Tuesday, May 24, 2011

ലീഗ് കല്‍പ്പിക്കുന്നു; കോണ്‍ഗ്രസ് അനുസരിക്കുന്നു

 മത-സാമുദായിക സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങി കോണ്‍ഗ്രസ് സംസ്ഥാനരാഷ്ട്രീയത്തില്‍ അസുഖകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. ഘടകകക്ഷികള്‍ , പ്രത്യേകിച്ച് മുസ്ലിംലീഗ് തീരുമാനിക്കുകയും കോണ്‍ഗ്രസ് അനുസരിക്കുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍ . സമ്മര്‍ദതന്ത്രത്തിലൂടെ മന്ത്രിസഭാംഗങ്ങളുടെ എണ്ണം ഘടകകക്ഷി പ്രഖ്യാപിക്കുന്നിടത്തോളം എത്തി കാര്യങ്ങള്‍ . 20 മന്ത്രിമാരെന്ന് മുഖ്യമന്ത്രി അറിയിച്ച് 24 മണിക്കൂര്‍ തികയുംമുമ്പാണ് 21 മന്ത്രിമാരുണ്ടാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ലീഗ് മന്ത്രിമാരുടെ വകുപ്പുകളും അവര്‍ പ്രഖ്യാപിച്ചു. വകുപ്പുകള്‍ കൈകാര്യംചെയ്യുന്നവരെ ഘടകകക്ഷിയാണ് തീരുമാനിക്കുന്നതെങ്കിലും മുഖ്യമന്ത്രിയാണ് വകുപ്പ് നിര്‍ണയിച്ചു നല്‍കുന്നത്. ഈ പതിവും ലീഗ് ലംഘിച്ചു. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് ലീഗിന് ഇതിനുള്ള ധൈര്യം നല്‍കിയത്. ഒന്നുമറിഞ്ഞില്ലെന്ന് നടിക്കുന്നുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെയാണ് ലീഗിന്റെ നീക്കങ്ങള്‍ . കോട്ടയത്ത് ശനിയാഴ്ച വൈകിട്ട് ഉമ്മന്‍ചാണ്ടിയും ലീഗ് നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിപദത്തെച്ചൊല്ലി കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും രണ്ടു ധ്രുവങ്ങളിലാണ്. മന്ത്രിമാരെ നിശ്ചയിക്കുന്നതിനെച്ചൊല്ലി ഉയര്‍ന്ന തര്‍ക്കം കോണ്‍ഗ്രസിലെ ആഭ്യന്തരകലഹം മൂര്‍ച്ഛിപ്പിച്ചു. സമുദായപരിഗണനകളില്‍ തട്ടി പ്രമുഖ നേതാക്കളെല്ലാം തെറിച്ചു. മന്ത്രിസ്ഥാനം കിട്ടിയവര്‍ വകുപ്പ് പിടിക്കാനുള്ള കുതന്ത്രങ്ങളിലുമാണ്. സമ്മര്‍ദങ്ങള്‍ അതിജീവിക്കാനുള്ള ശേഷി നഷ്ടപ്പെട്ട കോണ്‍ഗ്രസിന് പ്രധാന വകുപ്പുകളെല്ലാം ഘടകകക്ഷികള്‍ക്ക് കൊടുക്കേണ്ടിവന്നു. അതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ അധികാരാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റവും. ലീഗിന്റെ ഏത് ആവശ്യവും സാധിപ്പിച്ചുകൊടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. സമ്മര്‍ദങ്ങളും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളും കടുത്ത പ്രതിസന്ധികളിലേക്കാണ് യുഡിഎഫിനെ നയിക്കുന്നത്. മന്ത്രിമാരുടെ എണ്ണം 20 ആയിരിക്കുമെന്നും പാര്‍ലമെന്ററികാര്യമന്ത്രിയെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നുമാണ് സത്യപ്രതിജ്ഞ നിശ്ചയിച്ച യുഡിഎഫ് യോഗത്തിനുശേഷം കണ്‍വീനര്‍ പറഞ്ഞത്. 21-ാമത്തെ മന്ത്രി തന്റെ പാര്‍ടിക്കായിരിക്കുമെന്ന് കെ എം മാണിയും അവകാശപ്പെട്ടിരുന്നു. ഈ മന്ത്രി താന്‍തന്നെയെന്നാണ് പി സി ജോര്‍ജ് അവകാശപ്പെട്ടത്. സ്പീക്കര്‍ , ഡെപ്യൂട്ടി സ്പീക്കര്‍ , പാര്‍ലമെന്ററികാര്യമന്ത്രി എന്നിവയില്‍ പിന്നീട് തീരുമാനമെന്ന് ശനിയാഴ്ച കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തിലും ഞായറാഴ്ച ഡല്‍ഹിക്ക് പോകുംവഴി കൊച്ചിയിലും ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. ലീഗിന് നാലു മന്ത്രിയെന്നും അദ്ദേഹം പറഞ്ഞതാണ്. അതൊന്നും ലീഗിന് ബാധകമായില്ല. മന്ത്രി ഇ അഹമ്മദിന് കേന്ദ്രത്തില്‍ സ്വതന്ത്രപദവി നല്‍കാമെന്ന ഉറപ്പിലാണ് ലീഗ് നാലു മന്ത്രിസ്ഥാനത്തിന് നേരത്തെ വഴങ്ങിയത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉറപ്പ് ഡല്‍ഹിയില്‍ വിലപ്പോയില്ല. അങ്ങനെയാണ് ലീഗ് തങ്ങള്‍ക്ക് അഞ്ചു മന്ത്രിമാരുണ്ടെന്ന് സ്വയം പ്രഖ്യാപിക്കുന്നത്. ഇതോടെ കേരള കോണ്‍ഗ്രസ് എമ്മിന് മൂന്നു മന്ത്രിമാരെ വേണമെന്ന് കെ എം മാണിയും ആവശ്യപ്പെട്ടു.

No comments:

Post a Comment