Sunday, June 4, 2023

തെക്കുനിന്നൊരു വെളിച്ചം വഴിതെളിക്കും - ഡോ. രാം പുനിയാനി സംസാരിക്കുന്നു.


വിനാശകരമായ നയങ്ങളും ജനവിരുദ്ധ നടപടികളും വർഗീയ അജൻഡയുമായി മുന്നോട്ട്‌ പോകുന്ന നരേന്ദ്ര മോദി സർക്കാർ അധികാരമേറിയിട്ട്‌ ഒമ്പതു വർഷം. രാജ്യത്തെ തെറ്റായ ദിശയിലേക്ക്‌ നയിച്ച ഒമ്പതാണ്ട്‌ പിന്നിടുമ്പോൾ മതസൗഹാർദവും ഫെഡറലിസവും രാജ്യത്തിന്റെ അഭിവൃദ്ധിയുമെല്ലാം തിരിച്ചുപിടിക്കേണ്ടതുണ്ട്‌. ഇടുങ്ങിയ അജൻഡകളുമായുള്ള മോദിസർക്കാരിന്റെ യാത്രയെക്കുറിച്ച്‌ മുംബൈ ഐഐടി മുൻ ബയോ മെഡിക്കൽ എൻജിനിയറിങ്‌ പ്രൊഫസറും ഗ്രന്ഥകാരനും സാമൂഹ്യനിരീക്ഷകനുമായ ഡോ. രാം പുനിയാനി സംസാരിക്കുന്നു.

തയ്യാറാക്കിയത്‌: ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ
 സുജിത്‌ ബേബി

ബിജെപി സർക്കാർ പത്താം വർഷത്തിലേക്ക്‌ പ്രവേശിക്കുന്നു. മോദി സർക്കാരിനു കീഴിലെ ഒമ്പതുവർഷത്തെ എങ്ങനെ വിലയിരുത്താനാകും ?
വ്യക്തമായ ഭൂരിപക്ഷത്തോടെ 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയതു മുതൽ വർഗീയ അജൻഡ നടപ്പാക്കാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. ഹിന്ദുത്വ ദേശീയത മുൻനിർത്തിയാണ്‌ ആർഎസ്‌എസ്‌ നയിക്കുന്ന സർക്കാരിന്റെ പോക്ക്‌. രാജ്യത്തെ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങൾക്ക്‌ ദോഷകരമായ ഒട്ടേറെ തീരുമാനങ്ങളുണ്ടായി. കശ്‌മീരിന്‌ പ്രത്യേകാധികാരം നൽകുന്ന 370–-ാം വകുപ്പ്‌ എടുത്തു മാറ്റിയതും പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതുമെല്ലാം ഇതിനുദാഹരണങ്ങളാണ്‌.

ചങ്ങാത്ത മുതലാളിത്തവുമായി കൂട്ടുചേർന്നുള്ള സാമ്പത്തിക നയങ്ങളാണ്‌ മറ്റൊന്ന്‌. അദാനി ഒരുദാഹരണംമാത്രം. ഇത്തരത്തിൽ നൂറുകണക്കിന്‌ കുത്തകകളാണ്‌ മോദി ഭരണത്തിൽ വളർന്നത്‌.പണമുള്ളവർ വീണ്ടും പണക്കാരനാകുകയും സാധാരണക്കാരൻ കൂടുതൽ ദരിദ്രനാകുകയും ചെയ്യുന്ന സാഹചര്യം വർധിച്ചുവെന്ന്‌ ഓക്‌സ്‌ഫോം റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. ദാരിദ്ര്യനിരക്ക്‌ വർധിക്കുകയാണ്‌. വിലക്കയറ്റം, സ്ത്രീകൾക്കും ദളിത്‌, ആദിവാസി വിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കുമെതിരായ അതിക്രമങ്ങൾ നാൾക്കുനാൾ വർധിക്കുന്നു. ഇത്തരത്തിൽ തെറ്റായ ദിശയിലാണ്‌ മോദി   ഒമ്പതു വർഷവും രാജ്യത്തെ നയിച്ചത്‌.

