(2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചത്)
കേരളത്തിലെ സ്ഥിതിയും അവിടെ പാര്‍ടിയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളും ചര്‍ച്ചചെയ്യുന്നതിന് ജൂലൈ 21, 22 തീയതികളില്‍ കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നു. ജനറല്‍ സെക്രട്ടറി അടക്കം നാല് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ ജൂണില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത കേരള സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംബന്ധിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പിബി, കേന്ദ്രകമ്മിറ്റിക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കുശേഷം കേന്ദ്രകമ്മിറ്റി താഴെ കാണുന്ന പ്രമേയം അംഗീകരിച്ചു.
1. പാര്‍ടിക്ക് മുന്നേറാന്‍ സഹായകരമായ രാഷ്ട്രീയ സാഹചര്യമായിരുന്നു കേരളത്തിലേത്. ചെറിയ ഭൂരിപക്ഷത്തോടെ നേടിയ വിജയത്തെതുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ, ജനങ്ങള്‍ക്ക് പ്രയോജനകരമായിരുന്ന പല നയങ്ങളും യുഡിഎഫ് സര്‍ക്കാര്‍ തിരുത്തുകയുണ്ടായി. കര്‍ഷക ആത്മഹത്യകള്‍ വീണ്ടും തുടങ്ങി. ജാതി- വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ആക്രമണോത്സുകരാവുകയും അവരെ സംപ്രീതരാക്കുന്ന നഗ്നമായ നടപടികള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യുന്നു. അഞ്ചാംമന്ത്രിക്കായുള്ള മുസ്ലിംലീഗിന്റെ ആവശ്യം യുഡിഎഫിലെ മറ്റു ഘടകപാര്‍ടികള്‍ എതിര്‍ത്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഇത് അസംതൃപ്തി സൃഷ്ടിച്ചു.
2. ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് 20-ാം പാര്‍ടികോണ്‍ഗ്രസ് നടന്നത്. പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയവും പ്രത്യയശാസ്ത്രപ്രമേയവും സമാപനറാലിയിലെ വമ്പിച്ച ബഹുജനപങ്കാളിത്തവും പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളും സ്വാധീനവും സംസ്ഥാനത്ത് മുന്നേറുന്നതിന് വഴിയൊരുക്കി.
3. ഈ സാഹചര്യത്തിലാണ് ടി പി ചന്ദ്രശേഖരന്‍ മെയ് നാലിന് കോഴിക്കോട്ട് വധിക്കപ്പെട്ടത്. പാര്‍ടികോണ്‍ഗ്രസ് കഴിഞ്ഞ് അപ്പോള്‍ കഷ്ടിച്ച് ഒരുമാസം തികഞ്ഞതേയുള്ളൂ. ഈ ദാരുണവധം കടുത്ത രോഷം ഉയര്‍ത്തി; ബോധപൂര്‍വമായ മാധ്യമപ്രചാരണം ഇത് തീവ്രമാക്കി. വധം നടന്ന ഉടന്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സിപിഐ എമ്മാണ് ഇതിനുത്തരവാദി എന്ന് ആരോപിച്ചു. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരും മന്ത്രിമാരും നേതാക്കളും നമ്മുടെ പാര്‍ടിക്കും നേതാക്കള്‍ക്കുമെതിരായി കൊലക്കുറ്റം ചുമത്തി ഒരു പ്രചാരണപ്രളയംതന്നെ സൃഷ്ടിച്ചു. ഇതൊക്കെ വളരെ പ്രതികൂലമായ ഒരു സാഹചര്യത്തിനിടയാക്കി.
4. നെയ്യാറ്റിന്‍കര അസംബ്ലി ഉപതെരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിനായിരുന്നു. യുഡിഎഫും മാധ്യമങ്ങളും ചന്ദ്രശേഖരന്‍വധത്തെ മുന്‍നിര്‍ത്തിയാണ് പാര്‍ടിക്കെതിരായ പ്രചാരണം ഉപതെരഞ്ഞെടുപ്പില്‍ കേന്ദ്രീകരിച്ചത്. പൊലീസ് അന്വേഷണം പാര്‍ടിനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേര്‍ക്ക് തിരിച്ചുവിടപ്പെട്ടു. താമസിയാതെ അറസ്റ്റുകളും തുടങ്ങി. അറുപതോളം പാര്‍ടി അംഗങ്ങളും അനുഭാവികളും കേസില്‍ ബോധപൂര്‍വം തെറ്റായി ഉള്‍പ്പെടുത്തപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജില്ല, ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
5. തുടക്കംമുതല്‍ പാര്‍ടിനേതൃത്വത്തിന് ഈ സാഹചര്യത്തെ യോജിപ്പോടെ നേരിടാന്‍ സാധിച്ചില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയറ്റിന്റെയും നിലപാട് തനിക്ക് പങ്കുവയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന തുടര്‍ച്ചയായ പ്രസ്താവനകള്‍ സ. വി എസ് നടത്തി. ഈ തുറന്ന വിമര്‍ശനസമീപനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് മറ്റു ചില സഖാക്കള്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ടി കെ ഹംസയും സ. എം എം മണിയുമാണ് അങ്ങനെ ചെയ്തത്.
