക്ക് അന്ത്യാഞ്‌ജലി അർപ്പിക്കാൻ 2018 ആഗസ്‌ത് 17ന് സ്വാമി ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് എത്തിയപ്പോഴും അദ്ദേഹത്തിനുനേരെ ആക്രമണം ഉണ്ടായി. മുപ്പതോളം പേരടങ്ങുന്ന സംഘം അദ്ദേഹത്തെ പിടിച്ചുതള്ളുകയും ആക്ഷേപിക്കുകയും ചെയ്‌തു.
ക്ഷേത്രം, പുരോഹിതർ, രാഷ്ട്രീയക്കാർ എന്നിവയുടെ അടിസ്ഥാനത്തിൽ ബിജെപി പയറ്റുന്ന വർഗീയരാഷ്ട്രീയം തുറന്നുകാണിക്കാൻ സ്വാമി നിരന്തരം ശ്രമിച്ചു. മതം അധികാരരാഷ്ട്രീയത്തിനു പിന്നാലെ പോകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതത്തെ മാനവികമാക്കാനുള്ള ദൗത്യമാണ് സ്വാമി നിർവഹിച്ചത്. വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുള്ള നീക്കത്തിനെതിരെയും അദ്ദേഹം നിരന്തരം മുന്നറിയിപ്പ് നൽകി. ഇതൊക്കെയാണ് സ്വാമി സംഘപരിവാറിന്റെ കണ്ണിലെ കരടാകാൻ കാരണം.
Read more: https://www.deshabhimani.com/articles/news-articles-12-09-2020/894600
No comments:
Post a Comment