മനു , യാജ്ഞവൽക്യൻ , നാരദൻ , വിഷ്ണു , കാത്യായനൻ എന്നിവരുടെ ഗ്രന്ഥങ്ങൾ പ്രകാരമുള്ള ഹിന്ദു ശിക്ഷാ നിയമ സംഹിത. ഈ ഹിന്ദു സനാതന നീതി ശാസ്ത്ര വിധികളും ആചാരങ്ങളും ഇന്ന് പഴങ്കഥകൾ മാത്രമായി മാറിയത് ഏതെങ്കിലും മഹർഷിവര്യന്മാരുടെ ഔദാര്യം കൊണ്ടായിരുന്നില്ല അടിച്ചമർത്തപ്പെട്ടവരുടെ നെടുനാളത്തെ സംഘടിത ജനകീയ പോരാട്ടങ്ങൾ കൊണ്ട് മാത്രം. ഇന്നും ഇന്ത്യയിൽ പലയിടത്തും കാലഹരണപ്പെട്ട നീതിശാസ്ത്ര ശിക്ഷാവിധികൾ പുനസ്ഥാപിക്കാൻ ശ്രമം നടക്കുന്നു.ജാഗ്രത...!
1 പ്രത്യക്ഷമായി തോന്നുന്ന ഈ ജഗത്ത് തമസ്സായ മൂല പ്രകൃതിയിൽ ലീനമായിരുന്നു. അതു കൊണ്ടു തന്നെ അദൃശ്യവും അജ്ഞേയവും , പൂർണ്ണമായും പ്രസൂപ്തം എന്നതു പോലെയുമായിരുന്നു.
2പ്രളയ കാലം അവസാനിച്ചപ്പോൾ ഈശ്വരൻ സ്വയംഭുവായി. സർവ്വശക്തനും അദൃശ്യനുമായ ഭഗവാൻ ആകാശാദി മഹാത്ഭുതങ്ങളെ ആദ്യം സൂക്ഷ്മമായും പിന്നീട് സ്ഥൂലമായും പ്രകാശിപ്പിച്ചു. തമസ്സായ പ്രകൃതിയെ സൃഷ്ടിക്കായി പ്രേരിപ്പിച്ചു.
3 ലോകങ്ങളുടെ ഐശ്വര്യത്തിനു വേണ്ടി സൃഷ്ടാവ് തന്റെ മുഖത്തു നിന്നം ബാഹുക്കളിൽ നിന്നും പാദങ്ങളിൽ നിന്നും യഥാക്രമം ബ്രാഹ്മണനെയും, ക്ഷത്രിയനെയും, വൈശ്യനെയും ശൂദ്രനെയും സൃഷ്ടിച്ചു.
4 സർവ്വോൽക്കൃഷ്ടനായവൻ സമസ്ത സൃഷ്ടികളെയും സംരക്ഷിക്കുന്നതിന് വേണ്ടി അവന്റെ മുഖം , ഭുജം , ഊരു, പാദം എന്നിവയിൽ നിന്നു ഉത്ഭവിച്ചവർക്ക് പ്രത്യേക ധർമ്മ കർമ്മങ്ങൾ വിധിച്ചു.
5 ബ്രാഹ്മണന്റെ ധർമ്മം തന്റെയും മറ്റുള്ളവരുടെയും നന്മക്കു വേണ്ടി വേദം പഠിക്കുക, പഠിപ്പിക്കുക , ദാനം വാങ്ങുക എന്നിവയാണ്.
6 ജനങ്ങളെ സംരക്ഷിക്കുക, വിധി പ്രകാരം ദാനം ചെയ്യുക , വേദം പഠിക്കുക, യാഗം ചെയ്യുക, വിഷയോപഭോഗങ്ങളിൽ അനാസക്തി എന്നിവയാണ് ക്ഷത്രിയന്റെ ധർമ്മം.
7 വൈശ്യനു വിധിച്ചത് പശുപാലനം, ദാനം, യാഗം, വേദാധ്യയനം, വാണിജ്യം, പണം പലിശക്ക് കൊടുക്കൽ , കൃഷി എന്നിവയാണ്.
8 ശൂദ്രന് ബ്രഹ്മാവ് കൽപ്പിച്ച ഒരേയൊരു കർമ്മം ബ്രാഹ്മണ - ക്ഷത്രിയ - വൈശ്യർ വിഭാഗങ്ങളെ അസൂയാ രഹിതമായി ശുശ്രൂഷിക്കുക എന്നതാണ്.
9 വിദ്യാർത്ഥി , തൊഴിലഭ്യസിക്കുന്നവർ, വാടകക്കെടുത്ത പരിചാരകൻ , ഉദ്യോഗസ്ഥൻ ഈ നാലു കൂട്ടരെയും തൊഴിലാളികളായി കണക്കാക്കണം. യജമാനന്റെ വീട്ടിലോ., മറ്റിടങ്ങളിലോ ജനിച്ചവർ അടിമകളാണ്.
