കേരളത്തിന്റെ നികുതി, നികുതിയേതര വരുമാനം വെറും രണ്ട് വർഷം കൊണ്ട് 30,555 കോടി രൂപയുടെ വർദ്ധനവുണ്ടായെന്നും . തോമസ് ഐസക്ക് തുടങ്ങി വച്ച് ബാലഗോപാൽ തുടരുന്ന നികുതി പിരിവിലെ പരിഷ്കാരങ്ങൾ മൂലമാണ് ഈ വർദ്ധനവ് കേരളത്തിന് നേടാൻ സാധിച്ചത തെന്നും അദ്ദേഹം പറഞ്ഞു. “അധികമായി” പിരിച്ച ഈ 30,555 കോടി രൂപയിൽ 5000 കോടി രൂപയ്ക്ക് മുകളിൽ പോകില്ല മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നുമുള്ള “അധിക” വരുമാനം. അതായത് ഏകദേശം 16% മാത്രം സംഭാവനയെന്നും വ്യക്തമാക്കുന്നുണ്ട്.
ആർ രാംകുമാറിൻറെ ഫേസ്ബുക് പോസ്റ്റ്
കേരളത്തിന്റെ മൊത്തം വരുമാനത്തിൽ മദ്യവും ലോട്ടറിയും ആണ് മുഖ്യം എന്ന രീതിയിൽ ഒരു പ്രചാരണം വളർന്നു വരുന്നുണ്ട്. കേരള ഗവർണറും ഡോ കെ. പി. കണ്ണനെ പോലെയുള്ള ചില സാമ്പത്തിക ശാസ്ത്രജ്ഞരും ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ബിജു മോഹന് നൽകിയ ഒരു ചെറിയ അഭിപ്രായം താഴെ ആദ്യ കമന്റിലെ വിഡിയോയിൽ ഉണ്ട്. അവിടെ എന്താണ് പറയാൻ ശ്രമിച്ചത് എന്ന് എഴുതുക കൂടി ചെയ്യാം എന്ന് കരുതി.
കേരളത്തിൽ മദ്യത്തിന് രണ്ടു തരം നികുതിയുണ്ട്: സെയിൽസ് ടാക്സ്, എക്സൈസ്. 2022-23 വർഷത്തിൽ മദ്യത്തിൽ നിന്നുള്ള സെയിൽസ് ടാക്സ് വരുമാനം 14,843 കോടി രൂപയും എക്സൈസ് വരുമാനം 2876 കോടി രൂപയും ആയിരുന്നു. അതായത് മൊത്തം 17,719 കോടി രൂപ. ലോട്ടറിയിൽ നിന്നുള്ള മൊത്തം ലാഭം 1018 കോടി രൂപയായിരുന്നു. അതും കൂടി കൂട്ടിയാൽ മൊത്തം വരുമാനം 18,737 കോടി രൂപ. ഇത് കൂടുതലാണോ കുറവാണോ?
അത് പറയാൻ നമ്മൾ ശരിയായ ഡിനോമിനേറ്റർ ഉപയോഗിക്കണം. സ്തോഭജനകമായ വാർത്തകൾ പടച്ചു വിടുന്നവർ ഉപയോഗിക്കുന്ന വിദ്യയെന്താണ്? കേരളത്തിന്റെ തനത് വരുമാനത്തിന്റെ എത്ര ഭാഗമാണ് ഈ 18,737 കോടി രൂപ എന്ന് നോക്കുന്നു. എത്രയായിരുന്നു 2022-23 ലെ കേരളത്തിന്റെ തനത് വരുമാനം? തനത് നികുതി വരുമാനമായ 70,199 കോടി രൂപയും തനത് നികുതിയേതര വരുമാനമായ 15,355 കോടി രൂപയും ചേർന്ന 85,544 കോടി രൂപ. ഇതിന്റെ ശതമാനമായി നോക്കിയാലും 22% മാത്രമേ മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നുമുള്ള വരുമാനം വരുന്നുള്ളൂ.
പക്ഷെ ഇത് തെറ്റായ സമീപനമാണ്. നോക്കേണ്ടത് തനത് വരുമാനത്തിന്റെ ശതമാനമായല്ല മറിച്ച് മൊത്തം വരുമാനത്തിന്റെ ശതമാനമായിട്ടാണ്. എത്രയാണ് കേരളത്തിൻറെ മൊത്തം വരുമാനം? ഈ 85,544 കോടി രൂപയ്ക്കൊപ്പം കേന്ദ്രം നൽകുന്ന നമ്മുടെ നികുതിയിലെ വിഹിതം (17,784 കോടി രൂപ), കേന്ദ്രം നൽകുന്ന ഗ്രാന്റ് (25,941 കോടി രൂപ), വാങ്ങാൻ അർഹമായ വായ്പ (36,763 കോടി രൂപ) ഇവയൊക്കെ ചേർക്കണം. അപ്പോൾ കിട്ടുന്നത് ഏകദേശം 1.66 ലക്ഷം കോടി രൂപ. ഈ 1.66 ലക്ഷം കോടി രൂപയിൽ എത്ര ശതമാനം വരും 18,737 കോടി രൂപ?വെറും 12 ശതമാനം. അത്രയേ ഉള്ളൂ. ഇതാണ് ശരിയായ സമീപനം.