6. മെയ് 12ന് ഒരു പത്രസമ്മേളനത്തില്‍, ടി പി ചന്ദ്രശേഖരനും മറ്റു പാര്‍ടി അംഗങ്ങളും ഒഞ്ചിയത്ത് കലാപം ഉയര്‍ത്തിയത്, 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലുണ്ടായ ഭിന്നിപ്പിനോട് താരതമ്യപ്പെടുത്തി സ. വി എസ് അച്യുതാനന്ദന്‍ അവതരിപ്പിച്ചു. ഒഞ്ചിയത്ത് രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രശ്നങ്ങളിന്മേലാണ് ഭിന്നിപ്പുണ്ടായതെന്ന് അദ്ദേഹം പ്രസ്താവിച്ചു. സിപിഐ വിട്ടുപോയവരെ എങ്ങനെയാണ് എസ് എ ഡാങ്കെ, "വര്‍ഗവഞ്ചകര്‍" എന്ന് വിളിച്ചത് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം സ. പിണറായി വിജയനെയും ഡാങ്കെയെയും താരതമ്യപ്പെടുത്തി. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയെയും പാര്‍ടിനേതൃത്വത്തെയും വെല്ലുവിളിച്ച സ. വി എസിന്റെ ഈ പത്രസമ്മേളനം വലിയ പ്രത്യാഘാതമുണ്ടാക്കി. ഇത് പാര്‍ടിയെ പിന്താങ്ങുന്നവരില്‍ വലിയ ആശയക്കുഴപ്പവും നിരാശയും പരത്തി. കേരളത്തിലും ഇന്ത്യയിലാകെയുമുള്ള മാധ്യമങ്ങള്‍ ഇത് ഉയര്‍ത്തിക്കാട്ടുകയും കേരളത്തില്‍ സിപിഐ എം അഗാധമായ ഒരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
7. മെയ് 20ന് സ. വി എസ് ജനറല്‍ സെക്രട്ടറിക്കൊരു കത്തയച്ചു. ഇതിന്റെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കപ്പെട്ടു. ഉപതെരഞ്ഞെടുപ്പു പ്രചാരണം നടന്ന സമയത്ത് ഇതും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍, അതിന്റെ ഉള്ളടക്കം വളച്ചൊടിച്ചാണ് ദുരുദ്ദേശ്യത്തോടുകൂടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ജനറല്‍ സെക്രട്ടറി ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. (പേജ് ഒന്നിന്റെ തുടര്‍ച്ച)
8. ടി പി ചന്ദ്രശേഖരന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും കാണാന്‍ ജൂണ്‍ രണ്ടിന് സ. വി എസ് ഒഞ്ചിയത്തെ വീട് സന്ദര്‍ശിച്ചു. പാര്‍ടിയുടെ സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുമായി ചര്‍ച്ചചെയ്യുകയോ അവരെ അറിയിക്കുകയോ ചെയ്തുകൊണ്ടായിരുന്നില്ല ഇത്. വധത്തിനുശേഷം, സിപിഐ എം നേതാക്കന്മാര്‍ വീട് സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ആര്‍എംപി നേതാക്കളും ചന്ദ്രശേഖരന്റെ ഭാര്യയും വിലക്കിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസമായിരുന്നു ജൂണ്‍ രണ്ട്. സ. വി എസിന്റെ ഈ സന്ദര്‍ശനം ദൃശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ആ ദിവസം മുഴുവന്‍ ആവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. വോട്ടെടുപ്പ് നടന്നുകൊണ്ടിരുന്ന നെയ്യാറ്റിന്‍കരയില്‍ ഇത് ദോഷഫലമുണ്ടാക്കി.
9. പാര്‍ടി അംഗങ്ങളുടെയും അനുഭാവികളുടെയും ചില ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളുടെയും അറസ്റ്റ് നടക്കുകയുണ്ടായി. അവരില്‍ പലരെയും ചോദ്യംചെയ്യുന്നതിനിടയില്‍ ശാരീരികമായി പീഡിപ്പിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായപ്പോള്‍ പാര്‍ടി പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ചു. സ. വി എസ് ഒരു പരസ്യപ്രസ്താവനയില്‍, പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ഇതില്‍ ഇടപെടാന്‍ പാടില്ലെന്നും പറഞ്ഞു. പാര്‍ടിസമീപനത്തിന് കടകവിരുദ്ധമായ സമീപനമാണ് സ. വി എസിന്റേത് എന്നു കാണപ്പെട്ടു.