മോദി സർക്കാർ നടപ്പാക്കിയതിൽ പ്രധാനമായിരുന്നു നോട്ട്‌ അസാധുവാക്കൽ. മഹാമാരി രാജ്യത്തെയും പിടിച്ചുലച്ചതും ഇക്കാലയളവിലാണ്‌. ഈ രണ്ട്‌ വിഷയത്തിലും സർക്കാർ എങ്ങനെയാണ്‌ പ്രവർത്തിച്ചത്‌ ?


മോദി സർക്കാർ ഏറ്റവും മോശമായി കൈകാര്യംചെയ്‌ത രണ്ടു വിഷയമാണ്‌ നോട്ട്‌ അസാധുവാക്കലും കോവിഡ്‌ മഹാമാരിയും. നോട്ട്‌ അസാധുവാക്കൽ വലിയൊരു മണ്ടത്തരമായിരുന്നുവെന്ന്‌ തെളിയിക്കപ്പെട്ടു. നോട്ടിനായി വരിനിന്ന്‌ അറുനൂറോളം പേർ മരിച്ചു. കള്ളപ്പണം തടയാനെന്ന പേരിലാണ്‌ നോട്ട്‌ അസാധുവാക്കൽ നടപ്പാക്കിയതെങ്കിലും പിന്നീടത്‌ രണ്ടിരട്ടിയോളം വർധിച്ചുവെന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. രണ്ടായിരം രൂപയുടെ നോട്ടുകൾ വമ്പൻ അവകാശവാദങ്ങളോടെ കൊണ്ടുവന്നെങ്കിലും ഇപ്പോൾ പിൻവലിച്ചിരിക്കുന്നു. ഇതെല്ലാം പ്രധാനമന്ത്രിയുടെ മുൻകൈയിലുണ്ടായ തീരുമാനങ്ങളാണ്‌. അത്‌ വലിയ പരാജയമായിരുന്നുവെന്ന്‌ ഇപ്പോൾ പൊതുജനത്തിന്‌ ബോധ്യമായി. മഹാമാരി പ്രതിരോധിക്കുന്നതിൽ കേരളം സ്വീകരിച്ച നടപടികൾ ആർക്കും മാതൃകയാക്കാവുന്നതായിരുന്നു. എന്നാൽ, രാജ്യത്ത്‌ അടച്ചിടൽ പ്രഖ്യാപിക്കുമ്പോൾ ആകെ ആറ്‌ മണിക്കൂർ സമയമാണ്‌ മോദി ജനങ്ങൾക്ക്‌ നൽകിയത്‌. ജനങ്ങൾ പലയിടത്തും ഒറ്റപ്പെട്ടു. റെയിൽവേ പാളത്തിലൂടെയും മറ്റും നടന്ന്‌ ജനങ്ങൾ സ്വന്തം നാടുകളിലേക്ക്‌ കുടിയേറേണ്ടി വന്ന കാഴ്‌ച അതിദയനീയമായിരുന്നു. കരളലിയിപ്പിക്കുന്ന അനുഭവങ്ങളാണ്‌ രാജ്യത്തെ സാധാരണക്കാർക്കുണ്ടായത്‌.

രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഒട്ടേറെ നടപടികൾ രാജ്യത്തുണ്ടായല്ലോ. ഇതിനെ എങ്ങനെ വിലയിരുത്താനാകും ?


മതന്യൂനപക്ഷങ്ങൾ ഓരോ ദിവസവും പീഡനമേറ്റുവാങ്ങേണ്ട സാഹചര്യമാണിപ്പോൾ. ഷഹീൻബാഗ്‌ സമരത്തിനുശേഷം കള്ളക്കേസുകൾ ചുമത്തി ജയിലിലടയ്‌ക്കുന്നത്‌ പതിവായിരിക്കുന്നു. ഉമർ ഖാലിദടക്കം നിരവധിയാളുകളാണ്‌ ജയിലഴിക്കുള്ളിലായത്‌. ബീഫ്‌ കഴിച്ചതിന്റെ പേരിൽ പാവപ്പെട്ടവരെ ആൾക്കൂട്ട വിചാരണ നടത്തി വധശിക്ഷ വിധിച്ചു. അതേസമയം, മറുവശത്ത്‌ വിദ്വേഷ പ്രചാരണം നിർബാധം തുടരുകയാണ്‌. അനുരാഗ്‌ വർമയും കപിൽ ശർമയുമടക്കമുള്ള വിദ്വേഷ പ്രചാരകർക്ക്‌ കേസില്ല, ജയിലില്ല.  ഭരണകൂടം തങ്ങൾക്കൊപ്പമാണെന്നും മതന്യൂനപക്ഷങ്ങളെ ആക്രമിക്കാനും കൊന്നൊടുക്കാനും ലൈസൻസുണ്ടെന്നുമാണ്‌ വിദ്വേഷപ്രചാരകർ ധരിച്ചിരിക്കുന്നത്‌.

ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള ഒരു വിഭാഗം ബിജെപിയുമായി അടുപ്പം കാണിക്കുകയാണല്ലോ ?


ക്രിസ്ത്യൻ മതവിഭാഗത്തിലുള്ളവരും വലിയ ഭീഷണി നേരിടുകയാണ്‌. ക്രിസ്ത്യൻ ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുകയാണ്‌. മണിപ്പുരിലും നാഗാലാൻഡിലുമെല്ലാം ക്രൈസ്‌തവർ ആക്രമിക്കപ്പെടുന്നു. രാജ്യതലസ്ഥാനത്തുപോലും ക്രിസ്ത്യൻ പള്ളികൾക്ക് തീയിടുന്ന സംഭവമുണ്ടായി.   ഇത്‌ മനസ്സിലാക്കാതെയാണ്‌ ചില ബിഷപ്പുമാർ ബിജെപിയോട്‌ അടുക്കാൻ ശ്രമിക്കുന്നത്‌.

രാജ്യത്താകെ വർഗീയത പടരുമ്പോഴും മതനിരപേക്ഷതയ്‌ക്കിടമുള്ള കേരളത്തെ അപമാനിക്കാനും തെറ്റിദ്ധാരണ പടർത്താനുമല്ലേ ‘കേരള സ്റ്റോറി’യടക്കം സിനിമകൾ സൃഷ്ടിക്കപ്പെടുന്നതും പ്രധാനമന്ത്രിയടക്കം അതിന്‌ പിന്തുണ നൽകുന്നതും ?


രണ്ടു ലക്ഷ്യമാണ്‌ ആ സിനിമയ്‌ക്ക്‌ പിന്നിലുള്ളത്‌. കേരളത്തിൽ എളുപ്പത്തിൽ ജയിക്കാനാകില്ലെന്ന്‌ ബിജെപിക്ക്‌ ബോധ്യമുണ്ട്‌. അതുകൊണ്ടുതന്നെ കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രമെന്ന്‌ അപകീർത്തിപ്പെടുത്തുകയാണ്‌ ഈ ചിത്രത്തിന്റെ പ്രഥമലക്ഷ്യം. മുസ്ലിങ്ങൾ ലൗജിഹാദിന്റെ വക്താക്കളും യുവതികളെ ഐഎസിലേക്ക്‌ ആകർഷിക്കുന്ന ബുദ്ധികേന്ദ്രങ്ങളാണെന്നും വരുത്തിത്തീർക്കുകയാണ്‌ മറ്റൊന്ന്‌. ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു കശ്‌മീർ ഫയൽസ്‌. പ്രത്യേക ലക്ഷ്യങ്ങളോടെ നിർമിക്കപ്പെട്ട അശ്ലീല ചിത്രമെന്നാണ്‌ ഗോവ ഫിലിം ഫെസ്റ്റിവെൽ ജൂറി ആ സിനിമയെ വിലയിരുത്തിയത്‌. അതേ വിഭാഗത്തിൽപ്പെടുത്താവുന്നതാണ്‌ കേരള സ്റ്റോറിയും. തെറ്റായ വിവരങ്ങളാണ്‌ സിനിമയ്‌ക്ക്‌ ആധാരം. ലൗജിഹാദിൽപ്പെട്ട 32,000 ഹിന്ദു പെൺകുട്ടികൾ ഐഎസിലേക്ക്‌ റിക്രൂട്ട്‌ ചെയ്യപ്പെട്ടുവെന്നാണ്‌ സിനിമ പറയുന്നത്‌. ആകെ ആറു പേരാണ്‌ കേരളത്തിൽനിന്ന്‌ ഐഎസിൽ എത്തിയത്‌ എന്നാണ്‌ കേന്ദ്രസർക്കാരിന്റെതന്നെ കണക്കുകൾ. ഇതിൽ മൂന്നുപേർ മുസ്ലിങ്ങളും രണ്ടുപേർ ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരുമാണ്‌. ഒരാൾ മാത്രമാണ്‌ ഹിന്ദു വിഭാഗത്തിൽനിന്ന്‌ ഐഎസിലേക്ക്‌ ആകർഷിക്കപ്പെട്ട മലയാളിയെന്ന കേന്ദ്രസർക്കാരിന്റെ വിവരംപോലും വകവയ്‌ക്കാതെയാണ്‌ വ്യാജകണക്കുകൾ സ്ഥാപിക്കാനുള്ള ശ്രമം. കശ്‌മീർ ഫയൽസിന്‌ സമാനമായി കേരള സ്റ്റോറിയെയും പിന്തുണയ്‌ക്കുന്ന നിലപാടാണ്‌ ആർഎസ്‌എസ്‌, ബിജെപി നേതൃത്വം സ്വീകരിക്കുന്നത്‌. പ്രധാനമന്ത്രിയടക്കം ഇതിനെ അനുകൂലിക്കുകയാണ്‌.

ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിതയെ രാഷ്ട്രപതി സ്ഥാനത്ത്‌ എത്തിച്ചുവെന്ന്‌ ഘോഷിച്ചവർ പാർലമെന്റ്‌ ഉദ്‌ഘാടനത്തിൽനിന്ന്‌ അവരെ മാറ്റിനിർത്തിയ സാഹചര്യമുണ്ടായല്ലോ?


പാർലമെന്റ്‌ ഉദ്‌ഘാടനത്തെക്കുറിച്ച്‌ സംസാരിക്കും മുമ്പേ രാമക്ഷേത്ര നിർമാണത്തെക്കുറിച്ച്‌ ചർച്ച ചെയ്യേണ്ടി വരും. മതനിരപേക്ഷ രാജ്യത്ത്‌ പ്രധാനമന്ത്രി ക്ഷേത്രനിർമാണോദ്‌ഘാടനത്തിനും മറ്റും പോകാൻ പാടില്ലാത്തതാണ്‌. രാമക്ഷേത്രത്തിന്റെ കാര്യത്തിൽ അത്‌ ലംഘിക്കപ്പെട്ടു. ആർഎസ്‌എസ്‌ മേധാവിയെപ്പോലും  ക്ഷണിച്ചപ്പോൾ രാഷ്‌ട്രപതിയായിരുന്ന രാംനാഥ്‌ കോവിന്ദിനെ മാറ്റിനിർത്തി. അദ്ദേഹം ഒരു ദളിതനായതാണ്‌ യഥാർഥ കാരണം. അത്തരമൊരു മതചടങ്ങിൽ ദളിതുകളുണ്ടാകാൻ പാടില്ലെന്ന ആർഎസ്‌എസ്‌ നിലപാടാണ്‌ നിറവേറിയത്‌. ആർഎസ്‌എസിന്റെ തൻപ്രമാണിത്വവും ദളിത്‌, ആദിവാസി വിഭാഗങ്ങൾ തങ്ങൾക്ക്‌ വെറും ഷോപീസുകൾ മാത്രമാണെന്നും തെളിയിക്കുന്നതാണ്‌ ഈ നടപടികൾ. ഇത്‌ കൂടുതൽ വെളിപ്പെടുത്തുന്നതാണ്‌ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിൽനിന്ന്‌ രാഷ്ട്രപതിയെ മാറ്റിനിർത്തിയത്‌. ആദിവാസി വിഭാഗത്തിൽ നിന്നുള്ളയാളാണ്‌ രാഷ്ട്രപതി  ദ്രൗപദി മുർമു. അവരെ ഉദ്‌ഘാടനച്ചടങ്ങിൽനിന്ന്‌ മാറ്റി നിർത്തിയത്‌ രാഷ്ട്രപതിസ്ഥാനത്തെയും ആദിവാസി സമൂഹത്തെയും അപമാനിക്കലാണ്‌.

