Sunday, January 7, 2024

മോദിയുടെ ഗ്യാരന്റി; ചാരമാക്കപ്പെടുന്ന സ്ത്രീസുരക്ഷ ©വി ബി പരമേശ്വരൻ

സ്ത്രീസുരക്ഷയുടെ കാര്യത്തിൽ മോദിയുടെ ഇന്ത്യ ഏറെ പിറകിലായത് സർക്കാരിന്റെ സ്‌ത്രീവിരുദ്ധ സമീപനംകൊണ്ടാണ്. തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് (2018) സ്ത്രീകൾക്ക് ഈ ഭൂമുഖത്ത് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണ്. മോദി അധികാരമേറിയ ശേഷമാണ് സ്ഥിതി കൂടുതൽ വഷളായത്. ഇതിന് പ്രധാന കാരണം ആർഎസ്എസ് മുന്നോട്ടുവയ്‌ക്കുന്ന കാഴ്ചപ്പാട് തന്നെയാണ്. സമത്വത്തിലും തുല്യതയിലും ഊന്നുന്ന ഇന്ത്യൻ ഭരണഘടനയല്ല; മറിച്ച് "സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല' എന്ന്‌ ഉദ്‌ഘോഷിക്കുന്ന മനുസ്മൃതി ഭരണഘടനയായി പകരം വയ്‌ക്കാനാണ് ആർഎസ്‌എസും ബിജെപിയും ശ്രമിക്കുന്നത് 
സ്ത്രീ ശക്തി മോദിക്കൊപ്പം' എന്ന പരിപാടിയിൽ പങ്കെടുക്കാൻ ബുധനാഴ്ചയാണ് പ്രധാനമന്ത്രി കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശൂരിലെത്തിയത്. രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി സ്ത്രീ സമൂഹമാണെന്നും അമ്മമാർക്കും സഹോദരിമാർക്കും പെൺകുഞ്ഞുങ്ങൾക്കുമായുള്ള വികസന പദ്ധതികൾ "മോദി ഗ്യാരന്റിയാണെന്നും' പ്രധാനമന്ത്രി പറഞ്ഞു. നാരീശക്തിക്ക് മോദിയുടെ ഗ്യാരന്റി എന്ന ആഖ്യാനമാണ് മാധ്യമങ്ങൾ പൊതുവെ സൃഷ്ടിച്ചത്.
മാധ്യമങ്ങൾ ഇത്‌ ആഘോഷമാക്കുമ്പോൾ 2300 കിലോമീറ്റർ അകലെ പ്രധാനമന്ത്രി ലോക്‌സഭയിൽ പ്രതിനിധാനംചെയ്യുന്ന വാരാണസിയിൽ ബലാത്സംഗ കുറ്റത്തിന് മൂന്ന് യുവാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. ബനാറസ് ഹിന്ദു സർവകലാശാലയിലെ  ഇരുപതുകാരി ഐഐടി വിദ്യാർഥിനിയെ പീഡിപ്പിച്ച്‌, വസ്ത്രമുരിഞ്ഞ് വീഡിയോ പകർത്തിയവരാണ് രണ്ടു മാസത്തിനുശേഷം പിടിയിലായത്. ബിജെപി നേതൃത്വത്തിലുള്ള വാരാണസി മഹാനഗർ ഐടി സെൽ കൺവീനർ കുനാൽ പാണ്ഡെ, കോ–-കൺവീനർ സാക്ഷം പട്ടേൽ, ഐടി ടീം അംഗം ആനന്ദ് എന്ന അഭിഷേക് ചൗഹാൻ എന്നിവരാണ് അറസ്റ്റിൽ. പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ ഭരണകക്ഷിയുടെ ഐടി സെൽ, ബലാത്സംഗികളുടെ സെല്ലായി മാറുകയായിരുന്നു. 
നവംബർ ഒന്നിന് അർധരാത്രിക്കുശേഷം 1.30ന് സുഹൃത്തിന്റെ കൂടെ ക്യാമ്പസിൽ നടക്കുമ്പോഴാണ് പുറത്തുനിന്ന്‌ മോട്ടോർ ബൈക്കിൽ എത്തിയ മൂവർ സംഘം സുഹൃത്തിൽനിന്ന്‌ പെൺകുട്ടിയെ മാറ്റി കുറ്റിക്കാട്ടിലേക്ക് ബലമായി നയിച്ചതും പീഡിപ്പിച്ചതും. തൊട്ടടുത്ത ദിവസംതന്നെ വിദ്യാർഥികൾ അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വൻ പ്രക്ഷോഭം ആരംഭിച്ചു. ഒരാഴ്ചയ്‌ക്കകം പെൺകുട്ടി പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ല. ഇതിനിടെ മൂന്നു പ്രതികളും മധ്യപ്രദേശിലേക്ക് കടന്ന്‌ അവിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങി. 
സ്വന്തം മണ്ഡലത്തിൽ  ക്രൂരമായ ലൈംഗികാതിക്രമം നടന്നിട്ടും പ്രധാനമന്ത്രി ഒരക്ഷരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരയ്‌ക്കൊപ്പമുണ്ട് എന്നതിന് ഒരു സൂചനയും മോദി നൽകിയില്ല. ഗോദി മാധ്യമങ്ങളും ഈ വിഷയം മാലോകരിൽനിന്ന്‌ ഒളിപ്പിക്കാൻ മത്സരിച്ചു. എന്നാൽ, കുനാൽ പാണ്ഡെയുടെ മുമ്പിൽ കൈകൂപ്പി നിൽകുന്ന പ്രധാനമന്ത്രിയുടെയും വിമാനത്താവളത്തിൽ പൂവ്‌ നൽകി പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന സാക്ഷം പട്ടേലിന്റെയും ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു. മുഖ്യമന്ത്രി ആദിത്യനാഥ്, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, അനുരാഗ് താക്കൂർ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുടെ കൂടെയുള്ള ചിത്രങ്ങളും പുറത്തുവന്നു. ബിജെപി കേന്ദ്ര, -സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്ന്‌ വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ. ഉയർന്ന സുരക്ഷയുള്ള പ്രധാനമന്ത്രിയുടെ അടുത്തേക്ക് എത്താൻ കഴിയുന്നത്ര ബന്ധമുള്ളവരാണ് ഈ ബലാത്സംഗക്കാർ എന്ന വസ്തുതയും ഈ ചിത്രങ്ങൾ വിളിച്ചു പറയുന്നു. ഏതെങ്കിലും ഒരു പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലാണ് ഇത്തരമൊരു സംഭവം നടന്നതെങ്കിൽ മോദിയും യോഗിയും സ്മൃതിയും ഉണ്ടാക്കുമായിരുന്ന കോലാഹലം ഊഹിക്കാവുന്നതേയുള്ളൂ. പ്രതികൾ ഏതെങ്കിലും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരാണെങ്കിൽ ഭീകരവിരുദ്ധ നിയമം ഉൾപ്പെടെ അവർക്കെതിരെ ചാർത്തിയേനേ. പൊലീസ് വൃത്തങ്ങൾ ഒരു പ്രസ്താവനപോലും ഇറക്കിയില്ല. മാധ്യമങ്ങൾ വിനീത ദാസരായി ആ സംഭവത്തെ തേയ്ച്ചുമായ്ച്ചു കളയാനാണ് ശ്രമിക്കുന്നത്.

