Sunday, February 26, 2023

പൊയ്കയിൽ അപ്പച്ചൻ ; നവോത്ഥാനത്തിന്റെ വഴികാട്ടി

 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും വിവിധ സമുദായങ്ങൾക്കുള്ളിൽ സംഭവിച്ച സാംസ്കാരികചലനങ്ങളും ആഭ്യന്തര പരിഷ്കാരങ്ങളും നിലനിന്നിരുന്ന സാമ്പ്രദായിക സാമൂഹ്യ ജാതി അധികാര– ലിംഗ വ്യവസ്ഥിതിയെക്കുറിച്ചുണ്ടായ പുനരാലോചനകളും പുനക്രമീകരണങ്ങളും ചേർന്ന വ്യവഹാരത്തെയാണ് കേരളീയ നവോത്ഥാനമെന്ന്‌ പൊതുവെ വിളിക്കുന്നത്. പ്രധാനമായും സമൂഹത്തിന്റെ അടിത്തട്ടിൽ കീഴാളപക്ഷത്തുനിന്നുയർന്നു വന്ന ആശയസംവാദങ്ങളും പ്രായോഗികമുന്നേറ്റങ്ങളും ജാതികേരളത്തിൽനിന്ന്‌ ജനാധിപത്യകേരളത്തിലേക്ക് അനുക്രമമായി നാടിനെ വികസിപ്പിച്ച ചരിത്രം നവോത്ഥാനത്തെക്കുറിച്ചുള്ള വിശകലനത്തിൽ പ്രധാനപ്പെട്ടതാണ്. പരിഷ്കരണത്തിന്റെ പാതയിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും മഹാത്മാ അയ്യൻകാളിയുടെയും നേതൃത്വത്തിലുണ്ടായ സമരപോരാട്ടങ്ങളും നാഴികക്കല്ലുകളാണ്.

സമുദായപരിഷ്കരണത്തോടൊപ്പം ആധ്യാത്മികമായ നവീകരണവും വിഭാവനംചെയ്തു എന്നതാണ് പൊയ്കയിൽ അപ്പച്ചനെന്ന ശ്രീകുമാരഗുരുദേവന്റെ പ്രവർത്തനം ശ്രദ്ധേയമാകുന്നത്. ചരിത്രമെഴുത്തിൽ നിലനിന്നിരുന്ന സവർണ ആധിപത്യത്തെയും കൊളോണിയൽ മേധാവിത്വത്തെയും അവ എഴുത്തിൽ സൃഷ്ടിക്കുന്ന വൈരുധ്യങ്ങളെയും താരതമ്യേന സാവധാനത്തിൽ മറികടക്കുന്ന സവിശേഷചരിത്രം പൊയ്കയിൽ അപ്പച്ചന്റെ പ്രസ്ഥാനത്തിനുണ്ട്. ചരിത്രവായനയുടെ ദശാസന്ധിയിൽ ഇപ്രകാരമൊരു സാമൂഹ്യവിമർശം പൊയ്കയിൽ ശ്രീകുമാരഗുരു തന്നെ മറ്റൊരുവിധത്തിൽ പാട്ടിലൂടെ ഉയർത്തുന്നുണ്ട്. 

“കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ
എന്റെ വംശത്തിൻ കഥയെഴുതി വച്ചീടാൻ
ഉർവ്വിയിലൊരുവരുമില്ലാതെ പോയല്ലേ”

എല്ലാ പ്രത്യയശാസ്ത്രങ്ങളും ആത്മീയ ചിന്താപദ്ധതികളും തള്ളിക്കളഞ്ഞ ഒരു ജനതയെയും വംശത്തെയും അഭിസംബോധന ചെയ്തുകൊണ്ടാണ് നിലനിന്നിരുന്ന സാമൂഹ്യാവസ്ഥയോട് വിയോജനം രേഖപ്പെടുത്തുന്നത്.  കൊല്ലവർഷം 1054 കുംഭമാസത്തിൽ മധ്യതിരുവിതാംകൂറിൽ ഇന്നത്തെ പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ എന്ന ഗ്രാമത്തിലാണ് പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ ജനനം. ഇരവിപേരൂരിലെ സിറിയൻ ക്രൈസ്‌തവജന്മി കുടുംബമായിരുന്ന ശങ്കരമംഗലംകാരുടെ അടിമവേലക്കാരായിരുന്നു കുടുംബം. അച്ഛനമ്മമാർ നൽകിയ പേര് ‘കുമാരൻ’ എന്നായിരുന്നുവെങ്കിലും അന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ കീഴാളനായിരുന്നതിൽ ‘കൊമാരൻ’ എന്നാണ് വിളിക്കപ്പെട്ടത്.


