കെ.ജെ.ജേക്കബ് എഴുത്ത്
വടക്കാഞ്ചേരി പദ്ധതിയിൽ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പിണറായി വിജയനും എ സി മൊയ്തീനും ഉദ്യോഗസ്‌ഥരും ഉണ്ട തിന്നണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. സംസ്‌ഥാന സർക്കാർ തന്നെ നിയമം ലംഘിക്കുക എന്നു വച്ചാൽ പിന്നെ നിയമത്തിനൊക്കെ എന്താണ് അർഥം! അത്തരം നിയമ ലംഘകരെ തുറന്നു കാട്ടാൻ ഒരു എം എം എൽ എ ഉണ്ടായതു കേരളത്തിന്റെ പുണ്യമാണ് എന്നാണ് ഞാൻ കരുതുക.
നിയമം ലംഘിച്ചും വീടു പണിയും എന്ന സർക്കാരിന്റെ മുഷ്കിന് ഒരവസാനം വേണമല്ലോ.
പോസ്റ്റ് പക്ഷെ മറ്റൊരു നിയമ ലംഘനത്തെപ്പറ്റിയാണ്.
കഴിഞ്ഞ ദിവസം പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒരു കാര്യം പറഞ്ഞിരുന്നു: ചരക്കു-സേവന നികുതി ഏർപ്പെടുത്തുമ്പോൾ സംസ്‌ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ പ്രത്യേക സെസും ഫണ്ടും ഏർപ്പെടുത്തുന്ന നിയമം GST (Compensation to States) Act, 2017 കേന്ദ്ര സർക്കാർ ലംഘിച്ചു എന്നായിരുന്നു റിപ്പോർട്ട്.
എന്താണ് സംഭവം?
ജി എസ് ടി ഏർപ്പെടുത്തുമ്പോൾ നികുതി ഏർപ്പെടുത്താനുള്ള സംസ്‌ഥാനങ്ങളുടെ അധികാരം കേന്ദ്രത്തിനു കൈമാറുകയാണ്. അപ്പോൾ സംസ്‌ഥാനങ്ങളുടെ നികുതി വരുമാനത്തിനു കുറവ് വരാം. അങ്ങിനെ വന്നാൽ അത് സംസ്‌ഥാനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. അതിനു കേന്ദ്രവും സംസ്‌ഥാനങ്ങളും ചേർന്ന് ഒരു വഴി കണ്ടുപിടിച്ചു: സംസ്‌ഥാനങ്ങളുടെ നികുതി വരുമാനം 2015-16 അടിസ്‌ഥാന വർഷമായി എടുക്കും. ഓരോ വർഷവും ആ വരുമാനത്തിൽ 14 ശതമാനം കണ്ടു കൂടുന്നില്ലെങ്കിൽ ആ കുറവ് വരുന്ന തുക സംസ്‌ഥാനങ്ങൾക്കു അഞ്ചു വർഷത്തേക്ക് കേന്ദ്രം നൽകും. അതിനായി ഒരു ഫണ്ട് രൂപീകരിക്കും. ആ ഫണ്ട് ഏതാവശ്യത്തിനാണോ പണം കളക്റ്റ് ചെയ്യുന്നത് ആ കാര്യത്തിന് മാത്രമേ ഉപയോഗിക്കാവൂ.
(10. (1) The proceeds of the cess leviable under section 8 and such other amounts asmay be recommended by the Council, shall be credited to a non-lapsable Fund known as theGoods and Services Tax Compensation Fund, which shall form part of the public account ofIndia and shall be utilised for purposes specified in the said section.)
ഒരുറപ്പു കൂടി അന്ന് കേന്ദ്രം നൽകി: സെസിൽ നിന്ന് ആവശ്യമായ പണം കിട്ടിയില്ലെങ്കിൽ മറ്റു മാർഗ്ഗങ്ങളിൽ നിന്നു കേന്ദ്രം പണം കണ്ടെത്തും.
