Saturday, October 20, 2012

ഫിറോസില്‍നിന്ന് സോണിയയിലേക്കുള്ള ദൂരം: ചെറിയാന്‍ ഫിലിപ്പ്




"എന്റെ മനസ്സിലെ കലാപമാണ് ഇക്കാര്യം ഉന്നയിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്"". ഫിറോസ് ജഹാംഗീര്‍ ഗാന്ധി ലോക് സഭയില്‍ പ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്. ജനാധിപത്യ ഭാരതത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ ആദ്യത്തെ പ്രമാദമായ അഴിമതി ആരോപണം ഉന്നയിച്ചത് ഈ കോണ്‍ഗ്രസുകാരനാണ്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, ഹരിദാസ് മുന്ധ്രയുമായി നടത്തിയ വ്യാപാര ഇടപാടുകളിലെ അഴിമതിക്കഥകള്‍ ഫിറോസ് ഗാന്ധി അക്കമിട്ട് നിരത്തിയപ്പോള്‍ സഭ വീര്‍പ്പടക്കി കേട്ടിരുന്നു.

താമസിയാതെ ധനമന്ത്രി ടി ടി കൃഷ്ണമാചാരിക്ക് രാജിവയ്ക്കേണ്ടിവന്നു. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ മരുമകനായ ഫിറോസ് ഗാന്ധി അദ്ദേഹത്തിന്റെ മുഖത്തുനോക്കി തുറന്നടിച്ചു- ""അഴിമതി കണ്ടില്ലെന്ന് നടക്കുന്നതും കുറ്റകരമാണ്"". ഈ ഫിറോസ് ഗാന്ധിയുടെ കുടുംബപ്പേരായ "ഗാന്ധി" എന്ന പരിവേഷമാണ് ഇന്ദിരയും രാജീവും സോണിയയും രാഹുലും പ്രിയങ്കയുമൊക്കെ അണിഞ്ഞത്. ഇന്ദിരാ നെഹ്റുവിന്റെ ഭര്‍ത്താവ് എന്ന നിലയിലല്ല ഫിറോസിന് ചരിത്രത്തില്‍ സ്ഥാനം. ഫിറോസിനെപ്പോലെ ഏഴുപേരെ കിട്ടിയിരുന്നെങ്കില്‍ ഇന്ത്യ ഏഴുദിവസത്തിനകം സ്വാതന്ത്ര്യം നേടുമെന്നാണ് മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞത്. സാമ്പത്തിക കുത്തകകള്‍ക്കും അഴിമതിക്കുമെതിരെ പോരാടിയ ഫിറോസിന്റെ, മരുമകളും ചെറുമക്കളും കുടുംബവും അഴിമതിയുടെ ചെളിക്കുണ്ടില്‍ അകപ്പെട്ടിരിക്കുന്നത് ചരിത്രത്തിന്റെ ക്രൂരതയാണ്. ഇവരെല്ലാം അഴിമതിക്കു വിധേയരായി ശതകോടികളുടെ സ്വത്ത് വാരിക്കൂട്ടുന്ന കറുത്ത കഥകളാണ് ഫിറോസ് ഗാന്ധി എന്ന ആദര്‍ശശാലിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ കാളിമ പരത്തുന്നത്. ബിസിനസ് ഇന്‍സൈഡര്‍ എന്ന അമേരിക്കന്‍ മാസികയുടെ കണ്ടെത്തല്‍പ്രകാരം, അതിസമ്പന്നരായ ലോകത്തെ 23 നേതാക്കളില്‍ നാലാം സ്ഥാനം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കാണ്. 19 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തി. അതായത്, ഒരു ലക്ഷം കോടി രൂപ വരുന്ന സ്ഥാവര- ജംഗമ വസ്തുക്കളുടെ ഉടമ. ഒന്നാംസ്ഥാനം സൗദി രാജാവിനും രണ്ടാംസ്ഥാനം ബ്രൂണൈ സുല്‍ത്താനും മൂന്നാം സ്ഥാനം ന്യൂയോര്‍ക്ക് മേയറിനുമാണ്. സോണിയ ഗാന്ധിക്ക് താഴെയാണ് അഞ്ചാംസ്ഥാനക്കാരനായ യുഎഇ ഷെയ്ഖ്. ബിസിനസ് ഇന്‍സൈഡറുടെ നിഗമനത്തെ ഇതുവരെ ആരും ചോദ്യംചെയ്തിട്ടില്ല.

