രണ്ടാം പിണറായി വിജയൻ മന്ത്രി സഭയുടെ അവസാന ബജറ്റ് ആണ് ധന മന്ത്രി ബാലഗോപാൽ അവതരിപ്പിച്ചത്.
പത്തു വർഷത്തെ തുടർച്ചയായ ഭരണം നൽകിയ നേട്ടങ്ങൾ / മാറ്റങ്ങൾ എന്തൊക്കെ എന്നത് പറയുക സ്വാഭാവികമാണ്. അതു കൊണ്ട് തന്നെ ബജറ്റ് സംബന്ധിച്ച ചർച്ചകളിൽ ഇതു പ്രത്യേകം തന്നെ കണ്ടു പോകേണ്ടതുണ്ട്.
രണ്ടാമത്തെ ഭാഗം 2026-2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന്റെ ഹൈ ലൈറ്റ്സ് എന്തൊക്കെയാണ് എന്നതാണ്. ബജറ്റ് ഒന്നു പൊതുവിൽ നോക്കാം.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ക്ഷേമ പെൻഷൻ ചെലവ് 10700 കോടി രൂപയായിരുന്നു. ഇത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 35089 കോടി രൂപയായി ഗണ്യമായി കൂടി. രണ്ടാം പിണറായി സർക്കാർ ഇത് വരെ 48384 കോടി രൂപ കൊടുത്തു കഴിഞ്ഞു. മാർച്ചാ കുമ്പോഴേക്കും ചെലവ് 54000 കോടി രൂപയാകും. രണ്ടു ഇടതുപക്ഷ സർക്കാറുകളുടെ കാലത്തെ ക്ഷേമ പെൻഷൻ ചെലവ് 90000 കോടി രൂപ. തുകയിലും എണ്ണത്തിലും വന്ന വലിയ വർദ്ധനവും വിതരണത്തിലെ കൃത്യതയുമാണ് ഈ വലിയ നേട്ടത്തിനു ആധാരം.
ക്ഷേമ പെൻഷൻ തടസമില്ലാതെ വിതരണം ചെയ്യാൻ 14500 കോടി രൂപയാണ് 26-27 വർഷത്തേക്ക് വകയിരുത്തിയിരിക്കുന്നത് .
മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയിൽ തുടക്കത്തിൽ തന്നെ 16.32 ലക്ഷം പേർക്ക് പ്രതിമാസം 1000 രൂപ വീതം ലഭിച്ചു തുടങ്ങുന്നു. ഇതിന്റെ 26-27 ലെ വകയിരുത്തൽ 3720 കോടി രൂപയാണ്.
മുഖ്യ മന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ക്ഷിപ്പ് എന്ന പദ്ധതിയിൽ അഞ്ച് ലക്ഷം ചെറുപ്പക്കാര്‍ക് പ്രയോജനം ലഭിക്കും. ഇതുവരെ ഈ പദ്ധതിയില്‍ 68,731 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനുള്ള വകയിരുത്തൽ 400 കോടി രൂപയാണ് .
ലൈഫ് പദ്ധതിയിൽ 481935 വീടുകൾ കൈമാറി. 43000 വീടുകളുടെ നിർമ്മാണം പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. സർക്കാർ കാലാവധിയിൽ ലൈഫ് വീടുകളുടെ എണ്ണം 5.25 ലക്ഷം ആകും. പുനർഗേഹം പദ്ധതിയിൽ 3408 വീടുകളും കൈമാറി. 2000 വീടുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലുമാണ്.