10. പൊളിറ്റ്ബ്യൂറോയ്ക്കുള്ള കത്തുകളില്‍ സംസ്ഥാന പാര്‍ടിനേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമാണെന്ന് സ. വി എസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ ആരോപണം പാര്‍ടി കേന്ദ്രകമ്മിറ്റി തള്ളിക്കളയുന്നു. ഡിഐസിയുമായുള്ള സഖ്യം, പിഡിപിയുമായുള്ള ബന്ധം തുടങ്ങി മുമ്പ് ഉയര്‍ന്നുവന്ന രാഷ്ട്രീയപ്രശ്നങ്ങളിന്മേല്‍ പിബിയുടെ ഇടപെടലുകളെതുടര്‍ന്ന് തീരുമാനം ഉണ്ടായിട്ടുള്ളതാണ്. പാര്‍ടികോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയും മുന്നോട്ടുവച്ചിട്ടുള്ള അടവുനയങ്ങളാണ് കേരള സംസ്ഥാന കമ്മിറ്റി പിന്തുടര്‍ന്നുപോരുന്നത്. രാഷ്ട്രീയപ്രശ്നങ്ങളില്‍ പിബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റി പാലിച്ചുപോന്നിട്ടുണ്ട്.
11. എഡിബി വായ്പയുടെ പ്രശ്നം വി എസ് കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിബി തീരുമാനമെടുത്തുകഴിഞ്ഞിട്ടുള്ള കാര്യമാണ്. 18-ാം പാര്‍ടികോണ്‍ഗ്രസ്, പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ വിദേശവായ്പയും സഹായങ്ങളും സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട സമീപനം വിശദീകരിച്ചിട്ടുണ്ട്.
12. എസ്എന്‍സി- ലാവ്ലിന്‍ കാര്യത്തില്‍ സ. പിണറായി വിജയനെതിരെ പഴയ ആരോപണം സ. വി എസ് ഉന്നയിച്ചിട്ടുണ്ട്. 2009 ജൂലൈയില്‍ ചേര്‍ന്ന പിബിയും സിസിയും ഈ പ്രശ്നം ആഴത്തില്‍ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനുനേരെയുള്ള ഈ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തിട്ടുള്ളതാണ്.
13. അതുകൊണ്ട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ് തന്റെ ഭിന്നതകള്‍ എന്ന് സ. വി എസ് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ വ്യതിയാനമാണ് ഭിന്നമായ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും വ്യത്യസ്ത സ്വരങ്ങളെ ഉന്മൂലനംചെയ്യുകയും ചെയ്യുന്ന സംഘടനാപരമായ പ്രവണത എന്ന സ. വി എസിന്റെ യുക്തി കേന്ദ്രകമ്മിറ്റിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ വിഭാഗീയ ഉദ്ദേശ്യത്തോടുകൂടിയാണ് ഉയര്‍ത്തുന്നത്.
14. പാര്‍ടിയുടെ സംസ്ഥാനനേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതങ്ങളായ പ്രസ്താവനകള്‍ ഇറക്കുകയും പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് സ. വി എസിനെ ശക്തമായി വിമര്‍ശിക്കാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. സ. പിണറായി വിജയനെ ഡാങ്കെയോട് ഉപമിച്ചത് ശരിയായില്ലെന്ന്, ചര്‍ച്ചകള്‍ക്കുശേഷം സ. വി എസ് കേന്ദ്രകമ്മിറ്റിയില്‍ സ്വയംവിമര്‍ശനപരമായി പറഞ്ഞു. തെരഞ്ഞെടുപ്പുദിവസമായ ജൂണ്‍ രണ്ടിന് താന്‍ ഒഞ്ചിയത്ത് പോയത് ഒഴിവാക്കേണ്ടതായിരുന്നു എന്നും പറയുകയുണ്ടായി.
15. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനത്തിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും സ. വി എസിനെ പരസ്യമായി ശാസിക്കുവാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഈ സ്വയംവിമര്‍ശന പരാമര്‍ശങ്ങള്‍ സ. വി എസ് തന്നെ പൊതുജനമധ്യത്തില്‍ പരസ്യമായി പ്രകടിപ്പിക്കേണ്ടതാണെന്നും കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു. പാര്‍ടിക്കുനേരെയുള്ള കടന്നാക്രമണങ്ങളെ ഐക്യത്തോടുകൂടി അഭിമുഖീകരിക്കുന്നതിന് സഹായകമായ വിധത്തില്‍ സ. വി എസ് പെരുമാറുമെന്ന് കേന്ദ്രകമ്മിറ്റി പ്രതീക്ഷിക്കുന്നു.
16. ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ടിക്കെതിരായി ഉയര്‍ന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ക്യാമ്പയിന്‍ നടത്തിക്കൊണ്ടിരുന്ന സാഹചര്യത്തിലായിരുന്നു നെയ്യാറ്റിന്‍കര അസംബ്ലി തെരഞ്ഞെടുപ്പുപ്രചാരണവും നടന്നുകൊണ്ടിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സ. എം എം മണി നടത്തിയ പ്രസംഗം വലിയ ക്ഷതമേല്‍പ്പിക്കുകയും ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് നടത്തിവന്ന ക്യാമ്പയിന്റെ വിശ്വാസ്യതയെത്തന്നെ ബാധിക്കുകയുമുണ്ടായി. മണിയുടെ ഈ പ്രസ്താവന വലിയ തോതില്‍ യുഡിഎഫും ബിജെപിയും കോര്‍പറേറ്റ് മാധ്യമങ്ങളും പാര്‍ടിയെ ഭര്‍ത്സിക്കുന്നതിന് ഉപയോഗിക്കുകയുണ്ടായി.
17. സ. മണിയുടെ ഈ പ്രസംഗം പാര്‍ടിയുടെ യശസ്സിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നത് കണക്കിലെടുത്തുകൊണ്ട് ഇക്കാര്യത്തില്‍ പാര്‍ടി കേരള സംസ്ഥാന കമ്മിറ്റി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു.
18. സ. വി എസ്, ""ധീരനായ കമ്യൂണിസ്റ്റ്"" എന്ന് ചന്ദ്രശേഖരനെ വിശേഷിപ്പിക്കുകയും സംസ്ഥാന നേതൃത്വവുമായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതയുള്ളവരാണ് ഒഞ്ചിയത്തെ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സ. പിണറായി വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിശേഷിപ്പിച്ചു. 2008ല്‍ ഒഞ്ചിയത്തെ പാര്‍ടി ഓഫീസ് ഇക്കൂട്ടര്‍ തീവച്ച് നശിപ്പിച്ച സമയത്താണ് സ. വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിളിച്ചത്. പാര്‍ടിയുടെ നിലപാട് സംരക്ഷിക്കുന്നതിനായി ""കുലംകുത്തി"" എന്ന ഈ പദം, ചന്ദ്രശേഖരന്റെ വധത്തിനുശേഷവും സ. വിജയന്‍ പൊതുസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുകയുണ്ടായി. കൊലപാതകത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ജനവികാരത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ടിവിരുദ്ധ മാധ്യമങ്ങള്‍ ഈ പ്രയോഗത്തെ നമുക്കെതിരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി.
19. പാര്‍ടിക്കെതിരെ വ്യാപകമായ പ്രചാരണങ്ങളും ആരോപണങ്ങളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും, പാര്‍ടിക്ക് ഈ വധത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുകയല്ല, രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിര്‍ത്ത് പോരാടുകയാണ് പാര്‍ടിനയം. എന്നാല്‍, പാര്‍ടിയില്‍പ്പെട്ട ആരെങ്കിലും യഥാര്‍ഥത്തില്‍ ഈ വധത്തില്‍ പങ്കാളിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ ശക്തമായ പാര്‍ടിനടപടിയുണ്ടാകും. പാര്‍ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ സംഭവത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പാര്‍ടി അന്വേഷണം നടത്തുന്നതാണ്.
20. പാര്‍ടിയാകെ ഐക്യത്തോടെ ഈ സാഹചര്യത്തെ അഭിമുഖീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്യുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പാര്‍ടിക്കെതിരായി നടക്കുന്ന പ്രചാരണത്തെ എതിര്‍ക്കുകയും തള്ളിക്കളയുകയും വേണം. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെയും തെറ്റായ നയങ്ങള്‍ക്കെതിരെ പ്രസ്ഥാനം വളര്‍ത്തിയെടുക്കുകയും തൊഴിലാളിസമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യണം. മഹത്തായ സമരങ്ങളുടെയും ത്യാഗങ്ങളുടെയും പാരമ്പര്യമുള്ള കേരളത്തിലെ പാര്‍ടിഘടകം ഈ സാഹചര്യത്തെ വിജയകരമായി മുറിച്ചുകടക്കുകയും മുന്നോട്ടുപോവുകയും ചെയ്യുമെന്നതില്‍ സംശയമില്ല.
No comments:
Post a Comment