Saturday, July 21, 2012

"ദൈവകണം" വി ബി ചെറിയാന്‍



ഹിഗ്സ് ബോസോണ്‍ കണ്ടെത്തിയെന്ന വാര്‍ത്ത ലോകമെങ്ങും ശാസ്ത്രകുതുകികളെ മാത്രമല്ല സാധാരണക്കാരെപ്പോലും ആകര്‍ഷിച്ചു. സാധാരണ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്കുള്ള സങ്കീര്‍ണ ഫോര്‍മുലകളൊന്നുമില്ലാതെ ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്നതാണെന്നതായിരിക്കും ഒരു കാരണം. "ദൈവകണം" എന്ന് ഹിഗ്സ് ബോസോണ് മാധ്യമങ്ങള്‍ നല്‍കിയ പേരും ആളുകളെ ആകര്‍ഷിക്കും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സമകാലികനായിരുന്ന സത്യേന്ദ്രനാഥ് ബോസാണ് ക്വാണ്ടം മെക്കാനിക്സ് അടിസ്ഥാനമാക്കിയ കണികാസങ്കല്‍പ്പം മുന്നോട്ടുവച്ചത്. ക്വാണ്ടം മെക്കാനിക്സില്‍ ബോസിന്റെ സംഭാവനയെ ഐന്‍സ്റ്റീനും അംഗീകരിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് ബോസ് ഐന്‍സ്റ്റീന്‍ സാംഖ്യകം (ബോസ് ഐന്‍സ്റ്റീന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റം).

ബോസിന്റെ സംഭാവനകള്‍ക്കുകൂടിയുള്ള അംഗീകാരം എന്ന നിലയ്ക്കാണ് ഹിഗ്സ് ബോസോണ്‍ എന്ന പേര് നല്‍കപ്പെട്ടത്. തന്റെ പേര് ചേര്‍ത്ത് വിളിക്കുന്നത് പീറ്റര്‍ ഹിഗ്സ് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ അതൃപ്തി വകവയ്ക്കാതെ യൂറോപ്യന്‍ ശാസ്ത്രജ്ഞരാണ് ഹിഗ്സ് ബോസോണ്‍ എന്ന പേര് പ്രചരിപ്പിച്ചത്. അമേരിക്കയിലെ ഇല്ലിനോയ്സിലുള്ള ഫെര്‍മിനാഷണല്‍ ആക്സലറേറ്റര്‍ ലാബിന്റെ തലവന്‍ ലിയോണ്‍ മാക്സ് ലെഡര്‍മാന്‍ ഹിഗ്സ് ബോസോണെപ്പറ്റി കൂടുതല്‍ പഠനം നടത്തി. അദ്ദേഹമാണ് അതിന്റെ സവിശേഷതകള്‍ മനസ്സിലാക്കി നാശംപിടിച്ചത് എന്ന അര്‍ഥത്തില്‍ God Damn (ഗോഡ് ഡാം) പാര്‍ട്ടിക്കിള്‍ എന്ന് അതിനെ വിളിച്ചത്. അദ്ദേഹം എഴുതിയ ലേഖനത്തിന്റെ പ്രസാധകരാണ് വായനക്കാര്‍ക്ക് സ്വീകാര്യമാകാനെന്ന പേരില്‍ അതിനെ ഗോഡ് പാര്‍ട്ടിക്കിള്‍ (ദൈവകണം) എന്നാക്കി മാറ്റിയത്. അത് കണ്ടുപിടിക്കാനുള്ള പരീക്ഷണമാണ് സമീപഭാവിയില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന വിശ്വാസത്തില്‍ ഇന്ന് എത്തിനില്‍ക്കുന്നത്. പ്രകൃതിശാസ്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും ചരിത്രം നോക്കിയാല്‍ പ്രാധാന്യമുള്ള ഇത്തരം ഒട്ടേറെ കണ്ടുപിടിത്തങ്ങള്‍ നടന്നിട്ടുണ്ടെന്നു കാണാന്‍ കഴിയും. ഈ ഓരോ സന്ദര്‍ഭത്തിലും അത്തരം കണ്ടുപിടിത്തങ്ങളെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കൊത്തവണ്ണം ദുര്‍വ്യാഖ്യാനിക്കാന്‍ ചൂഷകവര്‍ഗം ശ്രമിച്ചിട്ടുണ്ട്. പൊതുവില്‍ പറഞ്ഞാല്‍ ആത്മീയവാദത്തെയാണ് അതിന് അവര്‍ ആയുധമാക്കിയത്. അതിനെ ചെറുക്കാന്‍ ഭൗതികവാദത്തെ പൊതുവില്‍ ചൂഷിതരും ഉപയോഗിച്ചു. എന്നാല്‍, ഈ പൊതു നിയമത്തിന് പലപ്പോഴും അപവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കാണാം. മാര്‍ക്സിന്റെ കാലംമുതല്‍ ഈ തര്‍ക്കത്തില്‍ വൈരുധ്യാത്മക ഭൗതികവാദ വീക്ഷണത്തോടെ ഇടപെട്ട് ശാസ്ത്രീയമായ സമീപനം ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമമാരംഭിച്ചു. പിന്നീട് ലെനിനും സ്റ്റാലിന്റെ നേതൃത്വത്തില്‍ സോവിയറ്റ് ശാസ്ത്രജ്ഞരും ആ ശ്രമം തുടര്‍ന്നു.