മണിപ്പുരിൽ വലിച്ചുകീറപ്പെട്ട സ്ത്രീത്വം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സ്ത്രീവിരുദ്ധ ആക്രമണങ്ങളെക്കുറിച്ചും മോദി മൗനം പാലിക്കുകയാണ്. 2023 മേയിൽ മണിപ്പുരിലെ രണ്ട് കുക്കി വനിതകളെ വിവസ്ത്രയാക്കി തോക്കിൻ മുനയിൽ നടത്തി പീഡിപ്പിച്ചപ്പോഴും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ മൗനത്തിലായിരുന്നു. വാർത്ത ലോകമാകെ പരന്ന്‌ ഇന്ത്യക്ക് പ്രതിച്ഛായ നഷ്‌ടപ്പെട്ടപ്പോഴാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് നടത്തുന്ന പതിവ് പ്രതികരണത്തിൽ "140 കോടി ജനങ്ങളെ ലജ്ജിപ്പിക്കുന്ന സംഭവമാണെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും' മാത്രം  പ്രധാനമന്ത്രി ഉരിയാടിയത്. മണിപ്പുർ കലാപത്തിലമർന്ന് എട്ട് മാസമായിട്ടും അവിടം സന്ദർശിക്കാൻ മോദി തയ്യാറായിട്ടില്ല. അഭ്യന്തരമന്ത്രി അമിത് ഷാ  സന്ദർശിച്ചതാകട്ടെ ഒരു തവണ മാത്രവും. ഇതെഴുതുമ്പോഴും മണിപ്പുരിൽ ചോരപ്പുഴ ഒഴുക്ക് നിലച്ചിട്ടില്ല. പീഡിപ്പിക്കപ്പെട്ട സ്ത്രീകളോടുള്ള നിസ്സംഗത മണിപ്പുരിലും ആവർത്തിക്കുകയാണ്. 
ദേശീയ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽനിന്ന്‌ 