ഇറ്റലിയിലെ ലൂസിയാനയില്‍ ഒരു കല്ലാശാരിയുടെ മകളായി ദരിദ്ര കുടുംബത്തില്‍ ജനിച്ച അന്റോണിയ എന്ന സോണിയ സ്കൂള്‍പഠനത്തിനും നിത്യവൃത്തിക്കുമായാണ് കേംബ്രിഡ്ജിലെത്തിയത്. അവിടത്തെ ഒരു ഗ്രീക്ക് റസ്റ്റോറന്റില്‍ പരിചാരികയായിരുന്ന സോണിയ, ട്രിനിറ്റി കോളേജ് വിദ്യാര്‍ഥി രാജീവ് ഗാന്ധിയുമായി പ്രണയത്തിലായി. ഇന്ദിരാഗാന്ധി ആദ്യം എതിര്‍ത്തെങ്കിലും രാജീവിന്റെ ശാഠ്യത്തിനുമുമ്പില്‍ വിവാഹത്തിനു വഴങ്ങേണ്ടിവന്നു. ഒരു ദുഃഖപുത്രിയുടെ വിഷാദരൂപം പൂണ്ടിരുന്ന സോണിയ 1983വരെ ഇറ്റാലിയന്‍ പൗരയായിരുന്നു. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനുശേഷമാണ് സോണിയ ഇന്ത്യന്‍പൗരത്വം സ്വീകരിക്കുന്നത്. സോണിയയുടെ സ്വത്തുവകകള്‍ ഇറ്റലിയിലാണോ ഇന്ത്യയിലാണോ വിദേശബാങ്കുകളിലാണോയെന്ന് ബിസിനസ് ഇന്‍സൈഡര്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ദിരാഗാന്ധി ട്രസ്റ്റ്, രാജീവ് ഗാന്ധി ട്രസ്റ്റ് എന്നിവയുടെ പേരിലുള്ള ഭാരിച്ച സ്വത്ത് സോണിയയുടെയും കുടുംബാംഗങ്ങളുടെയും പേരിലാണ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ട്രസ്റ്റ് ഹരിയാനയിലെ ഗുഡ്ഗാവിലെ കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ്. 50 കോടി രൂപ വില വരുന്ന ഭൂമിയാണ് 15 ലക്ഷം രൂപയ്ക്ക് നേടിയത്. മാര്‍ക്കറ്റ് വില നല്‍കണമെന്ന ചട്ടം കാറ്റില്‍പ്പറത്തിയാണ് ഹരിയാന സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമി അക്വയര്‍ചെയ്തത്.

ഇന്ദിരാഗാന്ധി- രാജീവ് ഗാന്ധി ട്രസ്റ്റുകളിലേക്കുള്ള പണമിടപാടുകള്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നു. സോണിയയുടെ ഇറ്റലിയിലെ മെയ്നോ കുടുംബാംഗങ്ങള്‍ ഏതാനും വര്‍ഷത്തിനുള്ളില്‍ ധനാഢ്യരായി തീര്‍ന്നുവെന്ന് ആക്ഷേപമുണ്ട്. രാജീവ് ഗാന്ധിയുടെ കാലത്ത് നടന്ന ബൊഫോഴ്സ് തോക്കിടപാടുമായി ബന്ധപ്പെടുത്തി ഇറ്റലിക്കാരനായ ക്വട്ട്റോച്ചിയെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ ഒട്ടേറെ ദുരൂഹതകള്‍ സൃഷ്ടിച്ചിരുന്നു. സ്വിസ് ബാങ്കിലെ "ലോട്ടസ്" എന്ന പേരിലുള്ള അക്കൗണ്ടിനെച്ചൊല്ലിയും കഥകള്‍ പരന്നു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുപിഎ അധികാരത്തിലെത്തിയതുമുതലാണ് അഴിമതിയുടെ ഘോഷയാത്ര ആരംഭിച്ചത്. 2ജി സ്പെക്ട്രം മുതല്‍ കല്‍ക്കരിയിടപാടുകള്‍വരെ ലക്ഷം ലക്ഷം കോടികളുടെ അഴിമതികളാണ് അരങ്ങേറിയത്. അഴിമതിയുടെ കറുത്തകരങ്ങള്‍ ആണ്ടിമുത്തു രാജയില്‍നിന്നും ചിദംബരത്തില്‍നിന്നും സോണിയ കുടുംബത്തിലേക്ക് നീളുന്നു. സുബ്രഹ്മണ്യ സ്വാമി സോണിയക്കും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും അതിനൊന്നും മറുപടി പറയാന്‍ തയ്യാറായിട്ടില്ല. ഇന്ത്യയില്‍ ഏറ്റവുമധികം അഴിമതി നടക്കുന്നത് പ്രതിരോധ വകുപ്പിലാണ്. രാജ്യത്തിന്റെ പൊതുബജറ്റിന്റെ അഞ്ചിലൊന്ന് പ്രതിരോധ ആവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. ഈ വന്‍തുകയുടെ പകുതിയിലേറെ വിദേശരാജ്യങ്ങളില്‍നിന്നുള്ള ആയുധ ഇറക്കുമതിക്കാണ് ഉപയോഗിക്കുന്നത്. ആയുധങ്ങള്‍ വാങ്ങുന്നതിലെ കമീഷന്‍ സഹസ്ര കോടികളുടേതാണ്. എ കെ ആന്റണി കണ്ണടച്ചിരിക്കുന്ന പ്രതിരോധ വകുപ്പില്‍നിന്ന് അഴിമതിപ്പണം ഇറ്റലിയിലേക്കും ഡല്‍ഹിയിലെ ജനപഥിലേക്കും അക്ബര്‍ റോഡിലേക്കും നിര്‍ബാധം ഒഴുകുന്നുണ്ടത്രേ. പ്രിയങ്കയും പിച്ചളക്കച്ചവടക്കാരനായ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും ഭൂമിക്കച്ചവടം മുഖ്യ ബിസിനസായി സ്വീകരിച്ചിരിക്കുന്നു. ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ സിംലയില്‍ പ്രിയങ്ക ഒരേക്കര്‍ ഭൂമി വാങ്ങിയത് സംസ്ഥാനിയമം ഇളവുചെയ്താണ്. സിംഗപ്പുര്‍, ദുബായ് എന്നിവിടങ്ങളില്‍ പ്രിയങ്ക ബിസിനസ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയതായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നു.

