കിഫ്ബി കേരളത്തിൻറെ കടഭാരം വർദ്ധിപ്പിക്കുമോ? കിഫ്ബിയുടെ കടബാധ്യത തീർക്കൽ സംസ്ഥാന സർക്കാരിൻ്റെ മേൽ വന്ന് പതിക്കുമോ? അങ്ങനെയൊക്കെ സംഭവിക്കും എന്നാണ് ഡോ കെ. പി. കണ്ണൻ അഭിമുഖത്തിൽ പറയുന്നത്. ഒരച്ഛന് രണ്ട് മക്കളുണ്ട്. അതിൽ ഒരാൾ എടുത്ത കടമൊക്കെ കൃത്യമായി വീട്ടുന്നു. പക്ഷേ രണ്ടാമൻ വീട്ടുന്നില്ല. അപ്പോൾ ഒരു പ്രിൻസിപ്പൽ ഏജൻറ് ആയി നിൽക്കുന്ന അച്ഛന് മകൻ്റെ കടം തിരിച്ചടയ്ക്കാൻ ബാധ്യതയുണ്ടാവില്ലേ എന്നതാണ് അദ്ദേഹത്തിൻറെ രസകരമായ ചോദ്യം.
കിഫ്‌ബി എന്ന സംവിധാനത്തിന്റെ ചില അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കുന്നത് ഇത്തരം സംശയങ്ങളെ ദൂരീകരിക്കാൻ സഹായിക്കും. ആമുഖമായി, ഒരു ഡിസ്ക്ലൈമർ. ഞാൻ താഴെ കുറിക്കുന്നത് കിഫ്ബിയൂടെ ഔദ്യോഗിക നിലപാട് ആവണമെന്നില്ല. വ്യക്തിഗതമായി ആ സ്ഥാപനത്തെ പറ്റി പഠിക്കാൻ ശ്രമിച്ചിട്ടുള്ള ഒരാളുടെ നിലപാടുകൾ മാത്രമാണ്.
ആദ്യമായി, 2016-ലൊക്കെ സർക്കാരിൻ്റെ പക്കലുണ്ടായിരുന്ന കിഫ്ബിയുടെ ഒരു പ്രാഥമിക ഋണബാദ്ധ്യതാ വിശകലനം (Liability Assessment) പരിശോധിക്കാം. അന്നുണ്ടായിരുന്ന മതിപ്പ് കണക്കുകളെയാണ് ഇവിടെ ഞാൻ ആദ്യം ഉപയോഗിക്കുന്നത്. യഥാർത്ഥ കണക്കുകളിലേക്ക് അതിന് ശേഷം വരാം. കിഫ്ബിയുടെ ഘടനയും സാധ്യതയും ഉദാഹരണരൂപേണ വിശദീകരിക്കുക മാത്രമാണ് ലക്ഷ്യം.
കിഫ്ബി വഴി അഞ്ചു വർഷം കൊണ്ട് 50,000 കോടി രൂപ മൂലധന നിക്ഷേപം നടത്തും എന്നാണ് സർക്കാർ 2016ൽ പറഞ്ഞത്. ഇതിനായി വിവിധ ഏജൻസികളിൽ നിന്നും വിദേശത്ത് നിന്നുമൊക്കെ എടുക്കാൻ കഴിയുന്ന വായ്പയെ ആശ്രയിക്കണം. ആദ്യത്തെ വർഷം 5000 കോടി രൂപ വായ്പയെടുക്കാം. രണ്ടാമത്തെ വർഷം 10,000 കോടി രൂപ വായ്പയെടുക്കാം. മൂന്നാമത്തെ വർഷം 20,000 കോടി രൂപ വായ്പയെടുക്കാം. നാലാമത്തെ വർഷം 15,000 കോടി രൂപ വായ്പയെടുക്കാം. അങ്ങനെ മൊത്തം 50,000 കോടി രൂപ രൂപ വായ്പയായി അഞ്ച് വർഷത്തിൽ എടുത്ത് നിക്ഷേപിക്കാം.