ലൈഫ് വീടുകളിൽ (ഒക്ടോബർ 31 വരെയുള്ള കണക്കുകൾ പ്രകാരം- economic review തരുന്ന കണക്ക്) 1,25,360 വീടുകൾ പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർക്കും 45976 വീടുകൾ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർക്കുമാണ് കൈമാറിയത്. പട്ടിക വിഭാഗത്തിന് ആകെ 171336 വീടുകൾ. ഇത് ഒക്ടോബർ 31 ലെ കണക്കുകൾ പ്രകാരം നിർമ്മിച്ച ആകെ വീടുകളുടെ 36.35 ശതമാനമാണ്. ലൈഫ് പോലുള്ള പദ്ധതികൾ പിന്നാക്ക സമൂഹങ്ങളെ എങ്ങനെയാണ് കരുതലോടെ ചേർക്കുന്നത് എന്നതാണ് ഈ കണക്ക് കാണിക്കുന്നത്.
25 ലക്ഷം രൂപ വരെ സ്കോളർഷിപ് നൽകുന്ന ഉന്നതി ഓവർ സീസ് പഠന സഹായം കിട്ടിയത് 1104 പേർക്കാണ്. ഇത് ഉണ്ടാക്കുന്ന മാറ്റം എത്ര വലുതാണ് എന്നത് കാണണം.
അങ്കണ വാടി, ആശ, സ്കൂൾ പാചക തൊഴിലാളികൾ, പ്രീ പ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരക്മാർ തുടങ്ങി സ്കീം വിഭാഗം തൊഴിലാളികളുടെ സംസ്ഥാനം നൽകുന്ന വേതനം വർദ്ധിപ്പിച്ചു. സ്കീം വിഭാഗം തൊഴിലാളികളുടെ ദേശീയ ഡിമാൻഡ് ഉയർത്തിപ്പിടിക്കുകയും അവരെ ഒന്നായി കാണുകയും ആവുന്നത്ര സംസ്ഥാന വിഹിതം ഒരേ പോലെ വർദ്ധിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഒരു കോടി മനുഷ്യർക്ക് സാമൂഹ്യ സുരക്ഷാ പരിപാടികളുടെ സംരക്ഷണം ( ക്ഷേമ/ സാമൂഹ്യ സുരക്ഷാ പെൻഷൻ 62 ലക്ഷം, സ്ത്രീ സുരക്ഷാ പദ്ധതി-36 ലക്ഷം, കണക്ട് ടു വര്‍ക്ക് സ്കോളര്‍ക്ഷിപ്പ്- 5 ലക്ഷം ), ഒരു കോടി മനുഷ്യർക്ക് സൌജന്യ ചികിൽസ, അഞ്ചു ലക്ഷം അടച്ചുറപ്പുള്ള വീടുകൾ, 103099 പേരെ അതി ദാരിദ്ര്യത്തിൽ നിന്നും കൈപിടിച്ചുയർത്തിയത്, അവർക്ക് തുടർപിന്തുണ ഉറപ്പാക്കുന്ന പദ്ധതികൾ- ഇതാണ് പത്തു കൊല്ലത്തെ ഇടതു സർക്കാർ നേട്ടങ്ങളുടെ സുപ്രധാന വശം.
ബിരുദ തലം വരെയുള്ള വിദ്യാഭ്യാസം സൌജന്യമാക്കുന്ന തീരുമാനം ചരിത്രപരമാണ്. സൌജന്യ സ്കൂൾ വിദ്യാഭ്യാസം എന്ന ആദ്യ കമ്യൂണിസ്റ്റ് സരക്കാറുകളുടെ തീരുമാനം എത്രമാത്രം ലിബറേറ്റിങ് ആയ ഒന്നായി മാറി എന്നതാണ് ഐക്യ കേരളത്തിന്റെ അനുഭവം. മാറിയ കാലത്തെ മാറിയ ആവശ്യങ്ങളെ ഒരു ഇടതുപക്ഷ സർക്കാർ എൻഗേജ് ചെയ്യുന്നതിന്റെ ഏറ്റവും ഉദാത്തമായ പ്രഖ്യാപനമാണിത്.