അടിയന്തരാവസ്ഥയിലെ സഞ്ജയ് ഗാന്ധിയെപ്പോലെ റോബര്‍ട്ട് വധേര ഒരു അതിക്രമകാരിയായി മാറിയിരിക്കുന്നു. വിമാനത്താവളങ്ങളില്‍ സെക്യൂരിറ്റി പരിശോധനയും കസ്റ്റംസ് പരിശോധനയും വധേര രാജകുമാരന് ബാധകമല്ല. ആസേതുഹിമാചലം വസ്തു വാങ്ങിക്കൂട്ടുകയാണ് വധേരയുടെ മുഖ്യപണി. ഡല്‍ഹി, ഗുഡ്ഗാവ് എന്നിവിടങ്ങളിലായി 31 വസ്തുവകകളില്‍ 500 കോടിരൂപയുടെ ആസ്തി ഉണ്ടെന്നാണ് ആരോപണം. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫുമായി ചേര്‍ന്ന് വധേര 300 കോടി സമ്പാദിച്ചതായാണ് ആക്ഷേപം. 2007 ല്‍ വധേരയുടെ അഞ്ചു കമ്പനികളുടെ മൂലധനം 50 ലക്ഷം രൂപ മാത്രമായിരുന്നു. ഡിഎല്‍എഫ് നല്‍കിയ 60 കോടിയുടെ പലിശയില്ലാ വായ്പ ഉപയോഗിച്ചാണ് 300 കോടിയുടെ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയത്. മൗര്യ മുതല്‍ മുഗള്‍ വരെയുള്ള രാജവംശങ്ങള്‍ ഇന്ത്യയുടെ സ്വത്ത് കൊള്ളയടിക്കുകയും ധൂര്‍ത്തടിക്കുകയും ചെയ്തതായി ചരിത്രരേഖകളുണ്ട്. ജനാധിപത്യ ഇന്ത്യയിലും രാജവംശത്തിന്റെ പിന്തുടര്‍ച്ചപോലുള്ള വംശീയ രാഷ്ട്രീയം നിലനില്‍ക്കുന്നു. അലഹാബാദിലെ ആനന്ദഭവന്‍ ഉള്‍പ്പെടെയുള്ള കുടുംബസ്വത്തുക്കള്‍ രാഷ്ട്രത്തിനു സംഭാവനചെയ്ത ജവാഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള വംശമാണ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ അധികാരം കൈയാളുന്നത്. നെഹ്റുവിന്റെയും ഫിറോസ് ഗാന്ധിയുടെയും പൈതൃകം ഉള്‍ക്കൊള്ളുന്നവരാണ് അധികാരത്തിലും പണത്തിലും ഒരുപോലെ ആര്‍ത്തിപൂണ്ടിരിക്കുന്നത്.

No comments:

Post a Comment