ഇങ്ങനെ അഞ്ച് വർഷത്തിൽ എടുക്കുന്ന വായ്പ 15 വർഷം കൊണ്ട് മടക്കി നൽകേണ്ടി വരും എന്ന് അനുമാനിക്കാം. അതെങ്ങിനെ മടക്കി നൽകും?
ഇതിനായി രണ്ട് പ്രധാന സ്രോതസ്സുകളെ കിഫ്ബിക്ക് ആശ്രയിക്കാൻ കഴിയും. ഒന്നാമതായി, സംസ്ഥാന സർക്കാർ എല്ലാ വർഷവും ബജറ്റിൽ നിന്ന് ഒരു വിഹിതം കൈമാറും. എന്താണീ വിഹിതം? പിരിക്കുന്ന പെട്രോൾ സെസ് മുഴുവനും കിഫ്‌ബിക്ക് കൈമാറും. രണ്ടാമതായി, പിരിക്കുന്ന മോട്ടോർ വാഹന നികുതിയിൽ നിന്ന് ഒരു ഭാഗം കിഫ്ബിക്ക് കൈമാറും -- ആദ്യ വർഷം 10%, രണ്ടാം വർഷം 20%, മൂന്നാം വർഷം 30%, നാലാം വർഷം 40%, അഞ്ചാം വർഷം മുതൽ 50% വെച്ച്. ഇതാണ് ആദ്യത്തെ സ്രോതസ്സ്. മോട്ടോർ വാഹന നികുതിയിൽ നിന്നുള്ള ഇത്തരം കൈമാറ്റം ഏകദേശം 16 ശതമാനം കണ്ട് ഓരോ വർഷവും വളരും എന്നായിരുന്നു തുടക്കത്തിലെ അനുമാനം.
ഇങ്ങനെ സർക്കാരിൽ നിന്നും കിഫ്ബിക്ക് കിട്ടുന്ന പണം ബാങ്കിലോ ധനകാര്യ വിപണിയിലോ നിക്ഷേപിക്കുന്നു. ഈ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയും ലാഭവും കിഫ്ബിക്ക് ഒരു വരുമാനമാണ്. പൂർത്തിയായ കിഫ്ബി പദ്ധതികളിൽ നിന്ന് കിട്ടുന്ന ലാഭവിഹിതങ്ങളും വരുമാനം തന്നെ. ഇതൊക്കെയാണ് രണ്ടാമത്തെ സ്രോതസ്സ്.
ഇതിനെല്ലാം പുറമേ, സർക്കാർ തുടക്കത്തിൽ നൽകിയ 2498 കോടി രൂപയുടെ ഒരു കോർപ്പസ് ഗ്രാൻ്റും കിഫ്ബിയുടെ കയ്യിലുണ്ട്.
ഈ അനുമാനങ്ങൾ യാഥാർത്ഥ്യമായാൽ 2016-17 മുതൽ 2030-31 വരെയുള്ള കാലയളവിൽ മോട്ടോർ വാഹന നികുതിയുടെ വിഹിതമായും പെട്രോൾ സെസ്സായും മൊത്തം 98,355 കോടി രൂപയുടെ ട്രാൻസ്ഫർ കേരള സർക്കാർ കിഫ്ബിയിലേക്ക് നടത്തിയിട്ടുണ്ടാകും. ഇതാവും കിഫ്ബിയുടെ കയ്യിൽ കടം തിരിച്ചടയ്ക്കാനായി 15 വർഷം കഴിയുമ്പോൾ ബാക്കി ഉണ്ടാവാൻ സാധ്യതയുള്ള തുക. ഇത് എവിടെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ആ പലിശ വരുമാനം വേറെ.
എത്രയാണ് തിരിച്ചടക്കേണ്ടി വരുന്ന കടം? എടുത്തത് 50,000 കോടി രൂപ ആണല്ലോ. ഏകദേശം 9% ആണ് ബോണ്ടുകൾക്ക് മേലുള്ള ശരാശരി പലിശ. അങ്ങനെ വന്നാൽ പലിശയടക്കമുള്ള തിരിച്ചടവ് ഏകദേശം 89,783 കോടി രൂപ. കയ്യിലുള്ളതോ 98,355 കോടി രൂപ. അതായത് 15 വർഷം കഴിയുമ്പോൾ തിരിച്ചടയ്ക്കാൻ വേണ്ടതിനേക്കാൾ കൂടുതൽ പണം കിഫ്ബിയുടെ പക്കലുണ്ടാവും. ഇവിടെ എവിടെയാണ് സർക്കാരിൻറെ കടഭാരം വർദ്ധിക്കുന്നത്? കടം കൂടുന്നേയില്ലല്ലോ!