10 ഋഷിമാർ നിയമമനുസരിച്ച് അഞ്ചു തരം പരിചാരകരെ ഇനം തിരിച്ചിട്ടുണ്ട്. ഇതിൽ നാലു കൂട്ടർ മുകളിൽ പറഞ്ഞ തൊഴിലാളികളും, അഞ്ചാമത്തേത് അടിമകളുമാണ്. അടിമകൾ പതിനഞ്ചു തരക്കാർ ഉണ്ട്. അവർ ഇനി പറയുന്നവരാണ്.
11 യജമാനന്റെ വീട്ടിൽ ജനിച്ചവൻ, വില കൊടുത്തു വാങ്ങിയവൻ , പിൻതുടർച്ച വഴി ലഭിച്ചവൻ , പൊതുവായ ക്ഷാമകാലത്ത് സംരക്ഷിക്കപ്പെട്ടവൻ , യഥാർത്ഥ ഉടമ ഇട് വച്ചവൻ,
12കഴുത്തറ്റം കടമുണ്ടായതിൽ നിന്ന് മുക്തി നേടിയവൻ, യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെട്ടവൻ , പന്തയത്തിൽ ജയിച്ചതു വഴി ലഭിച്ചവർ, ഞാൻ അങ്ങയുടേതാണ് എന്ന് പ്രഖ്യാപിച്ചു മുന്നോട്ടു വന്നവൻ , ഒരു പ്രത്യേക കാലത്തിലേക്ക് അടിമയാക്കപ്പെട്ടവൻ
13 ജീവനാംശം കിട്ടുന്നതിന് വേണ്ടി അടിമയായി തീർന്നവൻ , അടിമ സ്ത്രീയുമായി സമ്പർക്കം പുലർത്തിയതിന്റെ പേരിൽ അടിമയാക്കപ്പെട്ടവൻ , തന്നത്താൻ വിലക്കപ്പെട്ടവൻ എന്നിങ്ങനെ 15 വിഭാഗങ്ങളാണ് അടിമ പട്ടികയിൽ ഉൾപ്പെടുന്നവർ.
14 ഇതിൽ ആദ്യം സൂചിപ്പിച്ച നാലു കൂട്ടർക്ക് ഉടമസ്ഥരുടെ അനുവാദമില്ലാതെ മോചനമില്ല. അവരുടെ അടിമത്തം പാരമ്പര്യ സിദ്ധമാണ്.
15 ഇവരുടെ ആശ്രിതത്വത്തിന്റെ അവസ്ഥ എല്ലാവർക്കും ഒരു പോലെയാണെന്ന് ഋഷിമാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അവരുടെ പദവിയും, വരുമാനവും അവരുടെ ജാതിയെയും തൊഴിലിനെയും ആശ്രയിച്ചിരിക്കുന്നു.
നിയമത്തിന്റെ മുമ്പിൽ സമത്വം
1 രണ്ടു പേർ തമ്മിൽ ചീത്ത പറയുകയാണെങ്കിൽ രണ്ടു പേരും ഒരേ ജാതിയിൽ പെട്ടവരെങ്കിൽ രണ്ടു പേർക്കും തുല്യ ശിക്ഷ ലഭിക്കും ഒരാൾ താഴ്ന്ന ജാതിക്കാരനാണെങ്കിൽ അയാൾക്കു ലഭിക്കുന്ന ശിക്ഷ ഇരട്ടിയും, ഉയർന്ന ജാതിക്കാരന് സാധാരണ ശിക്ഷയുടെ പകുതിയും ആണ് ലഭിക്കുക.
2 ജാതിയിലും , യോഗ്യതയിലും തുല്യതയുള്ളവരാണ് അന്യോന്യം ചീത്ത പറയുന്നതെങ്കിൽ പിഴ ശിക്ഷ പതിമൂന്നര പണം.
3 ബ്രാഹ്മണൻ ക്ഷത്രിയനെ ശകാരിക്കുന്നതെങ്കിൽ 50 പണവും, വൈശ്യനെയാണെങ്കിൽ 25 പണവും ശൂദ്രനെയാണെങ്കിൽ പന്ത്രണ്ടര പണവും പിഴ ശിക്ഷ നൽകണം
4 സച്ചരിതനല്ലാത്ത ശുദ്രനെ ചീത്ത പറഞ്ഞതിന് ബ്രാഹ്മണനെ ശിക്ഷിക്കാൻ പാടില്ല.
5 ക്ഷത്രിയനെ നിന്ദിക്കുന്ന വൈശ്യന് പിഴ ശിക്ഷ 100 പണം. ക്ഷത്രിയൻ വൈശ്യനെയാണ് നിന്ദിക്കുന്നതെങ്കിൽ പിഴ ശിക്ഷ 50 പണം മതിയാകും.