ഗോദയിലെ കണ്ണീർ

കേന്ദ്രസർക്കാർ ഇരകൾക്കൊപ്പമല്ല, വേട്ടയാടുന്നവർക്കൊപ്പമാണെന്ന് ആവർത്തിച്ച് തെളിയിക്കുന്നതാണ് ഗുസ്തി താരങ്ങളെ തള്ളി ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺസിങ്ങിനെ സംരക്ഷിക്കുന്ന മോദിയുടെ ഗ്യാരന്റി. പ്രായപൂർത്തിയാകാത്ത പെൺതാരങ്ങൾ ഉൾപ്പെടെ നൽകിയ പരാതിയിൽ ഒരു നടപടിയും കൈക്കൊള്ളാൻ മോദിസർക്കാർ തയ്യാറായില്ല. രണ്ടു തവണ ഗുസ്തി താരങ്ങൾ ഡൽഹിയിൽ പ്രക്ഷോഭം നടത്തിയിട്ടും സർക്കാരിന്റെ മനസ്സ് അലിഞ്ഞില്ല. പീഡന പരാതിയിൽ യുപിയിലെ കൈസർഗഞ്ചിൽനിന്നുള്ള എംപി ബ്രിജ് ഭൂഷണിനെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടും ഇന്നുവരെ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്തിട്ടില്ല. ഇന്ത്യക്ക് ഒളിമ്പിക്സ് ഉൾപ്പെടെയുള്ള ലോക മത്സരവേദികളിൽ സ്വർണവും വെള്ളിയും വെങ്കലവും സമ്മാനിച്ച ഗുസ്തി താരങ്ങൾ നൽകിയ പരാതി  അവഗണിച്ചു തള്ളി. ബ്രിജ് ഭൂഷണോ അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവരോ ഗുസ്തി ഫെഡറേഷനിലുണ്ടാകില്ലെന്ന അമിത് ഷായുടെ വാഗ്ദാനം ലംഘിക്കപ്പെട്ടതോടെ സാക്ഷി മല്ലിക്ക് ഗുസ്തി മത്സരങ്ങളിൽനിന്ന്‌ പിൻവാങ്ങി. ബജ്‌രംഗ് പൂനിയയും വിനേഷ് ഫോഗട്ടും അവർക്ക് കിട്ടിയ പുരസ്‌കാരങ്ങൾ (കർത്തവ്യപഥിൽ ) വഴിയിലുപേക്ഷിച്ചു. അപ്പോഴും മൗനം തുടർന്ന പ്രധാനമന്ത്രി ഒരു ഉളുപ്പുമില്ലാതെ തൃശൂരിൽ പ്രസംഗിച്ചു, "പെൺകുട്ടികളെ കായികരംഗത്ത് മുന്നോട്ടുനയിക്കുമെന്നത് മോദിയുടെ ഗ്യാരന്റി'യാണെന്ന്. 

