Saturday, July 1, 2023

കുമാരഗുരു തെളിച്ച മോചനപാത


ഏറെ സങ്കീർണവും സുദീർഘവുമായ ഒരു ചരിത്രപ്രക്രിയ ആയിരുന്നു നവോത്ഥാനമെന്ന്‌ വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യ, സമുദായ പരിഷ്കരണ പ്രവർത്തനങ്ങൾ. ചെറുതും വലുതുമായ അനേകം സംഘടനകളും വ്യക്തികളും മൂന്ന് വ്യത്യസ്ത ഭരണക്രമത്തിലായിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമായി നടത്തിയ ബഹുമുഖ പോരാട്ടങ്ങളും  വ്യത്യസ്ത ധാരകളുമാണ് ഐക്യ കേരളത്തിന്റെ രൂപീകരണത്തിലേക്കും  ജനാധിപത്യ മതനിരപേക്ഷ ബോധ്യങ്ങളിലേക്കും കേരളീയ സമൂഹത്തെ എത്തിച്ചത്. അതിൽ  പ്രധാനിയും നവോത്ഥാന ചരിത്രത്തിലെ കീഴാള മുന്നേറ്റങ്ങൾക്ക് ഗതിവേഗം  പകരുകയും ചെയ്ത പൊയ്കയിൽ അപ്പച്ചൻ എന്ന കുമാര ഗുരുവിന്റെ (1879-–-1939) 84–-ാമത് സ്മൃതിദിനമാണ് ഇന്ന്.

മധ്യകേരളത്തിലെ ഇരവിപേരൂരിൽ കാർഷിക അടിമകൾ ആയിരുന്ന കണ്ടയുടെയും ലക്ഷ്മിയുടെയും മകനായി ജനിച്ച കൊമരനാണ് കുമാരനായത്. ജാതിവ്യവസ്ഥയും ജന്മിത്തവും നാടുവാഴിത്തവും സാമൂഹ്യജീവിതത്തെ നീരാളിക്കെട്ടു പോലെ പിടിമുറുക്കിയിരുന്ന കാലത്താണ് അദ്ദേഹം ജനിച്ചത്. ജാതിയും മതവും സവർണ ആധിപത്യത്തിന്റെ മുഖമുദ്രയും അടിമ സമ്പ്രദായം അധികാര വ്യവസ്ഥയുടെ അടിത്തറയുമായിരുന്ന അക്കാലത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ രൂഢമൂലമായിരുന്നു.


ജാതി, ജന്മി, നാടുവാഴിത്ത വ്യവസ്ഥയിൽ അടിമത്തവും അടിമക്കച്ചവടവും നിർബാധം അരങ്ങേറി. 1600 മുതൽ 1855 വരെ ആഗോള അടിമ വ്യാപാരത്തിലെ പ്രധാന കണ്ണിയും ഗുണമേന്മയുള്ള അടിമകളെ ലഭിച്ചിരുന്ന കമ്പോളവുമായിരുന്നു കൊച്ചിയും തിരുവിതാംകൂറും മലബാറും (വിനിൽ പോൾ).  അക്കാലത്ത് നിലവിൽ ഉണ്ടായിരുന്ന ഒരു മതവും അടിമക്കച്ചവടത്തിനെതിരെ ഒരിക്കൽപ്പോലും ശബ്ദമുയർത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. പുലയർ, വേട്ടുവർ, പറയർ, കുറവർ, നായാടി, തീയർ, നായർ എന്നീ ജാതിയിൽപ്പെട്ടവരെയാണ് അടിമകളായി ക്രയവിക്രയം ചെയ്തിരുന്നത്.

1843 മലബാറിൽ അടിമക്കച്ചവടം നിരോധിച്ചെങ്കിലും കൊച്ചിയിലും തിരുവിതാംകൂറിലും അത് തുടർന്നു; 1855ൽ അടിമത്ത നിരോധന ഉത്തരവുവരെ.1806ൽ തെക്കൻ കേരളത്തിൽ ലണ്ടൻ മിഷണറി പ്രസ്ഥാനവും 1816ൽ മധ്യകേരളത്തിൽ ചർച്ച്‌ മിഷണറി പ്രസ്ഥാനവും 1839 മലബാറിൽ ബാഴ്സൽ മിഷൻ പ്രസ്ഥാനവും പ്രവർത്തനം ആരംഭിച്ചു. വിവിധ ജാതിയിലുള്ളവർ ഈ പ്രസ്ഥാനത്തിൽ ആകൃഷ്ടരായി. അയിത്ത ജാതിയിൽ നിന്നും കുറവർ, പുലയർ, പറയർ, നായാടി എന്നിവരാണ് പ്രധാനമായും ക്രിസ്തുമതം സ്വീകരിച്ചത്. മാതാപിതാക്കൾ അടിമകൾ ആയതു കൊണ്ടു തന്നെ കുമാരന്റെ ബാല്യ, കൗമാരങ്ങളും അടിമയായി തന്നെയായിരുന്നു.

