എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കലാപങ്ങൾ ഫ്രാൻസിൽ ആവർത്തിക്കുന്നത്? പ്രധാനകാരണം കുടിയേറ്റക്കാരോടുള്ള വംശീയ വിദ്വേഷംതന്നെയാണ്. ഫ്രാൻസ് പോലുള്ള വികസിത രാഷ്ട്രത്തിലും തീവ്രവലതുപക്ഷത്തിന്റെ ആശയധാരകൾ ഇന്ന് ശക്തമാണ്. കുടിയേറ്റവിരുദ്ധ നിലപാടാണ് നവ ഫാസിസ്റ്റുകളുടെ കുന്തമുനയെന്നു പറയാം. മാരീൻ ലെ പെന്നിന്റെ നാഷണൽ റാലി പ്രസ്ഥാനമാണ് ഈ വംശീയ വിദ്വേഷത്തിന്റെ പതാകവാഹകർ. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ ഈ ഫാസിസ്റ്റ് പ്രസ്ഥാനം അധികാരത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. തന്റെ മകനോട് പൊലീസ് ഇത്രയും വലിയ ക്രൂരത കാട്ടിയതിനുള്ള പ്രധാന കാരണമായി അവന്റെ അമ്മ പറഞ്ഞത് ‘ഒരു അറബിയെയാണ് മകന്റെ മുഖത്ത് ഫ്രഞ്ച് പൊലീസുകാർ കണ്ടത്’എന്നാണ്. അതായത് നവ ഫാസിസ്റ്റുകൾ ഊതിവീർപ്പിച്ചുകൊണ്ടിരിക്കുന്ന വംശീയവിദ്വേഷമാണ് വെടിവയ്‌ക്കാൻ പൊലീസുകാരനെ പ്രേരിപ്പിച്ചത് എന്നാണ് ആ അമ്മ പറഞ്ഞത്. ഫ്രഞ്ച് പൊലീസ് സേനയെ ഈ വർണവെറിയും അറബ്‐ ആഫ്രിക്കൻ ജനതയോടുള്ള വംശീയ വിദ്വേഷവും വല്ലാതെ ബാധിച്ചിട്ടുണ്ട്. ഫ്രാൻസ് കത്തുമ്പോൾ പൊലീസിലെ രണ്ട് യൂണിയനും നടത്തിയ പ്രസ്‌താവന ‘കീടങ്ങൾക്കും വന്യമൃഗങ്ങൾക്കും’ എതിരായ യുദ്ധത്തിലാണ് പൊലീസ് എന്നാണ്. തീവ്ര വലതുപക്ഷം പറഞ്ഞതാകട്ടെ സാംസ്‌കാരിക യുദ്ധത്തിലാണ് ഫ്രഞ്ച് ജനത എന്നാണ്. കുടിയേറ്റക്കാരായ മുസ്ലിങ്ങളെ തുടച്ചുനീക്കണമെന്ന സ്വരമാണ് ഫ്രഞ്ച് പൊലീസിനും തീവ്രവലതുപക്ഷത്തിനും ഉള്ളതെന്നർഥം. ഈ മനോഭാവമാണ് ഫ്രാൻസിനെ കത്തിച്ചത്. നവ ഫാസിസ്റ്റുകൾ പലയിടത്തും ബേസ്‌ബോൾ ബാറ്റുമായി പൊലീസിനൊപ്പം നീങ്ങുന്ന കാഴ്‌ചയും ദൃശ്യമായി.