സ്ത്രീത്വം ചാരമാക്കപ്പെട്ട ഹാഥ്‌രസ്

ഹാഥ്‌രസ് പെട്ടെന്ന് മറക്കുന്നതെങ്ങനെ. 19 വയസ്സുമാത്രമുള്ള ദളിത് പെൺകുട്ടിയെ നാല്‌ സവർണ ജാതിക്കാർ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. 2020 സെപ്തംബർ 14‌ന്‌ ആയിരുന്നു രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. ഒരാഴ്ചയ്‌ക്കു ശേഷമാണ്‌ എഫ്ഐആർപോലും ഫയൽ ചെയ്യാൻ യുപി പൊലീസ് തയ്യാറായത്. പെൺകുട്ടിയെ ചികിത്സയ്‌ക്കായി ഡൽഹിയിലെ സഫ്ദർജങ്‌ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ചയ്‌ക്കുശേഷം അവൾ മരിച്ചു. രക്ഷിതാക്കളെപ്പോലും കാണിക്കാതെ ധൃതിപിടിച്ച് വെളുപ്പിന് രണ്ടരയ്‌ക്ക്‌ മൃതദേഹം ദഹിപ്പിച്ചു. പൊന്നുമകളെ പെട്രോൾ ഉപയോഗിച്ച് കത്തിക്കുകയായിരുന്നുവെന്ന്‌ കുടുംബം ആരോപിച്ചു. ഈ സംഭവം റിപ്പോർട്ട് ചെയ്‌ത മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്‌ത്‌ രണ്ടു വർഷത്തോളം തടവിലിട്ടു. പെൺകുട്ടിയുടെ കുടുംബം ജുഡീഷ്യൽ അന്വേഷണമാണ് ആവശ്യപ്പെട്ടതെങ്കിലും സിബിഐ അന്വേഷണമാണ് നടന്നത്. അവസാനം കോടതി വിധി വന്നപ്പോൾ മൂന്നു പ്രതികൾ രക്ഷപ്പെട്ടു. ഒരു പ്രതിക്കുമാത്രം ജീവപര്യന്തം. തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസ് വരുത്തിയ അനാസ്ഥയാണ് പ്രതികൾ രക്ഷപ്പെടുന്നതിലേക്ക് നയിച്ചതെന്ന് സിബിഐക്കുതന്നെ സമ്മതിക്കേണ്ടി വന്നു.

കേസ് നിലനിൽക്കുമ്പോഴാണ് നല്ല നടപ്പിന് കുറ്റവിമുക്തരാക്കിയതെന്ന് എൻഡി ടിവി റിപ്പോർട്ട് ചെയ്‌തു. കുറ്റവിമുക്തരാക്കുന്നതിനുള്ള കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ചാണ് പ്രതികളെ വിട്ടയച്ചതെന്ന് ദ ഹിന്ദുവും എഴുതി. ക്രൂരവും കഠിനവുമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നും അവർ ദയ അർഹിക്കുന്നില്ലെന്നും സിബിഐ പറഞ്ഞെങ്കിലും അതൊന്നും ഗുജറാത്തുകാരനായ  അമിത്ഷാ നയിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചെവിക്കൊണ്ടില്ല. ഇവർ ജയിൽ മോചിതരായപ്പോൾ  പൂമാലയിട്ട് സ്വീകരിക്കാൻ ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാർ പ്രവർത്തകർ തയ്യാറായി. ദഹോദിൽനിന്നുള്ള ബിജെപി എംപി ജസ്വന്ത് സിംഹ് ബബോറും അദ്ദേഹത്തിന്റെ സഹോദരനും എംഎൽഎയുമായ ശൈലേഷ് ബബോറും ഈ ബലാത്സംഗികളിൽ ചിലരുമായി സർക്കാർ വേദി പങ്കിട്ടു. ബിജെപി ആർക്കൊപ്പമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്.