 

അടിമയനുഭവങ്ങളെ ചരിത്രപരമായി അടയാളപ്പെടുത്തിയും അന്തസ്സിന്റെയും സ്വാഭിമാനത്തിന്റെയും സ്വാശ്രയജീവിതത്തിന്റെയും മൂല്യബോധ്യങ്ങളെ ഉൾക്കൊണ്ടും പാരതന്ത്ര്യത്തിന്റെ എല്ലാവിധ രൂപങ്ങളോടും കലഹിച്ചുമാണ് പൊയ്കയിൽ അപ്പച്ചൻ അടിസ്ഥാനജനതയോട് സംവദിച്ചത്. അധഃസ്ഥിതർ നേടിയെടുക്കേണ്ട പദവി, തങ്ങളുടെ പൊതുവിനിമയങ്ങളിലൂടെയും വൈയക്തികമായ പെരുമാറ്റത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ബോധ്യപ്പെടുത്തി. മാനവസമൂഹം ഏറെ വികസിതമായ ഇക്കാലത്ത്‌ അപ്രസക്തമെന്നു തോന്നുമെങ്കിലും, അക്കാലഘട്ടത്തിലെ  അപരിഷ്കൃതമായ ജീവിതസാഹചര്യങ്ങൾ മറികടക്കാൻ ഈ ഉപദേശങ്ങൾ അനിവാര്യമായിരുന്നു. വ്യക്തിശുചിത്വം പാലിക്കുക, അലക്കിവെളുപ്പിച്ച വസ്ത്രം ധരിക്കുക, നികൃഷ്ടമായ ഭക്ഷണം ഉപേക്ഷിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കുളി കഴിഞ്ഞുമാത്രം ഭക്ഷണം പാകം ചെയ്യുക, ചീത്തവാക്കുകൾ പറയാതിരിക്കുക, അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉപേക്ഷിക്കുക തുടങ്ങി വളരെ പ്രായോഗികമായ ഉപദേശങ്ങളായിരുന്നു ഇതിൽ ചിലത്.

പതിനെട്ടാം നൂറ്റാണ്ടിലെ മധ്യതിരുവിതാംകൂർ കേന്ദ്രികരിച്ചുണ്ടായ വ്യാപകമായ ക്രിസ്ത്യൻ മിഷണറി പ്രവർത്തനങ്ങൾമൂലം വലിയതോതിൽ മതപരിവർത്തനം നടക്കുകയുണ്ടായി. ജാതിവ്യവസ്ഥയിൽ അയിത്തജാതിക്കാർക്കു നേരിടേണ്ടി വരുന്ന പീഡനങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെയുള്ള പ്രതികരണമായും ഈ വിശ്വാസമാറ്റത്തെ പരിഗണിക്കാവുന്നതാണ്. മതം മാറി ക്രിസ്തുമതം സ്വീകരിച്ചിട്ടും അവിടെയും നിലനിന്ന ജാതിവിവേചനത്തെ വിമർശിക്കുന്ന ഒട്ടേറെ പാട്ടുകളുണ്ട്.  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ക്രൈസ്തവ മിഷണറികൾക്കിടയിൽ പൊയ്കയിൽ അപ്പച്ചന്റെ പ്രവർത്തനങ്ങൾ ഒട്ടേറെ ആത്മസംഘർഷങ്ങളെ സൃഷ്ടിച്ചു. തുടർന്ന് പല കാലങ്ങളിലായി പോപ്പുലർ അസംബ്ലിയിലും ശ്രീമൂലം പ്രജാസഭയിലും അംഗമായി നടത്തിയ പ്രസംഗങ്ങളും സമർപ്പിച്ച നിവേദനങ്ങളും കീഴാളരുടെ സാമൂഹ്യചലനാത്മകതയ്ക്കും അതിജീവനത്തിനും സവിശേഷമായ ചരിത്രാനുഭവങ്ങളാണ്. വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം അടക്കമുള്ള മനുഷ്യാവകാശങ്ങൾക്കുവേണ്ടി ശബ്ദം ഉയർത്താൻ കഴിഞ്ഞിരുന്നു. കേരളചരിത്രത്തിൽ ആദ്യമായി കീഴാള ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങളുടെ സ്ഥാപനം, തൊഴിൽശാലകളുടെ ആരംഭം, വിവിധ പ്രദേശങ്ങളിൽ വിലകൊടുത്തു സമ്പാദിക്കുന്ന ഭൂമി എന്നീ പ്രവർത്തനങ്ങൾ ആധുനികമായ ഒരു സമൂഹനിർമിതി ലക്ഷ്യംവച്ചുകൊണ്ടുള്ളതായിരുന്നു. പിആർഡിഎസ് സഭയുടെ ആധ്യാത്മിക വ്യാഖ്യാനങ്ങളും പാഠങ്ങളും വികസിച്ചു വന്നത് വ്യത്യസ്ത കാലഘട്ടങ്ങളിൽ ശ്രീകുമാരഗുരുദേവൻ നടത്തിയ യോഗങ്ങളിലൂടെയും രൂപപ്പെടുത്തിയ പാട്ടുകളിലൂടെയുമാണ്. ഇവിടെ ചരിത്രത്തിൽ ഇടമില്ലാതെ പോയ അനേകം മനുഷ്യരുടെ പ്രതിനിധാനമായും വിമോചനമായും ശ്രീകുമാരഗുരു അടയാളപ്പെടുന്നു.


