Saturday, July 8, 2023

അതിദരിദ്രർക്കും 
വേണം ഒരു ജീവിതം - ഡോ. രാമന്തളി രവി എഴുതുന്നു

അടിസ്ഥാനപരമായ ജീവിതാവശ്യങ്ങൾ എന്താണെന്ന്‌ ഒരുവിധത്തിലും തിരിച്ചറിയാനും തിരിച്ചറിഞ്ഞാലും അത്‌ നേടിയെടുക്കാനുള്ള ശേഷിയും സൗകര്യവും ഇല്ലാതിരുന്നവരെയാണ്‌ നാം അതിദരിദ്രർ എന്നുവിളിച്ചത്‌. അവരെ കണ്ടെത്തി ജീവിതത്തിലേക്ക്‌ കൈപിടിക്കാനുള്ള ശ്രമമാണ്‌ തദ്ദേശസ്ഥാപന തലത്തിൽ നടക്കുന്നത്‌. അതിദരിദ്രരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള പദ്ധതി എഴുതിത്തയ്യാറാക്കുകയും അത്‌ നടപ്പാക്കുന്നതിനുള്ള അനുമതി നേടുകയും നിർവഹണത്തിലേക്ക്‌ കടക്കുകയും ചെയ്‌തു. ഈ ജനകീയ പ്രവർത്തനത്തിന്റെ നാൾവഴികൾ കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ചർച്ച ചെയ്‌തിട്ടുണ്ടോ എന്നു സംശയമാണ്‌. ദാരിദ്ര്യം അതിന്റെ ചരിത്ര രാഷ്‌ട്രീയ പശ്ചാത്തലത്തിൽ സ്ഥലകാല ബാധകമായ വ്യാഖ്യാനങ്ങൾക്കും വിമർശങ്ങൾക്കും വിധേയമാകുന്ന കാലത്ത്‌ അതിദരിദ്രരെ കണ്ടെത്തുന്നതിനും അവർക്ക്‌ ജീവിതം കൊടുക്കുന്നതിനും സർക്കാർ ഏറ്റെടുത്ത ബൃഹത്തായ കർമപദ്ധതിയെപ്പറ്റി കേരളത്തിലെ ചില മാധ്യമങ്ങൾ പതിവുശൈലിയിൽ മൗനംപാലിച്ചു. ഇവിടെ നടക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളെയും തമസ്‌കരിക്കുകയോ ഇകഴ്‌ത്തിക്കാട്ടുകയോ ചെയ്യുന്ന മാധ്യമസംസ്‌കാരം പൊതുചർച്ചയുടെ അവസരമാണ്‌ നിഷേധിക്കുന്നത്‌.

ദരിദ്രരുടെ നില മെച്ചപ്പെടുത്താൻ നയപരമായ ഇടപെടലിലൂടെ സാധ്യമാണെന്ന്‌ അഭിജിത്‌ ബാനർജിയും എസ്‌തേർ ദുഫ്‌ളോയും ചേർന്ന്‌ എഴുതിയ പുവർ ഇക്കണോമിക്‌സ്‌ എന്ന ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നുണ്ട്‌. താഴെത്തട്ടിലുള്ള ജനവിഭാഗത്തിന്റെ യഥാർഥ ഡാറ്റ ലഭ്യമാക്കാൻ ആ തലത്തിൽനിന്നുള്ള പരീക്ഷണം ആവശ്യമാണെന്നും പുസ്‌തകം വിശദീകരിക്കുന്നു. ഇത്‌ ഇവിടെ സൂചിപ്പിച്ചത്‌ അതിദരിദ്രരെ കണ്ടെത്താൻ കേരളം സ്വീകരിച്ച രീതി വിശദമാക്കാനാണ്‌. സാധാരണയായി സർക്കാർ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി സ്വീകരിക്കുന്ന പതിവുശൈലി ഇക്കുറി മാറ്റിവച്ചു. കണ്ടെത്തേണ്ടത്‌ പാവപ്പെട്ടവരിൽ പാവപ്പെട്ട ഒരുകൂട്ടം ആളുകളെയാണ്‌. അപേക്ഷ എന്തെന്നും എവിടെനിന്നു കിട്ടുമെന്നും അവർക്കറിയില്ല. ഈ വിവരം അവരിൽ എങ്ങനെ എത്തിക്കും. ഇത്തരമാളുകളെ അന്വേഷിച്ചു കണ്ടെത്തേണ്ട ചുമതല പൊതു സമൂഹത്തിനു നൽകാൻ സർക്കാർ തീരുമാനിച്ചു. പ്രചാരണവും നേതൃപരമായ പങ്കാളിത്തവും തദ്ദേശസ്ഥാപനങ്ങൾക്കും നൽകി.