കിഫ്ബി തകർക്കാൻ എല്ലാ അടവുകളും പയറ്റിയവരുടെ മുന്നിലാണ് അടിസ്ഥാന സൌകര്യ വികസനത്തിൽ അത്ഭുതങ്ങൾ തീർത്ത് കിഫ്ബി 96,531.14 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നത്.
ഈ അടിസ്ഥാന സൌകര്യ പദ്ധതികളുടെ ഗുണ ഫലം അളക്കാൻ കഴിയുന്ന ഒരു മേഖല ഐടി വികസനമാണ്. IT കയറ്റുമതി 2011- 2016 ലെ 8500 കോടി രൂപയിൽ നിന്നും 26252 കോടി രൂപയായി കുതിച്ചുയർന്നു . ബിൽറ്റ്അപ് സ്പേസ്, കണക്റ്റിവിറ്റി, റോഡുകൾ ഇവ എല്ലാത്തിലും വന്ന അഭൂതപൂർവ്വമായ ഉയർച്ചയുടെ പ്രതിഫലനമാണിത്. ഐടി കമ്പനികളുടെ എണ്ണം 650 ൽ നിന്നും 1160 ആയിവർദ്ധിച്ചു.
പുതിയ 3.92 ലക്ഷം സംരംഭങ്ങളും 22000 കോടി രൂപയുടെ നിക്ഷേപവും 7.5 ലക്ഷം തൊഴിലുകളും വന്നതിന്റെ ഒരു പ്രധാന കാരണം ഈ പശ്ചാത്തല സൌകര്യ നിർമ്മിതിയാണ്. രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയ ബിസിനസ് സൌഹൃദ അന്തരീക്ഷം നേരത്തെ ആലോചിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല എന്നതും കാണണം.
ദേശീയ പാത, വിഴിഞ്ഞം, വയനാട് തുരങ്കപ്പാത, തീരദേശ പാത, മലയോര ഹൈവേ, 18000 കിലോ മീറ്റർ ബി. എം. & ബി. സി. റോഡുകൾ, 100 റയിൽവെ മേൽപ്പാലങ്ങൾ, 600 ലധികം സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രികൾ, കാത്ത് ലാബുകൾ, കൊച്ചി കാൻസർ സെന്റർ, കുടിവെള്ള പദ്ധതികൾ, ട്രാൻസ് ഗ്രിഡ്, പുത്തൂർ സുവോളജിക്കൽ പാർക്ക് ഇങ്ങനെ എണ്ണിയാൽ തീരാത്ത വികസന പദ്ധതികൾ കിഫ്ബിയുടേതാണ്.
പത്തു വർഷമായി കേരളം പവർ കട്ടോ ലോഡ് ഷെഡ്ഡിങോ അനുഭവിക്കുന്നില്ലല്ലോ? ഇവയൊക്കെ എന്താണ് എന്നത് ചെറിയ കുട്ടികൾക്ക് അറിയുക തന്നെയില്ല.
KSRTC യ്ക്കു ഇടതുപക്ഷ സർക്കാറുകൾ നൽകിയത് 13528 കോടി രൂപയാണ്. ഒന്നാം പിണറായി സർക്കാർ 5002 കോടി രൂപയും, രണ്ടാം സർക്കാർ 8526 കോടി രൂപയും. ഉമ്മൻ ചാണ്ടി സർക്കാർ നൽകിയത് 1467 കോടി രൂപയായിരുന്നു.
ഈ സമീപനമാണ് പൊതുമേഖലയോടു പൊതുവിൽ LDF സർക്കാർ സ്വീകരിച്ചത്. വെള്ളൂർ ന്യൂസ് പ്രിന്റ് തുടങ്ങി എത്ര ഉദാഹരണങ്ങളുമുണ്ട്.
കരുതലും പുതിയ കാലത്തിനു വേണ്ട വികസനവും സമന്വയിപ്പിക്കുകയും അവയുടെ തുടർച്ച ഉണ്ടാക്കുന്നതിനും വേണ്ട അലൊക്കേഷനുകളും പദ്ധതികളുമാണ് പുതിയ ബജറ്റ്.
വിവിധ അസംഘടിത മേഖലകളിൽ പണിയെടുക്കുന്നവർക്കും ഗിഗ് തൊഴിലാളികൾക്കും ആരോഗ്യ ഇൻഷൂറൻസ്, അപകട ഇൻഷൂറൻസ്, എന്നിങ്ങനെ പലതരം പരിരക്ഷകൾ പുതിയതായി കൊണ്ട് വരുന്നു. നമ്മുടെ തൊഴിൽ മേഖലയിൽ വരുന്ന മാറ്റം മനസിലാക്കി അവിടെ സർക്കാർ കരുതൽ എത്തേണ്ടതിന്റെ ആവശ്യകത അറിഞ്ഞാണ് ഈ മാറ്റം.
ഓട്ടോ തൊഴിലാളികൾക്കുള്ള സ്ക്രാപ്പിങ് സഹായം മുതൽ സ്മാർട്ട് സ്റ്റാൻഡുകൾ വരെ ഭാവനാ പൂർണ്ണമായ മുൻകയ്യാണ്.
റെയർ എർത്ത് കോറിഡോർ , റെയര്‍ എര്‍ത് & ക്രിട്ടികല്‍ മിനറല്‍സ് മിഷന്‍ എന്നിവ ഭാവി കേരളത്തിനുള്ള വലിയ ഈടു വെയ്പ്പാണ്. വിഴിഞ്ഞം വിഭാവനം ചെയ്ത ഇടതുപക്ഷം അതുപോലെ ചരിത്ര പ്രധാനമാകാൻ സാധ്യതയുള്ള മറ്റൊരു മുൻകൈ ആണ് ഈ പ്രഖ്യാപനങ്ങൾ വഴി നടത്തുന്നത് എന്നു നിസംശയം പറയാം.
കിഫ്ബിയെയും അതിന്റെ പദ്ധതിയകളെയും മുന്നോട്ട് കൊണ്ട് പോകാൻ ശ്രദ്ധിക്കുന്നു. വിഴിഞ്ഞവും അതിന്റെ ലാണ്ട്വേർഡ് വികസനവും മുന്നോട്ട് കൊണ്ട് പോകുന്നു. ഇങ്ങനെ ഇടതുപക്ഷ ബദൽ സമീപനങ്ങളിൽ ഊന്നുന്ന സമഗ്രമായ ഒരു ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.
ബജറ്റ് കണക്കുകൾകൂടി ചരുക്കത്തിൽ നോക്കാം.
239907.14 കോടി രൂപ വരവും ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് 2026-2027 ലേത്.
182972.10 കോടി രൂപയാണ് റവന്യൂ വരുമാനം. ഇതിൽ 114358.24 കോടി രൂപയും തനതു വരുമാനമാണ്.