ഐസക് ന്യൂട്ടണ്‍ മെക്കാനിക്സിലെ യാന്ത്രികചലന നിയമങ്ങളാണ് ശാസ്ത്രീയമായി തെളിയിച്ചത്. അത് ദൈവസങ്കല്‍പ്പങ്ങളുടെ അടിസ്ഥാനത്തെ സാരമായി പിടിച്ചുലച്ചു. ശാസ്ത്രജ്ഞനായ ന്യൂട്ടണ്‍ പരീക്ഷണശാലയിലെ ഗവേഷണങ്ങളിലൂടെ എത്തിച്ചേര്‍ന്ന ശാസ്ത്രീയ നിഗമനങ്ങള്‍ അദ്ദേഹത്തിലെ ഈശ്വരവിശ്വാസിയെ അത്യന്തം അസ്വസ്ഥനാക്കി. ഈ വൈരുദ്ധ്യത്തിനൊരു പരിഹാരം കണ്ടെത്താനും സ്വന്തം മനസ്സിന് സ്വസ്ഥത നല്‍കാനും അദ്ദേഹത്തിന് ഒടുവില്‍ ഈശ്വരനെ ഇറക്കുമതി ചെയ്യേണ്ടിവന്നു. ചലനരഹിതമായിരുന്ന പദാര്‍ഥത്തെ ചലിപ്പിച്ച് ചൈതന്യവത്താക്കാന്‍ അതിനൊരു ആദ്യതാക്കോല്‍ (ക്ലോക്കിന്റെ സങ്കല്‍പ്പം) കൊടുത്തതുപോലെയോ, നിശ്ചലമായ പദാര്‍ഥത്തെ ചലിപ്പിക്കാന്‍ ആദ്യത്തെ ഉന്ത് കൊടുത്തതുപോലെയോ, പ്രകൃതിയില്‍ ആദ്യചലനത്തിന് ഈശ്വരന്‍ കാരണക്കാരനായി എന്നാണതിന് അദ്ദേഹം നല്‍കിയ ന്യായം. ഇപ്രകാരം ഈശ്വര സങ്കല്‍പ്പത്തിന്റെ കള്ളക്കടത്ത് നടത്തുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് പദാര്‍ഥചലനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ അന്നത്തെ പരിമിതിയായിരുന്നെന്നു ചൂണ്ടിക്കാണിച്ചത് മാര്‍ക്സും എംഗല്‍സുമാണ്. പദാര്‍ഥത്തിന്റെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള സ്ഥാനമാറ്റംപോലെയുള്ള ചലനത്തിന്റെ യാന്ത്രികരൂപം (മെക്കാനിക്കല്‍ ഫോം ഓഫ് മോഷന്‍) മാത്രം മനസ്സിലുണ്ടായിരുന്നതാണ് ന്യൂട്ടന്റെ പരിമിതിയെന്നും ചലനത്തെ യാന്ത്രികരൂപത്തില്‍ മാത്രമല്ല മറ്റു കൂടുതല്‍ രൂപത്തിലും നിരീക്ഷിക്കാന്‍ കഴിയുമെന്നു സമര്‍ഥിക്കാന്‍ മാര്‍ക്സിനും എംഗല്‍സിനും കഴിഞ്ഞു. വലിയ പദാര്‍ഥരൂപത്തിന്റെ ചലനത്തിനാണ് യാന്ത്രികചലനം (മെക്കാനിക്കല്‍ ഫോം ഓഫ് മോഷന്‍) എന്ന് പറയുന്നത്. പദാര്‍ഥവലുപ്പം തന്മാത്രയിലേക്ക് എത്തുമ്പോള്‍ അത് മെക്കാനിക്സ് ഓഫ് മോളിക്യൂള്‍ അഥവാ ഫിസിക്സ് ആകും. ആറ്റം തലത്തിലേക്കെത്തുമ്പോള്‍ ഫിസിക്സ് ഓഫ് ആറ്റം അഥവാ കെമിസ്ട്രിയാകും.

