Wednesday, January 17, 2024
ത്രിപുരയിൽ തകർക്കപ്പെടുന്ന പൊതുവിദ്യാഭ്യാസമേഖല
@ഷുവജിത് സർക്കാർ
ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തെ മനോഹരമായ സംസ്ഥാനങ്ങളിലൊന്നായ ത്രിപുരയിൽ 2018ൽ ബിജെപി അധികാരമേറ്റതോടെ വലിയ രാഷ്ട്രീയമാറ്റമുണ്ടായി. ത്രിപുരയെ വികസിപ്പിക്കുമെന്നും സംസ്ഥാനത്തെ യുവാക്കൾക്കുവേണ്ടി വലിയ വളർച്ചയുണ്ടാക്കുമെന്നുമായിരുന്നു ബിജെപി ത്രിപുരയിലെ ജനങ്ങൾക്കു നൽകിയ വാഗ്ദാനം.
മണിക് സർക്കാർ
എന്നാൽ യഥാർഥത്തിൽ കാര്യങ്ങൾ നേരെമറിച്ചാണ്. 25 വർഷം സംസ്ഥാനം ഭരിച്ച ഇടതുമുന്നണിസർക്കാർ സംസ്ഥാനത്തും അതിലെ ജനങ്ങൾക്കും വലിയതോതിലുള്ള വികസനം കൊണ്ടുവന്നു.
ഇടതുസർക്കാർ അധികാരത്തിൽ നിന്നും ഇറങ്ങിയതിനാൽ പൂർത്തീകരിക്കപ്പെടാതെപോയ പല പദ്ധതികളുമുണ്ട്. 2018 നു മുമ്പ് മണിക് സർക്കാരിന്റെ കാലത്ത് ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർക്കും അല്ലാത്തവർക്കും ഒന്നിച്ചിരുന്ന് പഠിക്കാൻ പുതിയ സ്കൂളുകളും കോളേജുകളും സ്ഥാപിക്കുകയുണ്ടായി.
അത്തരത്തിൽ ത്രിപുര ഏറെ അഭിവൃദ്ധി നേടിയെങ്കിലും ധനമൂലധനത്തിന്റെയും കോർപ്പറേറ്റുകളുടെയും ഗൂഢതന്ത്രത്തിലൂടെയും അവരുടെ കടന്നുകയറ്റത്തിലൂടെയും സംസ്ഥാനത്ത് ബിജെപി അധികാരം കൈയ്യടക്കി. ഇവിടെനിന്നും ലാഭം കൊയ്യണമെങ്കിൽ ഇടതുസർക്കാർ അധികാരത്തിൽ ഇരിക്കാൻ പാടില്ലായെന്ന് കോർപ്പറേറ്റുകളും സമൂഹത്തിലെ വരേണ്യവർഗത്തിനനുകൂലമായി നിൽക്കുന്നവരും മനസ്സിലാക്കി.
ഇന്ത്യയുടെ വികസനത്തെക്കുറിച്ച് വെറും വാചകമടിമാത്രം നടത്തുന്ന ബിജെപി മറ്റു സംസ്ഥാനങ്ങളിൽ ചെയ്തതുപോലെ അധികാരത്തിലേറിയശേഷം ത്രിപുരയിലെ വിദ്യാഭ്യാസമേഖലയെ പാടെ അവഗണിച്ചു. ഫീസും വിദ്യാഭ്യാസച്ചെലവും കുത്തനെ വർധിച്ചു.
ദേശീയ വിദ്യാഭ്യാസനയവും വിദ്യാഭ്യാസമേഖലയിലെ സ്വകാര്യവൽക്കരണവും ഒരു വലിയ വിഭാഗം സാധാരണക്കാര, പ്രത്യേകിച്ച്, പിന്നോക്കവിഭാഗത്തിൽപ്പെട്ടവരെ വിദ്യാഭ്യാസത്തിൽനിന്നും പിന്തിരിയാൻ നിർബന്ധിതരാക്കി. ലളിതമായി പറഞ്ഞാൽ വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞതോ സൗജന്യമായതോ ആയ വിദ്യാഭ്യാസം നൽകാനുള്ള ഉത്തരവാദിത്തത്തിൽനിന്നും സർക്കാർ സംവിധാനമാകെ പിൻമാറുകയാണ്.