യൂണിയൻ ട്രാൻസ്ഫറായി പ്രതീക്ഷിക്കുന്നത് 68613.86 കോടി രൂപയാണ്. അതായത് ആകെ റവന്യൂ വരുമാനത്തിന്റെ 37.5 % ആണ് യൂണിയൻ ട്രാൻസ്ഫർ ആയി ബജറ്റ് കണക്ക് കൂട്ടുന്നത്.ആകെ റവന്യൂ വരുമാനത്തിൽ 62.5 ശതമാനവും സംസ്ഥാന തനതു റവന്യൂ വരുമാനമായിരിക്കും. 2025-2026 ലെ പുതുക്കിയ കണക്കുകൾ പ്രകാരം യൂണിയൻ നികുതി വിഹിതം 27382.06 കോടി രൂപയാണ്. വരും വർഷം ഇത് 42114.32 കോടി രൂപയായി ഉയരും എന്നതാണ് ബജറ്റ് അനുമാനം. യൂണിയൻ നികുതി വിഹിതത്തിൽ 53.8 ശതമാനം വർദ്ധന പ്രതീക്ഷിച്ചാണ് ബജറ്റ് കണക്കുകൾ. പതിനാറാം ധനക്കമ്മീഷൻ ശുപാർശകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. പത്താം ധനക്കമ്മീഷൻ കാലത്തെ നികുതി വിഹിതത്തെ അപേക്ഷിച്ച് ഏതാണ്ട് 58 ശതമാനം ഇടിവാണ് പതിനഞ്ചാം ധനക്കമ്മീഷൻ കാലത്ത് കേരളം നേരിട്ടത്. രാജ്യത്ത് ഏറ്റവും അധികം നികുതി വിഹിത നഷ്ടം നേരിട്ടത് കേരളമാണ്. 2026 ഏപ്രിൽ 1 മുതലുള്ള ധന വിന്യാസം പതിനാറാം ധനക്കമ്മീഷൻ ശുപാർശകൾ അനുസരിച്ചാണ്. അപ്പോൾ വരുന്ന ധനക്കമ്മീഷൻ ശുപാർശ കേരളത്തിനു ഫെയർ ഷെയർ ഉറപ്പാക്കുമോ എന്നത് ഈ ബജറ്റ് നടപ്പിലാകുന്നതിൽ അതീവ പ്രധാനമാണ് എന്നു കാണണം. ഇക്കൊല്ലം പുതുക്കിയ കണക്കുകൾ പ്രകാരം യൂണിയൻ ഗ്രാന്റ് 7208.87 കോടി രൂപയാണ്. 2026-2027 ൽ പ്രതീക്ഷിക്കുന്നത് 26499.54 കോടി രൂപയാണ്. പ്രതീക്ഷിക്കുന്ന വർദ്ധനവ് 267.6 ശതമാനമാണ്. ധനക്കമ്മീഷൻ റവന്യൂക്കമ്മി ഗ്രാന്റ് പുനസ്ഥാപിച്ചാൽ മാത്രമേ ഈ വർദ്ധനവ് സാധ്യമാകൂ. യൂണിയൻ നികുതി വിഹിതവും റവന്യൂ കമ്മിഗ്രാണ്ടും ഇങ്ങനെ ഉയരുമോ എന്നത് കണ്ടു തന്നെ അറിയണം.
ആകെ വരുമാനത്തിൽ 55419.51 കോടി രൂപയാണ് വായ്പ. നടപ്പു വർഷത്തെ പുതുക്കിയ കണക്കുകൾ പ്രകാരമുള്ള വായ്പയായ 53949.5 കോടി രൂപയിൽ നിന്നും 1470.01 കോടി രൂപ മാത്രമാണ് കൂടുന്നത്. ആകെ വരുമാനത്തിന്റെ 23.1 ശതമാനമാണ് വായ്പ വരുമാനം. ആകെ വരുമാനത്തിന്റെ 76.9 ശതമാനവും വായ്പ ഇതര വരുമാനമാണ്.
ആകെ ചെലവായ 239907.14 കോടി രൂപയിൽ 217558.76 കോടി രൂപ റവന്യൂ ചെലവാണ്. റവന്യൂ ചെലവ് 90.69 ശതമാനമാണ്. ഇതിൽ മൂലധനചെലവ് സ്വഭാവമുള്ളത് 8613.10 കോടി രൂപയാണ്. അതു കിഴിച്ചാൽ റവന്യൂ ചെലവ് 208945.66 കോടി രൂപയാണ്. ഇത് ആകെ ചെലവിന്റെ 87.09 ശതമാനമാണിത് .