ജീവശാസ്ത്രതലത്തിലേക്കെത്തുമ്പോള്‍ അതിലെ ചലനപ്രക്രിയകളെ മനസ്സിലാക്കാന്‍ അത് ബയോളജിയായും ജന്തുലോകത്തില്‍ സുവോളജിയായും സസ്യലോകത്തില്‍ ബോട്ടണിയായും മാറുന്നു. ഭൗതികവിജ്ഞാനത്തിലും അതിന്റെ ഭാഗമായി ഊര്‍ജതന്ത്രത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായി. ആറ്റം ആണ് പദാര്‍ഥകണികകളുടെ ഏറ്റവും ചെറിയ രൂപമെന്നും ആറ്റം അവിഭാജ്യമാണെന്നുമുള്ള ധാരണ ചോദ്യംചെയ്യപ്പെട്ടു. കൂടുതല്‍ സൂക്ഷ്മകണങ്ങളെ ശാസ്ത്രം കണ്ടെത്തി. ശാസ്ത്രത്തിന്റെ ഈ പുരോഗതിയെ ദ്രവ്യസങ്കല്‍പ്പത്തെയും ഭൗതികവാദത്തെയും ചോദ്യംചെയ്യാന്‍ ആത്മീയവാദ ദാര്‍ശനികര്‍ ഉപയോഗപ്പെടുത്തി. അവരുടെ വാദത്തെ നിരാകരിച്ച് ലെനിന്‍ നടത്തിയ ദാര്‍ശനിക ഇടപെടലാണ് "ഭൗതികവാദവും അതിഭൗതിക വിമര്‍ശനവും" (മെറ്റീരിയലിസം & എംപീരിയോ ക്രിട്ടിസിസം) എന്ന കൃതി. ആറ്റം വിഭജിച്ചുണ്ടായ കണങ്ങള്‍ വീണ്ടും വിഭജിക്കപ്പെടാമെന്നും ആ വിഭജനസാധ്യതയ്ക്ക് അന്ത്യമില്ലെന്നും ലെനിന്‍ ചൂണ്ടിക്കാട്ടി. ദ്രവ്യത്തിന്റെ ഇതുവരെ അജ്ഞാതമായിരുന്ന പ്രത്യേകതകളാണ് അതില്‍ക്കൂടി പുറത്തുവരുന്നതെന്നും അതുകൊണ്ട് ദ്രവ്യത്തിന്റെ നിലനില്‍പ്പ് നിഷേധിക്കപ്പെടുന്നില്ലെന്നും നമ്മുടെ ബോധത്തിനു പുറത്ത് അസ്തിത്വമുള്ളതെന്തോ അതാണ് ദ്രവ്യമെന്നും ലെനിന്‍ കൂട്ടിച്ചേര്‍ത്തു. ഭൗതികവാദിയും നിരീശ്വരവാദിയും ആണെങ്കിലും ഐന്‍സ്റ്റീന് ഈ വൈരുധ്യാത്മക സമീപനം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് അദ്ദേഹത്തിന്റെ പരിമിതിയെന്നും ലെനിന്‍ വിമര്‍ശനപരമായി ചൂണ്ടിക്കാട്ടി. ഐന്‍സ്റ്റീന്‍ ഊര്‍ജത്തിന്റെ ദ്രവ്യ സമവാക്യം ((E = mC2) ) കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് പദാര്‍ഥം ജനിക്കുന്നുവെന്നും നശിക്കുന്നുവെന്നുമാണ് ഐന്‍സ്റ്റീന്റെ കണ്ടുപിടിത്തം തെളിയിക്കുന്നതെന്ന എതിര്‍വാദവുമായി അന്നത്തെ കത്തോലിക്കാസഭയുടെ തത്വചിന്തകരായിരുന്ന നിയോതോമിസ്റ്റുകള്‍ രംഗത്തെത്തി. സ്റ്റാലിന്‍ നേതൃത്വം നല്‍കിയിരുന്ന അന്നത്തെ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ച സോഷ്യലിസ്റ്റ് ശാസ്ത്രജ്ഞരാണ് ഇതിനെതിരെ രംഗത്തെത്തിയത്. പദാര്‍ഥവും ഊര്‍ജവും (പ്രഭാവവും) ദ്രവ്യം എന്ന വസ്തുനിഷ്ഠയാഥാര്‍ഥ്യത്തിന്റെ വ്യത്യസ്ത രൂപങ്ങളാണെന്നും അതുകൊണ്ട് ദ്രവ്യം ഇല്ലാതാകുന്നില്ലെന്നും രൂപമാറ്റം സംഭവിക്കുകമാത്രമാണ് ചെയ്യുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സോവിയറ്റ് ശാസ്ത്രജ്ഞര്‍ അണുകേന്ദ്രത്തില്‍ 33 കണികകളെകൂടി കണ്ടെത്തി. ആ എണ്ണം അന്തിമമാണെന്നു കരുതുന്നില്ലെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. ഭൗതികശാസ്ത്രം വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഏതാണ്ട് 1370 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന മഹാവിസ്ഫോടനത്തോടെയാണ് പ്രപഞ്ചോല്‍പ്പത്തി എന്നാണ് പൊതുവില്‍ ഭൗതികശാസ്ത്രജ്ഞര്‍ കരുതുന്നത്. 1928ല്‍ ജോര്‍ജ് ലെമൈറ്റര്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ പ്രപഞ്ചസിദ്ധാന്തം ആവിഷ്കരിച്ചത്. അത്യന്തം സാന്ദ്രീകൃതമായ ഒരു ബിന്ദുവിലേക്ക് ചുരുങ്ങിയിരുന്ന പ്രപഞ്ചമാണ് മഹാസ്ഫോടനത്തോടെ വികസിക്കാനാരംഭിച്ചതെന്നാണ് ഈ സിദ്ധാന്തം കരുതുന്നത്. ഇന്നത്തെ രൂപത്തിലുള്ള പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി എന്നുമാത്രമേ പ്രപഞ്ചോല്‍പ്പത്തി എന്നു പറയുമ്പോള്‍ അര്‍ഥമാക്കേണ്ടതുള്ളൂ. കാരണം, ദ്രവ്യം കാലത്തില്‍ നിത്യവും സ്ഥലത്തില്‍ അതിരുകളില്ലാത്തത് എന്ന അര്‍ഥത്തില്‍ അപാരവുമാണ്. ദ്രവ്യമില്ലാത്ത സ്ഥലവും കാലവുമില്ല. അതായത്, ദ്രവ്യത്തിന് കേവലം നീളം, വീതി, കനം എന്നീ ത്രിമാന സങ്കല്‍പ്പം പോരെന്നും അത് സ്ഥലകാല നിബദ്ധംകൂടിയാണെന്നും സാരം.