ഇത് കൊണ്ടാണ് മദ്യവും ലോട്ടറിയും അല്ല കേരളത്തിന്റെ മുഖ്യ വരുമാനം എന്ന് പറയേണ്ടി വരുന്നത്. ഉദാഹരണത്തിന്, കേരളത്തിലെ ജനങ്ങൾ നൽകുന്ന ഇൻകം ടാക്സ് എടുക്കൂ. 2022-23 വർഷം ഏകദേശം 20.6 ലക്ഷം ഇൻകം ടാക്സ് റിട്ടേൺസ് കേരളത്തിൽ നിന്ന് ഫയൽ ചെയ്തിരുന്നു. കൊടുത്ത ഇൻകം ടാക്സ് ആകട്ടെ 19,562 കോടി രൂപയും (ഇത് 2021-22ലെ തുകയാണ്. 2022-23ലെ തുക ഇനിയും കൂടും. 23,000 കോടി രൂപ വരെ പോയേക്കാം). ഇതിൻ്റെ ഒരു ഭാഗമൊക്കെ തിരിച്ചു കേന്ദ്രത്തിൽ നിന്ന് നികുതി വിഹിതമായി കേരളത്തിലേക്ക് വരുമ്പോൾ അത് കേരളത്തിൻ്റെ വരുമാനമല്ലെന്ന് പറയാൻ കഴിയുമോ? അത് പോലെ തന്നെയാണ് കോർപ്പറേറ്റ് നികുതിയും ഗ്രാന്റുകളും വായ്പയും. അനുവദനീയമായ വായ്പ നമ്മുടെ വരുമാനം തന്നെയാണ്.
ചുരുക്കത്തിൽ, വെറും 12 ശതമാനമേയുള്ളൂ കേരളത്തിൻ്റെ മൊത്തം വരുമാനത്തിൽ മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നുമുള്ള വരുമാനത്തിൻ്റെ വിഹിതം.
ഇനി, ഉള്ള ഒരു വസ്തുതയെന്താണ്? കേരളത്തിന് സ്വന്തം വരുമാനം വർദ്ധിപ്പിക്കണമെങ്കിൽ പുതിയ വഴികളില്ല. ഉള്ള വഴികൾ വളരെ പരിമിതമാണ്. നമ്മുടെ കയ്യിൽ ഉള്ള സാധ്യതകളിൽ മദ്യവും ലോട്ടറിയും പ്രധാനമാണ് എന്നത് ശരി തന്നെ. അതാണ് നമ്മൾ പലപ്പോഴും വർദ്ധിപ്പിച്ചു വരുമാനം കൂട്ടാൻ നോക്കുന്നത്. കാരണം കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ 50% മാത്രമേ തനത് വരുമാനമുള്ളൂ. ബാക്കി 50% കേന്ദ്രം നൽകുന്ന നികുതി വിഹിതവും ഗ്രാന്റും പൊതുവായ്പയുമാണ്. ഈ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിൽ മികച്ച പ്രകടനമാണ് കേരളം അടുത്ത വർഷങ്ങളിൽ കാഴ്ച്ച വെച്ചിട്ടുള്ളത്. 2020-21ൽ 54,987 കോടി രൂപയായിരുന്നു കേരളത്തിന്റെ തനത് (നികുതി + നികുതിയേതര) വരുമാനം. 2022-23ലോ? 85,542 കോടി രൂപ! അതായത് വെറും രണ്ട് വർഷം കൊണ്ട് 30,555 കോടി രൂപയുടെ വർദ്ധനവ്. തോമസ് ഐസക്ക് തുടങ്ങി വച്ച് ബാലഗോപാൽ തുടരുന്ന നികുതി പിരിവിലെ പരിഷ്കാരങ്ങൾ മൂലമാണ് ഈ വർദ്ധനവ് കേരളത്തിന് നേടാൻ സാധിച്ചത്. “അധികമായി” പിരിച്ച ഈ 30,555 കോടി രൂപയിൽ 5000 കോടി രൂപയ്ക്ക് മുകളിൽ പോകില്ല മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നുമുള്ള “അധിക” വരുമാനം. അതായത് ഏകദേശം 16% മാത്രം സംഭാവന!
പിന്നെയെന്താടിസ്ഥാനത്തിലാണ് മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ പ്രധാന വരുമാന മാർഗ്ഗമെന്ന് ഈ വിഷയത്തിൽ സാമാന്യ ധാരണ ഉണ്ടായിരിക്കേണ്ട ഡോ കണ്ണനെ പോലെയുള്ളവർ പറയുന്നത്? സങ്കുചിതമായ രാഷ്ട്രീയ കാരണങ്ങളാവാനേ തരമുള്ളൂ. വസ്തുനിഷ്ഠമായ രീതിശാസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നെങ്കിൽ നിഗമനങ്ങൾ ഇങ്ങനെയാവില്ലായിരുന്നു.
https://www.kairalinewsonline.com/r-ramakumar-shared-post-about-kerala-revenue-details
No comments:
Post a Comment