ആകെ മൂലധന ചെലവ് 22348.38 കോടി രൂപയാണ്. ആകെ ചെലവിന്റെ 9.31 ശതമാനം. എന്നാൽ മൂലധന സ്വഭാവമുള്ള റവന്യൂ ചെലവായ 8613.10 കോടി രൂപ അടക്കം ആകെ മൂല ധന ചെലവ് 30961.48 കോടി രൂപയാണ്. ഇത് ആകെ ചെലവിന്റെ 12.9 ശതമാനമാണ്.
റവന്യൂക്കമ്മി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 2.12 ശതമാനമാണ്. എന്നാൽ മൂലധന സ്വഭാവമുള്ള റവന്യൂ ചെലവുകൾ കൂടി കണക്കിലെടുത്താൽ effective revenue deficit 1.59 ശതമാനമായിരിക്കും. ധനക്കമ്മി പ്രതീക്ഷിക്കുന്നത് 3.4 ശതമാനമാണ്.
2027 മാർച്ച് മാസത്തെ സംസ്ഥാനത്തിന്റെ ആകെ സഞ്ചിത ബാധ്യത 554540 കോടി രൂപയായിരിക്കും. ഇത് സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 34 ശതമാനമായിരിക്കും. സഞ്ചിത ബാധ്യത ഒരു ശതമാനം കണ്ടു കുറയുകയാണ് ചെയ്യുക.
ആകെ റവന്യൂ ചെലവിന്റെ 60.4 ശതമാനമാണ് ഇപ്പോൾ ശമ്പളം, പെൻഷൻ , പലിശ ചെലവുകൾ. ഇത് 60 ശതമാനമാകും.
പലിശ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 2.23 ശതമാനം എന്നത് 2.11 ശതമാനമായി കുറയും.
പത്തു വർഷത്തെ നേട്ടങ്ങൾ കൺസോളിഡേറ്റ് ചെയ്ത് മുന്നോട്ടുളള വഴി വ്യക്തമാക്കുന്ന ബജറ്റാണ് 2026-2027 ലേത് എന്നു പറയാം.
©Gopkumar Mukundan
സംസ്ഥാന ബജറ്റ് സാർവ്വത്രിക ജനകീയ അംഗീകാരം നേടിയതോടെ UDF ഉം മനോരമാദി മാധ്യമങ്ങളും കടപ്പെരുക്കം സംബന്ധിച്ച സ്തോഭജനകമായ കഥകളുമായി ഇറങ്ങിയിട്ടുണ്ട്.
കഥയുടെ ചുരുക്കം ഇതാണ്. എന്തെല്ലാം നേടിയാലും ഈ കമ്മി സർക്കാർ കടം പെരുപ്പിച്ചു നാട് മുടിച്ചു എന്നതാണ് ആഖ്യാനം.
കഴിഞ്ഞ 20 കൊല്ലത്തെ കടം വർദ്ധനയുടെ കഥയാണ് പട്ടികയിലുള്ളത്. സൗകര്യത്തിന് നമ്മുടെ സംസ്ഥാന ഭരണ കാലം വെച്ചാണ് കണക്ക് കൊടുത്തിട്ടുള്ളത്. അയ്യഞ്ചു ആണ്ടുകൾ കൂടുമ്പോൾ കടം
( Total Outstanding Liability ) എത്ര കൂടി എന്നതാണ് നോക്കുന്നത്. സഞ്ചിത കട ബാധ്യതയുടെ തുകയും വർദ്ധനവിന്റെ ശതമാനവുമാണ് കൊടുത്തിരിക്കുന്നത്. കേരളത്തിന്റേത് മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളുടെയും ആകെ ബാധ്യതയും യൂണിയൻ സർക്കാരിന്റെ ബാധ്യയതയും പട്ടികയിലുണ്ട് . ഒരു താരതമ്യ മനസിലാക്കലിന് ഉതകും.