പ്രപഞ്ചത്തില്‍ എവിടെയും ഭൗതികപദാര്‍ഥം ഉണ്ടെന്ന അര്‍ഥത്തില്‍ ശൂന്യത എന്നൊന്നില്ല. ഭൗതികതയാണ് പ്രപഞ്ചത്തിന്റെ ഏകത്വത്തിന് ആധാരം. പദാര്‍ഥങ്ങളുടെ സൂക്ഷ്മതലങ്ങളിലേക്കുള്ള കൂടുതല്‍ അന്വേഷണം പാര്‍ടിക്കിള്‍ ഫിസിക്സ് (കണികാ ഭൗതികം) എന്ന സൂക്ഷ്മകണ ശാസ്ത്രശാഖയ്ക്ക് വഴിതെളിച്ചു. സ്ഥൂലതലങ്ങളിലേക്കുള്ള അന്വേഷണം സൗര കടാഹത്തിലേക്കും നക്ഷത്രഗാലക്സികളിലേക്കും നമ്മെ നയിക്കും. സൗക്ഷ്മ്യത്തിലേക്കും സ്ഥൗല്യത്തിലേക്കും ഉള്ള അന്വേഷണത്തില്‍നിന്ന് സിദ്ധിക്കുന്ന ഒരു കാര്യമുണ്ട്- പദാര്‍ഥം അതിന്റെ സൂക്ഷ്മതലങ്ങളിലും സ്ഥൂലതലങ്ങളിലും നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുതയാണത്. ചലനരഹിതമായ പദാര്‍ഥസങ്കല്‍പ്പത്തിന് ഒരടിസ്ഥാനവുമില്ലെന്നും പദാര്‍ഥവും ചലനവും ഭിന്നരൂപങ്ങളാണെങ്കിലും ദ്രവ്യത്തിന്റെ വിഭജിച്ച് മാറ്റാനാകാത്ത സ്വഭാവമാണ് ചലനമെന്നും അങ്ങനെ ദ്രവ്യം ചലനാത്മകമാണെന്നും സംശയലേശമന്യേ തെളിയിക്കപ്പെടുന്നു.