യൂറോപ്പിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ വസിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനം. അതിന് പ്രധാനകാരണം ഫ്രാൻസ് എന്ന കൊളോണിയൽ മാസ്റ്റർ പല കാലങ്ങളിലായി അധിനിവേശങ്ങൾ നടത്തുകയും അടക്കി ഭരിക്കുകയുംചെയ്‌ത ആഫ്രിക്കയിലെ അൾജീരിയയും ടുണീഷ്യയും മൊറോക്കയും മാലിയും നൈജറും മൗറിട്ടാനിയയും മറ്റുമായിരുന്നുവെന്നതാണ്. കോളനികൾ സ്വതന്ത്രമായെങ്കിലും അവിടത്തെ ജനങ്ങൾക്ക് ഫ്രാൻസുമായുള്ള ബന്ധം തുടർന്നു. ഈ രാജ്യങ്ങളിൽനിന്ന് ലക്ഷക്കണക്കിനു പേർ തൊഴിൽ തേടി പാരീസിലും മാർസലേയിലും ലിയോണിലും മറ്റും എത്തി. നിലവിൽ ഫ്രാൻസിൽ 70 ലക്ഷം കുടിയേറ്റക്കാർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഫ്രാൻസിൽ വസിക്കുന്ന മൂന്നിൽ ഒരാൾക്ക് കുടിയേറ്റക്കാരുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധമുണ്ട്. മുൽഹൗസ് പോലുള്ള ഫ്രഞ്ച് നഗരങ്ങളിൽ 25 ശതമാനംവരെ കുടിയേറ്റക്കാരുണ്ട്. മാർസെയിൽ 22 ശതമാനവും സ്‌ട്രാസ്‌ബർഗിൽ 16 ശതമാനവും കുടിയേറ്റക്കാരാണ്. കുടിയേറ്റക്കാരിൽ 43 ശതമാനവും അൾജീരിയയിൽനിന്ന് എത്തിയവരാണ്. മൊറോക്കോയിൽനിന്ന് 28 ശതമാനവും ടുണീഷ്യയിൽനിന്ന് 11 ശതമാനവും വരും. ഫ്രാൻസിന്റെ അധ്വാനശക്തിയുടെ വലിയപപങ്ക് ഈ കുടിയേറ്റക്കാരാണ്. സിനെദിൻ സിദാൻ, കിലിയൻ എംബാപ്പെ തുടങ്ങിയ ലോകോത്തര ഫ്രഞ്ച് ഫുട്‌ബോൾ താരങ്ങൾക്കുപോലും ആഫ്രിക്കയിൽനിന്നുള്ള കുടിയേറ്റവുമായി ബന്ധമുണ്ട്. ഈ കുടിയേറ്റക്കാരെ പ്രത്യേകിച്ചും മുസ്ലിങ്ങളെ ശത്രുപക്ഷത്ത് നിർത്തിയാണ് തീവ്രവലതുപക്ഷം വോട്ട്‌ബാങ്ക് സൃഷ്ടിക്കുന്നത്.
ഫ്രാൻസിനെപ്പോലുള്ള രാഷ്ട്രങ്ങൾ നടത്തുന്ന അധിനിവേശങ്ങളും ഉദാരവൽക്കരണ നയവുമാണ് കുടിയേറ്റക്കാരെ സൃഷ്ടിക്കുന്നത്. ഈ വസ്‌തുത മറച്ചുവച്ചാണ് ജീവൻ നിലനിർത്താനായി കുടിയേറുകയും എല്ലുമുറിയെ പണിയെടുത്ത് ജീവിക്കുകയും ചെയ്യുന്ന ഈ ജനതയെ ശത്രുപക്ഷത്ത് നിർത്തി ജിഹാദികളും ഭീകരവാദികളുമാക്കി ചിത്രീകരിക്കുന്നത്. ഫ്രാൻസിൽ ഇപ്പോൾ നടക്കുന്നതും അതാണ്. മധ്യവലതുപക്ഷക്കാരനായാണ് അറിയപ്പെടുന്നതെങ്കിലും കുടിയേറ്റ വിരുദ്ധത മാക്രോണിന്റെയും കൊടിയടയാളമാണ്. കഴിഞ്ഞ വർഷം ദേശീയ അസംബ്ലി പാസാക്കിയ കുടിയേറ്റ വിരുദ്ധ നിയമംതന്നെ ഉദാഹരണം. നാടുകടത്തലിനെതിരെ 12 അപ്പീൽ സമർപ്പിക്കാനുള്ള കുടിയേറ്റക്കാരുടെ അവകാശം നാലായി കുറയ്‌ക്കുന്നതായിരുന്നു ആ നിയമം. അതായത് കടിയേറ്റക്കാരെ എളുപ്പത്തിൽ നാടുകടത്താൻ വഴിയൊരുങ്ങി. അതുപോലെതന്നെ നഗരപാർശ്വങ്ങളിൽ വളരെ കഷ്ടപ്പെട്ടുള്ള ജീവിതമാണ് കുടിയേറ്റ ജനത നയിക്കുന്നത്. വിദ്യാഭ്യാസവും ജോലിയും കുടിയേറ്റക്കാർക്ക് നിഷേധിക്കപ്പെടുന്നതും വർധിച്ച പ്രതിഷേധത്തിന് കാരണമായി. പൊലീസിന്റെ സമീപനം പറയാനുമില്ല. സാധാരണ ഫ്രഞ്ചുകാരേക്കാൾ 20 ശതമാനം അധികമാണ് അറബ്‐ ആഫ്രിക്കൻ വംശജരെ തിരിച്ചറിയൽ പരിശോധനയ്‌ക്ക് വിധേയമാക്കുന്നതെന്ന് ഫ്രഞ്ച് സർക്കാരിന്റെ കണക്കുകൾതന്നെ വ്യക്തമാക്കുന്നത്. 2020നു ശേഷം പൊലീസ് നടത്തിയ വെടിവയ്‌പിൽ ഭൂരിപക്ഷവും അറബ് വംശജർക്കെതിരെയായിരുന്നു. ഇതെല്ലാം തെളിയിക്കുന്നത് തീവ്രവലതുപക്ഷത്തിന്റെ ആശയപദ്ധതി തന്നെയാണ് മാക്രോണിന്റെ സർക്കാരും പിന്തുടരുന്നതെന്നാണ്.
തീവ്രവലതുപക്ഷത്തെ അധികാരത്തിൽനിന്ന് പുറത്തുനിർത്താൻ തനിക്ക് വോട്ട് തരൂ എന്നഭ്യർഥിച്ചാണ് മാക്രോൺ പ്രസിഡന്റായത്. എന്നാൽ, അധികാരം ലഭിച്ചതോടെ മാക്രോൺ തനിനിറം പുറത്തെടുത്തിരിക്കുകയാണ്. ഈ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരായ ഫ്രഞ്ച് ജനതയുടെ രോഷപ്രകടനം കൂടിയാണ് ഇപ്പോൾ ഫ്രാൻസിന്റെ തെരുവുകളിൽ കാണുന്നത്. പെൻഷൻ പരിഷ്‌കരണത്തിനെതിരായ പ്രക്ഷോഭത്തിലും ഇതാണ് കണ്ടത്. ഈ രണ്ട് പ്രക്ഷോഭത്തിനും പിന്തുണ നൽകിയ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി ഫേബിയൻ റൂസ്സൽ ശരിയായി വിലയിരുത്തിയതുപോലെ നായ്‌ലിന് നീതി ലഭിക്കണമെന്നതുപോലെതന്നെ പ്രധാനമാണ് കുടിയേറ്റക്കാർക്കും നീതി ലഭിക്കണമെന്നത്. മാറിമാറി വരുന്ന സർക്കാരുകൾ അതിന് ശ്രമിക്കാത്തതാണ് ആ വിഭാഗം ജനങ്ങളെ രോഷാകുലരാക്കുന്നത്. പൊലീസിന്റെ ക്രൂരമായ സമീപനവും വംശീയ പക്ഷപാതിത്വവും ജീവിതപ്രയാസങ്ങളുമാണ് കുടിയേറ്റക്കാരെ കലാപത്തിലേക്ക് തള്ളിവിട്ടത്. ഈ അടിസ്ഥാന വിഷയങ്ങൾ പരിഹരിക്കാത്ത പക്ഷം പാരീസ് ഇനിയും കത്തിയെരിയുകതന്നെ ചെയ്യും.
No comments:
Post a Comment