Read more: https://www.deshabhimani.com/articles/poykayil-appachan-sreekumaragurudevan/1074357

Friday, February 24, 2023

ഫിറോസ് അറിയുന്നുണ്ടോ, ഈ ഗുസ്തിയും ദോസ്തിയും. മനോജ്‌ മേനോൻ

നരസിംഹറാവുവിനും മുന്നേ കോൺഗ്രസ് രാഷ്ട്രീയചരിത്രം മനഃപൂർവം മറന്നാൽ ഫിറോസ്‌ഗാന്ധിയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ അവഗണനയുടെ ഇരകളിലൊരാൾ
ഫിറോസ് ഗാന്ധി, ഇന്ദിരാ ഗാന്ധി, ജവഹർലാൽ നെഹ്‌റു | Photo: Mathrubhumi Archives 
പ്രഭാതഭക്ഷണമേശയ്ക്കുമുന്നിൽ അന്നും പതിവുപോലെ മൂന്നുപേരും ഇരുന്നു. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവും മകൾ ഇന്ദിരയും ഭർത്താവ് ഫിറോസ് ഗാന്ധിയും. ഇന്ദിര ആദ്യമായി കോൺഗ്രസ് പ്രസിഡന്റായ കാലം. കേരളമായിരുന്നു അക്കാലത്ത് തീൻമൂർത്തിയിലെ ഭക്ഷണമേശയിലും വിഷയം. കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ നാട്ടിൽ വിമോചനസമരവും രാജ്യതലസ്ഥാനത്ത് നാടകീയ നീക്കങ്ങളും അരങ്ങേറിയിരുന്ന 1959 ആയിരുന്നു വർഷം. കേരളത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ വേണമെന്ന് ഇന്ദിരയും 'ഇടപെട്ടള'യരുതെന്ന് പാർട്ടിയിലെ ഒരു വിഭാഗവും നെഹ്രുവിനുമേൽ സമ്മർദക്കലഹം പതിവാക്കിയ നാളുകൾ. 

എഴുതി 2016-ൽ പുറത്തിറങ്ങിയ 'ഫിറോസ്: ദ ഫോർഗോട്ടൻ ഗാന്ധി' എന്ന ഫിറോസ് ഗാന്ധിയുടെ ജീവചരിത്രത്തിലാണ് ഈ വെളിപ്പെടുത്തലുകൾ. പുസ്തകത്തിന്റെ ഇരുപത്തിയഞ്ചാം അധ്യായമായ കേരളത്തിലെ പ്രക്ഷോഭം അഥവാ 'അപ്ഹീവൽ ഇൻ കേരള' എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ.

ഫിറോസിനെ ആർക്കുവേണം?
ബെർട്ടിൽ ഫാൽകിനല്ലാതെ ആർക്കുവേണം ഫിറോസ് ഗാന്ധിയെ? കോൺഗ്രസിന് തീരെ വേണ്ട. രാജ്യത്തെ ബദൽ രാഷ്ട്രീയമെന്നവകാശപ്പെടുന്നവർക്ക് ഒട്ടും വേണ്ട. നരസിംഹറാവുവിനുംമുന്നേ കോൺഗ്രസ് രാഷ്ട്രീയചരിത്രം മനഃപൂർവം മറവിയാൽമൂടിയ ഫിറോസായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ അവഗണനയുടെ ഇരകളിലൊരാൾ. ലോക്സഭയിലെ കന്നിപ്രസംഗത്തിലൂടെ മുന്ദ്ര കുംഭകോണമുയർത്തി ധനമന്ത്രി ടി.ടി. കൃഷ്ണമാചാരിയെ വീഴ്ത്തി ജയന്റ് കില്ലറായതോ, ഇൻഷുറൻസ് ബിൽ ചർച്ചയിൽ ഇൻഷുറൻസ് കമ്പനികളുടെ ചൂഷണം ചൂണ്ടിക്കാട്ടിയതിലൂടെ 250 സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ദേശസാത്കരിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രാമുഖ്യത്തിന് വഴിയൊരുക്കിയതോ, ഏകാധിപത്യത്തെ ചെറുത്ത് ജനാധിപത്യത്തെ ഉയർത്തിപ്പിടിച്ചതോ, അഴിമതിക്കാരെ തെളിവുകളുടെ മുനയിൽ വിചാരണചെയ്തതോ, പൊതുമേഖലയുടെ പോരാളിയാണ് താനെന്ന് ഉറക്കെ പ്രഖ്യാപിച്ചതോ, കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടത് ജനാധിപത്യത്തിന്റെ കശാപ്പാണെന്ന് വിളിച്ചുപറഞ്ഞതോ..ഒന്നും ഇന്ത്യൻ രാഷ്ട്രീയത്തിന് ഫിറോസിനെ ഓർക്കാനുള്ള കാരണമാകുന്നില്ല! മറവിയുടെ പാഴ്മുറം പിടിക്കാൻ കോൺഗ്രസിന് കാരണങ്ങളുണ്ടെന്നു വാദിക്കാം. എന്നാൽ, ഫിറോസിന്റെ പോരാട്ടത്തിന് രാജ്യത്തെ ബദൽരാഷ്ട്രീയധാരകളുമായുള്ള സ്വരച്ചേർച്ച തിരിച്ചറിയാതെപോയതിന്റെ നഷ്ടം അപരിഹാര്യമെന്ന് രാഷ്ട്രീയചരിത്രം. 

