ന്യൂഡല്‍ഹി: അത്യാവശ്യമില്ലാത്ത ഘട്ടത്തില്‍ 111 വിമാനങ്ങള്‍ വാങ്ങുക വഴി 10,000 കോടി രൂപയുടെ നഷ്ടമാണ് എയര്‍ ഇന്ത്യയ്ക്ക് വന്നതെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) റിപ്പോര്‍ട്ട്.
വിമാനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനു കൈക്കൊണ്ട ദൂരക്കാഴ്ചയില്ലാത്ത സമീപനമാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സി.എ.ജി. കുറ്റപ്പെടുത്തി.
സാമ്പത്തികശേഷി പരിശോധിക്കാതെയാണ് 2005-ല്‍ 43 വിമാനം വാങ്ങാന്‍ എയര്‍ഇന്ത്യയ്ക്ക് അനുവാദം നല്‍കിയത്. ആസൂത്രണക്കമ്മീഷന്റെയും സാമ്പത്തിക ഉപദേഷ്ടാക്കളുടെയും മുന്നറിയിപ്പ് മറികടന്നായിരുന്നു ഇത്. എയര്‍ ബസ്സുകളും ബോയിങ് വിമാനങ്ങളും ഇടകലര്‍ത്തിവാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം അട്ടിമറിക്കപ്പെട്ടത് അമേരിക്കന്‍ കമ്പനികളുടെ താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും സി.എ.ജി. ആരോപിക്കുന്നു. മറ്റൊരിക്കല്‍ 28 വിമാനങ്ങള്‍ വാങ്ങണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ 68 എണ്ണം വാങ്ങാനാണ് വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയത്. എയര്‍ ഇന്ത്യയുടെ വിപണി പങ്കാളിത്തം 19 ശതമാനത്തില്‍നിന്ന് 30 ശതമാനമായി വര്‍ധിക്കുമെന്ന വാദമുയര്‍ത്തിയായിരുന്നു ഇത്. എന്നാല്‍, അത് സംഭവിച്ചില്ല. 10,000 കോടി രൂപയാണ് ഇത്തരത്തില്‍ വിമാനം വാങ്ങലിലൂടെ നഷ്ടമാക്കിയത് -സി.എ.ജി. പറയുന്നു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സഭാരേഖകളിലുള്‍പ്പെടുത്തും.
ലാഭകരമായ റൂട്ടുകളില്‍ നിന്ന് ക്രമീകരണത്തിന്റെ പേരില്‍ വിമാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതും റദ്ദാക്കിയതും വന്‍നഷ്ടമാണുണ്ടാക്കിയതെന്നും സി.എ.ജി. ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 70 മുതല്‍ 95 ശതമാനം വരെ ലാഭമുണ്ടായിരുന്ന റൂട്ടുകളാണിവ. ഇതില്‍ കോഴിക്കോട്ടുനിന്നും കൊച്ചിയില്‍ നിന്നുമുള്ള ഗള്‍ഫ് റൂട്ടുകളിലെ വിമാനങ്ങളടക്കം കേരളത്തില്‍ നിന്നുള്ള 20 സര്‍വീസുകളുണ്ട്. ഇവ നിര്‍ത്തിവെക്കുകയോ റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തതുകൊണ്ട് സ്വകാര്യ വിമാനക്കമ്പനികള്‍ക്കും വിദേശകമ്പനികള്‍ക്കുമാണ് പ്രയോജനം ലഭിച്ചത്. പാര്‍ലമെന്റില്‍ സി.പി.എം. നേതാവ്‌സീതാറാം യെച്ചൂരി അധ്യക്ഷനായുള്ള ഗതാഗത സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും കോണ്‍ഗ്രസ് നേതാവ് അധ്യക്ഷനായുള്ള പൊതുമേഖലാ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ തള്ളിയാണ് സര്‍ക്കാര്‍ ഈ റൂട്ടുകള്‍ ക്രമീകരിക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കിയത്. എന്‍.സി.പി. നേതാവും ഇപ്പോള്‍ ഘനവ്യവസായ മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കുമ്പോഴാണ് ഈ തീരുമാനങ്ങള്‍ െൈകക്കൊണ്ടത്.
No comments:
Post a Comment