2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ സര്‍ക്കാരിന് നഷ്ടമായത് 1.90 ലക്ഷം കോടി രൂപയെന്ന് പബ്ലിക്് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) റിപ്പോര്‍ട്ട്. ബിജെപി നേതാവ് മുരളിമനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സമിതി സ്പീക്കര്‍ക്ക് സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിലാണ് നഷ്ടം 1,90,000 കോടി രൂപയാണെന്ന് കണക്കാക്കിയത്. 122 2ജി ലൈസന്‍സ് നല്‍കിയതില്‍ 1.24 ലക്ഷം കോടി രൂപയും സിഡിഎംഎ സങ്കേതികവിദ്യയില്‍ നിന്ന് ജിഎസ്എം സര്‍വീസിലേക്ക് മാറാന്‍ അനുവാദം നല്‍കിയതുവഴി 36,000 കോടി രൂപയും ജിഎസ്എം ഓപ്പറേറ്റര്‍മാര്‍ക്ക് അധിക സ്പെക്ട്രം നല്‍കിയതില്‍ 30,000 കോടി രൂപയും നഷ്ടമുണ്ടായെന്നാണ്് പിഎസി കണ്ടെത്തിയത്. 2ജി സ്പെക്ട്രം ഇടപാടില്‍ 1.91 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായെന്ന് സിപിഐ എം നേരത്തെ വെളിപ്പെടുത്തിയിരുന്നു. അത് ശരിവയ്ക്കുന്നതാണ് പിഎസിയുടെ കരട് റിപ്പോര്‍ട്ട്. മൂന്നാം തലമുറ സ്പെക്ട്രം വില്‍പ്പനയുമായി താരതമ്യപ്പെടുത്തിയാണ് ഈ നഷ്ടം കണക്കാക്കിയത്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്കനുസരിച്ച് 2008ല്‍ 122 2ജി ലൈസന്‍സ് നല്‍കിയതിലെ നഷ്ടം 1.76 ലക്ഷം കോടി രൂപയാണ്. നാല് രീതിയില്‍ കണക്കാക്കിയാല്‍ 57,000 കോടി രൂപ മുതല്‍ 1.76 ലക്ഷം കോടി രൂപ വരെ സര്‍ക്കാരിന് നഷ്ടം വന്നതായാണ് സിഎജി കണക്കാക്കിയിരുന്നത്. എന്നാല്‍ , കേന്ദ്ര വിജിലന്‍സ് കമീഷന്‍(സിവിസി) ചൂണ്ടിക്കാട്ടിയതനുസരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് 22,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഇത് 30,000 കോടിയെന്നായി പുതുക്കി. ചുളുവിലയ്ക്ക് ഏകപക്ഷീയമായാണ് 2ജി ലൈസന്‍സ് നല്‍കിയതെന്നും ലേലം ചെയ്താണ് സ്പെക്ട്രം വിറ്റിരുന്നതെങ്കില്‍ അഞ്ചിരട്ടിയെങ്കിലും പണം ലഭിക്കുമായിരുന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. 3ജി സ്പെക്ട്രം വില്‍പ്പനയുമായി താരതമ്യം ചെയ്യാന്‍ കഴിയുന്നതാണ് 2ജി സ്പെക്ട്രം വില്‍പ്പന. യഥാര്‍ഥ നഷ്ടം കണക്കാക്കുന്നതിന് പകരം പ്രശ്നത്തില്‍നിന്ന് കൈകഴുകുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സമീപനം. 2ജി ലൈസന്‍സ് അനുവദിക്കുന്നതിലെ വന്‍ തട്ടിപ്പില്‍ ഉല്‍ക്കണ്ഠയുണ്ട്. 2ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രികാര്യാലയത്തിന് പങ്കുണ്ട്. സ്പെക്ട്രം ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്ന ടെലികോംമന്ത്രി കപില്‍ സിബലിന്റെ വാദത്തെയും പിഎസി നിരാകരിച്ചു. ഇത്തരം പ്രസ്താവന നടത്തിയ മന്ത്രിയെ പിഎസി റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നു. പിഎസി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ അനുവദിക്കാതെ അവസാനയോഗം കോണ്‍ഗ്രസ് ഡിഎംകെ അംഗങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നു. പിഎസി അംഗീകരിക്കാത്ത റിപ്പോര്‍ട്ട് സ്പീക്കര്‍ അംഗീകരിക്കുകയോ സ്വീകരിക്കുയോ ചെയ്യരുതെന്നാണ് ഭരണകക്ഷി അംഗങ്ങളുടെ നിലപാട്. എന്നാല്‍ , മുരളീമനോഹര്‍ ജോഷി തന്നെ വീണ്ടും പിഎസി ചെയര്‍മാനായത് ഭരണകക്ഷി അംഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.
No comments:
Post a Comment