സ്വന്തമായി തൊഴിലും നേരാനേരം ഭക്ഷണവുമില്ല. ഭൂമിയും വീടുമില്ല. മാരകരോഗത്തിന്‌ അടിപ്പെട്ടതിനാൽ പുറത്തിറങ്ങാനാകുന്നില്ല. സമൂഹത്തിൽനിന്നും ഒറ്റപ്പെട്ടവരായി. സർക്കാർ കണക്കിൽ പേരും റേഷൻ കാർഡും ആധാർ കാർഡുമില്ല. എന്തിന്‌ വോട്ടർ ഐഡി പോലുമില്ലാത്ത ഹതഭാഗ്യർ. ഇവരെ അന്വേഷിച്ചാണ്‌ കേരളത്തിന്റെ  പൊതുസമൂഹം മൂന്നു മാസത്തോളം സഞ്ചരിച്ചത്‌. നാനാതുറയിൽപ്പെട്ട അഞ്ചുലക്ഷത്തോളംപേർക്ക്‌ പരിശീലനം നൽകി. തദ്ദേശതലത്തിൽ പ്രാരംഭ പട്ടികയുണ്ടാക്കി. പല തട്ടുകളിൽ പരിശോധിച്ച്‌ കുറ്റമറ്റതാക്കി. ഗ്രാമസഭകളിലും വാർഡ്‌ സമിതികളിലും ആ പേരുകൾ വായിച്ചു. ചർച്ചചെയ്‌തു. അവസാനം 64,006 പേരുടെ പട്ടിക അംഗീകരിച്ചു. ഒരംഗം മാത്രമുള്ളത്‌ 43,850, രണ്ടുപേരുള്ള 9841  കുടുംബം, മൂന്നാൾ മാത്രമുള്ള 5165 –- എന്നിങ്ങനെ അതിദരിദ്രരുടെ പട്ടിക പുറത്തുവന്നു. ഭക്ഷണം, വരുമാനം, രോഗം, വീട്‌, ഭൂമി–- അങ്ങനെ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ച്‌ ദാരിദ്ര്യത്തിന്റെ തീവ്രരൂപം അനുഭവിക്കുന്നവർ.

അന്താരാഷ്‌ട്ര മാനദന്ധങ്ങൾ അനുസരിച്ച്‌ ഇന്ത്യ പട്ടിണിയുടെ കാര്യത്തിൽ എവിടെ നിൽക്കുന്നുവെന്ന്‌ നമുക്കറിയാം. കേരളം അതിനെ എങ്ങനെയാണ്‌ മറികടന്നതെന്ന്‌ വിശദീകരിക്കേണ്ടതില്ല. ആശ്രയ, അഗതി കേരളം തുടങ്ങിയ പദ്ധതി ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്‌തതിന്റെ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്‌. വാതിൽപ്പടി സേവനംവഴി റേഷൻ കാർഡുകൾ, ആധാർ കാർഡുകൾ, തിരിച്ചറിയൽ കാർഡ്‌, സാമൂഹ്യസുരക്ഷാ പെൻഷൻ, ബാങ്ക്‌ അക്കൗണ്ടുകൾ എന്നിവ നൽകി. അതിദരിദ്രരിൽ റേഷൻ കാർഡില്ലാത്തവർക്ക്‌ അതു നൽകാനുള്ള നടപടി തുടങ്ങി. 391 പേർക്ക്‌ കുടുംബശ്രീവഴി ഉപജീവനമൊരുക്കി. 11,340 പേർക്ക്‌ വീട്‌ നിർമാണനടപടി തുടങ്ങി. പാചകവാതകം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾക്കായി നടപടികൾ പുരോഗമിക്കുകയാണ്‌.

ലളിതമായ നടപടിക്രമങ്ങളിലൂടെയാണ്‌ അതിദരിദ്രരെ കണ്ടെത്തിയത്‌. അവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലും തദ്ദേശസ്ഥാപനങ്ങൾ നിതാന്ത ജാഗ്രതയിലാണ്‌. അമർത്യ സെൻ ഒരിക്കൽ ചൂണ്ടിക്കാട്ടിയതുപോലെ ദരിദ്രരിൽ ദരിദ്രരായവരെ ശാക്തീകരിക്കുക എന്നുപറഞ്ഞാൽ ജനാധിപത്യത്തെ അതിന്റെ ശുദ്ധമായ രൂപത്തിൽ പ്രാവർത്തികമാക്കുകയെന്നു മാത്രമാണ്‌. എല്ലാത്തരം ചർച്ചയിൽനിന്നും സംവാദങ്ങളിൽനിന്നും ഒഴിച്ചുനിർത്തിയിരുന്നവരെ ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാക്കുകയും ഉൾക്കൊള്ളിക്കുകയുമാണ്‌ ചെയ്‌തിരിക്കുന്നത്‌.

കേരളത്തിൽ മുന്നണികൾ മാറിമാറി വരുന്ന പതിവ്‌ തെറ്റിച്ചുകൊണ്ട്‌ പിണറായി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നപ്പോൾ ആദ്യം ചേർന്ന മന്ത്രിസഭാ യോഗത്തിൽ എടുത്ത ഒന്നാമത്തെ തീരുമാനം കേരളത്തിൽ അതിദാരിദ്ര്യം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും എന്നായിരുന്നു. തീരുമാനം രേഖപ്പെടുത്തിയ മഷി ഉണങ്ങുംമുമ്പ്‌ അത്‌ നടപ്പാക്കുന്നതിനുള്ള പ്രവർത്തനം ജാഗ്രതയോടെ ആരംഭിച്ചു. സർക്കാരിന്റെ ദൃഢനിശ്ചയത്തോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇച്ഛാശക്തിയും കണ്ണിചേർന്നപ്പോൾ കേരളീയ പൊതുസമൂഹം അത്‌ ഏറ്റെടുത്തു. അതുകൊണ്ട്‌ അതിദരിദ്രർക്ക്‌ പുതുജീവിതമാണ്‌ കൈവന്നിരിക്കുന്നത്‌.

(കിലയുടെ എക്‌സ്‌റ്റൻഷൻ ഫാക്കൽട്ടിയാണ്‌ ലേഖകൻ)

https://www.deshabhimani.com/articles/poverty/1102237

No comments:

Post a Comment