2006- 2011 കാലത്ത് 75.35 % ആയിരുന്നു കേരളത്തിന്റെ കട ബാധ്യതയിലെ വർദ്ധനവ്. ഇതേ കാലയളവിൽ യൂണിയൻ സര്ക്കാരിന്റേത് 72.03 ശതമാനവും എല്ലാ സംസ്ഥാനങ്ങളുടെയും കൂട്ടായ ബാധ്യതയിൽ 59.35 % വർദ്ധനവും ഉണ്ടായി. സ.വി. എസ്. അച്ചുതാനന്ദൻ മന്ത്രിസഭയുടെ കാലമായിരുന്നു ഇത്.
2011-2016 ലെ ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് കേരളത്തിന്റെ കട ബാധ്യതയിലെ വർദ്ധനവ് 93.6 % ആയിരുന്നു. യൂണിയൻ സര്ക്കാരിന്റേത് 74.85% ഉം എല്ലാ സംസ്ഥാനങ്ങളുടെയും കൂട്ടായ ബാധ്യത 75.95% വർദ്ധിച്ചു.
2016- 2021 കാലത്തെ കേരളത്തിന്റെ കട ബാധ്യതയിലെ വർദ്ധനവ് 91.56% ആയിരുന്നു. കോവിഡ് കാലമായിരുന്നിട്ടും ഉമ്മൻചാണ്ടി സർക്കാർ കാലത്തെ വർധനവിൽ കേരളം എത്തിയില്ല. എല്ലാ സംസ്ഥാനങ്ങളുടെയും കൂട്ടായ ബാധ്യതയിൽ 91.26 % വർദ്ധനവ് ഈ കാലയളവിൽ ഉണ്ടായി എന്നതും ശ്രദ്ധിക്കണം. കോവിഡ് കാലത്തെ അധിക വായ്പ പ്രധാന സംസ്ഥാനങ്ങൾ ഉപയോഗപ്പെടുത്തി എന്നതാണ് കാരണം. യൂണിയൻ സര്ക്കാരിന്റേത് 75.03% ആണ്.
2021-2026 കാലത്ത് 60.68% ആണ് വർദ്ധനവ്.എല്ലാ സംസ്ഥാനങ്ങളുടെയും നാലു കൊല്ലത്തെ വർദ്ധനവ് ( 2025 മാർച് വരെ ) 52.61 ശതമാനമാണ്. 2026 മാർച്ച് വരെയുള്ള കണക്കുകൾ വരുമ്പോൾ കേരളത്തിന്റെ അതേ നിലയിൽ എല്ലാ സംസ്ഥാനങ്ങളുടെയും സ്ഥിതി എത്തും. യൂണിയൻ സർക്കാർ ബാധ്യതയിൽ 61.38 ശതമാനം വർദ്ധനവ് ഉണ്ടായി.
പ്രചരിപ്പിക്കപ്പെടുന്നതു പോലെ കഴിഞ്ഞ പത്തു കൊല്ലമായി പിണറായി വിജയൻ സർക്കാരുകളുടെ കാലത്ത് കേരളത്തിന്റെ കടം അസാധാരണമായി പെരുകുകയായിരുന്നില്ല എന്നതാണ് കണക്കുകൾ കാണിക്കുന്നത്. കോവിഡ് കാലത്തു തന്നെ എല്ലാ സംസ്ഥാനങ്ങളുടെയും പ്രവണതയുമായി ചേർന്നു പോകുന്നതാണ് നമ്മുടെ സ്ഥിതിയും. 2021-2026 കാലത്തും ദേശീയ പ്രവണതയുമായി കൃത്യം ചേർന്നുള്ള കണക്കാണ് കേരളത്തിന്റേത്.
ഒരു പ്രത്യേക സാഹചര്യവും ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ കാലത്ത് കട ബാധ്യതയിൽ വന്ന പെരുക്കം 93.6 % ആയിരുന്നു.
ഇതാണ് വസ്തുതയും കണക്കും. റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ച കണക്കുകളാണ് ഈ പട്ടികയ്ക്ക് ആധാരം
No comments:
Post a Comment