എഴുതാനും വായിക്കാനുമറിയാമായിരുന്ന, അടിസ്‌ഥാന ജനാധിപത്യ മര്യാദകളെപ്പറ്റി ധാരണയുണ്ടായിരുന്ന അരുൺ ജെയ്റ്റ്‌ലി എന്നൊരു മന്ത്രി കേന്ദ്രത്തിൽ അന്നുണ്ടായിരുന്നു; ഇപ്പോൾ രാജ് നാഥ് സിങ് ഉള്ളതു പോലെ. അതിന്റെയൊരു മെച്ചം
ആ ഫണ്ടിലേക്ക് പണം എവിടെനിന്നു വരും?
അതിനായി ചില ആഡംബര വസ്തുക്കളുടെ മേൽ സെസ്സ് ചുമത്തും.
"അപ്പോൾ ഇതുവരെ എല്ലാം ശരിയല്ലേ കിട്ടുണ്ണിയേട്ടാ?"
"വളരെ ശരിയാണ്."
***
അങ്ങിനെ കേന്ദ്ര സർക്കാർ ഫണ്ട് കളക്ഷൻ തുടങ്ങി.
2017-18-ൽ സർക്കാർ 62,612 കോടി രൂപ പിരിച്ചു, സംസ്‌ഥാനങ്ങൾക്കു വന്ന വരുമാനക്കുറവിന്റെ അടിസ്‌ഥാനത്തിൽ 56,146 കോടി രൂപ അവർക്കു വീതിച്ചു കൊടുത്തു. 2018-19-ൽ 95,081 കോടി രൂപ പിരിച്ചു, 54,275 കോടി രൂപ കൊടുത്തു. അങ്ങിനെ വരുമ്പോൾ ആദ്യ വർഷത്തെ ബാക്കി 6,466 കോടി രൂപയും രണ്ടാമത്തെ വർഷത്തെ ബാക്കി 40,806 കോടി രൂപയും കൂട്ടി 47,272 കോടി രൂപ നമ്മുടെ സെസ് ഫണ്ടിൽ ഉണ്ടാകണം.
അതില്ല എന്നാണു സി എ ജി പറഞ്ഞിരിക്കുന്നത്.
ആ പണം എങ്ങോട്ടു പോയി?
ആ പണം കണ്സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ അഥവാ ഇന്ത്യയുടെ സഞ്ചിത നിധിയിലേക്ക് പോയി; അതിൽ നിന്നാണ് കേന്ദ്ര സർക്കാർ അതിന്റെ പദ്ധതികൾക്ക് പണം നൽകുന്നത്.
എന്നു വച്ചാൽ, പൊതുമേഖലാ മൊത്തം വിൽപ്പനയ്ക്ക് വെച്ചതും റിസർവ് ബാങ്കിന്റെ കരുതൽ ധനം മിക്കവാറും അടിച്ചു മാറ്റിയതും പോരാഞ്ഞു സംസ്‌ഥാനങ്ങൾക്കു കൊടുക്കാൻ വേണ്ടി പിരിച്ച പണവും എടുത്തു.
സംസ്‌ഥാനങ്ങൾക്കു കൊടുക്കാൻ വച്ചിരുന്ന പണം നിയമം ലംഘിച്ചു കേന്ദ്ര സർക്കാർ സ്വന്തം അക്കൗന്റിലേക്കു മാറ്റിയ നിയമ വിരുദ്ധത എണ്ണിപ്പറഞ്ഞത് ഭവന പദ്ധതി വിരുദ്ധ പ്രചാരണവുമായി നടക്കുന്ന എം എൽ എ അല്ല, ഈ രാജ്യത്തിന്റെ കണക്കുകൾ നോക്കാൻ ഭരണഘടനാ ഏർപ്പെടുത്തിയിരിക്കുന്ന സ്‌ഥാപനമാണ്.
നമ്മളറിഞ്ഞിരുന്നോ ഇക്കാര്യം? ചർച്ച ചെയ്തിരുന്നോ?
ഒന്നുകൂടി.