6 ക്ഷത്രിയൻ ശൂദ്രനെ ശകാരിച്ഛാൽ പിഴ 20 പണം. വൈശ്യനെ ശകാരിച്ചാൽ പിഴ 40 പണം
7 ശൂദ്രൻ വൈശ്യനെ അധിക്ഷേപിച്ചാൽ പിഴ 250 പണം. ക്ഷത്രിയനെ അധിക്ഷേപിച്ചാൽ പിഴ 500 പണം. ബ്രാഹ്മണനെ അധിക്ഷേപിച്ചാൽ പരമാവധി ശിക്ഷ രാജാവ് വിധിക്കണം
8 ബാഹ്മണനെ ക്ഷത്രിയൻ അധിക്ഷേപിച്ചാൽ പിഴ 100 പണം. വൈശ്യന് പിഴ 200 പണവും, ശൂദ്രനെങ്കിൽ വധ ശിക്ഷയും നൽകണം
9 ബ്രാഹ്മണൻ ക്ഷത്രിയനെ നിന്ദിച്ചാൽ ശിക്ഷ 50 പണം. വൈശ്യനോടായാൽ 25 പണവും ശൂദ്രനോടായാൽ 12 പണവും ശിക്ഷ ലഭിക്കും
10 ശൂദ്രൻ ദ്വിജന്മാരെ ക്രൂരവാക്കു കൊണ്ട് അധിക്ഷേപിച്ചാൽ 'നാക്കു മുറിക്കലാണ് ശിക്ഷ. എന്തെന്നാൽ അവൻ നീച ജാതിയാണ്.
11 ശൂദ്രനായ വ്യക്തി മേൽ ജാതിക്കാരന്റെ ജാതിയോ പേരോ നിന്ദിച്ചു പറഞ്ഞാൽ പത്തംഗുലം നീളമുള്ള ചുട്ടു പഴുത്ത ഇരുമ്പാണി അവന്റെ വായിൽ തള്ളി കയറ്റണം.
12 ശൂദ്രൻ അഹന്ത കൊണ്ട് ബ്രാഹ്മണനെ അവന്റെ കടമ എന്താണെന്ന് പഠിപ്പിക്കാൻ തുനിഞ്ഞാൽ രാജാവ് അവന്റെ വായിൽ തിളച്ച എണ്ണ ഒഴിക്കണം.
13 ബ്രാഹ്മണനും,ക്ഷത്രിയനും പരസ്പരം, നിന്ദിച്ചാൽ ,രാജാവ് ബ്രാഹ്മണന് 250 പണവും, ക്ഷത്രിയന് 500 പണവും ശിക്ഷ വിധിക്കണം.
14 ശൂദ്രൻ ഏതേത് അവയവം (കരചരണാദി) കൊണ്ട് ത്രൈവർണികനെ ഹിംസിക്കുന്നുവോ അതതു അംഗം മുറിച്ചു കളയണമെന്നണ് മനു അനുശാസിക്കുന്നത്.
15 കീഴ് ജാതിക്കാരൻ മേൽ ജാതിക്കാരനെ അടിക്കാൻ വടി ഓങ്ങുകയോ, കൈ ഉയർത്തുകയോ ചെയ്താൽ അവന്റെ കൈ മുറിച്ചു കളയണം. അവൻ ക്രൂദ്ധനായി കാലു കൊണ്ട് തൊഴിച്ചാൽ അവന്റെ കാലുകൾ വെട്ടിക്കളയണം.
16 ബ്രാഹ്മണനോടൊന്നിച്ച് ഒരേ ഇരിപ്പിടത്തിൽ ഇരിക്കാൻ ഒരുങ്ങുന്ന ശൂദ്രനെ അരക്കെട്ടിൽ ലോഹം പഴുപ്പിച്ച് അടയാളമുണ്ടാക്കി നാടു കടത്തണം. അഥവാ അവന്റെ പൃഷ്ടഭാഗം കുറെ ഛേദിച്ച് നാട് കടത്തണം.
17 ശൂദ്രൻ ബ്രാഹ്മണന്റെ നേർക്ക് ധാർഷ്ട്യം കൊണ്ട് തുപ്പിയാൽ അവന്റെ രണ്ട് ചുണ്ടുകളും മുറിച്ച് കളയണം. ബ്രാഹ്മണന്റെ മേൽ മൂത്രമൊഴിച്ചാൽ , ലിംഗവും , കീഴ്ശ്വാസം വിട്ടാൽ അവന്റെ ഗുദവും മുറിച്ചു കളയാൻ രാജാവ് ഉത്തരവിടണം.
18 അഹങ്കാരം കൊണ്ട് ബ്രാഹ്മണന്റെ തലമുടിക്ക് കുത്തിപ്പിടിക്കുന്ന ശൂദ്രന്റെ കൈകൾ മുറിച്ഛ് കളയണം. അതു പോലെ തന്നെ അടിക്കാനായി കാലുകളിലോ, കഴുത്തിലോ , വൃക്ഷണത്തിലോ പിടിച്ചാലും ഇതു തന്നെയാണ് ശിക്ഷ.
(ഡോ.ബി.ആർ.അംബദ്കർ സമാഹൃത കൃതികൾ വാല്യ 9)
No comments:
Post a Comment