പ്രതിപക്ഷ പാർടികൾ ഇതിനെതിരെ ഒറ്റക്കെട്ടായി നിലപാടെടുത്തിരിക്കുകയാണല്ലോ. ഈ യോജിപ്പ്‌ എങ്ങനെ പ്രതിഫലിക്കുമെന്നാണ്‌ കരുതുന്നത്‌ ?


21 രാഷ്ട്രീയ പാർടികൾ ഒരുമിച്ച്‌ കേന്ദ്ര നടപടിയെ വിമർശിച്ചു. അതേസമയം, 14 പാർടികൾ സർക്കാരിനൊപ്പവുമുണ്ട്‌. ബിജെപിക്കെതിരെ പ്രതിപക്ഷ യോജിപ്പുണ്ടാകുന്നത്‌ നല്ലതാണ്‌. കർണാടകത്തിൽ ഇതിന്‌ ഫലമുണ്ടായി. അത്‌ നല്ലൊരു ദിശാസൂചകമായാണ്‌ ഞാൻ കാണുന്നത്‌.

കേരളത്തിൽ ബിജെപിക്ക്‌ ഒരു സീറ്റ്‌ പോലുമില്ല, തമിഴ്‌നാട്ടിലും അടുക്കാനാകുന്നില്ല. ബിജെപിയെ തടയാൻ ദക്ഷിണേന്ത്യ മുൻകൈയെടുക്കുകയാണെന്ന്‌ കരുതാമോ ?


കേരളത്തിൽ നടപ്പാക്കിയ ഭൂപരിഷ്‌കരണമാണ്‌ ബിജെപി അധികാരത്തിലെത്താതിരിക്കാനുള്ള പ്രധാന കാരണമെന്ന്‌ ഞാൻ കരുതുകയാണ്‌. വർഗീയ പ്രശ്‌നങ്ങളിലല്ല കേരള സർക്കാരിന്‌ താൽപ്പര്യമെന്നതും മറ്റൊരു കാരണമാണ്‌.  തമിഴ്‌നാട്ടിൽ ദ്രാവിഡ, പെരിയാർ മൂവ്‌മെന്റുണ്ട്‌. അത്‌ ബിജെപിയെ അകറ്റിനിർത്തുന്നതാണ്‌. കർണാടകത്തിൽ ധ്രുവീകരണ ശ്രമം ജനങ്ങൾ പരാജയപ്പെടുത്തി. ഓപ്പറേഷൻ കമലപോലും സാധ്യമല്ലാത്ത രീതിയിൽ ജനങ്ങൾ വിധിയെഴുതി. രാജ്യത്തിന്‌ വഴികാട്ടുന്ന വെളിച്ചമായി മാറാൻ ദക്ഷിണേന്ത്യക്ക്‌ സാധ്യമാകുമെന്നാണ് ഇത്‌ കാണിക്കുന്നത്‌. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഇതിൽ നല്ല പങ്കുവഹിക്കാൻ സാധിക്കും.

കിസാൻ ലോങ്‌ മാർച്ചും കർഷക സമരവുമെല്ലാം ബിജെപിക്കെതിരായ അന്തരീക്ഷമുയർത്തിക്കൊണ്ടുവരുന്നതിൽ പങ്കുവഹിച്ചിട്ടില്ലേ ?


കർഷക സമരവും ലോങ്‌മാർച്ചും ഷഹീൻ ബാഗ്‌ സമരവും ബിജെപിക്ക്‌ എതിരായ ജനവികാരം ഉയർത്തിക്കൊണ്ടുവരുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്‌. ഈ അന്തരീക്ഷം നിലനിർത്തി ഒറ്റക്കെട്ടായി മുന്നോട്ട്‌ പോകാൻ സാധിച്ചാൽ രാജ്യത്ത്‌ ശുഭവാർത്തകൾ സംഭവിക്കും.

Read more: https://www.deshabhimani.com/articles/dr-ram-puniyani-interview/1094912

No comments:

Post a Comment