ഇതായിരുന്നു കിഫ്ബിയുടെ തുടക്കത്തിലെ അടിസ്ഥാന തത്വം. ഇങ്ങനെ വാങ്ങുന്ന കടം കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന വായ്പാ പരിധിക്ക് പുറത്ത് നിൽക്കും എന്നും നമുക്കറിയാമായിരുന്നു. അത് കൊണ്ടാണല്ലോ ഇത്തരം ഒരു സ്ഥാപനത്തെ കുറിച്ച് ചിന്തിച്ചത് തന്നെ. ചുരുക്കത്തിൽ, 15 വർഷം കൊണ്ട് മാത്രം നടത്താൻ കഴിയുമായിരുന്ന മൂലധന നിക്ഷേപം അഞ്ച് വർഷം കൊണ്ട് നടത്താം.
ഇനി നമുക്ക് രണ്ടാമത്തെ ഋണബാദ്ധ്യതാ വിശകലനത്തിലേക്ക് വരാം. പ്രധാനപ്പെട്ട ചില അനുമാനങ്ങൾ മുകളിലെ വിശകലനത്തിലുണ്ടായിരുന്നുവല്ലോ. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സർക്കാരിൻ്റെ വരുമാനവും (അത് വഴി എല്ലാ വർഷവും കിഫ്ബിക്ക് നൽകുന്ന പണവും) എത്ര കണ്ട് വർദ്ധിക്കും എന്നതിനെ സംബന്ധിച്ചായിരുന്നു. ഒപ്പം യഥേഷ്ടം വായ്പ വിപണിയിൽ നിന്നെടുക്കാം എന്നതും. പക്ഷേ ഇത്തരം അനുമാനങ്ങൾ എപ്പോഴും യാഥാർത്ഥ്യമായി വരണമെന്നില്ല. സംസ്ഥാനത്തിൻറെ വരുമാനം നമ്മൾ അനുമാനിച്ച രീതിയിൽ വളർന്നുവെന്ന് വരില്ല.
അത് തന്നെയാണ് സംഭവിച്ചതും. ദേശീയ തലത്തിലുള്ള സാമ്പത്തിക മാന്ദ്യവും കേരളത്തിലെ പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളും പിന്നീട് വന്ന കോവിഡ് പ്രതിസന്ധിയും ഒക്കെയാണ് ഇതിന് കാരണമായത്. കിട്ടുന്ന പണമല്ലേ കൈമാറാൻ കഴിയൂ. അതിനാൽ, മോട്ടോർ വാഹന നികുതി വഴിയും പെട്രോൾ സെസ് വഴിയും കൈമാറാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്ന അത്രയും തുക കിഫ്‌ബിക്ക് കൈമാറാൻ സർക്കാരിന് കഴിഞ്ഞില്ല. 2023 മാർച്ച് 31 വരെ ഏകദേശം 17,595 കോടി രൂപ മാത്രമാണ് സർക്കാരിന് കിഫ്ബിക്ക് കൈമാറാൻ സാധിച്ചത്.
മാത്രമല്ല, ആഗോള-ദേശീയ സാമ്പത്തിക സാഹചര്യങ്ങൾ മൂലവും കേരളത്തിൽ തന്നെ ഉയർന്നു വന്ന അനാവശ്യ വിവാദങ്ങൾ മൂലവും ഉദ്ദേശിച്ചത്രയും തുക കിഫ്ബിക്ക് വിപണിയിൽ നിന്ന് വായ്പയായി എടുക്കാനും കഴിഞ്ഞില്ല. 2023 മാർച്ച് 31 വരെ 18,579 കോടി രൂപ മാത്രമാണ് വായ്പയായി എടുക്കാൻ കഴിഞ്ഞത്.
No comments:
Post a Comment