തോറ്റതാര്? ജയിച്ചതാര്?
കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെച്ചൊല്ലി പാർട്ടിയിൽനടന്ന യുദ്ധത്തിൽ ഫിറോസ് തോറ്റു. മകളുടെ ആവശ്യത്തിന് നെഹ്രു വഴങ്ങിയെന്ന് ഫാൽക് മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയചരിത്രകാരന്മാരും പറയുന്നു. ഇ.എം.എസ്. സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. ഇക്കാര്യത്തിൽ പരാജയപ്പെട്ടെങ്കിലും ജനാധിപത്യമൂല്യങ്ങൾക്കുവേണ്ടി ഫിറോസ് പോരാട്ടം മതിയാക്കിയില്ലെന്ന് ജീവചരിത്രകാരൻ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. കമ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിക്കാൻ കോൺഗ്രസ് വർഗീയതയുമായി സന്ധിചെയ്തെന്ന് പാർട്ടിക്കകത്തും പുറത്തും ഫിറോസ് കുറ്റപ്പെടുത്തി. ''എവിടെയാണ് കോൺഗ്രസ്? എന്താണ് കോൺഗ്രസിന്റെ തത്ത്വശാസ്ത്രങ്ങൾ? കേരളത്തിൽ ഇന്ന് സ്വന്തം തകർച്ചയുടെ ഉപകരണം നിങ്ങൾ വ്യാജമായി നിർമിച്ചു. ഈ ഉപകരണത്തെ നമ്മൾ നശിപ്പിച്ചില്ലെങ്കിൽ ഈ ഉപകരണം നമ്മളെ നശിപ്പിക്കാൻ പോകുന്നു.'' കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഫിറോസ് ഗാന്ധി ആഞ്ഞടിച്ചു. ആശയങ്ങൾ അവശേഷിപ്പിച്ച് ഫിറോസ് ഗാന്ധി കാലത്തിന്റെ തിരശ്ശീലയ്ക്കുപിന്നിൽ മറഞ്ഞു. മറ്റൊരു ആശയപ്പോരാട്ടത്തിൽ കമ്യൂണിസ്റ്റുപാർട്ടികൾ പിളർന്നു. ഫിറോസിന്റെ പാർട്ടി മൂന്നാം തലമുറ നേതാക്കളുടെ കൈകളിലായി. മറവിയുടെ മണ്ണടരുകൾക്കിടയിൽ കോൺഗ്രസ് ഫിറോസിനെ മൂടിയതും, കമ്യൂണിസ്റ്റ് സർക്കാരിനും പൊതുമേഖലയ്ക്കുംവേണ്ടി ഫിറോസ് നടത്തിയ പോരാട്ടം ഇടതുരാഷ്ട്രീയം കാണാതെപോയതും രാഷ്ട്രീയത്തിലെ കറുത്തഫലിതം. പക്ഷേ, കേരളത്തിൽ തമ്മിലടിക്കുന്ന, ആശയങ്ങളിലും സമീപനത്തിലും രണ്ടു ധ്രുവങ്ങളിലായ, പരസ്പരം മുറിവേറ്റ, രണ്ടു പാർട്ടികൾ ബംഗാളിലും ത്രിപുരയിലും കൈകോർക്കുമ്പോൾ ഫിറോസ് അത് കാണുന്നുണ്ടോ? ഫിറോസ് അറിയുന്നുണ്ടോ, ഈ ഗുസ്തിയും ദോസ്തിയും? 

https://newspaper.mathrubhumi.com/features/edit-page/editpage-1.8339471