സാക്ഷം പട്ടേൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കൊപ്പം


ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ടു പേരെ വധിച്ചതിനും രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റത്തിനും ജയിലിൽ കഴിയുന്ന ഗുർമീത് റാം റഹീമിനെ താലോലിക്കുന്നതും മോദിയുടെ ബിജെപി തന്നെ: അഞ്ചു സംസ്ഥാനത്തിലേക്ക് നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ റാം റഹീമിന്റെ സേവനം ലഭിക്കാൻ 21 ദിവസത്തെ പരോളാണ് ബിജെപി തരപ്പെടുത്തിയത്. ദേര സച്ച സൗദ എന്ന സംഘത്തിന്റെയും അതിലെ അംഗങ്ങളുടെയും പിന്തുണ ഉറപ്പിക്കാനായിരുന്നു ഈ നടപടി. രാജസ്ഥാനിലെ ഗംഗാനഗർ ജില്ലയിൽ ഇവർക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്താനായിരുന്നു പരോൾ. നവംബറിലേതടക്കം അരഡസൻ തവണയാണ് റാം റഹീമിന് പരോൾ ലഭിച്ചത്. ഭീമ കൊറേഗാവ് കേസിൽ സ്റ്റാൻ സ്വാമിക്ക് ഉൾപ്പെടെ പരോൾ ലഭിക്കാതിരുന്നപ്പോഴാണ് കൊലപാതകികൾക്കും ബലാത്സംഗികൾക്കും യഥേഷ്ടം പുറത്തിറങ്ങാൻ കഴിയുന്നത്.

അപകടകരമായ രാജ്യം

സ്ത്രീസുരക്ഷയുടെ കാര്യത്തിൽ മോദിയുടെ ഇന്ത്യ ഏറെ പിറകിലായത് സർക്കാരിന്റെ സ്‌ത്രീവിരുദ്ധ സമീപനംകൊണ്ടാണ്. തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് (2018) സ്ത്രീകൾക്ക് ഈ ഭൂമുഖത്ത് ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണ്. മോദി അധികാരമേറിയ ശേഷമാണ് സ്ഥിതി കൂടുതൽ വഷളായത്. ഇതിന് പ്രധാന കാരണം ആർഎസ്എസ് മുന്നോട്ടുവയ്‌ക്കുന്ന കാഴ്ചപ്പാട് തന്നെയാണ്. സമത്വത്തിലും തുല്യതയിലും ഊന്നുന്ന ഇന്ത്യൻ ഭരണഘടനയല്ല; മറിച്ച് "സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല' എന്ന്‌ ഉദ്‌ഘോഷിക്കുന്ന മനുസ്മൃതി ഭരണഘടനയായി പകരം വയ്‌ക്കാനാണ് ആർഎസ്‌എസും ബിജെപിയും ശ്രമിക്കുന്നത്. സ്ത്രീകൾക്ക് അംഗത്വമില്ലാത്ത സംഘടനയാണ് ആർഎസ്‌എസ്. കുട്ടികളെ പ്രസവിക്കാനുള്ള ഒരുപകരണം എന്നതിലപ്പുറം ഒരു സ്വാതന്ത്ര്യവും സ്ത്രീകൾക്ക് നൽകാത്ത തത്വശാസ്ത്രം തന്നെയാണ് സ്ത്രീകൾക്കെതിരായ ആക്രമണത്തിന്റെ കാതൽ.



No comments:

Post a Comment