ഈ വർഷം കേന്ദ്രത്തിന്റെയും സംസ്‌ഥാനങ്ങളുടേയുമെല്ലാം ധനസ്‌ഥിതി വളരെ മോശമാണ് എന്നത് സത്യമാണ്. എന്നാൽ കഴിഞ്ഞ വർഷം പിരിച്ചതു കൊണ്ടു ഈ വർഷം കുറച്ചു കൂടെ എന്ന് ചോദിച്ചപ്പോൾ ബഹുമാനപ്പെട്ട ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ജി എന്താണ് പറഞ്ഞത്? ഒക്കെ ദൈവത്തിന്റെ കളിയാണ് (act of god) എന്ന്. എന്നിട്ടു കടമെടുത്തോളാൻ സംസ്‌ഥാനങ്ങൾക്കു ഉപദേശവും.
സെസ്സ് ഏർപ്പെടുത്തുമെന്നും പോരാതെ വരുന്ന പണം മറ്റു മാർഗ്ഗങ്ങളി കൂടി കണ്ടെത്തുമെന്നും പറഞ്ഞ പാർട്ടികൾ പിരിച്ച പണം പോലും വക മാറ്റി ചെലവാക്കി കൈമലർത്തിക്കാണിക്കുന്നു.
നമ്മളറിഞ്ഞിരുന്നോ?
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ, ഭരണഘടനപരമായും നിയമപരമായുമുള്ള ബാധ്യതകളെ ഒക്കെ കൊഞ്ഞനം കുത്തിക്കൊണ്ടു ഒരു സർക്കാർ പ്രവർത്തിക്കുന്ന കാര്യം ഒരു ഭരണഘടനാ സ്‌ഥാപനം ചൂണ്ടിക്കാണിച്ചപ്പോൾ അതിനെക്കുറിച്ച് നമ്മൾ ചർച്ച ചെയ്തോ എന്നാണ് ചോദ്യം.
***
കേരളത്തിന് ജി എസ് ടി കുറവ് കിട്ടാനുള്ളത് ഏകദേശം 7800 കോടി രൂപയാണ്. മുഴുവൻ കിട്ടിയില്ലെങ്കിൽ വേണ്ട, കൊട്ടത്താപ്പ് കണക്കെടുത്തു ജനസംഖ്യാനുപാതികമായി ആ 47,000 കോടിയുടെ മൂന്നു ശതമാനം കിട്ടിയിരുന്നെകിൽ ഏകദേശം 1400 കോടി കിട്ടിയേനെ. കേരളത്തിന് മാത്രമല്ല, ഇപ്പോൾ മഹാമാരി കൊണ്ടു നടുവൊടിഞ്ഞിരിക്കുന്ന എല്ലാ സംസ്‌ഥാനങ്ങൾക്കും അതൊരു ആശ്വാസമായേനെ.
സൂക്ഷ്മ ദർശനി ഉപയോഗിച്ച് സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാർഡിൽ സർക്കാർ എംബ്ലം എങ്ങിനെ വന്നു എന്നും, ഒരു ഖുർആന് ഇത്ര ഗ്രാം തൂക്കമെങ്കിൽ ഇത്ര ഖുർആന് തൂക്കം എന്ന് ഗണിച്ചും ഭൂതക്കണ്ണാടി വച്ച് വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ തലനാരിഴ കീരിയും, ഈന്തപ്പഴത്തിന്റെ കുരുവെണ്ണിയും കേരളീയരെ ഉദ്ബുദ്ധരാക്കുന്ന പ്രവർത്തകർ ആരെങ്കിലും കേന്ദ്ര സർക്കാർ കാണിച്ച ഈ നിയമലംഘനം സി എ ജി ചൂണ്ടിക്കാട്ടിയത് കണ്ടിരുന്നോ? അത് സംസ്‌ഥാനത്തെ എങ്ങിനെ ബാധിക്കുമെന്ന് നമ്മളോട് പറഞ്ഞിരുന്നോ?
എവടെ!
ഗുരുവായൂരിലെ ആനപ്പിണ്ടം എങ്ങിനെയായാൽ എന്ത്, പ്രസാദത്തിന്റെ ക്വാളിറ്റി നോക്കിയാൽ പോരെ നമുക്ക്, അല്ലെ?
No comments:
Post a Comment