പദാര്‍ഥത്തിന്റെ സ്വഭാവവിശേഷങ്ങളെപ്പറ്റിയുള്ള ആഴത്തിലുള്ള ഈ പഠനങ്ങള്‍ എല്ലാ പദാര്‍ഥങ്ങളിലുമുള്ള ഏറ്റവും പൊതുവായതിനെ പ്രതിനിധാനം ചെയ്യുന്നത് എന്ന നിലയ്ക്ക് ദ്രവ്യസങ്കല്‍പ്പത്തെ ഒരു ദാര്‍ശനിക തലത്തിലേക്ക് ഉയര്‍ത്താന്‍, മാറ്ററിന്റെ അര്‍ഥകല്‍പ്പന ആ തലത്തിലേക്ക് ഉയര്‍ത്താന്‍ സഹായകരമായി. അതായത് വിഭിന്ന രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിവിധ പദാര്‍ഥങ്ങളിലെ ഏറ്റവും സാമാന്യമായതിനെ പ്രതിനിധീകരിക്കുന്ന ഗണമായി ദ്രവ്യത്തെ (മാറ്ററിനെ) കാണാന്‍ ആരംഭിച്ചു. ഈ കാഴ്ചപ്പാടുള്‍ക്കൊള്ളാന്‍ കഴിയാതെ പോയതിന്റെ ഫലമായി 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലെ അന്ത്യപാദങ്ങളില്‍ (1917-18) പ്രകടമായ ഐന്‍സ്റ്റീന്റെ പരിമിതികളെ ചൂണ്ടിക്കാണിച്ച് വിമര്‍ശം നടത്താന്‍ കഴിഞ്ഞത് വൈരുധ്യാത്മക ഭൗതികവാദിയായ ലെനിന്റെ ശാസ്ത്രബോധത്തിനാണ്. വൈരുധ്യാത്മക ഭൗതികവാദത്തില്‍ എന്തുകൊണ്ട് മാറ്റം? എങ്ങനെ മാറുന്നു? ഏത് ദിശയിലേക്ക് മാറുന്നു? (Why? How? and to which direction?) ഈ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പ്രധാനം.