ജന്മിയുടെ അടിമ ജോലികൾ നിർവഹിച്ചിരുന്ന കാലത്തു തന്നെ അടിമ ബാലന്മാരുടെ ഒരു സംഘത്തിന് കുമാരൻ രൂപംനൽകി.  ഇവരെ "പൊയ്ക്കൂട്ടർ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത് (വി വി സാമി). യോഹന്നാൻ എന്ന പേര് സ്വീകരിച്ച് കുമാരനും ക്രിസ്തുമത വിശ്വാസിയായി തീരുകയും ക്രമേണ യോഹന്നാൻ ഉപദേശി എന്നപേരിൽ അയിത്ത ജാതിക്കാർക്കിടയിൽ പേരെടുക്കുകയും ചെയ്തു. അയിത്ത ജാതിക്കാർ ക്രിസ്തുമത വിശ്വാസികളായി മാറിയിട്ടും അവിടെയും ജാതി വിവേചനത്തിന് അറുതിയുണ്ടായില്ല.  മതവിശ്വാസികൾ ഡിസംബർ 25ന് ക്രിസ്‌മസ് ആഘോഷിക്കുമ്പോൾ മതം മാറിയ അയിത്ത ജാതിക്കാർ ക്രിസ്‌മസ് ആഘോഷിക്കേണ്ടിയിരുന്നത് ഡിസംബർ 26ന്‌ ആയിരുന്നു. ജാതീയതയിൽ നിന്നും അടിമത്തത്തിൽ നിന്നും മോചനം ആഗ്രഹിച്ച ക്രൈസ്തവ സഭകളിൽ ഇടംനേടിയവർക്ക് അവിടുന്നും കൊടിയ വിവേചനവും അവഹേളനവും നേരിടേണ്ടി വന്നത് അപ്പച്ചനെ അരിശം കൊള്ളിച്ചു.

1905 മുതൽ 1939 വരെ അദ്ദേഹം നടത്തിയ സഞ്ചാര പ്രസംഗങ്ങൾ കീഴാളവിഭാഗങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യമെന്ന ജനാധിപത്യാവകാശം സ്ഥാപിച്ചെടുക്കുന്നതിനുള്ള വിളംബരങ്ങളായിരുന്നു. മുതലപ്രയിൽ 1910ൽ  നടന്ന യോഗത്തിലെ അപ്പച്ചന്റെ പ്രസംഗം ബ്രിട്ടീഷ് ഭരണകൂടത്തിന്‌ എതിരാണെന്ന സവർണവിഭാഗങ്ങളുടെ പ്രചാരണത്തെ തുടർന്ന് പൊലീസ് കേസെടുത്തു.  ചങ്ങനാശേരി രണ്ടാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരായ അദ്ദേഹത്തോട്  ജഡ്ജി ചോദിച്ചതിനുള്ള  ഉത്തരമായിട്ടാണ്, കോടതിമുറിയിൽ തന്റെ സഭയുടെ പേര് പ്രത്യക്ഷ രക്ഷാ ദൈവസഭ (പിആർഡിഎസ്) എന്ന് പ്രഖ്യാപിച്ചത്

കീഴാള വംശത്തിന്റെ ചരിത്രം സാമ്പ്രദായിക ചരിത്ര രചനകളിൽ  ഇന്നും കാണാത്ത സാഹചര്യത്തിൽ പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകളുടെ പ്രസക്തി ഏറെയാണ്. കീഴാള ചരിത്രത്തെയും അവന്റെ രക്ഷാമാർഗങ്ങളെയും  സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പാടി .
" കാണുന്നില്ലോരക്ഷരവും
 എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ട് അനേക
വംശത്തിൻ ചരിത്രങ്ങൾ’

അയ്യൻകാളിയുടെ സാധുജന പരിപാലന സംഘം പോലെ ജാതിവിരുദ്ധവും ഉപജാതി ബോധത്തിന് അതീതമായും കീഴാള ജനവിഭാഗങ്ങൾക്കിടയിൽ സംസ്കാരസമ്പന്നമായ മാനവികബോധം സൃഷ്ടിക്കാൻ പിആർഡിഎസിനു കഴിഞ്ഞു. വിദ്യാഭ്യാസ പ്രവർത്തകൻ, ശ്രീമൂലം പ്രജാസഭാ അംഗം എന്നീ നിലകളിൽ അഭിനന്ദനാർഹമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയതെന്ന് കാണാം.  ദളിത് വിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ അട്ടിമറിക്കാൻ കേന്ദ്ര ഭരണനേതൃത്വം തന്നെ ശ്രമിക്കുന്നു. സംവരണം ഒരവകാശം പോലുമല്ലെന്ന കോടതി വിധികളും വന്നു തുടങ്ങി. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ദളിതാവസ്ഥയും സംഘപരിവാറിന്റെ കൂടാരത്തിൽ ചേക്കേറിയവർ കാണുന്നില്ല.

നവോത്ഥാന ചരിത്രത്തിൽ ജാതിക്കെതിരായി രൂപപ്പെട്ട മുന്നേറ്റങ്ങളിൽ കീഴാള പ്രതിരോധത്തിന്റെയും പ്രതിനിധാനത്തിന്റെയും അടിത്തറയൊരുക്കുന്നതിൽ ചരിത്രപരമായ പങ്കാണ് പൊയ്കയിൽ അപ്പച്ചൻ നിർവഹിച്ചതെന്ന് കാണാം.


Read more: https://www.deshabhimani.com/articles/poykayil-appachan-kumaraguru/1100815

No comments:

Post a Comment