Tuesday, October 2, 2012

എസ്എംഎസ് സമ്മാനം കോടതി കയറിയപ്പോള്‍



 "കോന്‍ ബനേഗ ക്രോര്‍പതി" പരിപാടി 2007ലാണ് സ്റ്റാര്‍ ടിവി സംപ്രേഷണം ചെയ്തത്. പരിപാടിയുടെ സ്പോണ്‍സര്‍മാരില്‍ ഒരു പ്രമുഖ മൊബൈല്‍ സേവന കമ്പനിയും ഉണ്ടായിരുന്നു. ഷാരൂഖ് ഖാനായിരുന്നു അവതാരകന്‍. എല്ലാ റൗണ്ടിലെയും ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കുന്നയാള്‍ക്ക് രണ്ടുകോടി രൂപയായിരുന്നു സമ്മാനം. സൗജന്യ സമ്മാനപദ്ധതിയെന്നു തെറ്റിദ്ധരിപ്പിച്ചടിവി പരിപാടിയില്‍ എസ്എംഎസ്വഴി കോടികള്‍ പിരിച്ചെടുക്കുന്നതായുള്ള ആരോപണമാണ് ഉയര്‍ന്നത്. പരിപാടി സംപ്രേഷണം ചെയ്യുന്ന ദിവസം ഒരു പ്രതിദിന ചോദ്യോത്തരംകൂടി ഉണ്ടായിരുന്നു. "ഹര്‍ സീറ്റ് ഹോട്ട് സീറ്റ്" എന്ന ഈ പരിപാടിയില്‍ ചോദ്യം കാണികളോടാണ്. ശരിയുത്തരത്തിന് നാലു സാധ്യതകളുണ്ട്. ഇതില്‍ ശരിയായ ഉത്തരം ഏതെന്ന് ഒരു പ്രത്യേക മൊബൈല്‍ഫോണ്‍ നമ്പറിലേക്ക് എസ്എംഎസ് അയക്കണം. ശരിയുത്തരം സ്ക്രീനില്‍ തെളിയുംമുമ്പ് അയക്കുന്നവരില്‍ ഒരാള്‍ക്ക് രണ്ടുലക്ഷം രൂപവീതം സമ്മാനമായിരുന്നു വാഗ്ദാനം.


ഒരു എസ്എംഎസിന് ആ മൊബൈല്‍ഫോണ്‍ സേവന കമ്പനി നിശ്ചയിച്ച നിരക്ക് 2.40 രൂപയാണ്. സാധാരണ നിരക്കായ ഒരുരൂപയ്ക്കു പകരമാണിത്. ആകെ 52 എപ്പിസോഡായിരുന്നു പരിപാടി. എല്ലാ എപ്പിസോഡിലുമായി 1.04 കോടി രൂപ സമ്മാനമായി നല്‍കി. മൊബൈല്‍ കമ്പനിയാണ് സമ്മാനം നല്‍കിയത്. ഈ സമ്മാനപദ്ധതിക്കെതിരെ ഡല്‍ഹിയിലെ സൊസൈറ്റി ഓഫ് കാറ്റിലിസ്റ്റ്സ് എന്ന സംഘടനയാണ് ദേശീയ ഉപഭോക്തൃ കമീഷനെ സമീപിച്ചത്. പരിപാടിയില്‍ 5.8 കോടി എസ്എംഎസാണ് വന്നതെന്ന് പരാതിയില്‍ പറയുന്നു. കമ്പനിക്ക് ഇവയിലൂടെ ലഭിച്ചത് 13.92 കോടി രൂപയാണ്. പരിപാടി സൗജന്യമാണെന്നും ഇതിന്റെ സമ്മാനത്തുക പൂര്‍ണമായും മൊബൈല്‍ഫോണ്‍ കമ്പനി നല്‍കുകയാണെന്നുമുള്ള പ്രതീതി സൃഷ്ടിച്ചായിരുന്നു അവതരണം.പക്ഷേ യഥാര്‍ഥത്തില്‍ സമ്മാനം നല്‍കാനും പരിപാടി സംഘടിപ്പിക്കാനുമുള്ള പണം കമ്പനി എസ്എംഎസ്വഴി കാണികളില്‍നിന്ന് ഈടാക്കുകയായിരുന്നു. ചാനലിന് പരസ്യംവഴിയും മൊബൈല്‍ഫോണ്‍ കമ്പനിക്ക് എസ്എംഎസ്വഴിയും വരുമാനം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇക്കാര്യം മറച്ചുവച്ചു.


ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്ന വിധമുള്ള നീതിരഹിതമായ വാണിജ്യരീതിയാണെന്നായിരുന്നു വാദം. കേസിലെ തര്‍ക്കം ട്രായിക്കു മുന്നിലാണ് ഉയര്‍ത്തേണ്ടതെന്നും വര്‍ധിച്ച എസ്എംഎസ് നിരക്കിനെപ്പറ്റി വ്യക്തമായി എല്ലാവരെയും ധരിപ്പിച്ചിരുന്നുവെന്നും ചാനലും മൊബൈല്‍ കമ്പനിയും വാദിച്ചു. ഉപഭോക്തൃനിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല വിഷയമെന്നായിരുന്നു ഒരു വാദം. കേസ് കൊടുത്ത കമ്പനിക്ക് അതിന് അവകാശമില്ലെന്നായിരുന്നു മറ്റൊരു വാദം. സ്വന്തം നിലയ്ക്കാണ് പ്രേക്ഷകര്‍ പരിപാടിയില്‍ പങ്കെടുത്തത്. വര്‍ധിച്ച എസ്എംഎസ് നിരക്കിനെപ്പറ്റി അവര്‍ക്ക് വ്യക്തമായി അറിയാമായിരുന്നു. ഇതില്‍ വഞ്ചനയില്ല. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രവേശനഫീസ് ഉണ്ടായിരുന്നില്ല. വരുമാനം പങ്കുവച്ചതില്‍ തെറ്റില്ല- ചാനല്‍ വാദിച്ചു. നീതിപൂര്‍വമല്ലാത്ത വാണിജ്യത്തിന് ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ നല്‍കുന്ന നിര്‍വചനം ഉദ്ധരിച്ചാണ് കേസ് കമീഷന്‍ തീര്‍പ്പാക്കിയത്. നിയമത്തിലെ നിര്‍വചനം അനുസരിച്ച് സൗജന്യമായി എന്തെങ്കിലും നല്‍കുകയാണെന്ന മട്ടില്‍ നല്‍കുകയും അതിന്റെ വില പൂര്‍ണമായോ ഭാഗികമായോ ഏതെങ്കിലും തരത്തില്‍ ഈടാക്കുകയും ചെയ്താല്‍ അത് അന്യായമായ വാണിജ്യരീതിയാണ്. ഇവിടെ അതുണ്ടായി.


സമ്മാനമായി രണ്ടുലക്ഷം രൂപവീതം നല്‍കി. പക്ഷേ എസ്എംഎസ് വഴി 13.92 കോടി രൂപ പിരിച്ചെടുത്തിട്ട് 1.04 കോടി രൂപയാണ് സമ്മാനത്തിനു ചെലവിട്ടത് (52 എപ്പിസോഡിലായി രണ്ടുലക്ഷം രൂപവീതം). കമ്പനിക്ക് ഇതുവഴി ലാഭം 12.88 കോടി രൂപയാണ്. സാധാരണ എസ്എംഎസ് നിരക്കായ ഒരുരൂപവച്ച് ഈടാക്കിയാല്‍പ്പോലും 5.8 കോടി രൂപ കമ്പനിക്ക് കിട്ടിയേനെ. അപ്പോഴും സമ്മാനത്തിനുള്ള തുകയുടെ അഞ്ചിരട്ടി വരുമായിരുന്നു. സൗജന്യമായാണ് മത്സരമെന്നു പ്രചരിപ്പിച്ചില്ല എന്ന കമ്പനിയുടെ വാദം കമീഷന്‍ തള്ളി. എസ്എംഎസ് വരുമാനം കൊണ്ടാണ് സമ്മാനം നല്‍കുന്നതെന്നു തോന്നിപ്പിക്കുന്ന ഒന്നും പരസ്യത്തിലുണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കി പ്രസിദ്ധീകരിച്ച ഒരു രേഖയും ഹാജരാക്കാന്‍ കമ്പനിക്കു കഴിഞ്ഞില്ല. ഇനി അഥവാ എസ്എംഎസ് നിരക്ക് പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍പ്പോലും നീതിപൂര്‍വമല്ലാത്ത വാണിജ്യരീതി അല്ലാതാകുന്നില്ല. നേട്ടമുണ്ടാക്കാനായി ലോട്ടറിയുടെ രൂപത്തിലാണ് മത്സരം നടത്തിയത്. ഇതും നിയത്തിലെ നിര്‍വചനപ്രകാരം മോശം വാണിജ്യരീതിയാണ്. ഇത് ടെലികോം നിരക്കിനെപ്പറ്റിയുള്ള തര്‍ക്കമല്ല. അന്യായമായ വാണിജ്യരീതിയെപ്പറ്റിയുള്ള തര്‍ക്കമാണെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടി.

സാധാരണ എസ്എംഎസ് നിരക്ക് ഈടാക്കിയിരുന്നെങ്കില്‍ മൊബൈല്‍ഫോണ്‍ കമ്പനിക്കു കിട്ടുമായിരുന്നത് 5.8 കോടിയാണ്. എന്നാല്‍ അധികനിരക്കിലൂടെ 8.12 കോടി രൂപ കൂടുതലായി ലഭിച്ചു. സമ്മാനം നല്‍കാന്‍ ചെലവിട്ടത് 1.04 കോടിയാണ്. അപ്പോഴും ബാക്കി 7.08 കോടി രൂപയുണ്ട്. പരാതി നല്‍കിയത് ഒരു സന്നദ്ധസംഘടനയായതിനാല്‍ നഷ്ടപരിഹാരം വിധിക്കേണ്ടതില്ല. എന്നാല്‍ ഈ കേസില്‍ പിഴ വേണ്ടതാണ്. മൊബൈല്‍ഫോണ്‍ കമ്പനി ഉടമസ്ഥരും സ്റ്റാര്‍ ടിവിയും ചേര്‍ന്ന് പിഴയായി ഒരുകോടി രൂപ നല്‍കണം. ഒരുകോടി രൂപ ആകെയുണ്ടായ അമിതവരുമാനത്തിന്റെ 14 ശതമാനമേ വരൂ. ഈ തുക ഉപഭോക്തൃക്ഷേമനിധിയില്‍ അടയ്ക്കണം. പരാതി നല്‍കിയ സംഘടനയ്ക്ക് കോടതിച്ചെലവായി 50,000 രൂപയും നല്‍കണം- കമീഷന്‍ ചെയര്‍മാന്‍ ജ. എം ബി ഷാ, അംഗങ്ങളായ രാജലക്ഷ്മി റാവു, അനുപം ദാസ്ഗുപ്ത എന്നിവര്‍ വിധിയില്‍ പറഞ്ഞു.

advocatekrdeepa@gmail.com

No comments:

Post a Comment