Monday, July 16, 2012

ഫ്ളാറ്റ് വാടകയ്ക്ക്; താമസം ആഡംബരവീട്ടില്‍



 പേരൂര്‍ക്കടയില്‍ ഫ്ളാറ്റ് ചുളുവില്‍ സംഘടിപ്പിച്ച മാധ്യമപ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും താമസിക്കുന്നത് ആഡംബര വീടുകളില്‍. നഗരത്തില്‍ മൂന്നും നാലും വീടുള്ള പലര്‍ക്കും ഇന്ന് ഈ ഫ്ളാറ്റുകള്‍ അധിക വരുമാന മാര്‍ഗം. ഫ്ളാറ്റ് സംഘടിപ്പിച്ച മലയാള മനോരമയിലെ 11 പേരില്‍ പത്തും അവിടെ താമസമില്ല. ഇതില്‍ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം ഫ്ളാറ്റ് വാടക്യക്ക് കൊടുത്ത് പട്ടം എല്‍ഐസി ലെയ്നിലെ ആഡംബര വീട്ടിലാണ് താമസം. പി ടി ചാക്കോ നഗറില്‍ ആദ്യം വാങ്ങിയ ഫ്ളാറ്റ് വിറ്റശേഷമാണ് ഇദ്ദേഹം പേരൂര്‍ക്കടയില്‍ ഫ്ളാറ്റ് തരപ്പെടുത്തിയത്. മനോരമയിലെ പി കിഷോറിന് നഗരത്തില്‍ത്തന്നെ ഒന്നിലേറെ ഫ്ളാറ്റുണ്ട്. ജി വിനോദ് ഫ്ളാറ്റ് വാടകയ്ക്ക് കൊടുത്തശേഷം ഭാര്യ ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറിനൊപ്പം കുമാരപുരത്ത് സ്വന്തം വീട്ടിലാണ് താമസം. മറ്റൊരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പി പി ജെയിംസിന് ഇടപ്പഴഞ്ഞി സിഎസ്എം നഗറിനു സമീപം സ്വന്തം വീടുണ്ട്. ഹൗസിങ് ബോര്‍ഡിനെ അറിയിക്കാതെ ചട്ടവിരുദ്ധമയാണ് ഇവരെല്ലാം ഫ്ളാറ്റുകള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് പേരൂര്‍ക്കടയിലെ ഫ്ളാറ്റുകള്‍ ഭൂരിപക്ഷവും സ്വന്തമാക്കിയതും. സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ വീടില്ലെന്നും ജില്ലയില്‍ മറ്റു താമസ സൗകര്യങ്ങളില്ലെന്നുമുള്ള സത്യവാങ്മൂലം അപേക്ഷയോടൊപ്പം ഇവരെല്ലാം നല്‍കിയിരുന്നു. അപ്പോള്‍ത്തന്നെ സ്വന്തമായോ ഭാര്യയുടെ പേരിലോ വീടുള്ളവരായിരുന്നു അപേക്ഷകരില്‍ പലരും. വ്യാജ സത്യവാങ്മൂലം നല്‍കി സര്‍ക്കാരിനെയും ഭവന നിര്‍മാണ ബോര്‍ഡിനെയും കബളിപ്പിക്കുകയായിരുന്നു ഇവര്‍. മാധ്യമപ്രവര്‍ത്തകരുടെ സ്വാധീനം ഉപയോഗിച്ച് വായ്പത്തുക എഴുതിത്തള്ളുമെന്ന് ഉറപ്പാക്കിയാണ് പലരും അപേക്ഷ നല്‍കിയതുതന്നെ. മനോരമ, ദീപിക ഗ്രൂപ്പുകളായിരുന്നു ഇതിനു ചരടുവലിച്ചത്. ഫ്ളാറ്റ് സ്വന്തമാക്കിയയുടന്‍ കെഎസ്ഇബി ഫീഡറും കുടിവെള്ള ലൈനും നല്ല റോഡുമെല്ലാം സ്വാധീനമുപയോഗിച്ച് തരപ്പെടുത്തി. കൂടിയ വാടക ഇതുവഴി ഉറപ്പാക്കുകയും ചെയ്തു. രണ്ടു ബെഡ് റൂം ഫ്ളാറ്റിന് 7.62 ലക്ഷവും മൂന്നു ബെഡ്റൂമിന്റേതിന് 10.28 ലക്ഷവും ആയിരുന്നു വില. പത്രപ്രവര്‍ത്തകര്‍ക്കുള്ള ഭവനിര്‍മാണ സബ്സിഡി തുകയായ 50,000 രൂപ കിഴിച്ചാണ് വില നിശ്ചയിച്ചത്. ഇത്രയും സൗകര്യങ്ങള്‍ ഈ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചപ്പോള്‍, വിവിധ ജില്ലകളിലായി വര്‍ഷങ്ങള്‍ക്കുമുമ്പ് അപേക്ഷ നല്‍കിയ പലര്‍ക്കും ഇന്നും ഭവനിര്‍മാണ സബ്സിഡി ലഭിച്ചിട്ടില്ല. പലിശയും കൂട്ടുപലിശയുമായി ഇപ്പോള്‍ ഭവന നിര്‍മാണ ബോര്‍ഡിന് നല്‍കേണ്ട തുക 25 മുതല്‍ 29 ലക്ഷം വരെ എത്തിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴത്തെ വിപണി വിലയനുസരിച്ച് ഈ ഫ്ളാറ്റിന് 45 മുതല്‍ അമ്പതു ലക്ഷം രൂപവരെ വില വരുമെന്ന് കണക്കാക്കുന്നു.

No comments:

Post a Comment