എന്തുകൊണ്ട് മാറ്റം എന്നതിനുത്തരം വൈരുധ്യംമൂലമെന്നാണ്. എങ്ങനെ മാറുന്നു എന്നതിനുത്തരം അളവ് ഗുണമാകുന്നതിലൂടെ എന്നതാണ്. ഏത് ദിശയിലേക്ക് മാറുന്നു എന്നതിനുത്തരം നിഷേധ, നിഷേധത്തിലേക്ക്, താരതമ്യേന ലളിതമായതില്‍നിന്നും കൂടുതല്‍ സങ്കീര്‍ണമായതിലേക്ക് എന്നാണ്. ഈ മുഖ്യ നിയമങ്ങള്‍ക്കു പുറമെ പ്രധാന ദാര്‍ശനിക ഗണങ്ങള്‍കൂടി മനസ്സിലാക്കിയാല്‍ മാത്രമേ പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളെ ലളിതമായി ഉള്‍ക്കൊള്ളാനും സാധാരണക്കാര്‍ക്കുപോലും മനസ്സിലാക്കാന്‍ കഴിയുംവിധം വിശദമാക്കിക്കൊടുക്കാനും കഴിയൂ. കാര്യകാരണ ബന്ധം അത്തരം ഒരു ദാര്‍ശനിക ഗണമാണ്.

ഏത് കാര്യത്തിനും ഒരു കാരണമുണ്ടാകും. ആ കാര്യമാകട്ടെ മറ്റൊരു കാര്യത്തിന്റെ കാരണമാകും. അതായത് ഏതും ഒരേ സമയം കാര്യവും കാരണവുമാണെന്നുകാണാം. കാരണം മാത്രമായോ, കാര്യം മാത്രമായോ ഒന്നുമില്ല. അങ്ങനെ മനസ്സിലാക്കാത്തവരാണ് ആദ്യകാരണം തേടി പോകുന്നത്. രൂപം- ഉള്ളടക്കം, പ്രതിഭാസം-സത്ത, മൂര്‍ത്തം- അമൂര്‍ത്തം, ആവശ്യകത- യാദൃച്ഛികത തുടങ്ങിയ ദാര്‍ശനിക ഗണദ്വയങ്ങള്‍ വേറെയുമുണ്ട്. ഇതെല്ലാംവഴി വൈരുധ്യാത്മക ഭൗതികവാദത്തെ സ്വന്തം ബോധമായി മാറ്റാന്‍ കഴിയുന്നവര്‍ക്ക് വളരെവേഗം പുരോഗതിയുണ്ടാക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് സോഷ്യലിസ്റ്റ് ശക്തികളുടെ ആദ്യഘട്ടത്തിലെ വേഗത്തിലുള്ള വളര്‍ച്ച.

No comments:

Post a Comment