ഇതിനെതിരെ, ത്രിപുരയിൽ വിദ്യാർഥികളുടെ അവകാശങ്ങൾക്കായി എസ് എഫ് ഐ ശക്തമായി പോരാടുകയാണ്. ഈ പോരാട്ടത്തിനിടയിൽ പലപ്പോഴും ബിജെപി ഗുണ്ടകളുടെ ആക്രമണത്തിന് വിദ്യാർഥികൾ ഇരയാക്കപ്പെടുന്നു. അത് തുടരുകയുമാണ്.
ഭരണകൂട സംവിധാനങ്ങളുപയോഗിച്ച് വിദ്യാർഥികളെ തടയുകയും അവരുടെ ശബ്ദംതന്നെ ഇല്ലാതാക്കുകയുമാണ്. എന്നിട്ടും വിദ്യാർഥികൾ തെരുവിലിറങ്ങുകയും മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്യുന്നു. ത്രിപുരയിലെ മിക്ക സർക്കാർ സ്കൂളുകളിലും വിദ്യാർഥികളുടെ എണ്ണത്തെ അപേക്ഷിച്ച് അധ്യാപകരുടെ കുറവുണ്ടെന്നാണ് കണക്ക്.
വിദ്യാഭ്യാസത്തിനനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സ്കൂളുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടായിരിക്കണം. അതിവിടെയില്ല. സ്കോളർഷിപ്പുകൾ നിർത്തലാക്കുകയോ കുറയ്ക്കുകയോ ചെയ്തു. ഇവയെല്ലാം ചേർന്നും കോവിഡാനന്തര സാഹചര്യത്തിൽ നിന്നുള്ള സമ്മർദ്ദവും വിദ്യാർഥിസമൂഹത്തിന് വിദ്യാഭ്യാസം ഒരു ഭാരമാകുന്ന അവസ്ഥ സംജാതമാക്കിയിരിക്കുകയാണ്. ഒട്ടുമിക്ക സർക്കാർ സ്കൂളുകളിലും അധ്യാപകരില്ലാത്തതിനാൽ വിദ്യാഭ്യാസ സമ്പ്രദായം തകർന്നിരിക്കുന്നു.
യോഗ്യത നേടിയ തങ്ങളുടെ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് റ്റി ഇ റ്റി യോഗ്യതനേടിയവർ പ്രതിഷേധിച്ചത് ഏതാനും മാസം മുമ്പാണ്. എത്രയും വേഗം നിയമന നടപടികൾ പൂർത്തിയാക്കി സംസ്ഥാനത്തെ അധ്യാപക ക്ഷാമം ഇല്ലാതാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
2022 ൽ 361 ഉദ്യോഗാർഥികൾ റ്റി ഇ റ്റി യോഗ്യതനേടിയെങ്കിലും ആർക്കും നിയമനം ലഭിച്ചില്ല. മാസങ്ങളോളം മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വാതിലുകൾ മുട്ടിയിട്ടും ഇവരുടെ ആവശ്യങ്ങളിന്മേൽ ഒരു നടപടിയുമുണ്ടായില്ല. അതുകൊണ്ടാണവർ വിദ്യാഭ്യാസമന്ദിരത്തിനു മുന്നിൽ സമരം ചെയ്യാൻ നിർബന്ധിതരായത്.
2018 മുതൽ ബിജെപി ഗവൺമെന്റിനു കീഴിൽ വിദ്യാഭ്യാസ മേഖലയുടെ തകർച്ച തുടങ്ങിയതാണ്; 2023ലെ തുടർവിജയം പൊതുവിദ്യാഭ്യാസമേഖലയുടെ തകർച്ച പൂർണമാക്കുന്നതിന് ആക്കംകൂട്ടാൻ അവർക്ക് കൂടുതൽ ബലമേകിയിട്ടുണ്ട്. എന്നാൽ വിദ്യാർഥിസമൂഹത്തിന്റെ ശക്തമായിക്കൊണ്ടിരിക്കുന്ന സമരപ്രക്ഷോഭങ്ങൾക്കു മുന്നിൽ അവർക്ക് മുട്ടുമടക്കേണ്ടി വരും.
Subscribe to:
Post Comments (Atom)
No comments:
Post a Comment